രാമായണത്തിലെ ബാലകാണ്ഡം, അയോധ്യകാണ്ഡം, ആരണ്യകാണ്ഡം എന്നിവയെക്കുറിച്ച് മനസ്സിലായി കാണുമല്ലോ. ഇന്ന് നമുക്ക് കിഷ്കിന്ധാകാണ്ഡം എന്താണെന്നു നോക്കാം….!!!
കിഷ്കിന്ധാകാണ്ഡത്തിൽ പറയുന്നത് ഇങ്ങനെയാണ്. പമ്പാ സരസ് കടന്നു രാമലഷ്‌മണന്മാർ ഋശ്യമൂകം ലക്ഷ്യമാക്കി നീങ്ങുന്നു. അതി മനോഹരമായ പ്രകൃതി ഭംഗി രാമനിൽ സീതാസ്മരണയുണർത്തുന്നു. പർവതത്തിന്റെ മുകളിൽ ഇരുന്ന സുഗ്രീവൻ ആയുധ ധാരികളായ രണ്ടു പുരുഷന്മാരെ ദൂരെ കണ്ടു , അവർ തന്നെ വധിക്കാൻ ജ്യേഷ്ഠൻ ബാലി അയച്ച ചാരന്മാർ ആണോയെന്നു സംശയിക്കുന്നു.സത്യാവസ്‌തയറിഞ്ഞു വരാൻ തന്റെ ബുദ്ധിമാനായ മന്ത്രി ഹനുമാനെ സുഗ്രീവൻ അങ്ങോട്ടയച്ചു.എന്തെങ്കിലും ചതി പറ്റാതെ ഇരിക്കുവാനായി സന്യാസിവേഷത്തിൽ ഇരുവരുടെയും മുന്നിൽ എത്തിയ ഹനുമാന്റെ കഴിവിലും ജ്ഞാനത്തിലും വാക്സാമർഥ്യത്തിലും രാമനു പ്രീതിയുണ്ടാകുന്നു.
ലക്ഷമണനിൽ നിന്നും വാസ്തവം ഗ്രഹിച്ച ഹനുമാൻ താനാരെന്നു വെളിപ്പെടുത്തുന്നു.തുടർന്ന് ഹനുമാൻ സ്വന്തം രൂപത്തിൽ രണ്ടു പേരെയും തോളിൽ ചുമന്നു സുഗ്രീവന്റെ അടുത്തെത്തിച് എല്ലാ കാര്യങ്ങളും വിശദമാക്കുന്നു .സുഗ്രീവനും കൂട്ടരും വാനര രൂപം വെടിഞ്ഞു മനുഷ്യരൂപത്തിൽ ഇരുവരുടെയും മുന്നിൽ എത്തി.രാമനും സുഗ്രീവനും ഹനുമാന്റെ നിർദേശപ്രകാരം അഗ്നി കൊളുത്തി സഖ്യം ചെയ്യുന്നു.സുഗ്രീവനെ നിഷ്കരുണം രാജ്യത്തിൽ നിന്നും നിഷ്കാസനം ചെയ്തു അദ്ദേഹത്തിന്റെ പത്നിയെ തട്ടിയെടുത്ത ക്രൂരനായ ജ്യേഷ്ഠനും കിഷ്കിന്ധയുടെ രാജാവുമായ ബാലിയെ വധിച്ചു സുഗ്രീവനെ രാജാവായി വാഴിക്കാമെന്നു രാമനും പകരം തന്റെ സേനയെ ഉപയോഗിച്ചു സീതയെ കണ്ടെത്തി വീണ്ടെടുക്കാൻ സഹായിക്കാമെന്ന് സുഗ്രീവനും പരസ്പരം വാക്കു കൊടുത്തു.
