ഹിഗ്വിറ്റ എന്ന പേര് വിലക്കിയ ഫിലിം ചേംബർ നടപടിക്കുമേൽ നിയമ നടപടിയുമായി സിനിമയുടെ അണിയറ പ്രവർത്തകർ. അഭിഭാഷകരെ കണ്ട് വിഷയത്തിൽ നിയമപദേശം തേടി. സിനിമയുടെ പേരിന് എൻ. എസ് മാധവനിൽ നിന്ന് അനുമതി വാങ്ങിക്കാൻ ഫിലിം ചേംബർ നിർദേശം നൽകിയതിനെ തുടർന്നാണ് അണിയറ പ്രവർത്തകർ നിയമനടപടിക്ക് ഒരുങ്ങുന്നത്. സിനിമയുടെ പ്രവർത്തകർ പറയുന്നത് ഈ പേരിന് വേണ്ടി മൂന്ന് വർഷം മുൻപ് ഫിലിം ചേംബറിൽ പണം അടച്ച് രജിസ്റ്റർ ചെയ്തിരുന്നു. കാലാവധി കഴിഞ്ഞതിനാൽ വീണ്ടും രജിസ്റ്റർ ചെയ്തു. ഇക്കാര്യങ്ങൾ ഫിലിം ചേംബറിനെ ബോധ്യപ്പെടുത്താൻ ശ്രമിക്കും. തീരുമാനമായില്ലെങ്കിൽ കോടതിയെ സമീപിക്കാനും ആലോചനയുണ്ട്.
കുറച്ചു ദിവസങ്ങൾക്ക് മുൻപാണ് ഹിഗ്വിറ്റ എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസ് ചെയ്തത്. ഇതിന് പിന്നാലെ സാഹിത്യകാരൻ എന്‍ എസ് മാധവന്‍ ചിത്രത്തിനെതിരെ രംഗത്തെത്തി. ഹിഗ്വിറ്റ എന്ന പ്രശസ്തമായ തന്റെ കഥയുടെ പേരിനുമേൽ തനിക്ക് യാതൊരു അവകാശവും ഇല്ലാതെ പോകുന്നത് ദു:ഖകരമാണെന്ന് എൻ.എസ് മാധവൻ ട്വീറ്റ് ചെയ്തതാണ് തുടക്കം. പിന്നീട് കവി സച്ചിദാനന്ദനും എൻ എസ് മാധവനെ പിന്തുണച്ച് സംസാരിച്ചിരുന്നു.