ടൈറ്റാനിയത്തില്‍ ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങളുടെ തട്ടിപ്പ്. സ്ഥിരനിയമനത്തിനായി പണം തട്ടിയെടുത്തതിന് അഞ്ച് പേർക്കെതിരെ കേസെടുത്തു. 29 പേരിൽ നിന്നും ഒരു കോടി 85 ലക്ഷം രൂപ തട്ടിയെടുത്തെന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം.
മാസം 75000 രൂപ ശമ്പളത്തിൽ ട്രാവൻ കൂർ ടൈറ്റാനിയത്തിൽ അസിസ്റ്റന്റ് കെമിസ്റ്റ് തസ്തികയിൽ ജോലി വാഗ്ദാനം ചെയ്ത് രണ്ട് തവണയായി 10 ലക്ഷം രൂപ , 2018 ഡിസംബറിൽ വാങ്ങിയെന്നാണ് കൻറോൺമെൻറ് പൊലീസ് എടുത്ത കേസ്. പണം കൊടുത്തിട്ടും ജോലി കിട്ടാതെ വന്നപ്പോഴാണ് പണം നൽകിയവർ പൊലീസിനെ സമീപിച്ചത്. 2018 മുതൽ തട്ടിപ്പ് നടക്കുന്നുണ്ടെന്നാണ് പൊലീസിന്‍റെ വിവരം. വിവിധ ഫേസ് ബുക്ക് ഗ്രൂപ്പുകളിൽ ടൈറ്റാനിയത്തിൽ ഒഴിവുകൾ ഉണ്ടെന്ന് ചൂണ്ടിക്കാണിച്ച് പോസ്റ്റുകളിടും. വിവരം ചോദിച്ച് വരുന്നവർക്ക് ഇൻബോക്സിലൂടെ മറുപടി നൽകും. ഒപ്പം പണവും ആവശ്യപ്പെടും.15 ദിവസത്തിനകം അപ്പോയിന്‍റ്മെന്‍റ് ലെറ്റര്‍ കിട്ടുമെന്നായിരുന്നു വാഗ്ദാനം. ടൈറ്റാനിയത്തിലെ നിയമനം ഇതുവരെ പിഎസ്‍സിക്ക് വിട്ടിട്ടില്ല.