Untitled design 20240719 175420 0000

അറിയാക്കഥകളുടെ കഴിഞ്ഞ ഭാഗങ്ങളിലൂടെ രാമായണത്തെക്കുറിച്ച് നിങ്ങൾ കൂടുതൽ മനസ്സിലാക്കി കാണും എന്ന് കരുതുന്നു. ഇന്ന് നമുക്ക് രാമായണത്തിലെ കാണ്ഡങ്ങൾ ഏതൊക്കെയാണെന്ന് നോക്കാം….!!!!

ആദ്യം ബാലകാണ്ഡം എന്താണെന്ന് അറിയാം.അയോദ്ധ്യ രാജാവായ ദശരഥൻ കുലഗുരു വസിഷ്ഠന്റെ നിർദേശപ്രകാരം , ഋശ്യശൃംഗ മുനിയുടെ നേതൃത്വത്തിൽ പുത്രകാമേഷ്ടി യാഗം നടത്തുന്നു.യാഗാന്ത്യത്തിൽ പ്രജാപതിയുടെ പ്രതിപുരുഷൻ യജ്ഞ കുണ്ഡത്തിൽ നിന്നു പ്രത്യക്ഷനായി. ദേവന്മാർ തയ്യാറാക്കിയ പായസം രാജാവിന് സമർപ്പിച്ചിട്ടു രാജപത്നിമാർക്കു നൽകണമെന്നും അപ്രകാരം ചെയ്താൽ ഉത്തമരായ നാലു പുത്രന്മാർ ജനിക്കുമെന്നു പറഞ്ഞു അനുഗ്രഹിക്കുന്നു. രാജാവ് പായസത്തിന്റ പകുതി കൗസല്യ ദേവിക്കും ശേഷിച്ചതിന്റെ പകുതി കൈകെയിക്കും ബാക്കിയായതിന്റെ പകുതി സുമിത്രക്കും, ശേഷിച്ച ഭാഗം , ഒന്നു ആലോചിച്ചതിനുശേഷം സുമിത്രക്കു തന്നെ നൽകുന്നു.

ഇതേ സമയം തന്നെ, രാവണന്റെ ഉപദ്രവങ്ങൾകൊണ്ടു പൊറുതി മുട്ടി തന്റെ മുന്നിൽ അഭയം പ്രാപിച്ച പശു വേഷധാരിണിയായ ഭൂദേവിയോടും ഇന്ദ്രാദി ദേവന്മാരോടും താൻ ദശരഥപുത്രന്മാരായി ജനിച്ചു രാവണനെ വധിച്ചു ലോകർക്കു സങ്കട നിവർത്തിയുണ്ടാക്കാമെന്ന് മഹാവിഷ്ണു വാക്കു കൊടുക്കുന്നു. അതിൻ പ്രകാരം വിഷ്ണു സ്വചൈതന്യത്തെ നാലായി പകുത്തു രാമനായി കൗസല്യയുടെയും ,ഭരതനായി കൈകെയിയുടെയും ലക്ഷ്മണൻ ശത്രുഘ്‌നൻ എന്നിങ്ങനെ സുമിത്രയുടെയും പുത്രന്മാരായി പിറക്കുന്നു. ദശരഥൻ അത്യധികം സന്തോഷത്തോടെ പുത്രന്മാരോടും പത്നിമാരോടുമൊപ്പം ആയോധ്യയിൽ വാണരുളി.നാല് രാജകുമാരന്മാരും ഒന്നിച്ചു കളിച്ചും പഠിച്ചും ഉണ്ടും ഉറങ്ങിയും ഒരിക്കലും കൂട്ടുപിരിയാതെ ഒരുമയോടും സഹോദര സ്നേഹത്തോടും ജീവിച്ചു. ലക്ഷ്മണൻ രാമന്റെയും ശത്രുഘ്‌നൻ ഭരതന്റേയും സന്ദഹസഹചാരികളായിരുന്നു.

ഒരുനാൾ അയോധ്യയിൽ എത്തിച്ചേർന്ന വിശ്വാമിത്ര മഹർഷി രാമലക്ഷ്മണന്മാരെ തന്റെ യാഗത്തിന്റെ രക്ഷയ്ക്കായി കൂട്ടികൊണ്ടുപോകുന്നു. രാജകുമാരന്മാരേ വിശപ്പും ദാഹവും ക്ഷീണവും ക്ലേശിപ്പിക്കാതിരിക്കുവാനായി മഹർഷി അവർക്ക് ബല അതിബല എന്ന മന്ത്രങ്ങൾ ഉപദേശിക്കുന്നു . വഴിയിൽ താടകവനത്തിൽവെച്ചു താടക എന്ന വൃദ്ധയും വികൃതരൂപിണിയുമായ യക്ഷിണിയെ രാമൻ ദുർജ്ജയമായ അസ്ത്രമയച്ചു വധിച്ചു. മഹർഷി വിശ്വാമിത്രൻ ഇതിൽ പ്രീതിച്ചു , ഇന്ദ്രന്റെ നിർദേശപ്രകാരം രാമന് അമോഘങ്ങളായ ബ്രഹ്മശിരസ്സ്, വിഷ്ണുചക്രം, ഐന്ദ്രാസ്ത്രം മുതലായ അസ്ത്രശസ്ത്രങ്ങൾ നൽകിയനുഗ്രഹിക്കുന്നു.രാമൻ ഇവയൊക്കെ ലക്ഷ്മണനും നൽകുന്നു.പിന്നീട് വിശ്വാമിത്രന്റെ ആശ്രമത്തിൽ അഞ്ചുദിനരാത്രങ്ങൾ രാമലക്ഷ്മണന്മാർ യാഗത്തിനു കാവൽ നിൽക്കുന്നു. ആറാം ദിവസം യാഗം മുടക്കാനെത്തിയ സുബാഹുവിനെ രാമൻ ആഗ്നേയാസ്ത്രം കൊണ്ടു വധിച്ചു , മാരീചനെ മാനവാസ്ത്രമെയ്തു 100 യോജന ദൂരം സാഗരത്തിൽ വീഴ്ത്തി.

