പാസ്പോര്‍ട്ടിനായി വ്യാജരേഖകളുണ്ടാക്കിയ സംഭവവുമായി ബന്ധപ്പെട്ട് പാസ്പോർട്ട് ഓഫീസർക്ക് പൊലീസ് റിപ്പോർട്ട് നൽകും. ക്രിമിനൽ കേസിലെ പ്രതികള്‍ക്ക് വേണ്ടിയും പാസ്പോർട്ട് റദ്ദാക്കിയവർക്കു വേണ്ടിയുമാണ് വൻതുക കോഴ വാങ്ങി പൊലീസുകാരൻ അൻസിലിൻെറ നേതൃത്വത്തിൽ വ്യാജ പാസ്പോർട്ട് സംഘം പ്രവർത്തിച്ചിരുന്നത്. ഇന്നലെ അറസ്റ്റിലായ മണ്‍വിള സ്വദേശി പ്രശാന്തായിരുന്നു അൻസിലിൻെറ ഏജൻറ്. തട്ടിപ്പ് കേസിലെ പ്രതിയായ പൊലീസുകാരൻ അൻസിൽ അസീസ് ജോലി ചെയ്തിരുന്ന തുമ്പ കഴക്കൂട്ടം സ്റ്റേഷനുകളിൽ നിന്നും വേരിഫിക്കേഷൻ പൂർത്തിയാക്കിയ പാസ്പോർട്ടുകളുടെ വിവരങ്ങള്‍ പരിശോധിക്കാൻ സിറ്റി പൊലീസ് കമ്മീഷണർ നിദ്ദേശിച്ചു. വ്യാജ രേഖകള്‍ പ്രകാരം പാസ്പോർട്ട് നേടിയവരെയും പ്രതിയാക്കും. ഈ കേസുകളിൽ അൻസിലിന്റെ പങ്ക് തെളിഞ്ഞാൽ എല്ലാ കേസിലും പ്രതിയാകും. ശ്രീകാര്യം സ്റ്റേഷനിലെ റൗഡി ലിസ്റ്റിൽപ്പെട്ടയാള്‍ക്ക് പാസ്പോർട്ടിന് വേണ്ടി സമ്മർദ്ദം ചെലുത്തിയപ്പോഴാണ് സംശയം തോന്നിയതും വിശദ പരിശോധനകൾ ആരംഭിച്ചതും.