രാമായണത്തിലെ ബാലകാണ്ഡം, അയോധ്യകാണ്ഡം, ആരണ്യകാണ്ഡം, കിഷ്കിന്ധാകാണ്ഡം എന്നിവയെക്കുറിച്ച് അറിയാക്കഥകളുടെ കഴിഞ്ഞ ഭാഗങ്ങളിലൂടെ വിശദമായി തന്നെ മനസ്സിലായല്ലോ . ഇന്ന് നമുക്ക് സുന്ദരകാണ്ഡം എന്താണെന്നു നോക്കാം….!!!
സുന്ദരകാണ്ഡം ഇപ്രകാരമാണ് പറയുന്നത്.ഹനുമാൻ വിരാട് രൂപം കൈക്കൊണ്ടു സമുദ്രത്തിനു മുകളിലൂടെ ലങ്കയിലേക്കു കുതിച്ചു.വഴിക്ക് വെച്ചു സാഗരനിർദ്ദേശപ്രകാരം തന്നെ സൽക്കരിക്കാൻ കടലിൽ നിന്നും പൊന്തിവന്ന മൈനാക പർവതത്തിന്റെ സൽക്കാരം ഹനുമാൻ നിരസിച്ചു. തന്നെ പരീക്ഷിക്കാൻ ദേവന്മാർ അയച്ച നാഗമാതാവ് സുരസ്സയുടെ പരീക്ഷണത്തിലും ഹനുമാൻ വിജയിച്ചു.
നിഴൽ തടഞ്ഞു നിർത്തി ജീവികളെ പിടികൂടി ഭക്ഷിക്കുന്ന അംഗാരകസിംഹിക എന്ന രാക്ഷസിയെ ഇതിനിടയിൽ ഹനുമാൻ സംഹരിച്ചു.ലങ്കയിൽ എത്തിയ ഹനുമാൻ സൂഷ്മരൂപം കൈകൊണ്ടു അകത്തേക്ക് പ്രവേശിച്ചപ്പോൾ ലങ്കയുടെ കാവൽ ദേവതയായ ലങ്കാശ്രീ അദ്ദേഹത്തെ തടഞ്ഞു. ഹനുമാന്റെ കൈപ്പത്തി കൊണ്ടുള്ള ഇടിയേറ്റ ലങ്കാനഗരദേവത ലങ്ക ഉപേക്ഷിച്ചു യാത്രയായി. ലങ്കയുടെ പ്രൗഢിയും രാവണന്റെ അന്തഃപുരവും പുഷപകവിമാനവും രാവണനെയും തൊട്ടടുത്തു കണ്ട ഹനുമാൻ വിസ്മയഭരിതനായി . അവിടെ മണ്ഡോദരിയെയും മറ്റു സ്ത്രീകളെയും കണ്ടെങ്കിലും സീതയെ മാത്രം ഹനുമാൻ കണ്ടില്ല.
ഒടുവിൽ കൂടുതൽ അന്വേഷിച്ചപോൾ അശോകവനത്തിൽ ശിംശപ വൃക്ഷച്ചുവട്ടിൽ മലിനവസ്ത്രദാരിണിയും ദുഃഖിതയും രാക്ഷസിമാരാൽ ഭയചകിതയുമായ സീതയെ ഹനുമാൻ കണ്ടെത്തി.സീതയുടെ മുന്നിൽ ഉടനെ പ്രത്യക്ഷപ്പെടാതെ ഹനുമാൻ മരത്തിന്റെ മുകളിൽ ഒളിച്ചിരുന്നു രംഗം വീക്ഷിച്ചു. കുറച്ചു കഴിഞ്ഞപ്പോൾ രാവണൻ അവിടേക്ക് എഴുന്നള്ളി സീതയോട് തനിക്കു വശംവദയാകാൻ വീണ്ടും അഭ്യർത്ഥിക്കുന്നു. സീത രാവണന്റെ നേർക്ക് നോക്കാതെ ഒരു പുൽകൊടിയിൽ നോക്കി ദുർബുദ്ധിയായ രാവണന്റെ അന്ത്യമടുത്തു എന്നും മറ്റും പറഞ്ഞു രാവണനെ നിരാകരിക്കുന്നു. സീതയോട് കോപിച്ച രാവണനെ ധാന്യമാലിനി എന്ന പത്നി അവിടെ നിന്നും കൂട്ടി കൊണ്ടു പോകുന്നു .