നിർവിഘ്നം യാഗം പൂർത്തിയായ ശേഷം മൂവരും വിദേഹ രാജ്യത്തേക്ക് പുറപ്പെട്ടു. ദേവേന്ദ്രന്റെ മായയാൽ കബളിപ്പിക്കപ്പെട്ടു , തന്റെ ഭർത്താവായ ഗൗതമ മുനിയുടെ ശാപമേറ്റു ആയിരം വർഷം ദുഃഖമയിയായി വായു മാത്രം ഭക്ഷിച്ചു ആരുടെയും കണ്ണിൽ പെടാതെ ഗൗതമാശ്രമത്തിൽ മൂടൽ മഞ്ഞിൽ എന്നപോലെ വെണ്ണീരിൽ മറഞ്ഞു കിടന്ന ബ്രഹ്മപുത്രിയായ അഹല്യയെ അവരുടെ പാദങ്ങളിൽ നമസ്കരിച്ചു രാമൻ പൂർവസ്ഥിയിലാക്കി.മിഥിലയിലെത്തിയ രാമൻ രുദ്രഭഗവാന്റെ വില്ലു കാണാൻ ആഗ്രഹം പ്രകടിപ്പിക്കുകയും , 5000 പേർ എടുത്തുകൊണ്ടുവന്നു 8 ചക്രങ്ങളുള്ള കൂറ്റൻ ഇരുമ്പു പേടകത്തിൽ സ്ഥാപിച്ചിരുന്ന ആ പടുകൂറ്റൻ വില്ലു അനേകരാജാക്കന്മാരുടെ മുന്നിൽ വെച്ചു രാമൻ ഞാണേറ്റുകയും , രാമന്റെ കരബലം താങ്ങാനാവാതെ വില്ലു രണ്ടായി ഒടിഞ്ഞു നിലം പതിക്കുകയും ചെയ്തു. ആർക്കും ഇന്നേ വരെ കുലയേറ്റൻ സാധിക്കാത്ത വില്ലു രാമൻ ഒടിച്ചതിനാൽ , അയോനിജയയായി ഉഴവുചാലിൽ നിന്നും ലഭിച്ച മഹാലക്ഷ്മിയുടെ അവതാരമായ ജനകന്റെ വളർത്തുമകൾ സീത രാമന്റെ ധർമ്മ പത്നിയായി തീർന്നു. ലക്ഷണൻ സീതയുടെ സഹോദരി ഊർമിളയും ഭരതൻ ജനകസഹോദരപുത്രി മാണ്ഡവിയെയും ശത്രുഘ്നൻ ശ്രുതകീർത്തിയെയും വിവാഹം ചെയ്യുന്നു.

പിന്നീട് ഏവരും അയോധ്യയിലേക്കു മടങ്ങുന്ന വഴിക്ക് പരശുരാമനെ കണ്ടുമുട്ടുന്നുന്നു. ശിവധനുസ്സ് രാമൻ മുറിച്ചതിൽ കോപിഷ്ഠനായ പരശുരാമൻ ശ്രീരാമനോട് തന്റെ കൈവശമുള്ള വൈഷ്ണവധനുസ്സ് കുലയേറ്റൻ ആവശ്യപെടുന്നു. ശ്രീരാമൻ അപ്രകാരം ചെയ്‌തപ്പോൾ അദ്ദേഹം സാക്ഷാൽ വിഷ്‌ണുഭഗവാൻ തന്നെ എന്നു തിരിച്ചറിഞ്ഞ ഭാർഗവൻ തന്നിൽ ശേഷിച്ച വൈഷ്ണവാംശവും ശ്രീരാമന് നൽകി മടങ്ങി. അങ്ങനെ അവർ അയോദധ്യയിൽ തിരിച്ചെത്തി എല്ലാവരും സസന്തോഷം ചിരകാലം വസിച്ചു.കൈകെയിയുടെ അച്ഛനായ അശ്വപതി രാജാവിന്റെ ആവശ്യപ്രകാരം അദ്ദേഹത്തിന്റെ പുത്രനായ യുധാജിത് ഭരതശത്രുഘ്നൻമാരെയും പത്നിമാരെയും ദശരഥന്റെ അനുമതിയോടെ കേകേയത്തിലേക്കു കൂട്ടിക്കൊണ്ടുപോയി.അവർ പോയി ആനേകകാലം കേകേയത്തിൽ താമസിച്ചെങ്കിലും പ്രിയപുത്രനായ രാമന്റെ സാന്നിധ്യം മൂലം ദശരഥനു യാതൊരു പ്രയാസവുമുണ്ടായില്ല.