ആ അവസരത്തിൽ രാവണന്റെയും ബാലിയുടെയും സീതയുടെയും ഇടത്തെ കണ്ണു അടിക്കടി തുടിച്ചുകൊണ്ടിരുന്നു. പിന്നീട് വർത്തമാനം പറയുന്ന സന്ദർഭത്തിൽ ഒരു പെണ്കുട്ടിയേ ക്രൂരനായ ഒരു രാക്ഷസൻ ആകാശമാർഗമായി കൊണ്ടു പോകുന്നത് കണ്ടു എന്നു പറഞ്ഞ സുഗ്രീവൻ , അവൾ താഴേക്കു ഇട്ടു കൊടുത്ത ആഭരണപൊതി എടുത്തു കൊണ്ട് വന്നു രാമനു കാണിച്ചുകൊടുത്തു. അവ സീതയുടെ ആഭരങ്ങളാണെന്നു രാമൻ തിരിച്ചറിഞ്ഞു, താങ്ങാനാവാത്ത ദുഃഖത്തോടെ നിലത്തുവീണു രാമൻ വിലപിച്ചു. ലക്ഷ്മണനെ രാമൻ ആ ആഭരണങ്ങൾ കാണിച്ചു. എന്നാൽ സീതയുടെ പാദസരങ്ങൾ മാത്രമേ ലക്ഷ്മണൻ തിരിച്ചറിഞ്ഞുള്ളൂ, മറ്റു ആഭരണങ്ങൾ അദ്ദേത്തിന് ആരുടേതാണെന്ന് മനസ്സിലായില്ല.കാരണം നിത്യം സീതയുടെ പാദങ്ങളിൽ നമസ്കരിക്കുന്ന ലക്ഷ്മണന് പാദസരങ്ങൾ സീതയുടെയാണെന്നു തിരിച്ചറിയാൻ സാധിച്ചു.
രാമനെ സുഗ്രീവൻ ആശ്വസിപ്പിച്ചു.രാമൻ സ്വസ്ഥമായ മനസോടെ സുഗ്രീവനെ ആലിംഗനം ചെയ്തു , താൻ ഏറ്റ കാര്യം ഒന്നുകൂടെ ഓർമിപ്പിച്ചു.ശ്രീരാമന്റെ വാക്കുകൾ കേട്ട് താൻ ഉദ്ദേശിച്ച എല്ലാ കാര്യങ്ങളും നടന്നു കഴിഞ്ഞതായി സുഗ്രീവന് ബോധ്യമായി.സുഗ്രീവൻ രാമനോടു ബാലിയും താനുമായുള്ള ശത്രുതയുടെ കഥ പറഞ്ഞു കേൾപ്പിച്ചു . പിതാവായ ഋഷരജസ്സിന്റെ കാല ശേഷം മൂത്ത പുത്രനായ ബാലി കിഷ്കിന്ധയിൽ വാനരരാജാവായും അനുജൻ സുഗ്രീവൻ അദ്ദേഹത്തെ ഭരണത്തിൽ സഹായിച്ചുകൊണ്ടും വാണു. ഒരിക്കൽ മായാവി എന്ന രാക്ഷസൻ കിഷ്കിന്ധയിലെത്തി ബാലിയെ പോരിന് വെല്ലുവിളിച്ചു.
രാത്രി സമയം രക്ഷസന്മാരുടെ മായക്കു ശക്തി കൂടും എന്നു സുഗ്രീവന്റെ മുന്നറിയിപ്പ് അവഗണിച്ചിട്ടു ബാലി മായാവിയോട് യുദ്ധത്തിനിറങ്ങി . ബാലിയുടെ അടി കൊണ്ടവശനായ മായാവി പിന്തിരിഞോടി. പുറകേ ബാലിയും ഒപ്പം സുഗ്രീവനും.ഓടിയോടി മായാവി ഒരു ഗുഹയിൽ കേറി ,സുഗ്രീവനെ പുറത്തു കാവലിരുത്തിയിട്ടു ബാലിയും അകത്തു കയറി.കുറേനാൾ കഴിഞ്ഞിട്ടും ബാലി മടങ്ങി വന്നില്ല .ഒരു വർഷത്തിന് ശേഷം ഗുഹയിൽ നിന്നും ബാലിയുടെ നിലവിളിയും മായാവിയുടെ അട്ടഹാസവും സുഗ്രീവൻ കേട്ടു.ഗുഹാമുഖത്തു രക്തം പതഞ്ഞു ഒഴുകുന്നത് കണ്ടു ബാലി മരിച്ചു എന്നു നിജപ്പെടുത്തിയ സുഗ്രീവൻ, മായാവി ഗുഹയിൽ നിന്നു രക്ഷപ്പെടാതെ ഇരിക്കാനായി വലിയൊരു പാറകല്ലു കൊണ്ടു ഗുഹാമുഖം അടച്ചു വെച്ചു.
