ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന ത്രൈമാസ ലാഭം നേടി ഫെഡറല്‍ ബാങ്ക്. നടപ്പു സാമ്പത്തിക വര്‍ഷം 2022 ഡിസംബര്‍ 31ന് അവസാനിച്ച മൂന്നാം പാദത്തില്‍ 803.61 കോടി രൂപയാണ് അറ്റാദായം. 54.03 ശതമാനം വാര്‍ഷിക വളര്‍ച്ചയാണ് രേഖപ്പെടുത്തിയത്. മുന്‍ വര്‍ഷം ഇതേ കാലയളവില്‍ 521.73 കോടി രൂപയായിരുന്നു ലാഭം. ബാങ്കിന്റെ പ്രവര്‍ത്തന ലാഭം 39.37 ശതമാനം വര്‍ദ്ധിച്ച് 1,274.21 കോടി രൂപയിലെത്തി. മുന്‍വര്‍ഷം ഇതേ കാലയളവില്‍ 914.29 കോടി രൂപയായിരുന്നു. ബാങ്കിന്റെ മൊത്തം ബിസിനസ് 16.89 ശതമാനം വര്‍ദ്ധിച്ച് 3,69,581.25 കോടി രൂപയിലെത്തി. മുന്‍വര്‍ഷം ഇതേ പാദത്തില്‍ 1,75,431.70 കോടി രൂപയായിരുന്ന നിക്ഷേപം 2,01,408.12 കോടി രൂപയായി വര്‍ധിച്ചു. ആകെ വായ്പ മുന്‍ വര്‍ഷത്തെ 1,43,638.49 കോടി രൂപയില്‍ നിന്ന് 1,71,043.02 കോടി രൂപയായി വര്‍ദ്ധിച്ചു. മൂന്നാം പാദത്തില്‍ ബാങ്ക് എക്കാലത്തെയും ഉയര്‍ന്ന അറ്റപലിശ വരുമാനമാണ് നേടിയത്. 27.14 ശതമാനം വാര്‍ഷിക വര്‍ദ്ധനയോടെ അറ്റ പലിശ വരുമാനം 1,956.53 കോടി രൂപയിലെത്തി. മുന്‍വര്‍ഷം മൂന്നാം പാദത്തില്‍ ഇത് 1,538.90 കോടി രൂപയായിരുന്നു. 4,147.85 കോടി രൂപയാണ് ബാങ്കിന്റെ മൊത്ത നിഷ്‌ക്രിയ ആസ്തി. മൊത്തം വായ്പകളുടെ 2.43 ശതമാനമാണിത്. അറ്റ നിഷ്‌ക്രിയ ആസ്തി 1,228.59 കോടി രൂപയാണ്. മൊത്തം വായ്പകളുടെ 0.73 ശതമാനമാണിത്. ഈ പാദത്തോടെ ബാങ്കിന്റെ മൊത്തം മൂല്യം 18,089.19 കോടി രൂപയില്‍ നിന്ന് 20,456.75 കോടി രൂപയായി വര്‍ദ്ധിച്ചു.