ഇനി അയോധ്യകാണ്ഡം എന്താണ് പറഞ്ഞിരിക്കുന്നത് എന്ന് നോക്കാം.ഒരുനാൾ ദശരഥൻ , ധർമ്മിഷ്ഠനും നീതിമാനും സത്യവ്രതനും പ്രജകൾക്കു പ്രിയപ്പെട്ടവനും തന്റെ മൂത്ത പുത്രനുമായ രാമനെ അടുത്ത ദിവസത്തെ ശുഭമുഹൂർതത്തിൽ യുവരാജാവായി വാഴിക്കുകയാണെന്നു രാജസഭയിൽ സർവസദസ്യരുടെയും മുന്നിൽവെച്ച് പ്രഖ്യാപിച്ചു.കോസല രാജ്യം ആഹ്ലാദത്തിൽ അലതല്ലി. എന്നാൽ കൈകെയിയുടെ കൂനിയായ ദാസി മൻഥരയുടെ ശക്തമായ ഉപജാപം മൂലം മനസ്സ് മാറിയ കൈകേയി രാജാവിനോട് 2 വരങ്ങൾ ആവശ്യപെടുന്നു.പണ്ട് ദേവസുരയുദ്ധത്തിൽ തൻറെ ജീവൻ രക്ഷിച്ചതിന്റെ പ്രത്യുപകാരമായി രാജാവ് കൈകെയിക്കു നൽകിയതാണ് ആ 2 വരങ്ങൾ.ഒന്നു ഭരതനെ യുവരാജാവായി വാഴിക്കണം എന്നും , അടുത്തതു രാമൻ 14 വർഷം മുനിവേഷത്തിൽ വനത്തിൽ വസിക്കണമെന്നും . ഇതു കേട്ട് മൂർച്ഛിച്ച് വീണ രാജാവ് കൈകെയിയോട് ഭരതനെ യുവരാജാവായി വാഴിക്കാം,അതിനുവേണ്ടി രാമനെ വനത്തിൽ അയക്കരുതെയെന്നു കെഞ്ചി പറഞ്ഞിട്ടും കൈകേയിയുടെ മനസ്സലിഞ്ഞില്ല.

 

അച്ഛന്റെ വാക്കുപാലിക്കാനായി മഹാത്മാവായ രാമൻ രാജ്യവും സകല സുഖഭോഗങ്ങളുമുപേക്ഷിച്ചു ദണ്ഡകാരണ്യത്തിൽ പോകാൻ തയ്യാറാകുന്നു. രാമൻ എവിടേക്കാണോ അവിടെ താനും ഒപ്പമുണ്ടെന്നു പറഞ്ഞു സീതയും രാമനെ അനുഗമിക്കാൻ തയ്യാറാകുന്നു. പിതാവിനെ തടവറയിലാക്കി ജ്യേഷ്ഠനെ താൻ രാജാവായി അവരോധിക്കുമെന്നു പറഞ്ഞു കോപിഷ്ഠനായ നിന്ന ലക്ഷ്മണനെ രാമൻ ശാന്തനാക്കുന്നു, ജ്യേഷ്ഠനെ പിരിഞ്ഞു തനിക്കു ജീവിക്കാൻ സാധിക്കില്ല എന്നു പറഞ്ഞുകൊണ്ട് ലക്ഷ്മണനും വനവാസത്തിനു പുറപ്പെടുന്നു.രാമനെ ദശരഥനായി കരുതി, സീതയെ തന്നെപോലെ കരുതി, വനത്തെ അയോദ്ധ്യ പോലെയും കരുതി സുഖമായി പോയി വരൂ എന്നു സുമിത്ര ലക്ഷ്മണനെ ഉപദേശിക്കുന്നു.

രാമനും സീതയ്ക്കും ലക്ഷ്മണനും വനവാസത്തിനു അണിയാണുള്ള മരവുരി. കൈകേയി തന്നെ അവർക്ക് നൽകുന്നു . ഇതിൽ കോപിഷ്ഠനായ വസിഷ്ഠ മഹർഷി , കൈകേയി രാമനു മാത്രമേ വനവാസം വിധിച്ചുള്ളുവെന്നും സീത സാധാരണ വസ്ത്രങ്ങളും ആഭരണങ്ങളും അണിഞ്ഞു തന്നെ കാട്ടിൽ പോകുമെന്ന് അറിയിക്കുന്നു.പിതാവിനോടും മാതാക്കളോടും ഗുരുവിനോടും പൗരജനങ്ങളോടും യാത്ര ചോദിച്ചുകൊണ്ട് വനവാസത്തിനു വേണ്ടുന്ന ആവശ്യവസ്തുക്കളും ആയുധങ്ങളുമായി , സുമന്ത്രർ തെളിക്കുന്ന തേരിൽ മൂവരും വനവാസത്തിനു പുറപ്പെട്ടു. ദശരഥരാജാവ് ക്രോധത്തിൽ , “നിന്റെ പുത്രനോട് കൂടി നിന്നെ ഞാൻ ഉപേക്ഷിച്ചു” എന്നു കൈകേയിയെ ശപിക്കുന്നു. തന്നെ കൗസല്യയുടെ അന്തപുരത്തിൽ എത്തിക്കാൻ രാജാവ് സേവകരോട് കല്പിച്ചു. ദശരഥന്റെ ബോധം മറയുകയും ഇടക്ക് തെളിയുകയും , അദ്ദേഹം സദാ രാമ….. രാമ…. എന്നു വിളിച്ചു വിലപിക്കുകയും ചെയ്തുകൊണ്ടിരുന്നു. രാമനോടുള്ള സ്നേഹം നിമിത്തം ജനങ്ങൾ തേരിന് പിന്നാലെ ഓടിയെങ്കിലും, അവർ അന്നു രാത്രി തന്ത്രപൂർവം ജനങ്ങളെ ഒഴിവാക്കി തമസാനദി കടന്നു വടക്കോട്ടു ശൃംഗവേര പുരത്തിലേക്ക് പോയി. നിരാശരായ പ്രജകൾ അയോധ്യയിൽ തിരിച്ചെത്തി വിലപിച്ചു.