കിഷ്കിന്ധയിലെത്തിയ സുഗ്രീവൻ ദുഃഖിതനായി കഴിഞ്ഞുകൂടി. രാജ്യം അനാഥമാകാതിരിക്കാനായി മന്ത്രിമാരുടെ നിർബന്ധപ്രകാരം സുഗ്രീവൻ രാജാവായി.വാസ്തവത്തിൽ ബാലി മരിച്ചു എന്നു സുഗ്രീവന് തോന്നിയത് മായാവിയുടെ മായ കൊണ്ടായിരുന്നു. മായാവിയെ കൊന്നു ഗുഹയുടെ വാതിലിലെത്തിയ ബാലി ഒറ്റ ചവിട്ടിനു പാറ കല്ല് ദൂരെ തെറിപ്പിച്ചു. തന്നെ കൊല്ലാൻ വേണ്ടി സുഗ്രീവൻ മനപ്പൂർവ്വം ഗുഹ പാറകൊണ്ടടച്ചു എന്നു വിശ്വസിച്ച ബാലി , കിഷ്കിന്ധയിൽ ഒരു കൊടുങ്കാറ്റു പോലെ പാഞ്ഞെത്തി . ബാലിയെ കണ്ടു സുഗ്രീവൻ സർവസ്വവും അദ്ദേഹത്തിന് അടിയറ വച്ചിട്ടും ബാലി ശാന്തനായില്ല.
സുഗ്രീവനെയും അദ്ദേഹത്തിന്റെ വിശ്വസ്ത സേവകന്മാരെയും ബാലി കിഷ്കിന്ധയിൽ നിന്നും ആട്ടിപ്പായിച്ചു . സുഗ്രീവന്റെ പത്നിയായ രുമയെ ബാലി ബലമായി അപഹരിച്ചു.ബാലിയുടെ ശക്‌തി ശ്രീരാമൻ മനസ്സിലാക്കാൻ വേണ്ടി സുഗ്രീവൻ തുടർന്നു : ബാലി മഹാഗിരികൾ എടുത്തു അമ്മാനമാടും , വൻവൃക്ഷങ്ങൾ പറിച്ചൊടിക്കും.അച്ഛനായ ദേവേന്ദ്രൻ കൊടുത്ത നൂറു പൊന്താമരകൾ കൊരുത്ത മാല എപ്പോഴും ബാലിയുടെ കഴുത്തിലുണ്ടാകും. ഇന്ദ്രന്റെ വരപ്രസാദത്താൽ എതിരാളിയുടെ പകുതി ശക്തി ബാലിയിൽ വന്നു ചേരും. ബ്രഹ്മമുഹൂർത്തത്തിനും മുന്നേ ഉണരുന്ന ബാലി സൂര്യോദയത്തിനു മുന്നേ നാലു മഹാസാഗരങ്ങളിലും തർപ്പണം ചെയ്‌തു മടങ്ങി എത്തും.
