ഏറ്റവും ഒടുവിലായി വാഹനങ്ങളിലും പുതിയ എ.ഐ ചാറ്റ്‌ബോട്ടിന്റെ സേവനം ഉപയോഗപ്പെടുത്താന്‍ പോകുന്നു. ലോകപ്രശസ്തരായ ജനറല്‍ മോട്ടോര്‍സാണ് ആദ്യമായി അതിന് മുന്നിട്ടിറങ്ങുന്നത്. ഷെവര്‍ലെ, ജി.എം.സി, കാഡിലാക്, ബ്യൂക്ക് പോലുള്ള കാറുകളുടെ നിര്‍മാതാക്കളായ ജനറല്‍ മോട്ടോര്‍സ്, ഓപ്പണ്‍എ.ഐയുടെ ചാറ്റ്ജി.പി.ടി സാങ്കേതികവിദ്യ തങ്ങളുടെ വാഹനങ്ങളില്‍ ഉപയോഗിക്കുന്നതിന് മൈക്രോസോഫ്റ്റുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ ഒരുങ്ങുകയാണ്. ചാറ്റ്ജി.പി.ടിയുടെ പിന്നിലുള്ള എ.ഐ മോഡലുകളെ ഉപയോഗപ്പെടുത്തുന്ന ഒരു വെര്‍ച്വല്‍ പേഴ്സണല്‍ അസിസ്റ്റന്റ് വികസിപ്പിക്കാനാണ് വാഹന നിര്‍മ്മാതാവ് പ്രവര്‍ത്തിക്കുന്നതെന്ന് ‘സെമഫോര്‍’ റിപ്പോര്‍ട്ട് ചെയ്തു. ഫ്‌ലാറ്റ് ടയര്‍ മാറ്റുന്നത് എങ്ങനെയെന്നതടക്കമുള്ള കാറുമായി ബന്ധപ്പെട്ടുള്ള മെക്കാനിക്കല്‍ സംശയങ്ങള്‍ തീര്‍ക്കാനും ഡ്രൈവര്‍മാര്‍ക്ക് നിര്‍ദ്ദേശം നല്‍കാനുമൊക്കെ അസിസ്റ്റന്റിന് കഴിയുമെന്നാണ് അവകാശവാദം. പൊതുവെ കാറിനൊപ്പം വരുന്ന മാന്വുവലില്‍ കാണാറുള്ള വാഹന സവിശേഷതകള്‍ എങ്ങനെ ഉപയോഗിക്കാമെന്നുള്ള വിവരങ്ങളും ആക്‌സസ് ചെയ്യാന്‍ കഴിയും.