നടന്‍ മോഹന്‍ലാലിന്റെ എക്കാലത്തെയും സൂപ്പര്‍ ഹിറ്റ് ചിത്രങ്ങളിലൊന്നായ സ്ഫടികത്തിന്റെ റി-റിലീസിനായി കാത്തിരിക്കുകയാണ് മലയാളികള്‍. ചിത്രം പുറത്തിറങ്ങി 27 വര്‍ഷങ്ങള്‍ക്കിപ്പുറവും മോഹന്‍ലാല്‍ അവതരിപ്പിച്ച ആടു തോമയും തിലകന്റെ ചാക്കോമാഷും മറ്റ് അഭിനേതാക്കളും എങ്ങനെയാകും പുതിയ സാങ്കേതികതയില്‍ ബിഗ് സ്‌ക്രീനില്‍ എത്തുകയെന്നറിയാന്‍ ഇനി ഏതാനും ദിവസങ്ങള്‍ മാത്രമാണ് ബാക്കി. സ്ഫടികത്തിലെ കഥാപാത്രങ്ങളെയും സംഭാഷണങ്ങളെയും പോലെ തന്നെ ഏറെ ശ്രദ്ധേയമാണ് ‘ഏഴിമലപ്പൂഞ്ചോല’ ഗാനം. ഒരുകാലത്ത് മലയാളികളുടെ ഹരമായി മാറിയ ഗാനത്തിന്റെ പുതിയ വെര്‍ഷന്‍ പുറത്തിറക്കിയിരിക്കുകയാണ് മോഹന്‍ലാല്‍. പുനര്‍ ഭാവന ചെയ്ത ‘ഏഴിമലപ്പൂഞ്ചോല’ ഗാനത്തിനായി കെ എസ് ചിത്രയും മോഹന്‍ലാലും വീണ്ടും ഒന്നിച്ച് പാടുന്നത് വീഡിയോയില്‍ കാണാം. എസ് പി വെങ്കടേഷിന്റെ സംഗീതത്തിന് വരികള്‍ എഴുതിയിരിക്കുന്നത് പി ഭാസ്‌കരന്‍ മാസ്റ്റര്‍ ആണ്. ചിത്രയും മോഹന്‍ലാലും ചേര്‍ന്ന് തന്നെയാണ് പഴയ ഗാനവും ആലപിച്ചിരിക്കുന്നത്. ഫെബ്രുവരി 9നാണ് സ്ഫടികം 4കെ വെര്‍ഷന്‍ തിയറ്ററുകളില്‍ എത്തുക.