ലൈഫ് ഇൻഷുറൻസ് കോർപ്പറേഷനും (എൽഐസി) സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയും (എസ്‌ബിഐ) അദാനി ഗ്രൂപ്പുമായി വലിയ ഇടപാടുകളിൽ ഏർപ്പെട്ടിട്ടില്ലെന്ന് വ്യക്തമാക്കി കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ. രാജ്യത്തെ ഏറ്റവും വലിയ ഇൻഷുറൻസ് കമ്പനിയും ഏറ്റവും വലിയ പൊതുമേഖലാ ബാങ്കും അദാനിയുമായി നടത്തിയ ഇടപാടുകൾ പരിശോധിച്ചിട്ടുണ്ടെന്നും കമ്പനികൾക്ക് നൽകിയ വായ്പ തങ്ങളുടെ അനുവദനീയമായ പരിധിക്കുള്ളിൽ നിന്ന് തന്നെയാണ് എന്നും വ്യക്തമായതായി ധനമന്ത്രി പറഞ്ഞു. എസ്ബിഐ അടക്കം ഇന്ത്യയിലെയും വിദേശത്തെയും ബാങ്കുകൾ ഓഹരി ഈടായി സ്വീകരിച്ച് അദാനിക്ക് നൽകിയ വായ്പ രണ്ടു ലക്ഷം കോടിയിലേറെ വരുമെന്നാണ് കണക്ക്.ഇന്ത്യയുടെയും ഏഷ്യയിലെയും ഏറ്റവും വലിയ ധനികനായ ഗൗതം അദാനി ചരിത്രത്തിലെ ഏറ്റവും വലിയ സാമ്പത്തിക നഷ്ടത്തിന് സാക്ഷ്യം വഹിക്കുന്നതിനിടെയാണ് ധനമന്ത്രി നിർമ്മല സീതാരാമന്റെ ഈ അഭിപ്രായം. അദാനി ഗ്രൂപ്പ് ഓഹരികൾക്ക് 120 ബില്യൺ ഡോളറിന്റെ നഷ്ടമാണ് രേഖപ്പെടുത്തിയത്.