കാവൽരാക്ഷസിമാർ സീതയെ വീണ്ടും ഭയപ്പെടുത്തുമ്പോൾ ത്രിജട എന്ന വൃദ്ധയും ബുദ്ധിമതിയുമായ രാക്ഷസി അവരെ തടഞ്ഞിട്ടു , താൻ കണ്ട സ്വപ്നത്തിൽ സീത രാമനോട് ചേരുന്നതും രാവണന്റെയും പുത്രന്മാരുടെയും സർവനാശവും കണ്ടതായി അറിയിച്ചു.അതിനാൽ സീതയെ ബഹുമാനിക്കാൻ ത്രിജട മറ്റുള്ളവരെ ഉപദേശിച്ചു.രാക്ഷസിമാർ ഉറങ്ങിയപ്പോൾ തന്നെ രക്ഷിക്കാൻ ആരും വരില്ലായെന്നു ചിന്തിച്ചു നിരാശയായ സീത ആത്മഹത്യ ചെയ്യാൻ തീരുമാനിച്ചു. അപ്പോൾ ഹനുമാൻ രാമന്റെ ജീവിത കഥ സീത കേൾക്കാൻ വേണ്ടി പാടി.അതിനു ശേഷം സീതയുടെ മുന്നിലെത്തിയ ഹനുമാനെ സീത ആദ്യം വിശ്വസിച്ചില്ല.
രാമലക്ഷ്മണമാരുടെ ശരീരത്തിന്റെ ലക്ഷണങ്ങൾ ഹനുമാൻ വിസ്തരിച്ചു പറഞ്ഞു, രാമന്റെ മോതിരം കൂടി ഹനുമാൻ സീതയെ ഏല്പിച്ചപ്പോൾ സീതക്കു ഹനുമാനെ പൂർണ വിശ്വാസമായി. സുഗ്രീവനുമായിട്ടുള്ള രാമന്റെ സഖ്യവും താൻ സുഗ്രീവ നിർദ്ദേശത്താലാണ് സീതയെ തിരിഞ്ഞു വന്നത് എന്നും മറ്റുമുള്ള കാര്യങ്ങളും ഹനുമാൻ വിവരിച്ചു. രാമലക്ഷ്മണന്മാരും തന്നെക്കാൾ ശക്തരായ മറ്റു വാനരന്മാരും ഉടനെ ലങ്കയിൽ എത്തി രാവണനടക്കമുള്ള രാക്ഷസന്മാരെ സംഹരിച്ചു സീതയെ രക്ഷിച്ചുകൊള്ളുമെന്നു ഹനുമാൻ സീതക്കു ഉറപ്പുനൽകി.സീത രാമനു നൽകാൻ ഹനുമാന്റെ കൈവശം തൻറെ ചൂഡാരത്നം കൊടുത്തയച്ചു. തെളിവിനയായി തനിക്കും രാമനും മാത്രമറിയാവുന്ന കാക വൃത്താന്തവും സീത ഹനുമാനെ പറഞ്ഞു കേൾപ്പിച്ചു.
തന്നെ കാക്കയുടെ രൂപത്തിൽ വന്നു ഉപദ്രവിച്ചു ഇന്ദ്രപുത്രൻ ജയന്തനോട് പോലും ബ്രാഹ്‌മാസ്ത്രം പ്രയോഗിച്ചു അവന്റെ ഒരു കണ്ണ് നശിപ്പിച്ച രാമൻ, തന്നെ അപഹരിച്ചുകൊണ്ടുപോയ രാവണനെ എന്തു കൊണ്ട് ശിക്ഷിക്കുന്നില്ല എന്നുപറഞ്ഞു സീത ദുഃഖം പ്രകടിപ്പിച്ചു. സീതയെ വീണ്ടും നമസ്‌കരിച്ചു ഹനുമാൻ യാത്ര പറഞ്ഞു ഇറങ്ങി.സീതയെ കണ്ടതിനു ശേഷം രാവണനെ നേരിട്ടു കണ്ടു സംസാരിക്കാൻ ഹനുമാൻ ആഗ്രഹിച്ചു , അതിനു വേണ്ടി അദ്ദേഹം അശോകവനിക നശിപ്പിക്കാൻ തുടങ്ങി. ഭയന്നുപോയ രാക്ഷസിമാർ ഉടനെ കാവൽ സൈനികരെ വിവരമറിയിച്ചു. തന്നെ പിടികൂടാനെത്തിയ സൈനികരെ ഒരു കൊടിമരം പിഴുതെടുത്തുകൊണ്ട് ഹനുമാൻ അടിച്ചു കൊന്നു.വിവരമറിഞ്ഞ രാവണൻ കൂടുതൽ സൈന്യത്തെ അയച്ചു.
