പരാജയത്തിന്റെ പടു കുഴിയില്‍ നില്ക്കുന്ന അക്ഷയ് കുമാറിന്റെ അടുത്ത ചിത്രവും റിലീസിന്. മുദാസ്സര്‍ അസീസ് രചനയും സംവിധാനവും നിര്‍വ്വഹിച്ച കോമഡി ഡ്രാമ ചിത്രം ‘ഖേല്‍ ഖേല്‍ മേം’ ആണ് ആ ചിത്രം. അക്ഷയ് കുമാറിന് തുടര്‍ പരാജയങ്ങളില്‍ ആശ്വാസമാകും ഈ ചിത്രം എന്നാണ് പൊതുവില്‍ പ്രതീക്ഷിക്കുന്നത്. എന്നാല്‍ കഴിഞ്ഞ ദിവസം ചിത്രത്തിന്റെ ട്രെയിലര്‍ ഇറങ്ങിയതിന് പിന്നാലെ സംഭവം അത്ര പന്തിയല്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. ഒന്നാമത് ചിത്രം ഒരു റീമേക്കാണ് എന്നതാണ്. പലരും കഴിഞ്ഞ ദിവസമാണ് 2016 ല്‍ റിലീസ് ചെയ്യപ്പെട്ട ഇറ്റാലിയന്‍ ചിത്രം പെര്‍ഫെക്റ്റ് സ്ട്രേഞ്ചേഴ്സിന്റെ ഒഫിഷ്യല്‍ റീമേക്ക് ആണ് ഖേല്‍ ഖേല്‍ മേം എന്ന് മനസിലാക്കിയത്. ഏറ്റവും അവസാനം ഇറങ്ങി ബോക്സോഫീസില്‍ വന്‍ പരാജയമായ സര്‍ഫിറയും ഒരു റീമേക്കായിരുന്നു. അതിനാല്‍ തന്നെ ട്രെയിലറിന് അടിയില്‍ പോലും പലയിടത്തും നിരാശ നിറഞ്ഞ കമന്റുകളാണ് വരുന്നത്. പല ഭാഷകളില്‍ ഒഫീഷ്യലായും അണ് ഒഫീഷ്യലായും റീമേക്ക് ചെയ്യപ്പെട്ട് പരിചിതമായ കഥാഗതിയാണ് ചിത്രത്തിന് എന്നത് വലിയ നിരാശയാണ് ബോളിവുഡില്‍ ഉണ്ടാക്കിയിരിക്കുന്നത്.