ഒരിക്കൽ ഒരു കൂറ്റൻ പോത്തിന്റെ രൂപത്തിൽ തന്നോട് പോരിന് വന്ന ദുന്ദുഭി എന്ന അസുരനെ വധിച്ചു , അവന്റെ ജഡം ബാലി 1 യോജന ദൂരം വലിച്ചെറിഞ്ഞു . ജഡം വന്നു വീണതു മാതംഗ മുനിയുടെ ആശ്രമത്തിലായിരുന്നു. തന്റെ അശ്രമം ജഡം വീഴ്ത്തി ആശുദ്ധമാക്കിയവൻ ആ പ്രദേശത്തിന്റെ ഒരു യോജന ചുറ്റളവിൽ കാലു കുത്തിയാൽ തല പൊട്ടി തെറിച്ചു മരിക്കട്ടെ എന്നു മുനി ശപിച്ചു. അതിൻപ്രകാരമാണ് ബാലി കാൽ കുത്താത്ത ഏക സ്ഥലം എന്നുള്ള രീതിയിൽ ആ പ്രദേശത്തിന് അകത്തുള്ള ഋശ്യമൂക പർവതത്തിൽ ബാലിയെ പേടിച്ചു സുഗ്രീവൻ അഭയം തേടിയത്.തന്റെ ശക്തിയിൽ സുഗ്രീവനു വിശ്വാസമുണ്ടാകാൻ വേണ്ടി ശ്രീരാമൻ ദുന്ദുഭിയുടെ അസ്ഥികൂടം കാൽ കൊണ്ട് തോണ്ടി 10 ജോജന ദൂരെ വീഴ്ത്തി മാത്രമല്ല ബാലിയുടെ കരബലം നിരന്തരം ഏറ്റിട്ടും വീഴാതെ നിന്ന 7 സാലവൃക്ഷങ്ങളെ ഒരൊറ്റ ബാണം കൊണ്ടു രാമൻ തുളച്ചു.
സുഗ്രീവൻ രാമന്റെ പിൻബലത്തിൽ കിഷ്കിന്ധയിലെത്തി ബാലിയെ വെല്ലുവിളിച്ചു. ബാലിയും സുഗ്രീവനും തമ്മിൽ യുദ്ധം ചെയ്യുന്നതിന്റെ ഇടക്ക് ബാലിയെ മറഞ്ഞിരുന്നു ബാണം എയ്‌തു വധിക്കാൻ ശ്രമിച്ച രാമനു സഹോദരന്മാർ രണ്ടുപേരും തമ്മിലുള്ള രൂപസാദൃശ്യം മൂലം ബാലിയെ തിരിച്ചറിഞ്ഞു അസ്ത്രമയക്കാൻ സാധിച്ചില്ല. ബാലിയുടെ മർദനത്താൽ അവശനായ സുഗ്രീവൻ ഓടി രക്ഷപ്പെട്ടു. സുഗ്രീവനെ യുദ്ധത്തിനിടയിൽ തിരിച്ചറിയാൻ വേണ്ടി രാമൻ അദ്ദേഹത്തെ ഒരു പൂമാല അണിയിപ്പിച്ചു. ബാലിയെ വീണ്ടും വെല്ലുവിളിച്ച സുഗ്രീവനോട് , ബാലിയുടെ പത്നിയായ താര തടഞ്ഞിട്ടു കൂടി ബാലി യുദ്ധത്തിന് ഇറങ്ങി. പോരിനിടയിൽ ബാലിയെ രാമൻ ഒളിയമ്പെയ്തു .മരണക്കിടക്കയിൽ കിടന്നു കൊണ്ടു , മര്യാദപുരുഷോത്തമനായ രാമൻ തന്നെ ഒളിയമ്പെയ്‌തതു മൂലം അധർമം പ്രവർത്തിച്ചു എന്നൊക്കെ പറഞ്ഞു രാമനെ ബാലി ഉഗ്രമായി വിമർശിക്കുന്നു.