രാവണന്റെ അനവധി സേനാപതിമാരെയും മന്ത്രിപുത്രന്മാരെയും സൈനികരെയും മാരുതി കാലപുരിക്കയച്ചു. തന്റെ പുത്രൻ അക്ഷകുമാരനും ഹനുമാന്റെ കൈകൊണ്ടു കൊല്ലപ്പെട്ടപ്പോൾ രാവണന്റെ മൂത്ത പുത്രൻ മേഘനാഥൻ എന്ന ഇന്ദ്രജിത്തിനെ രാവണൻ രംഗത്തിറക്കി. യാതൊരു വിധത്തിലും ഹനുമാനെ കീഴടക്കാൻ സാധിക്കില്ലയെന്നു മനസ്സിലാക്കിയ ഇന്ദ്രജിത്ത് ഗത്യന്തരമില്ലാതെ ബ്രാഹ്‌മാസ്ത്രം തന്നെ മാരുതിക്കു നേരെ പ്രയോഗിച്ചു.ബ്രഹ്‌മാസ്ത്രമേറ്റു ബോധം മറഞ്ഞു ഹനുമാൻ വീണു.എങ്കിലും പെട്ടെന്ന് തന്നെ അദ്ദേഹത്തിന് ബോധം തെളിഞ്ഞു കാരണം ബ്രഹ്‌മാസ്ത്രമേറ്റലും അതിന്റെ പ്രഭാവം കുറച്ചു നേരം മാത്രമേ ഹനുമാനിൽ നിലനിൽക്കുവെന്നു ബ്രഹ്‌മാവ് ഹനുമാനു പണ്ട് വരം നൽകിയിരുന്നു.
രക്ഷസന്മാർ ഹനുമാനെ കയർ കൊണ്ടു കെട്ടിവരിഞ്ഞപ്പോൾ ശേഷിച്ച ബ്രഹ്‌മാസ്ത്രപ്രഭാവവും അദ്ദേഹത്തിൽ നിന്നും വിട്ടകന്നു. ഇന്ദ്രജിത്തിന്റെ നിർദേശപ്രകാരം മാരുതിയെ രാവണന്റെ മുന്നിൽ ഹാജരാക്കി. ഹനുമാനെ കണ്ടിട്ടു പണ്ട് തന്നെ ശപിച്ച നന്ദികേശനാണോയെന്നു രാവണൻ സംശയിച്ചു. മാരുതിയെ ചോദ്യം ചെയ്യാൻ പ്രഹസ്തനെ രാവണൻ ചുമതലപ്പെടുത്തി.പ്രഹസ്തന്റെ ചോദ്യങ്ങൾക്ക് താൻ സുഗ്രീവന്റെ മന്ത്രിയാണെന്നും ഇപ്പോൾ ശ്രീരാമന്റെ ദൂതനായിട്ടാണ് താൻ വന്നിരിക്കുന്നതെന്നും , ശ്രീരാമന്റെ പത്നി സീതയെ ആദരപൂർവം അദ്ദേഹത്തിന് തിരിച്ചു നൽകാത്ത പക്ഷം രാമലക്ഷമണന്മാരുടെ നിശിത ബാണങ്ങളേറ്റു രാവണനും രാക്ഷസകുലവും മുഴുവനും നശിക്കുമെന്നും ഹനുമാൻ രാവണനെ അറിയിച്ചു.
ഹനുമാന്റെ മറുപടി കേട്ടു അതീവ കോപിഷ്ഠനായ രാവണൻ ഹനുമാനെ വധിക്കാൻ ഉത്തരവിട്ടെങ്കിലും , ദൂതവധം പാപമാണെന്നു പറഞ്ഞുകൊണ്ട് രാവണന്റെ അനുജൻ വിഭീഷണൻ അദ്ദേഹത്തെ തടഞ്ഞു. അതുകേട്ട് ഒന്നു ആലോചിച്ച ശേഷം , ഹനുമാൻ ഒരു വാനരനായതിനാൽ വാനരന്റെ പ്രധാന ശരീരഭാഗമായ വാലിൽ തീവെക്കാൻ രാവണൻ കൽപ്പിച്ചു.രാക്ഷസൻമാർ ഹനുമാന്റെ വാലിൽ തുണിയും ചുറ്റി എണ്ണയും നെയ്യും ഒഴിച്ചു തീകത്തിച്ചു നഗരപ്രദക്ഷിണം ചെയ്യിച്ചു. ഹനുമാന്റെ വാലിൽ തീ കൊളുത്തപ്പെട്ടു എന്നറിഞ്ഞ സീത , തന്റെ പാതിവ്രത്യത്തിനു ശക്തിയുണ്ടെങ്കിൽ അഗ്നിദേവൻ ഹനുമാന് കുളിർമ്മയേകട്ടെ എന്നു പ്രാർത്ഥിച്ചു.