 

ശൃംഗവേരത്തിലെ നിഷാദരാജാവായ ഗുഹൻ രാമനെ സ്വീകരിച്ചു സൽക്കാരം അരുളിയെങ്കിലും തനിക്കു അവ ഒക്കെ ഇപ്പോൾ വർജ്ജ്യമാണെന്നു പറഞ്ഞു കൊണ്ട് രാമൻ സ്‌നേഹത്തോടെ നിരസിച്ചു. തുടർന്ന് രാമൻ അന്ന് രാത്രി അവിടെ മരച്ചുവട്ടിൽ വിശ്രമിക്കുന്നു . ഗുഹൻ കൊണ്ടു വന്ന വടവൃക്ഷത്തിന്റെ പാലുപയോഗിച്ചു വനവാസികളെ പോലെ ജടാമകുടമണിഞ്ഞ രാമലക്ഷ്മണന്മാർ സുമന്ത്രരെ അയോധ്യയിലേക്കു മടക്കി അയക്കുന്നു.ഗുഹൻ തോണിയിൽ അവരെ ഗംഗ കടത്തുന്നു, 14 വര്ഷങ്ങൾക്കു ശേഷം വീണ്ടും കണ്ടുമുട്ടാമെന്നു രാമൻ ഗുഹന് വാക്കു കൊടുക്കുന്നു.ഗംഗ കടന്ന മൂവർ സംഘം ഭരധ്വജ മുനിയെ കണ്ടു വണങ്ങുന്നു . മഹർഷി അവരോട് ചിത്രകൂടത്തിൽ പോയി വസിക്കാൻ മാർഗനിർദേശം നൽകുന്നു. പിന്നീട് അവിടെ നിന്നും കാളിന്ദി കടന്നു വാൽമീകി മഹർഷിയെ ദർശിച്ചു അവർ ചിത്രകൂടത്തിലെത്തി പർണശാല നിർമിച്ചു മനോഹരമായ ആ കാനനപ്രദേശത്തു വസിച്ചു.

 

സുമന്ത്രർ അയോധ്യയിലെത്തി, രാമലക്ഷണന്മാരും സീതയും കാനനത്തിലേക്കു യാത്രയായതായി എല്ലാവരെയും അറിയിക്കുന്നു. ദശരഥന്റെ നില കൂടുതൽ മോഷമാകുന്നു. പ്രിയപുത്രന്റെ വിരഹവും , മുൻപ് താൻ ആളറിയാതെ ആനയാണെന്നു കരുതി ഇരുട്ടത്ത് അസ്ത്രമെയ്തു കൊന്ന ശ്രവണകുമാരന്റെ അന്ധരും വൃദ്ധരുമായ മാതാപിതാക്കൾ നൽകിയ ശാപം മൂലവും അത്യധികമായ പുത്രവിയോഗദുഃഖത്താൽ മഹാരാജാവ് ദശരഥൻ കാലയവനികയ്ക്കുള്ളിൽ മറഞ്ഞു.വസിഷ്ഠനിർദേശത്തിൽ രാജാവിന്റെ ശവ ശരീരം കേടുകൂടാതെ എണ്ണതോണിയിൽ സൂക്ഷിക്കാൻ ഏർപ്പാട് ചെയ്തിട്ടു , ഭരതനെ കൂട്ടികൊണ്ടുവരാനായി കേകയത്തിലേക്കു ദൂതരെ അയച്ചു. അയോധ്യയിലെ സംഭവവികാസങ്ങളെ പറ്റി ആരെയും ഒന്നും അറിയിക്കരുത് എന്നു പ്രത്യേകം ശട്ടംകെട്ടി.കേകയത്തിൽ നിന്നു മടങ്ങുന്ന വഴിക്ക് ഭരതശത്രുഘ്നൻമാർ അനവധി ദുർനിമിത്തങ്ങൾക്കും സാക്ഷ്യം വഹിച്ചു .അയോധ്യയിലെ ശോകമായ അന്തരീക്ഷവും കണ്ടു ഭയന്ന ഭരതന്റെ നിര്ബന്ധത്തിനു വഴങ്ങി കൈകേയി എല്ലാം തുറന്നു പറയുന്നു. ഞെട്ടിത്തരിച്ചു ഭരതൻ ഉഗ്രകോപതോടെ കൈകെയിയെ തള്ളിപ്പറഞ്ഞു. അച്ഛനെ കൊല്ലിച്ച ജ്യേഷ്ഠനെ കാട്ടിലേക്കയച്ച കൈകേയി രാക്ഷസി ആണെന്നും , “മേലിലാരും ഒരു പെൺകുട്ടിക്കും കൈകേയിയുടെ പേരു നല്കുന്നുന്നതല്ല” എന്നും അമ്മയെ ശപിക്കുന്നു. ഭരതൻ കൗസല്യയോട് മാപ്പപേക്ഷിക്കുന്നു .കൗസല്യ ഭരതനെ ആശ്വസിപ്പിച്ചു . ക്രുദ്ധനായ ശത്രുഘ്‌നൻ മൻഥരയെ മർദ്ധിക്കുമ്പോൾ ഭരതൻ തടയുകയും ,”ഹീനയാണെങ്കിലും അവൾ ഒരു സ്ത്രീയല്ലേ , അവളെ വധിക്കരുതു” എന്നു പറഞ്ഞു. അവൾ പ്രാണരക്ഷാർഥം ഓടിഒളിക്കുകയും ചെയ്തു.

അച്ഛന്റെ ജഡം യഥാവിധി സംസ്കരിച്ചിട്ടു ശേഷക്രിയകളും ചെയ്‌തു ഭരതശത്രുഘ്നൻമാർ രാമനെ തിരിച്ചു കൊണ്ടു വരാനായി ആചാര്യന്മാരോടും മാതാക്കളോടും ചതുരംഗസേനയോടും പൗരപ്രജകളോടും സർവവിധ രാജകീയ ചിഹ്നങ്ങളോടും കൂടെ കാട്ടിലേക്ക് പുറപ്പെടുന്നു. വഴിയിൽ ഗുഹനെ കണ്ടുമുട്ടുകയും അവരൊന്നിച്ചു ഭരദ്വാജാശ്രമത്തിലെത്തി മുനിയെ കണ്ടതിനു ശേഷം ചിത്രകൂടം ലക്ഷ്യമാക്കി സഞ്ചരിച്ചു. ദൂരെ നിന്നും പടയോട് കൂടിയ ഭരതന്റെ വരവ് കണ്ട ലക്ഷണൻ തെറ്റിദ്ധരിച്ചു ഭരതനോടു യുദ്ധത്തിനൊരുങ്ങുമ്പോൾ രാമൻ തടയുന്നു. ദൂരെ നിന്നു തന്നെ രാമനെ കണ്ട ഭരതൻ ഓടിവന്നു രാമന്റെ പാദങ്ങളിൽ വീഴുന്നു. അച്ഛന്റെ മരണവർത്തായറിഞ്ഞ രാമൻ മൂർച്ഛിച്ച് വീഴുകയും ബോധം തെളിഞ്ഞപ്പോൾ കുട്ടികളെ പോലെ വാവിട്ടു കരയുകയും ചെയ്തു. ശേഷം രാമലക്ഷ്മണർ മന്ദാകിനിയിലിറങ്ങികുളിച്ച് പഴക്കാമ്പു കൊണ്ടു അച്ഛന് ബലിപിണ്ഡം സമർപ്പിച്ചു.

