റെക്കോഡ് നേട്ടത്തില്‍ നിന്ന് താഴോട്ടിറങ്ങി ഇന്ത്യയുടെ വിദേശ നാണ്യശേഖരം. ഒക്ടോബര്‍ നാലിന് അവസാനിച്ച ആഴ്ചയില്‍ 370 കോടി ഡോളര്‍ താഴ്ന്ന് ശേഖരം 70,118 കോടി ഡോളര്‍ ആയെന്ന് റിസര്‍വ് ബാങ്ക് വ്യക്തമാക്കി. വിദേശ നാണ്യ ആസ്തി ഇടിഞ്ഞതാണ് തിരിച്ചടിയായത്. വിദേശ നാണ്യശേഖരത്തില്‍ മുഖ്യപങ്ക് വഹിക്കുന്ന എഫ്സിഎ 351 കോടി ഡോളര്‍ താഴ്ന്ന് 61,260 കോടി ഡോളറിലെത്തി. കരുതല്‍ സ്വര്‍ണശേഖരം 4 കോടി ഡോളര്‍ കുറഞ്ഞ് 6,576 കോടി ഡോളറായി. രാജ്യാന്തര നാണ്യനിധിയിലെ സ്പെഷല്‍ ഡ്രോവിങ് റൈറ്റ്സ് 12.3 കോടി ഡോളര്‍ കുറഞ്ഞ് 1,843 കോടി ഡോളറായി. ഐഎംഎഫിലെ റിസര്‍വ് പൊസിഷനും 3.5 കോടി ഡോളര്‍ താഴ്ന്ന് 435 കോടി ഡോളറായെന്ന് റിസര്‍വ് ബാങ്ക് വ്യക്തമാക്കി. സെപ്റ്റംബര്‍ 27ന് അവസാനിച്ച ആഴ്ചയിലാണ് ഇന്ത്യയുടെ വിദേശ നാണ്യശേഖരം ചരിത്രത്തില്‍ ആദ്യമായി 70,000 കോടി ഡോളര്‍ കടന്നത്. ഈ നേട്ടം കൊയ്യുന്ന 4-ാമത്തെ മാത്രം രാജ്യമാണ് ഇന്ത്യ. 70,480 കോടി ഡോളറിലേക്കായിരുന്നു വര്‍ധന.
റെക്കോഡ് നേട്ടത്തില്‍ നിന്ന് താഴോട്ടിറങ്ങി വിദേശ നാണ്യശേഖരം
