നടപ്പുസാമ്പത്തികവര്‍ഷം ഇന്ത്യ കൂടുതല്‍ വളര്‍ച്ച നേടുമെന്ന് ഫിച്ച് റേറ്റിംഗ്സ് അനുമാനം. മാര്‍ച്ചില്‍ ഏഴു ശതമാനം വളര്‍ച്ച നേടുമെന്നായിരുന്നു പ്രവചനം. പുതുക്കിയ അനുമാനം അനുസരിച്ച് വളര്‍ച്ചാനിരക്ക് 7.2 ശതമാനമായാണ് ഉയര്‍ന്നത്. ഉപഭോക്താക്കളുടെ വാങ്ങല്‍ശേഷിയിലും നിക്ഷേപത്തിലും ഉണ്ടായ വര്‍ധനയാണ് ഇന്ത്യയുടെ വളര്‍ച്ചാ അനുമാനം പുതുക്കാന്‍ ഫിച്ച് റേറ്റിംഗ്സിനെ പ്രേരിപ്പിച്ചത്. അടുത്ത സാമ്പത്തികവര്‍ഷത്തെയും 2026-27 വര്‍ഷത്തെയും വളര്‍ച്ചാ അനുമാനവും ഫിച്ച് റേറ്റിംഗ്സ് പുതുക്കിയിട്ടുണ്ട്. 6.2 ശതമാനത്തില്‍ നിന്ന് 6.5 ശതമാനമായാണ് ഉയര്‍ത്തിയത്. നടപ്പുസാമ്പത്തികവര്‍ഷം ഇന്ത്യ 7.2 ശതമാനം വളര്‍ച്ച നേടുമെന്നാണ് ആര്‍ബിഐയുടെ അനുമാനം. ഇതിന് സമാനമാണ് ഫിച്ച് റേറ്റിംഗ്സ് റിപ്പോര്‍ട്ട്. ഗ്രാമീണ മേഖലയില്‍ ഡിമാന്റ് വര്‍ധിച്ചതും പണപ്പെരുപ്പനിരക്ക് കുറഞ്ഞതുമാണ് മെച്ചപ്പെട്ട വളര്‍ച്ച നേടുമെന്ന ആര്‍ബിഐയുടെ അനുമാനത്തിന് കാരണം. കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഇന്ത്യ 8.2 ശതമാനം വളര്‍ച്ചയാണ് നേടിയത്. മണ്‍സൂണ്‍ സീസണില്‍ മെച്ചപ്പെട്ട മഴ ലഭിക്കുമെന്ന പ്രവചനം നടപ്പുസാമ്പത്തിക വര്‍ഷം വളര്‍ച്ചയെ പിന്തുണയ്ക്കുമെന്നാണ് ഫിച്ചിന്റെ കണക്കുകൂട്ടല്‍. ഇത് പണപ്പെരുപ്പ ഭീഷണി കുറയ്ക്കാനും സഹായിച്ചേക്കും. ഉപഭോക്തൃ ചെലവുകള്‍ ഉയരുന്നതും നിക്ഷേപം വര്‍ധിക്കുന്നതും വളര്‍ച്ചയെ സ്വാധീനിക്കും. പിന്നീടുള്ള വര്‍ഷങ്ങളില്‍ വളര്‍ച്ച മന്ദഗതിയിലാകുമെന്നും ഫിച്ച് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.