ഇക്കാണുന്ന ഭൂമി മുഴുവൻ പരിപാലിക്കുന്ന ഇക്ഷ്വാകുവംശ രാജാവായ ഭരതന്റെ ഭരണത്തിന് കീഴിൽ, സ്വപുത്രിയെ പോലെ സംരക്ഷിക്കേണ്ട അനുജന്റെ പത്നിയെ കാമാന്ധനായി ബലപൂർവം അപഹരിച്ചു അധർമ്മം പ്രവർത്തിച്ച ബാലിയെ ശിഷിക്കേണ്ടതു തന്റെ കടമയാണെന്നു രാമൻ ഉണർത്തിച്ചു. രാമന്റെ യുക്തിപൂർവ്വമായ മറുപടി കേട്ടു തന്റെ തെറ്റു മനസ്സിലാക്കിയ ബാലി പശ്ചാത്താപവിവശനായി. ബാലിയുടെ അവസാന നിമിഷങ്ങൾ കണ്ട സുഗ്രീവനും അത്യധികം ദുഃഖിക്കുകയും വിലപിക്കുകയും ചെയ്തു. ബാലി കിഷ്കിന്ധയുടെ അധികാരവും തന്റെ പത്നി താരയുടെയും പുത്രൻ അംഗദന്റെയും സംരക്ഷണം സുഗ്രീവനെ ഏൽപിച്ചിട്ടു അന്ത്യശ്വാസം വലിച്ചു. ബാലിയുടെ ജഡം വിധിപൂർവം സംസ്‌കരിച്ചു.
സുഗ്രീവൻ കിഷ്കിന്ധയുടെ രാജാവായി അഭിഷേകം ചെയ്യപ്പെട്ടു , അംഗദനെ യുവരാജാവായും വാഴിച്ചു.കിഷ്കിന്ധയിലേക്കുള്ള സുഗ്രീവന്റെ ക്ഷണം രാമൻ സ്നേഹപൂർവം നിരസിച്ചു.ഇനിയുള്ള മഴക്കാലം സീതാന്വേഷണത്തിന് പറ്റിയതല്ലെന്നു പറഞ്ഞ രാമൻ സുഗ്രീവനോടു നാലു മാസങ്ങൾ രാജഭോഗങ്ങൾ ആവോളം അനുഭിച്ചു സുഖമായി കഴിയാൻ പറഞ്ഞു ശേഷം രാമലക്ഷമണന്മാർ പ്രസവണം എന്ന പർവതത്തിലെ ഗുഹയിൽ താമസം മാറ്റി.നാലു മാസങ്ങൾക്കു ശേഷവും സുഗ്രീവൻ സീതാന്വേഷണത്തിൽ താല്പര്യം കാട്ടാത്തത് കണ്ട രാമൻ ദുഃഖിതനായി. രാമന്റെ ദുഃഖം കണ്ടിട്ടു ലക്ഷ്മണൻ ക്രുദ്ധനായി കിഷ്കിന്ധയിലെത്തി രോഷത്തോടെ സുഗ്രീവനെ തന്റെ ശപഥത്തെകുറിച്ചു ഓർമ്മിപ്പിക്കുന്നു. ബാലി പോയ വഴി അടഞ്ഞിട്ടില്ലെന്നു കൂടി ലക്ഷ്മണൻ സുഗ്രീവനെ ഭീഷണി കലർന്ന സ്വരത്തിൽ ഓർമ്മിപ്പിച്ചു. സുഗ്രീവന്റെ അഭ്യർത്ഥന പ്രകാരം താര ലക്ഷ്മണനെ സമാധാനിപ്പിക്കുന്നു .