രാമനെ തിരികെ അയോധ്യയിലേക്ക് മടക്കി കൊണ്ടു വന്നു രാജാവായി വാഴിക്കാൻ ഭരതൻ ആവോളം ശ്രമിച്ചിട്ടും രാമൻ തന്റെ തീരുമാനത്തിൽ നിന്നും അണുവിട ഇളകിയില്ല. രാമന്റെ തീരുമാനം മാറ്റാൻ നിരാഹാരത്തിനൊരുങ്ങിയ ഭരതനെ സിദ്ധന്മാരും ദേവർഷികളും കൂടി പിന്തിരിപ്പിച്ചു. 14 വർഷത്തിന് ശേഷം വനവാസം പൂർത്തിയാകുമ്പോൾ താൻ അയോധ്യയിൽ തിരിച്ചെത്തി രാജാവായി വാണു കൊള്ളാമെന്നു രാമൻ ഭരതന് ഉറപ്പു നൽകുന്നു. അവസാനം ഭരതൻ രാമന്റെ പാദുകങ്ങൾ ആവശ്യപ്പെടുകയും, അവയെ രാജാസിംഹാസനത്തിൽ വെച്ചു പൂജിച്ചു രാമന്റെ പ്രതി പുരുഷനായി രാമനെ പോലെ തന്നെ താപസവേഷത്തിൽ അയോധ്യക്കുപുറത്തു നന്ദിഗ്രാമത്തിൽ വസിച്ചു കൊണ്ട് നാട് ഭരിക്കുമെന്നു ഭരതൻ സമ്മതിക്കുന്നു. 14 വർഷം പൂർത്തിയാകുന്ന ദിവസം രാമൻ അയോധ്യയിൽ വന്നെത്തിയില്ലെങ്കിൽ താൻ അഗ്നിപ്രവേഷം ചെയ്യുമെന്നും കൂടി ഭരതൻ പറഞ്ഞു. രാമപാദുകങ്ങളും ശിരസ്സിൽ ഏറ്റികൊണ്ടു ഭരതനും പരിവാരങ്ങളും മടങ്ങി പോയി.

ഭരതനും അമ്മമാരും ജനങ്ങളും വിടപറഞ്ഞ ആശ്രമത്തിൽ വസിച്ചാൽ തന്നിൽ പലപല ഓർമ്മകളും അങ്കുരിക്കുമെന്നു കരുതിയ രാമൻ ചിത്രകൂടമുപേക്ഷിച്ചു ദണ്ഡകാരണ്യത്തിന്റെ ഉൾപ്രദേശങ്ങളിലോട്ട് യാത്രയായി.അത്രി മഹർഷിയുടെ ആശ്രമത്തിൽ എത്തിച്ചേർന്ന അവരെ മുനി സ്നേഹാദരവോടെ സ്വീകരിച്ചു. മഹർഷി പത്‌നി അനസൂയ സീതയെ മകളെ പോലെകണ്ടു ദിവ്യമായ ആഭരണങ്ങൾ സമ്മാനിച്ചു. ദിവ്യാഭരണങ്ങൾ അണിഞ്ഞ സീത മഹാലക്ഷ്മിയെപ്പോലെ ശോഭിച്ചു

ഇനി ആരണ്യകാണ്ഡം എന്താണ് എന്ന് നോക്കാം.അത്രിമഹർഷിയോട് വിട പറഞ്ഞു മൂവരും യാത്ര തുടരവേ വിരാധൻ എന്ന രാക്ഷസൻ സീതയെ അപഹരിച്ചു. ആയുധങ്ങളേറ്റു മരിക്കില്ല എന്നു വരബലമുള്ള വിരാധനെ രാമലക്ഷ്മണന്മാർ അംഗഭംഗം വരുത്തി മണ്ണിൽ കുഴിച്ചിട്ടപ്പോൾ വിരാധനു മോക്ഷം ലഭിക്കുകയും , അവൻ വീണ്ടും തുമ്പുരു എന്ന ഗന്ധർവനായി തീരുകയും ചെയ്തു. വിരാധനിർദ്ദേശപ്രകാരം അവർ സുതീഷ്‌ണ മുനിയെ ദർശിച്ചു. രാമന്റെ ദർശനം ലഭിച്ചു സായൂജ്യമടഞ്ഞ മുനി അവരുടെ മുന്നിൽ വെച്ചു അഗ്നിപ്രവേശം ചെയ്തു ബ്രഹ്മലോകം പൂകി.അതിനുശേഷം അവിടെയുള്ള മുനിമാരുടെ പേടിസ്വപ്നമായ രാക്ഷസന്മാരെ വധിച്ചു കൊള്ളാമെന്നു രാമൻ പ്രതിജ്ഞ ചെയ്തു.

