അത്യധികമായ ചൂടോ തണുപ്പോ ഉള്ള കാലാവസ്ഥ മരണകാരണമായേക്കാവുന്ന ഹൃദയാഘാതങ്ങളുടെ സാധ്യത വര്‍ധിപ്പിക്കാമെന്ന് പഠനം. വായു മലിനീകരണവും ഹൃദയാഘാത മരണനിരക്ക് വര്‍ധിപ്പിക്കുന്നു. ചൈനയിലെ ജിയാങ്‌സു പ്രവിശ്യയില്‍ 2015നും 2020നും ഇടയില്‍ നടന്ന 2,02,000 ഹൃദയാഘാത മരണങ്ങളുടെ ഡേറ്റയെ അടിസ്ഥാനമാക്കിയാണ് പഠനം നടത്തിയത്. അമിതമായ ചൂട് വരുമ്പോള്‍ ശരീരം വിയര്‍ക്കുകയും ചര്‍മത്തിന്റെ ഉപരിതലത്തിന് സമീപമുള്ള രക്തക്കുഴലുകള്‍ വികസിക്കുകയും ചെയ്യുന്നു. ഇതിനാല്‍ സുപ്രധാന അവയവങ്ങളിലേക്ക് ആവശ്യത്തിന് രക്തമെത്തിക്കാന്‍ ഹൃദയത്തിന് കൂടുതല്‍ അധ്വാനിക്കേണ്ടി വരുന്നു. ഈ അമിതഭാരം ഹൃദയത്തിന് മേലുള്ള സമ്മര്‍ദമേറ്റുന്നത് മരണകാരണമായേക്കാവുന്ന ഹൃദയാഘാതത്തിലേക്ക് നയിക്കാം. ദീര്‍ഘദൂര ഓട്ടം, നടത്തം, ഭാരമുയര്‍ത്തല്‍ പോലുള്ള പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുമ്പോള്‍ ഇത് മൂലമുള്ള അപകടസാധ്യതയും വര്‍ധിക്കും. ചൂട് കാലത്തില്‍ ശരീരത്തിന് സംഭവിക്കാവുന്ന നിര്‍ജലീകരണവും ഹൃദയാഘാത സാധ്യത വര്‍ധിപ്പിക്കുന്നു. ഇതുമൂലം തലച്ചോറിലേക്ക് ആവശ്യത്തിന് രക്തമെത്താത്തതിനെ തുടര്‍ന്ന് ബോധം കെടുന്ന അവസ്ഥയുണ്ടാകാം. അമിതമായ തണുപ്പും ഹൃദയത്തിന് മേല്‍ സമ്മര്‍ദമുണ്ടാക്കുന്നുണ്ട്. തണുപ്പത്ത് രക്തധമനികള്‍ ചുരുങ്ങാനും രക്തസമ്മര്‍ദം വര്‍ധിക്കാനും ഹൃദയത്തിലേക്കുള്ള ഓക്‌സിജന്‍ വിതരണം കുറയാനും സാധ്യതയുണ്ട്. ശരീരം അതിനെ ചൂടാക്കാനുള്ള വഴികള്‍ തേടുന്നതും ഹൃദയത്തിന് മേലുള്ള സമ്മര്‍ദമേറ്റും. തണുപ്പ് കാലത്ത് ആളുകള്‍ വീട്ടില്‍ തന്നെ ഏറെ നേരം അലസമായി ചടഞ്ഞു കൂടിയിരിക്കുന്നതും പെട്ടെന്ന് മഞ്ഞ് കോരുന്നത് പോലെയുള്ള അത്യധികമായ ശാരീരിക അധ്വാനമുള്ള പ്രവൃത്തികളില്‍ ഏര്‍പ്പെടുന്നതും ഹൃദയാഘാത സാധ്യത വര്‍ധിപ്പിക്കും. വായു മലിനീകരണം ശ്വാസകോശത്തിന് മാത്രമല്ല ഹൃദയത്തിനും പ്രശ്‌നങ്ങള്‍ ഉണ്ടാക്കാമെന്നും പഠനത്തില്‍ കണ്ടെത്തി. വായുവിലെ പൊടിപടലങ്ങള്‍ ശരീരത്തിനുള്ളില്‍ എത്തുമ്പോള്‍ നീര്‍ക്കെട്ടിനും ഓക്‌സിഡേറ്റീവ് സ്‌ട്രെസിനും കാരണമാകുന്നു. ഇത് രക്തധമനികള്‍ക്ക് നാശം വരുത്തുകയും ഹൃദയാഘാതത്തിലേക്ക് നയിക്കുകയും ചെയ്യുമെന്നും പഠന റിപ്പോര്‍ട്ട് കൂട്ടിച്ചേര്‍ത്തു. എഎച്ച്എ ജേണലിലാണ് ഇത് സംബന്ധിച്ച ഗവേഷണഫലം പ്രസിദ്ധീകരിച്ചത്.