കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ തീപിടിത്തം. നിർമാണത്തിലിരിക്കുന്ന എട്ടുനില കെട്ടിടത്തിന്റെ മധ്യഭാഗത്തായാണ് തീപ്പിടിത്തമുണ്ടായത്. പന്ത്രണ്ടരയോടെയാണ് സംഭവം.തീയണയ്ക്കാൻ ഫയർ ഫോഴ്സ് ശ്രമം തുടരുകയാണ്. കോട്ടയത്തുനിന്നുള്ള രണ്ടു യൂണിറ്റ് ഫയർ ഫോഴ്സ് സംഘം സ്ഥലത്തെത്തിയിട്ടുണ്ട്. പാലായിൽനിന്നും ചങ്ങനാശ്ശേരിയിൽനിന്നുമുള്ള ഫയർ ഫോഴ്സ് യൂണിറ്റുകളോട് ഇവിടേക്ക് എത്തിച്ചേരാൻ നിർദേശം കൊടുത്തിട്ടുണ്ട്.
തീപിടിച്ച കെട്ടിടം മൂന്നാം വാർഡിനോടു ചേർന്നാണുള്ളത്. തീയാളുന്നത് കണ്ടതോടെ ഈ വാർഡിൽനിന്ന് ആളുകളെ മാറ്റിയിരുന്നു. തീപിടുത്തത്തിന് കാരണം വ്യക്തമല്ല. നിർമാണത്തിലിരിക്കുന്ന കെട്ടിടമായതിനാൽ നിർമാണപ്രവർത്തനങ്ങൾക്കാവശ്യമായ വൈദ്യുതി ക്രമീകരണങ്ങൾ ഒരുക്കിയിരുന്നു. ഇതിലുണ്ടായ ഷോർട്ട് സർക്യൂട്ടാകാം അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.