പിന്നീട് ശരഭംഗ മുനിയെ കണ്ടു വന്ദിച്ച് വീണ്ടും അവിടെ എത്തുമെന്ന് രാമൻ വാക്കു കൊടുത്തു. ഇങ്ങനെ ഓരോ പുണ്യാശ്രമങ്ങൾ സന്ദര്ശിച്ചു 10 വർഷത്തിനുശേഷം മൂവരും വീണ്ടും ശരഭംഗാശ്രമത്തിൽ എത്തിച്ചേർന്നു . മുനിയുടെ നിര്ദേശമനുസരിച്ചു മൂവരും അഗസ്ത്യാശ്രമത്തിലേക്കു പുറപ്പെട്ടു. മാനംമുട്ടേ വളർന്ന വിന്ധ്യന്റെ അഹങ്കാരം ശമിപ്പിച്ച, കാവേരിയെ ദക്ഷിണഭാരതത്തിൽ എത്തിച്ച, മഹാസമുദ്രം കൈക്കുമ്പിളിലാക്കി കുടിച്ചു വറ്റിച്ച, വാതാപിയെയും ഇല്വലനേയും വധിച്ച മഹാത്മാവായ കുംഭസംഭവൻ ആഗസ്ത്യ മുനി അത്യധികം സന്തോഷത്തോടെ മൂവരെയും സ്വീകരിച്ചുപചരിച്ചു.പണ്ട് ദേവന്മാർക്കു വേണ്ടി മഹാവിഷ്ണു അസുരനാശം വരുത്താനുപയോഗിച്ച വില്ലും അമ്പൊഴിയാത്ത 2 ആവനാഴിയും മുനി രാമനു സമ്മാനിച്ചു.

മഹർഷിയുടെ നിർദേശപ്രകാരം സീതാരാമലക്ഷ്മണൻമാർ ശേഷിച്ച വനവാസകാലം ഗോദാവരിയുടെ തീരത്തുള്ള പഞ്ചവടി എന്ന സ്ഥലത്തു പർണാശാല കെട്ടി സസുഖം ജീവിച്ചു.പഞ്ചവടിയിലെ ഒരു വട വൃക്ഷത്തിന്റെ കൊമ്പിൽ മൂവരും ദശരഥന്റെ സുഹൃത്തും അരുണന്റെ പുത്രനും ഭീമാകാരനുമായ ജടായു എന്ന കഴുകനെ പരിചയപെട്ടു. തന്റെ പുത്രിയെപോലെ സീതയെ എന്നും രക്ഷിച്ചു കൊള്ളാമെന്നു ജടായു രാമനു വാക്കു നൽകുന്നു.ഒരു ദിവസം പഞ്ചവടിയിൽ എത്തിചേർന്ന രാവണ സഹോദരി ശൂർപ്പണഖ രാമനെ കണ്ടു മോഹിതയായി , അദ്ദേഹത്തെ പതിയാക്കാനുള്ള അത്യാഗ്രഹത്തോടെ രാമനെ സമീപിച്ചു. താൻ ഏകപത്നി വ്രതൻ ആണെന്ന് പറഞ്ഞു രാമനെ അവളെ ലക്ഷ്മണനു സമീപമയച്ചു. താൻ ജ്യേഷ്ഠന്റെ വെറും സേവകൻ മാത്രമാണെന്നും പറഞ്ഞു ലക്ഷണൻ അവളെ തിരിച്ചു രാമന്റെ സമീപത്തേക്കും അയച്ചു. ഇതു തുടർന്നപ്പോൾ കോപിഷ്ഠയായ ശൂർപ്പണഖ സീതയെ കൊല്ലാൻ ശ്രമിക്കുകയും ലക്ഷ്മണൻ അവളുടെ മൂക്കും ചെവികളും ഛേദിച്ചു നിലത്തിടുകയും ചെയ്തു.

ശൂർപ്പണഖ നേരെ ചെന്നു ആർദ്ധസഹോദരന്മാരായ ഖര ദൂഷണന്മാരോട് ആവലാതി പറഞ്ഞു. ഖരൻ അയച്ച 14 രാക്ഷവീരന്മാരെ രാമൻ വധിച്ചു. കോപിഷ്ഠനായ വന്ന ഖരനെയും ദൂഷണനെയും ത്രിശിരസ്സിനെയും അവരുടെ 14000 വരുന്ന രാക്ഷസൈന്യത്തെയും രാമൻ ഒറ്റക്ക് നിന്നു വെറും മൂന്നേ മുക്കാൽ നാഴിക കൊണ്ടു കാലപുരിക്കയച്ചു.യുദ്ധത്തിൽ കൊല്ലപ്പെടാതെ ശേഷിച്ച അകമ്പനൻ എന്ന രാക്ഷസനോടൊപ്പം ശൂർപ്പണഖ ലങ്കയിലേക്കു ആകാശമാർഗേണ പോയി.രാമന്റെ കരവിരുതിന്റെ സ്മരണ തന്നെ വിറപ്പിക്കുന്നെണ്ടെങ്കിലും സഹോദരനായ രാവണനു മാത്രമേ രാമനെ തോല്പിക്കാനാകു എന്നു അവൾ മനസ്സിന്നെ സ്വയം വിശ്വസിപ്പിച്ചു .