സുഗ്രീവൻ ഉടൻ തന്നെ രാമന്റെ മുന്നിൽ എത്തി , താൻ വാനരന്മാരെയെല്ലാം കിഷ്കിന്ധയിൽ എത്തി ചേരാൻ കല്പന കൊടുത്തായി അറിയിക്കുന്നു . അതിൻപ്രകാരം വന്നു ചേർന്ന കോടിക്കണക്കിനു വാനരന്മാരെ സുഗ്രീവൻ നാലു ദിശയിലും സീതയെ തിരയാൻ പറഞ്ഞയക്കുന്നു. ഒരു മാസം അവധി സുഗ്രീവൻ എല്ലാവർക്കും ഇതിനായി നൽകി. തെക്കു ദിക്കിൽ സീതയെ തിരയാൻ സുഗ്രീവൻ അയച്ചത് അംഗദൻ , ജാംബവാൻ, ഹനുമാൻ എന്നിവരുടെ സംഘത്തെയായിരുന്നു.സീതയെ കണ്ടെത്തിയാൽ തന്റെ ദൂതനാണ് ഹനുമാന് എന്നു തെളിവ് കാണിക്കാനായി രാമൻ തന്റെ മുദ്രമോതിരം ഹനുമാനെ ഏൽപ്പിക്കുന്നു.ഒരു മാസത്തിനു ശേഷം ബാക്കി മൂന്നു സംഘങ്ങളും കിഷ്കിന്ധയിൽ നിരാശയോടെ മടങ്ങി എത്തി. എന്നാൽ തെക്കോട്ടു പോയ ഹനുമാനും കൂട്ടരും അനവധി ദിവസത്തെ തിരച്ചിലിനോടുവിൽ ദാഹിച്ചു വലഞ്ഞു വെള്ളമന്വേഷിച്ചു ഒരു ഗുഹയിൽ പ്രവേശിക്കുന്നു.
അവിടെ വെച്ചു സ്വയംപ്രഭ എന്ന ദിവ്യ അവരെ സൽക്കരിച്ചു വിശപ്പും ദാഹവും മാറ്റുന്നു. ശേഷം സ്വയംപ്രഭ തൻറെ ദിവ്യശക്തിയിൽ അവരെ സമുദ്രക്കരയിൽ എത്തിച്ചു . മഹാസമുദ്രം കടന്നു എങ്ങനെ സീതയെ തിരയും എന്നോർത്തു ദുഃഖിതരായ അംഗദനും സംഘവും ജടായുവിന്റെ ജ്യേഷ്ഠനായ, ചിറകു നഷ്ടപ്പെട്ട സമ്പാതി എന്ന പക്ഷിയെ കണ്ടുമുട്ടി. വാനരന്മാരെ കണ്ടു മുട്ടിയ സമ്പാദിക്കു നഷ്ടപ്പെട്ട ചിറകു വീണ്ടും മുളച്ചു. സമ്പാതി ഉയരത്തിൽ പറന്നു തന്റെ ജന്മസിദ്ധമായ ദീർഘദൃഷ്ടി ഉപയോഗിച്ചു സീത ലങ്കയിൽ ഉണ്ടെന്നു കണ്ടെത്തി വാനരരെ അറിയിച്ചു.
ആരു നൂറു യോജന ദൂരം കടൽ ചാടി ലങ്കയിൽ എത്തുമെന്നു ഓർത്തു വാനരന്മാർ ചിന്താകുലരാകുന്നു. മാഹാശക്തനായ ഹനുമാനെ തന്റെ കഴിവുകളെ കുറച്ചു ജാമ്പവാൻ ബോധ്യപ്പെടുത്തുന്നു. ഹനുമാൻ സമുദ്രം ലംഘിക്കാൻ വളർന്നു വലുതായി. സൃഷ്ടികർത്താവായ ബ്രഹ്‌മാവിനെയും ത്രിലോകനാഥനായ ഇന്ദ്രനെയും സർവ പ്രാണികൾക്കുമുള്ളിൽ പ്രാണാനായി കുടികൊള്ളുന്ന പിതാവ് വായുദേവനെയും മനസാ സ്മരിച്ചുകൊണ്ടു ഹനുമാൻ കടൽ ചാടികടക്കാനൊരുങ്ങി. ഈ കഥയാണ് കിഷ്കിന്ധാകാണ്ഡത്തിൽ വിവരിച്ചിരിക്കുന്നത്. രാമായണത്തിലെ ഇനിയുള്ള കാണ്ഡങ്ങളെ കുറിച്ച് അറിയാ കഥകളുടെ അടുത്ത ഭാഗങ്ങളിൽ വായിക്കാം.