റഹ്മാന്‍ നായകനായി എത്തുന്ന ‘സമാറ’ എന്ന ചിത്രത്തിലെ ആദ്യ വീഡിയോ സോങ്ങ് പുറത്തിറങ്ങി. വയലാര്‍ ശരത്ചന്ദ്ര വര്‍മ്മയുടെ വരികള്‍ക്ക് ദീപക് വാര്യര്‍ ഈണം നല്‍കി അരവിന്ദ് നായര്‍ ആലപിച്ച ‘കാശ്മീരിന് ഈണം നീ’ എന്ന് തുടങ്ങുന്ന ഗാനമാണ് പുറത്തിറങ്ങിയത്. പുതുമുഖ സംവിധായാകന്‍ ചാള്‍സ് ജോസഫ് രചനയും സംവിധാനവും നിര്‍വഹിച്ച ചിത്രം ഓഗസ്റ്റ് നാലിന് മാജിക് ഫ്രെയിംസ് തിയറ്ററുകളില്‍ എത്തിക്കും. പീകോക്ക് ആര്‍ട്ട് ഹൗസിന്റെ ബാനറില്‍ എം കെ സുഭാകരന്‍, അനുജ് വര്‍ഗീസ് വില്ല്യാടത്ത് എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിച്ച ചിത്രം സയന്‍സ് ഫിക്ഷന്‍ വിഭാഗത്തില്‍ പെടുന്ന ക്രൈം ത്രില്ലറാണ്. റഹ്മാന്‍, ഭരത്, ബിനോജ് വില്ല്യ, സഞ്ജന ദിപു എന്നിവരാണ് പ്രധാന വേഷങ്ങളില്‍ എത്തുന്നത്. ഹിന്ദിയില്‍ ബജ്‌റംഗി ഭായ്ജാന്‍, ജോളി എല്‍എല്‍ബി 2, തമിഴില്‍ വിശ്വരൂപം 2 എന്നീ ചിത്രങ്ങളിലൂടെ പ്രശസ്തനായ ബോളിവുഡ് താരം മീര്‍ സര്‍വാര്‍, തമിഴ് നടന്‍ ഭരത്, മൂത്തോന്‍ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയയായ സഞ്ജന ദിപു, രാഹുല്‍ മാധവ്, ബിനോജ് വില്ല്യ, ഗോവിന്ദ് കൃഷ്ണ, ടിനിജ്, ടോം സ്‌കോട്ട് തുടങ്ങിയവര്‍ക്കൊപ്പം 18 ഓളം പുതിയ താരങ്ങളും 35 ഓളം വിദേശ താരങ്ങളും ചിത്രത്തില്‍ അണിനിരക്കുന്നു. കുളു- മണാലി, ധര്‍മ്മശാല, ജമ്മു കശ്മീര്‍ എന്നിവടങ്ങളിലായാണ് ചിത്രത്തിന്റെ ഭൂരിഭാഗവും ചിത്രീകരിച്ചിരിക്കുന്നത്.