സീതയെ രാവണനുവേണ്ടി താൻ കൊണ്ടു വരാൻ നോക്കിയപ്പോഴാണ് തനിക്കു ഈ ദുർവിധി ഉണ്ടായതെന്നു അവൾ കള്ളം പറഞ്ഞു. രാവണന്റെ മുന്നിൽ അവൾ സീതയുടെ വിശദമായ സൗന്ദര്യവർണ്ണന നടത്തി. രാമനെ കൊന്നു സീതയെ സ്വന്തമാക്കാൻ കഴിഞ്ഞാൽ രാവണനെ പോലെ ഭാഗ്യവാനായി വേറെയാരും ഉണ്ടാകില്ല എന്നവൾ വ്യക്തമാക്കി .ഏതു വിധേനയും സീതയെ സ്വന്തമാക്കാൻ രാവണൻ തീർച്ചപ്പെടുത്തി. രാവണൻ അമ്മാവനായ മാരീചനെ ഭീഷണിപെടുത്തി തന്നോടൊപ്പം സീതയെ അപഹരിക്കാനായി കൂടെ കൊണ്ടു പോയി. ദുഷ്ടനായ രാവണന്റെ കയ്യാൽ മരിക്കുന്നതിലും ശ്രേഷ്ഠം ധർമ്മിഷ്ഠനായ രാമന്റെ കൈകൊണ്ടുള്ള മരണമാണെന്നു കരുതി മാരീചൻ സ്വന്തം വിധി സ്വയം തെരഞ്ഞെടുത്തു.

പഞ്ചവടിയിൽ എത്തിച്ചേർന്ന മാരീചൻ രാവണന്റെ ഇച്ഛ പോലെ ഇന്ദ്രനീലശോഭയാർന്ന ഒരു മാനായി മാറി. മാനിനെ കണ്ട സീത അതിനെ സ്വന്തമാക്കാൻ ആഗ്രഹിച്ചു. മായാമാനിൽ ലക്ഷ്മണൻ സംശയം പ്രകടിപ്പിച്ചെങ്കിലും സീതയുടെ ആഗ്രഹം സാധിച്ചു കൊടുക്കാൻ രാമൻ , ലക്ഷ്മണനെ സീതയുടെ കാവലിനു നിറുത്തി മാനിന്റെ പിന്നാലെ പോയി. മാരീചനായ മാൻ രാമനെ പർണശാലയിൽ നിന്നു ദൂരെ അകറ്റി. ഒടുവിൽ രാമൻ, മാൻ രാക്ഷസമായ ആണെന്നു തിരിച്ചറിഞ്ഞു അതിനെ ലക്ഷ്യമാക്കി ബാണം എയ്തു.രാമബാണമേറ്റ മാരീചൻ മരിക്കുന്നതിന് മുന്നേ രാമന്റെ ശബ്ദത്തിൽ രക്ഷിക്കണേ എന്നു ഉറക്കെ കരഞ്ഞു. അതു കേട്ടു ഭയപ്പെട്ടു സീത ലക്ഷ്മണനോട് രാമനെ തിരഞ്ഞു ഉടൻ തന്നെ പുറപ്പെടാൻ ആവശ്യപെടുന്നു. ഇതു രാക്ഷസന്റെ മായയാണ് എന്നൊക്കെ ലക്ഷ്മണൻ സീതയോട് പറഞ്ഞെങ്കിലും സീത ഒന്നും ചെവിക്കൊണ്ടില്ല. ലക്ഷ്മണനോട് ഒരിക്കലും പറയാൻ പാടില്ലാത്ത കുത്തുവാക്കുകൾ സീത പറയുന്നു. ഒടുവിൽ സീത ആത്‍മഹത്യ ഭീഷണി കൂടെ മുഴക്കിയപ്പോൾ ഗത്യന്തരമില്ലാതെ ലക്ഷ്മണൻ രാമനെ തിരഞ്ഞു പോയി.

ഇതേ സമയം ആശ്രമത്തിനു സമീപം മറഞ്ഞു നിന്നു രാവണൻ ഒരു മുനിയുടെ വേഷത്തിൽ വന്നു സീതയോട് ഭിക്ഷ അവശ്യപ്പെട്ടു . ഭിക്ഷ നല്കാതിരിക്കുന്നത് പാപം ആണെന്ന് കരുതി പുറത്തിറങ്ങിയ സീതയോട് താൻ ആരെന്നു രാവണൻ വെളിപ്പെടുത്തുന്നു. ശേഷം ഭയന്നു പോയ സീതയെ രാവണൻ ബലപൂർവം പുഷ്പകവിമാനത്തിൽ പിടിച്ചിരുത്തി ലങ്കയിലേക്കു യാത്രയായി.സീതയുടെ നിലവിളി കേട്ട ജടായു അങ്ങോട്ടു കുതിച്ചെത്തി രാവണനോട് സീതയെ മോചിപ്പിക്കാൻ ആവശ്യപെടുന്നു. രാവണനോട് പൊരുതി ജടായു , അവനെ മുറിവേല്പിക്കുന്നു .എന്നാൽ അധികം വൈകാതെ വയോവൃദ്ധനായ ജടായു ചിറകിൽ രാവണന്റെ വാളിന്റെ വെട്ടേറ്റു നിലമ്പതിച്ചു.

രാവണൻ സീതയും കൊണ്ടു യാത്ര തുടർന്നു. ഒരു പർവതത്തിനു മുകളിൽ അഞ്ചു വാനരന്മാർ വട്ടം കൂടി ഇരിക്കുന്നതു കണ്ട സീത തന്റെ ആഭരണങ്ങൾ പട്ടു ചേലയിൽ പൊതിഞ്ഞു താഴെക്കിന്‌ ഇട്ടു . തന്നെ അന്വേഷിച്ചു വരുന്ന രാമനു തന്നെ രാവണൻ കൊണ്ടു പോയ ദിശ മനസ്സിലാകാനുള്ള സൂചനക്കുവേണ്ടിയാണ് സീത ഇങ്ങനെ ചെയ്തത്. ലങ്കയിൽ എത്താൻ വെമ്പിനിന്ന രാവണൻ ആകട്ടെ ഇതു കണ്ടില്ല.ലങ്കയിൽ എത്തിയ രാവണൻ സീതയ വശത്താക്കാൻ ശ്രമിച്ചെങ്കിലും പരാജിതനായി. ക്രോധിതനായ രാവണൻ സീത തനിക്കു വശം വദയാകാൻ ഒരു വർഷം അവധി നൽകി, അല്ലാത്ത പക്ഷം സീതയെ വെട്ടിനുറുക്കി പ്രാതലായി ഭക്ഷിക്കുമെന്നും ഭീഷണിപ്പെടുത്തുന്നു.സീതയെ ഉഗ്രകളായ രാക്ഷസിമാരുടെ ശക്തമായ കാവലിൽ അശോകവനികയിലെ ശിംശപ വൃക്ഷച്ചുവട്ടിൽ രാവണൻ പാർപ്പിച്ചു.മറ്റാരെയും സീതയെ കാണാൻ അനുവദിക്കരുതെന്നും ഏതു മാർഗം ഉപയോഗിച്ചും സീതയെ വശത്താക്കാനും രാവണൻ രാക്ഷസിമാരോട് കൽപ്പിച്ചു.

