രാജ്യത്തിന്റെ വിദേശനാണ്യ കരുതല്‍ ശേഖരം റെക്കോര്‍ഡ് നിരക്കില്‍. നിലവിലെ രാജ്യത്തിന്റെ വിദേശ നാണ്യ ശേഖരം 651.5 ബില്യണ്‍ ഡോളറിലെത്തി. മെയ് 24 ന് ഇത് 646.67 ബില്യണ്‍ ഡോളറായിരുന്നു. അതിനുശേഷം മൊത്തം ശേഖരം 4.83 ബില്യണ്‍ യുഎസ് ഡോളര്‍ വര്‍ദ്ധിച്ചു. നേരത്തെ മെയ് 17 ന് രേഖപ്പെടുത്തിയ 648.7 ബില്യണ്‍ യുഎസ് ഡോളറായിരുന്നു ഏറ്റവും ഉയര്‍ന്ന വിദേശനാണ്യ കരുതല്‍ ശേഖരം. വിദേശ വിനിമയ കരുതല്‍ ശേഖരം ഏതെങ്കിലും തരത്തിലുള്ള പ്രതിസന്ധികളെ നേരിടാനുള്ള സമ്പദ്വ്യവസ്ഥയുടെ മൊത്തത്തിലുള്ള ശക്തിയെ പ്രതിനിധീകരിക്കുന്ന പ്രധാന ഘടകങ്ങളിലൊന്നാണ്. റിസര്‍വ് ബാങ്കാണ് ഇത് സൂക്ഷിക്കുന്നത്. യുഎസ് ഡോളര്‍, യൂറോ, ജാപ്പനീസ് യെന്‍, പൗണ്ട് സ്റ്റെര്‍ലിംഗ് എന്നിങ്ങനെയുള്ള കറന്‍സികള്‍, സ്വര്‍ണം തുടങ്ങിയവയിലാണ് കരുതല്‍ ശേഖരം സാധാരണയായി സൂക്ഷിക്കുന്നത്. റിസര്‍വ് ബാങ്ക് റിപ്പോര്‍ട്ട് അനുസരിച്ച്, ഏകദേശം 11 മാസത്തേക്ക് രാജ്യത്തിന്റെ ഇറക്കുമതികള്‍ നിര്‍വഹിക്കാന്‍ ഈ വിദേശനാണ്യ ശേഖരം മതിയാകും. എണ്ണൂറ് ടണ്ണിലധികമാണ് ഇന്ത്യയുടെ സ്വര്‍ണശേഖരം. ബാങ്ക് ഓഫ് ഇംഗ്ലണ്ടിലും ഇന്ത്യയിലുമായാണ് റിസര്‍വ് ബാങ്ക് സ്വര്‍ണശേഖരം സൂക്ഷിച്ചിരിക്കുന്നത്. ഇതിലൊരു ഭാഗം അടുത്തിടെ ഇന്ത്യയിലേക്ക് മാറ്റിയിരുന്നു.