തുടര്‍ച്ചയായ നാലാം വാരവും വിദേശ നാണ്യ കരുതല്‍ ശേഖരത്തില്‍ ഇടിവ്. ഇന്ത്യയുടെ വിദേശനാണ്യ കരുതല്‍ ശേഖരം 325 മില്യണ്‍ ഡോളര്‍ ഇടിഞ്ഞ് 560.942 ബില്യണ്‍ ഡോളറായി കുറഞ്ഞു. ഫെബ്രുവരി 24 വരെയുള്ള കണക്കാണിതെന്ന് റിസര്‍വ് ബാങ്ക് ഒഫ് ഇന്ത്യ അറിയിച്ചു. മൊത്തം കരുതല്‍ ശേഖരം കഴിഞ്ഞയാഴ്ച 5.68 ബില്യണ്‍ ഡോളര്‍ കുറഞ്ഞ് 561.267 ബില്യണിലെത്തി. 2021 ഒക്ടോബറില്‍ ഇത് എക്കാലത്തെയും ഉയര്‍ന്ന നിലയില്‍ എത്തിയിരുന്നു. 645 ബില്യണ്‍ ആയിരുന്നു അപ്പോഴത്തെ നില. ആഗോള ചലനങ്ങള്‍ കാരണം രൂപയുടെ മൂല്യം കുറയുന്നത് പ്രതിരോധിക്കാന്‍ സെന്‍ട്രല്‍ ബാങ്ക് വിവിധ നടപടികള്‍ സ്വീകരിച്ചതാണ് കരുതല്‍ ശേഖരം കുറയാനുള്ള കാരണം. ഫെബ്രുവരി 24ന് അവസാനിച്ച ആഴ്ചയില്‍ കരുതല്‍ ശേഖരത്തിന്റെ പ്രധാന ഘടകമായ വിദേശ കറന്‍സി ആസ്തി 166 മില്യണ്‍ ഡോളര്‍ കുറഞ്ഞ് 495.906 ബില്യണ്‍ ഡോളറായെന്ന് റിസര്‍വ് ബാങ്ക് പുറത്തുവിട്ട പ്രതിവാര സ്റ്റാറ്റിസ്റ്റിക്കല്‍ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കി. സ്വര്‍ണത്തിന്റെ ശേഖരം 6.6 കോടി ഡോളര്‍ കുറഞ്ഞ് 4175.1 കോടി ഡോളറിലെത്തി.