2023 ല്‍ ബോളിവുഡിലെ ഏറ്റവും വലിയ പരാജയമായി മാറുകയാണ് ‘ദ് ലേഡി കില്ലര്‍’ എന്ന ചിത്രം. അര്ജുന് കപൂര്‍, ഭൂമി പഡ്നേക്കര്‍ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളായി എത്തിയ ചിത്രം ആദ്യദിനം നേടിയത് വെറും 38000 രൂപയാണ്. 293 ടിക്കറ്റുകളാണ് എല്ലാ കേന്ദ്രങ്ങളില്‍നിന്നും കൂടി വിറ്റുപോയത്. 45 കോടി മുതല്‍ മുടക്കിലാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. ഒടിടി പ്ലാറ്റ്ഫോമുമായി നേരത്തേ ധാരണ വച്ചതിനാല്‍ വെറും അന്‍പത് കേന്ദ്രങ്ങളില്‍ മാത്രമാണ് ചിത്രം റിലീസ് ചെയ്തിരുന്നത്. ഒടിടി റിലീസ് പദ്ധതിയിട്ടിരുന്നതിനാല്‍ വേണ്ടത്ര പ്രമോഷനും സിനിമയ്ക്ക് ഉണ്ടായിരുന്നില്ല. സിനിമയുടെ ഫസ്റ്റ്ലുക്ക് പോസ്റ്ററും റിലീസ് തീയതിയുമൊക്കെ റിലീസിന് ഒരാഴ്ച മുന്‍പ് മാത്രമാണ് പുറത്തിറക്കിയത്. അതിനു ശേഷമായിരുന്നു ട്രെയ്ലര് റിലീസ്. ചിത്രീകരണം പൂര്‍ത്തിയാക്കാതെ എഡിറ്റിങ് ടേബിളില്‍ തട്ടിക്കൂട്ടി സിനിമ റിലീസിന് എത്തിക്കുകയായിരുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ട്. അജയ് ബാല്‍ ആണ് ഈ സിനിമയുടെ സംവിധായകന്. കഴിഞ്ഞ വര്‍ഷം ഏപ്രിലിലാണ് സിനിമയുടെ പ്രാരംഭ ജോലികള്‍ ആരംഭിച്ചത്. 2022 ഒക്ടോബറില്‍ ചിത്രീകരണം ആരംഭിച്ചു. 80 ശതമാനം ചിത്രീകരിച്ചതിനു ശേഷം സാമ്പത്തിക പ്രതിസന്ധിയും അഭിനേതാക്കളുടെ ഡേറ്റ് പ്രശ്നവും കാരണം ചിത്രം നിന്നുപോയി. വീണ്ടും തുടങ്ങാന്‍ 5 കോടി രൂപയെങ്കിലും ആവശ്യമായിരുന്നു. ചിത്രീകരണം പൂര്‍ത്തിയാക്കാന്‍ പത്തു ദിവസം കൂടി സമയം വേണ്ടിയിരുന്നു. എന്നാല്‍ നിര്‍മാതാക്കള്‍ അതിന് വിസമ്മതിച്ചതിനെ തുടര്‍ന്ന് ഉള്ള ഭാഗങ്ങള്‍ വച്ച് റിലീസ് ചെയ്യുകയായിരുന്നു.
ബോളിവുഡിലെ ഏറ്റവും വലിയ പരാജയമായി ‘ദ് ലേഡി കില്ലര്‍’