ലങ്ക ആകമാനം വീക്ഷിച്ച ഹനുമാൻ ഒരാട്ടഹാസത്തോടെ തന്നെ ബന്ധിച്ച കയർ പൊട്ടിച്ചു , മാളികകളിൽ നിന്നും മാളികകളിലേക്കു ചാടി ലങ്കാനഗരത്തിന് തീവെച്ചു. ലങ്കാനഗരത്തിൽ മുഴുവൻ ഹനുമാൻ തീ പടർത്തിയെങ്കിലും വീഭിഷണന്റെ ഗൃഹത്തിന് ഹനുമാൻ തീ വെച്ചില്ല. ലങ്കയിൽ ആളിപടർന്ന തീ , സീത വസിക്കുന്ന അശോകവനത്തിലും എത്തിയില്ല. സമുദ്രത്തിൽ വാൽ മുക്കി തീ അണച്ചതിനു ശേഷം സീതയെ ഒന്നു കൂടെ കണ്ടു നമസ്കരിച്ചു , ഹനുമാൻ കൂട്ടുകാരുടെ അടുത്തേക്ക് മടങ്ങി.ആഹ്ലാദാരവങ്ങളോടെ വാനരവൃന്ദം ഹനുമാനെ സ്വാഗതം ചെയ്തു. “കണ്ടു സീതയെ” എന്ന രണ്ടു വാക്കിൽ ഹനുമാൻ കൂട്ടുകാരെ കാര്യം ഗ്രഹിപ്പിച്ചു.
കോലാഹലത്തോടെ കിഷ്കിന്ധയിലേക്ക് മടങ്ങിയ വാനരന്മാർ സുഗ്രീവന്റെ പ്രിയപ്പെട്ട തോട്ടമായ മധുവനത്തിൽ പ്രവേശിച്ചു ആവോളം മധു പാനം ചെയ്തു ബോധം നഷ്ടപെട്ടു തോട്ടത്തിൽ നാശനഷ്ടങ്ങളുണ്ടാക്കുകയും കാവൽക്കാരനായ ദധിമുഖനെ അടിച്ചിടുകയും ചെയ്യുന്നു. ദധിമുഖൻ സുഗ്രീവനോട് ചെന്നു പരാതി പറഞ്ഞെങ്കിലും സുഗ്രീവൻ സന്തോഷിക്കയാണ് ചെയ്‌തതു , കാരണം സീതയെ വാനരവീരന്മാർ കണ്ടെത്തിയെന്നും അതിന്റെ ആഹ്ലാദപ്രകടനമാണ് അവർ കാട്ടുന്നതെന്നും അദ്ദേഹത്തിന് പിടികിട്ടി.ഹനുമാൻ രാമന്റെ മുന്നിലെത്തി അദ്ദേഹത്തെ പ്രണമിച്ചിട്ടു സീതയെ താൻ കണ്ടു എന്നറിയിച്ചു . സീതയുടെ ചൂഡാരത്‌നം മാരുതി രാമനു സമർപ്പിച്ചിട്ടു സർവകാര്യങ്ങളും അദ്ദേഹത്തെ ഗ്രഹിപ്പിച്ചു. രാമലക്ഷ്മണന്മാരും വാനരപ്പടയും ഒട്ടും വൈകാതെ ലങ്കയിൽ എത്തിച്ചേരുമെന്നു ദേവിക്കു താൻ ഉറപ്പ് നൽകി എന്നും ഹനുമാൻ രാമനെ അറിയിച്ചു.
ഇത്രയും കാര്യങ്ങളാണ് സുന്ദരകാണ്ഡത്തിൽ പറഞ്ഞു പോകുന്നത്. ഇനി ഒന്നുകൂടിയുണ്ട് യുദ്ധകാണ്ഡം. യുദ്ധകാണ്ഡത്തെക്കുറിച്ച് അറിയാ കഥകളുടെ അടുത്ത ഭാഗത്തിലൂടെ വിവരിക്കാം.