റിസര്‍വ് ബാങ്ക് മുഖ്യ പലിശ നിരക്ക് കുത്തനെ ഉയര്‍ത്തിയതോടെ അഞ്ച് വര്‍ഷത്തിനിടെ വാണിജ്യ ബാങ്കുകളിലെ മുതിര്‍ന്ന പൗരന്മാരുടെ സ്ഥിരനിക്ഷേപങ്ങള്‍ കുതിച്ചുയരുന്നു. സ്റ്റേറ്റ് ബാങ്ക് ഒഫ് ഇന്ത്യയുടെ പുതിയ ഗവേഷണ റിപ്പോര്‍ട്ടനുസരിച്ച് രാജ്യത്തെ വിവിധ ബാങ്കുകളിലായി 7.4 ലക്ഷം മുതിര്‍ന്ന പൗരന്മാരുടെ മൊത്തം സ്ഥിരനിക്ഷേപം 34 ലക്ഷം കോടി രൂപയാണ്. ഇക്കാലയളവില്‍ അക്കൗണ്ട് ഉടമകളുടെ എണ്ണത്തില്‍ 81 ശതമാനവും തുകയില്‍ 150 ശതമാനവും വര്‍ദ്ധനയാണുണ്ടായത്. മുതിര്‍ന്ന പൗരന്മാരുടെ നിക്ഷേപങ്ങളില്‍ 90 ശതമാനവും 15 ലക്ഷം രൂപ മുതല്‍ താഴേക്കുള്ള തുകയാണെന്നും എസ്. ബി. ഐ റിപ്പോര്‍ട്ട് പറയുന്നു. നിലവില്‍ മുതിര്‍ന്ന പൗരന്മാരുടെ നിക്ഷേപങ്ങള്‍ക്ക് ബാങ്കുകള്‍ ഏഴ് മുതല്‍ എട്ടു ശതമാനം വരെ വാര്‍ഷിക പലിശയാണ് നല്‍കുന്നത്. 2018-്വ19 സാമ്പത്തിക വര്‍ഷത്തില്‍ 4.1 ലക്ഷം അക്കൗണ്ടുകളിലായി 14 ലക്ഷം കോടി രൂപയാണ് മുതിര്‍ന്ന പൗരന്മാരുടെ സ്ഥിര നിക്ഷേപമായി ഉണ്ടായിരുന്നത്. അഞ്ച് വര്‍ഷത്തിനിടെ മുതിര്‍ന്ന പൗരന്മാരുടെ അക്കൗണ്ടുകളിലെ ശരാശരി ബാലന്‍സ് 38.7 ശതമാനം ഉയര്‍ന്ന് 4.6 ലക്ഷം കോടി രൂപയായി. നിക്ഷേപങ്ങളുടെ സുരക്ഷിതത്വവും മികച്ച വരുമാനവും ബാങ്കുകളിലേക്ക് പണമൊഴുക്ക് വര്‍ദ്ധിപ്പിക്കുകയാണ്. നാണയപ്പെരുപ്പം നേരിടുന്നതിനായി 2022 മേയ് മുതല്‍ റിസര്‍വ് ബാങ്ക് മുഖ്യ നിരക്കായ റിപ്പോ 2.5 ശതമാനം വര്‍ദ്ധിപ്പിച്ചതാണ് ബാങ്കുകളിലേക്കുള്ള പണമൊഴുക്ക് വര്‍ദ്ധിപ്പിച്ചത്. വാണിജ്യ ബാങ്കുകള്‍ സ്ഥിര നിക്ഷേപങ്ങള്‍ക്ക് ഏഴര ശതമാനം വരെ പലിശയാണ് നല്‍കുന്നത്. മുതിര്‍ന്ന പൗരന്മാര്‍ക്ക് അര ശതമാനം കൂടുതല്‍ പലിശയും ലഭിക്കും. സീനിയര്‍ സിറ്റിസണ്‍ സേവിംഗ്‌സ് സ്‌ക്കീമിലൂടെ അഞ്ച് വര്‍ഷത്തേക്ക് ഉറപ്പായ വരുമാനത്തോടെ 30 ലക്ഷം രൂപ വരെ നിക്ഷേപിക്കാന്‍ കഴിയും.