തന്നെ അന്വേഷിച്ചു വരുന്ന ലക്ഷ്മണനിൽ നിന്നു നടന്ന കാര്യങ്ങൾ ഗ്രഹിച്ച രാമൻ സംഭീതനായ ആശ്രമത്തിലേക്കു ഓടുന്നു അവിടെയെങ്ങും സീതയെ കാണാതെ പരിഭ്രമിച്ച രാമൻ സീതയെ രാക്ഷസർ അപഹരിച്ചു എന്നു തീർച്ചപ്പെടുത്തുന്നു. മനോനില തെറ്റിയവനെ പോലെ പെരുമാറിയ രാമൻ വൃക്ഷങ്ങളോടും മൃഗങ്ങളോടും സീതയെ കണ്ടോ എന്നു പുലമ്പുന്നു. ലക്ഷമണന്റെ ആശ്വാസവചനങ്ങളിൽ സമചിത്താനായ രാമൻ അനുജനോടൊപ്പം സീതയെ അന്വേഷിച്ചിറങ്ങുന്നു.വഴിയിൽ ഒരിടത്തു കണ്ട ഭീകരരൂപി സീതയെ ഭക്ഷിച്ച രാക്ഷസൻ ആണോയെന്നു രാമൻ തെറ്റിദ്ധരിക്കുന്നു.എന്നാൽ അതു രാവണന്റെ വെട്ടേറ്റു വീണ ജടായുവായിരുന്നു. സീതയെ രാവണൻ എന്ന രാക്ഷസൻ അപഹരിച്ചു തെക്കു ദിശയിലേക്കു കൊണ്ടുപോയെന്നു രാമനോടു പറഞ്ഞിട്ടു ജടായു അന്ത്യശ്വാസം വലിച്ചു.പിതാവിനെ എന്ന പോലെ ഇരുവരും ജടായുവിന്റെ ജഡം സംസ്‌കരിച്ചു ശേഷക്രിയകളും ചെയ്തു. ജടായു പറഞ്ഞതനുസരിച്ചു ഇരുവരും സീതയെ തിരഞ്ഞു തെക്ക് ദിക്കിലേക്ക് യാത്രയാകുന്നു.

ഇരുവരും മുന്നോട്ടു പോയപ്പോൾ അയോമുഖി എന്ന രാക്ഷസി ഒരു ഗുഹയിൽ നിന്നും ഇറങ്ങി വന്നു ലക്ഷ്മണനെ കാമപുരസരം കടന്നു പിടിക്കുന്നു. കോപിഷ്ഠനായ ലക്ഷ്മണൻ അവളുടെ സ്തനങ്ങൾ വെട്ടിയരിയുന്നു. ഒരലർച്ചയോടെ അവൾ ഓടിയൊളിച്ചു.പിന്നീട് മുന്നോട്ടു പോയ ഇരുവരും കബന്ധൻ എന്ന വിചിത്രരൂപിയായ രാക്ഷ്സന്റെ കയ്യിൽ അകപ്പെട്ടു. കബന്ധനവരെ ഭക്ഷിക്കാൻ ശ്രമിച്ചപ്പോൾ രണ്ടുപേരും അവന്റെ ഓരോ കൈകൾ വെട്ടിവീഴ്ത്തി. രാമലക്ഷ്മണന്മാരെ തിരിച്ചറിഞ്ഞ കബന്ധൻ തന്നെ ചിതയിൽ ദഹിപ്പിക്കാനാവശ്യപ്പെടുന്നു . അപ്രചാരം ചെയ്തപ്പോൾ അവൻ ശാപമുക്തനായി വീണ്ടും ദനു എന്ന ഗന്ധർവനായിത്തീരുന്നു. ഋശ്യമൂകപർവതത്തിൽ വസിക്കുന്ന സുഗ്രീവൻ എന്ന വാനരനുമായി അഗ്നിസാക്ഷിയായി സഖ്യം ചെയ്യാനും അതു സീതാന്വേഷണത്തിൽ രാമനു വളരെ സഹായകമാകുമെന്നും കാരണം ഭൂമിയിൽ സുഗ്രീവനറിയാത്ത സ്ഥലം ഇല്ലെന്നും ദനു രാമനോട് നിർദ്ദേശിക്കുന്നു. ദനുവിൽ നിന്നു മാതംഗശിഷ്യയായ ശബരി എന്ന വൃദ്ധതാപസിയെക്കുറിച്ചറിഞ്ഞ രാമൻ അവരെ സന്ദർശിക്കുന്നു.രാമനെ ശബരി സൽക്കരിക്കുന്നു. രാമനെ ദർശിച്ചു ധന്യയായ ശബരി അഗ്നിപ്രവേശം ചെയ്തു മോക്ഷമടഞ്ഞു.

ഇനിയുമുണ്ട് രാമായണത്തിലെ കാണ്ഡങ്ങൾ. അവയെക്കുറിച്ച് കൂടുതലായി അറിയാൻ അറിയാക്കഥകളുടെ അടുത്ത ഭാഗം മറക്കാതെ വായിക്കുക.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *