ലോകമൊട്ടാകെ നാലു കോടി ജനങ്ങള്‍ക്ക് എയ്ഡ്സിന് കാരണമായ എച്ച്ഐവി വൈറസ് ബാധ ഉള്ളതായി ഐക്യരാഷ്ട്രസഭ. 2023ലെ കണക്കാണിത്. ഇതില്‍ 90 ലക്ഷത്തിലധികം പേര്‍ക്കും ഒരു തരത്തിലുമുള്ള ചികിത്സയും ലഭിക്കുന്നില്ല. ഇതുമൂലം ഓരോ മിനിറ്റിലും ഒരാള്‍ വീതം എയ്ഡ്സ് ബാധിച്ച് മരിക്കുന്നതായും ഐക്യരാഷ്ട്രസഭയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. എയ്ഡ്‌സ് എന്ന മഹാമാരിയെ പൂര്‍ണമായി തുടച്ചുനീക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ മുന്നോട്ടുപോകുമ്പോഴും ഇതിലുള്ള പുരോഗതി മന്ദഗതിയിലാണെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. മഹാമാരിയെ പ്രതിരോധിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ക്കുള്ള ഫണ്ടിംഗ് ചുരുങ്ങുന്നത് ആശങ്കപ്പെടുത്തുന്നുണ്ട്. അതിനിടെ അണുബാധ മൂന്ന് മേഖലകളില്‍ വര്‍ധിക്കുന്നതായും ഐക്യരാഷ്ട്രസഭ മുന്നറിയിപ്പ് നല്‍കി. മിഡില്‍ ഈസ്റ്റിലും നോര്‍ത്ത് ആഫ്രിക്കയിലും , കിഴക്കന്‍ യൂറോപ്പിലും മധ്യേഷ്യയിലും, ലാറ്റിന്‍ അമേരിക്ക എന്നിവിടങ്ങളിലാണ് കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. 2023ല്‍ ഏകദേശം 6,30,000 പേരാണ് എയ്ഡ്‌സ് സംബന്ധമായ അസുഖങ്ങള്‍ മൂലം മരിച്ചത്. 2004ല്‍ ഇത് 21 ലക്ഷമായിരുന്നു. 2004നെ അപേക്ഷിച്ച് എയ്ഡ്സ് ബാധിച്ചുള്ള മരണത്തില്‍ ഗണ്യമായ കുറവുണ്ടായിട്ടുണ്ട്. എന്നാല്‍ ഏറ്റവും പുതിയ കണക്ക് 2025ല്‍ ലക്ഷ്യമിട്ടതിനേക്കാള്‍ ഇരട്ടിയാണ്. 2025ല്‍ എയ്ഡ്സ് ബാധിച്ചുള്ള മരണം രണ്ടരലക്ഷത്തില്‍ താഴെ എത്തിക്കാനാണ് ലക്ഷ്യമിട്ടിരുന്നതെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു. ലിംഗപരമായ അസമത്വം പെണ്‍കുട്ടികള്‍ക്കും സ്ത്രീകള്‍ക്കും അപകടസാധ്യത വര്‍ദ്ധിപ്പിക്കുന്നുണ്ട്. ആഫ്രിക്കയുടെ ചില ഭാഗങ്ങളില്‍ കൗമാരക്കാര്‍ക്കും യുവതികള്‍ക്കും ഇടയില്‍ അസാധാരണമാംവിധം എച്ച്ഐവി ബാധിതരുടെ എണ്ണം ഉയരുന്നതായും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ലൈംഗികത്തൊഴിലാളികള്‍, സ്വവര്‍ഗരതിയില്‍ ഏര്‍പ്പെടുന്ന പുരുഷന്മാര്‍, മയക്കുമരുന്ന് ഉപയോഗിക്കുന്നവര്‍ എന്നിവരില്‍ അണുബാധ വര്‍ധിക്കുന്നു. 2010 ലെ 45% ല്‍ നിന്ന് 2023 ല്‍ 55% ആയാണ് വര്‍ധിച്ചതെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു.