◾കൊല്ലത്ത് 11 ശ്രീലങ്കന്‍ പൗരന്‍മാരെ പൊലീസ് പിടികൂടി. ഇവര്‍ ബോട്ട് മാര്‍ഗം ഓസ്ട്രേലിയയിലേക്കു കടക്കാന്‍ ശ്രമിക്കവേയാണു പിടിയിലായത്. ലോഡ്ജില്‍നിന്നും കസ്റ്റഡിയിലെടുത്ത ഇവരെ കൊല്ലം ഈസ്റ്റ് പൊലീസ് സ്റ്റേഷനിലെത്തിച്ചു. തമിഴ്നാട് ക്യൂ ബ്രാഞ്ച് ഉദ്യോഗസ്ഥരും സ്റ്റേഷനിലെത്തി ഇവരെ ചോദ്യം ചെയ്യുന്നുണ്ട്.
◾കെഎസ്ആര്‍ ടിസി ജീവനക്കാരുടെ ശമ്പള കുടിശിക നാളെ വിതരണം ചെയ്യുമെന്ന് മുഖ്യമന്ത്രി ഉറപ്പ് നല്‍കി. തൊഴിലാളി യൂണിയന്‍ നേതാക്കളുമായി നടത്തിയ ചര്‍ച്ചയിലാണ് ഉറപ്പു നല്‍കിയത്. 12 മണിക്കൂര്‍ സിംഗിള്‍ ഡ്യൂട്ടി നടപ്പാക്കാന്‍ അനുവദിക്കില്ലെന്ന് പ്രതിപക്ഷ യൂണിയനുകള്‍ വ്യക്തമാക്കി. ഇക്കാര്യത്തില്‍ വിശദമായി ചര്‍ച്ച നടത്താമെന്നു മുഖ്യമന്ത്രി അറിയിച്ചെന്നു നേതാക്കള്‍ പറഞ്ഞു.
◾വിഴിഞ്ഞം സമരക്കാരുമായി മന്ത്രിസഭാ ഉപസമിതി ഇന്നു വൈകീട്ട് ആറിനു ചര്‍ച്ച നടത്തും. തുറമുഖ നിര്‍മാണം നിര്‍ത്തിവച്ച് സമൂഹികാഘാത പഠനം നടത്തണമെന്നതുള്‍പ്പെടെ ഏഴ് ആവശ്യങ്ങള്‍ അംഗീകരിക്കാതെ സമരത്തില്‍നിന്ന് പിന്നോട്ടില്ലെന്നാണ് സമര സമിതിയുടെ തീരുമാനം. ആര്‍ച്ച്ബിഷപ്പിന്റേയും വൈദികരുടേയും നേതൃത്വത്തില്‍ ഇന്ന് ഉപവാസ സമരമാണ്.
◾വിഴിഞ്ഞം തുറമുഖ സമരത്തില്‍ സര്‍ക്കാരിനും കോടതിക്കും എതിരെ വിമര്‍ശനവുമായി ലത്തീന്‍ അതിരൂപത മുന്‍ ആര്‍ച്ച് ബിഷപ്പ് ഡോ. എം സൂസപാക്യം. മത്സ്യത്തൊഴിലാളികളുടെ ജീവനും സ്വത്തിനുമുള്ള അവകാശങ്ങള്‍ സംരക്ഷിക്കാനുള്ള പോരാട്ടമാണിത്. നിക്ഷിപ്ത താത്പര്യങ്ങള്‍ക്ക് എതിരായാണ് വിഴിഞ്ഞം സമരം. സര്‍ക്കാരും കോടതിയുംപോലും കാര്യങ്ങള്‍ ഗ്രഹിക്കുന്നില്ലെന്നു നടിക്കുകയാണെന്നും ഡോ.എം സൂസപാക്യം പറഞ്ഞു.
◾കടലാക്രമണത്തില്‍ വീടു നഷ്ടപ്പെട്ട് തിരുവനന്തപുരത്തെ തീരപ്രദേശങ്ങളിലെ ക്യാമ്പുകളില്‍ കഴിയുന്ന കുടുംബങ്ങള്‍ക്കുള്ള ആദ്യ ഘട്ട ധനസഹായ വിതരണം ഇന്ന് തുടങ്ങും. 102 കുടുംബങ്ങള്‍ക്ക് 5,500 രൂപ വീതമാണ് നല്‍കുന്നത്. വൈകീട്ട് നാലിന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും. എന്നാല്‍ പണം വാങ്ങാന്‍ തങ്ങള്‍ വരില്ലെന്ന് മല്‍സ്യത്തൊഴിലാളി സംഘടനാ നേതാക്കള്‍ പറഞ്ഞു.
◾തെരുവുനായയുടെ കടിയേറ്റ ബാലിക ചികിത്സയിലിരിക്കെ മരിച്ചു. പത്തനംതിട്ട റാന്നി പെരുനാട് ചേർത്തലപ്പടി ഷീനാ ഭവനിൽ അഭിരാമി (12) ആണ് കോട്ടയം മെഡിക്കൽ കോളജിൽ ചികിത്സയിലിരിക്കെ മരിച്ചത്. പേ വിഷബാധയ്ക്ക് എതിരെ 3 ഡോസ് വാക്സീൻ എടുത്തിരുന്നു.
◾കേരളത്തിലെ തെരുവുനായ ആക്രമണങ്ങള്‍ തടയാന്‍ അടിയന്തര നടപടി ആവശ്യപ്പെട്ടുള്ള ഹര്‍ജി വെള്ളിയാഴ്ച സുപ്രീംകോടതി പരിഗണിക്കും. ചീഫ് ജസ്റ്റിസ് യു.യു. ലളിത് അധ്യക്ഷനായ ബെഞ്ചാണ് കേസ് അടിയന്തരമായി പരിഗണിക്കുന്നത്. പേ വിഷബാധയ്ക്കെതിരായ വാക്സിന്‍ എടുത്തിട്ടും മരണം സംഭവിക്കുന്നതു ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
◾നടിയെ ആക്രമിച്ച കേസില്‍ വിചാരണ പൂര്‍ത്തിയാക്കാന്‍ ജനുവരി 31 വരെ സമയം അനുവദിച്ച് സുപ്രീം കോടതി. കൂടുതല്‍ സമയം തേടി ജഡ്ജി ഹണി എം.വര്‍ഗീസ് സുപ്രീം കോടതിയെ സമീപിച്ചിരുന്നു. വിചാരണയുടെ പുരോഗതി സംബന്ധിച്ച ഒരു റിപ്പോര്‍ട്ട് നാലാഴ്ചയ്ക്കകം നല്‍കാനും സുപ്രീം കോടതി നിര്‍ദേശിച്ചു.
◾സ്‌കൂളുകള്‍ മിക്സഡാക്കുന്നതും ജെന്‍ഡര്‍ ന്യൂട്രല്‍ യൂണിഫോം നടപ്പാക്കുന്നതും അതത് തദ്ദേശ സ്ഥാപനങ്ങളും പിടിഎയുമാണു ചെയ്യേണ്ടതെന്ന് വിദ്യാഭ്യാസമന്ത്രി വി.ശിവന്‍ കുട്ടി. സര്‍ക്കാര്‍ തീരുമാനം അടിച്ചേല്‍പിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
◾കോണ്‍ഗ്രസ് വോട്ടര്‍പട്ടിക പി.സി.സികളുടെ കൈവശമുണ്ടെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍. രാഹുല്‍ ഗാന്ധി അദ്ധ്യക്ഷനാകണമെന്നാണ് ബഹുഭൂരിപക്ഷവും ആഗ്രഹിക്കുന്നത്. എന്നാല്‍ അദ്ദേഹം മത്സരിക്കില്ല എന്ന ഉറച്ച നിലപാടിലാണ്. ശശി തരൂര്‍ മത്സരിച്ചാല്‍ സ്വാഗതം ചെയ്യും. തെരഞ്ഞെടുപ്പ് സുതാര്യമായിരിക്കും. അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കാന്‍ താനില്ലെന്നും കെസി വേണുഗോപാല്‍ പറഞ്ഞു.
◾സംസ്ഥാന സര്‍ക്കാരിന്റെ ഉടമസ്ഥതയിലുള്ള രാജ്യത്തെ ആദ്യ ഓണ്‍ലൈന്‍ ടാക്സി സര്‍വീസായ ‘കേരള സവാരി’ ആപ്പ് ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമായി. ഓഗസ്റ്റ് 17 നു മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തെങ്കിലും ആപ് പ്ലേസ്റ്റോറില്‍ ലഭിച്ചിരുന്നില്ല.
◾ഓണക്കാലത്ത് അയല്‍ സംസ്ഥാനങ്ങളില്‍നിന്നു മായമുള്ള പാല്‍ എത്തുന്നതു തടയാന്‍ അതിര്‍ത്തിയില്‍ പരിശോധന. ക്ഷീര വികസന വകുപ്പിന്റെയും ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെയും ആഭിമുഖ്യത്തില്‍ കുമളി ചെക്ക് പോസ്റ്റില്‍ താല്‍ക്കാലിക ലാബ് ക്രമീകരിച്ചാണ് 24 മണിക്കൂറും പരിശോധന നടത്തുന്നത്.
◾കുഞ്ഞു വേണമെന്ന് ആവശ്യപ്പെട്ട അമ്പത്തൊന്നുകാരിയായ ഭാര്യയെ ഷോക്കടിപ്പിച്ച് കൊലപ്പെടുത്തിയ കേസില്‍ ഇരുപത്താറുകാരനായ ഭര്‍ത്താവിന് ജാമ്യം. തിരുവനന്തപുരം കാരക്കോണം ത്രേസ്യാപുരം സ്വദേശി ശാഖ കുമാരി (51)യെ കൊലപ്പെടുത്തിയ കേസിലാണ് ഭര്‍ത്താവ് അരുണിന് ഹൈക്കോടതി ജാമ്യം അനുവദിച്ചത്. 2020 ഒക്ടോബറിലാണ് ശാഖ കുമാരിയെ അരുണ്‍ വിവാഹം കഴിച്ചത്. അതേവര്‍ഷം ഡിസംബര്‍ 26 നാണ് കൊലപാതകം നടന്നത്.
◾അടുത്ത മാസം വിരമിക്കുന്ന ജയില്‍ മേധാവി സര്‍ക്കാര്‍ ചെലവില്‍ വിദേശ യാത്രയ്ക്കു പോകുന്നു. ഡിജിപി സുധേഷ് കുമാറാണ് കാനഡയും അമേരിക്കയും സന്ദര്‍ശിക്കുന്നത്. അവിടങ്ങളിലെ ജയില്‍ സംവിധാനങ്ങളെക്കുറിച്ചു പഠിക്കാനാണ് യാത്ര. അടുത്ത മാസം 30 ന് സുധേഷ്‌കുമാര്‍ വിരമിക്കുകയാണ്.
◾ശൈലജ ടീച്ചര്‍ മന്ത്രിയായിരുന്ന കാലത്തെ അഴിമതികള്‍ അന്വേഷിച്ചാല്‍ എല്ലാവരും കുടുങ്ങുമെന്ന് കെപിസിസി പ്രസിഡന്റ് കെ. സുധാകരന്‍. അന്വേഷണം നടത്തിയാല്‍ പ്രതിച്ഛായ പുറത്തുവരുമെന്നും കെ.സുധാകരന്‍.
◾സുരേഷ് ഗോപി സോഷ്യല്‍ മീഡിയ പേജുകളിലെ പേരില്‍ മാറ്റം വരുത്തി. സുരേഷ് ഗോപി എന്ന പേരിന്റെ ‘ഷ്’ എന്ന അക്ഷരത്തിന് ഒരു ‘എസ്’ കൂടി ചേര്‍ത്തു.
◾
◾മദ്യക്കടയില്‍ കവര്‍ച്ചയ്ക്കിടെ മദ്യം അകത്താക്കി അബോധാവസ്ഥയിലായ രണ്ടു കള്ളന്മാര്‍ പൊലീസിന്റെ പിടിയിലായി. തമിഴ്നാട് തിരുവള്ളൂര്‍ ജില്ലയിലെ കരവട്ടിയിലുള്ള സര്‍ക്കാര്‍ മദ്യശാലയിലാണ് സംഭവം. രാത്രി പട്രോളിംഗ് നടത്തിയിരുന്ന പൊലീസ് കടയ്ക്കുള്ളില്‍നിന്ന് ശബ്ദം കേട്ടപ്പോള്‍ പരിസരം പരിശോധിച്ചു. കടയുടെ ഒരു വശത്തെ ചുമര്‍തുരന്നതായി കണ്ടു. അകത്തു കയറിയ പൊലീസ് മദ്യപിച്ച് ബോധംകെട്ടു വീണുപോയ രണ്ട് കള്ളന്‍മാരെയും പിടികൂടി. ചെന്നൈ പള്ളിക്കരണി സ്വദേശി സതീഷ്, വിഴുപ്പുറം സ്വദേശി മുനിയന്‍ എന്നിവരാണ് പിടിയിലായത്.
◾അധ്യാപക ദിനത്തോടനുബന്ധിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി അധ്യാപക ദേശീയ അവാര്‍ഡ് ജേതാക്കളുമായി സംവദിക്കും. ഇന്നു നാലരയ്ക്ക് ലോക് കല്യാണ്‍ മാര്‍ഗിലാണു സംവാദം.
◾കോണ്‍ഗ്രസ് അദ്ധ്യക്ഷ സ്ഥാനത്തേക്കു സമവായത്തിനുള്ള നീക്കവുമായി മുതിര്‍ന്ന നേതാവും രാജസ്ഥാന്‍ മുഖ്യമന്ത്രിയുമായി അശോക് ഗലോട്ട്. ജി 23 നേതാക്കളായ ശശി തരൂരുമായും ഭുപീന്ദര്‍ സിംഗ് ഹൂഡയുമായും അശോക് ഗലോട്ട് ചര്‍ച്ച നടത്തി.
◾പെണ്‍കുട്ടികളെ എത്തിക്കാന്‍ വൈകിയതിന്റെ പേരിലുള്ള തര്‍ക്കത്തെത്തുടര്‍ന്ന് സിനിമാ നിര്‍മ്മാതാവിനെ കൊലപ്പെടുത്തിയ കേസില്‍ ചെന്നൈയില്‍ ഒരാള്‍ പിടിയില്‍. സിനിമാ നിര്‍മ്മാതാവും വ്യവസായിയുമായ ഭാസ്‌കരനെയാണ് കൊലപ്പെടുത്തിയത്. സംഭവത്തില്‍ വിരുഗമ്പാക്കം സ്വദേശിയായ ഗണേശനെ പൊലീസ് അറസ്റ്റു ചെയ്തു.
◾കനത്ത മഴമൂലം ബംഗളൂരുവില്‍ വെള്ളക്കെട്ട്. നഗരത്തില്‍ ഗതാഗതക്കുരുക്ക്. വാഹനങ്ങള്‍ നിരത്തിലിറക്കാനാവാത്ത അവസ്ഥയാണ്. പത്തു ദിവസത്തനിടെ രണ്ടാം തവണയാണ് ബംഗളൂരുവില്‍ വെള്ളക്കെട്ട് ഭീഷണിയാകുന്നത്.
◾ഗുജറാത്ത് നിയമസഭ തെരഞ്ഞെടുപ്പിനുള്ള ഒരുക്കവുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധി ഇന്ന് ഗുജറാത്ത് സന്ദര്‍ശിക്കും. ബൂത്തുതല പ്രവര്‍ത്തകരുമായി അദ്ദേഹം സംവദിക്കും. സെപ്റ്റംബര്‍ ഏഴിന് ഭാരത് ജോഡോ യാത്ര തുടങ്ങാനിരിക്കെയാണ് രാഹുല്‍ ഗാന്ധി ഗുജറാത്തില്‍ എത്തുന്നത്. മഹാത്മാഗാന്ധിയുടെ സബര്‍മതി ആശ്രമവും സന്ദര്‍ശിക്കുന്നുണ്ട്. ഇതിനിടെ ഗുജറാത്ത് യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റ് വിശ്വനാഥ് വകേല രാജിവച്ചത് കോണ്‍ഗ്രസിന് തിരിച്ചടിയായി.
◾ബിഹാറില്‍ ബോട്ടപകടത്തില്‍ പത്തു പേരെ കാണാതായി. ഗംഗ നദിയില്‍ ധാനാപൂരിലാണ് അപകടം ഉണ്ടായത്. ജോലി കഴിഞ്ഞ് മടങ്ങുന്ന തൊഴിലാളികളാണ് ബോട്ടില്‍ ഉണ്ടായിരുന്നത്. 42 പേരെ രക്ഷപ്പെടുത്തി.
‘◾കാറിലെ പിന്‍സീറ്റിലായാലും സീറ്റ് ബെല്‍റ്റ് ധരിക്കു’മെന്ന പ്രതിജ്ഞയുമായി മഹീന്ദ്ര ഗ്രൂപ്പ് ചെയര്‍മാന്‍ ആനന്ദ് മഹീന്ദ്ര. മെഴ്സിഡസ് ബെന്‍സ് കാറില്‍ യാത്ര ചെയ്യവേ വ്യവസായി സൈറസ് മിസ്ത്രി അപകടത്തില്‍ മരിച്ച സംഭവത്തിനു പിറകേയാണ് ആനന്ദ് മഹീന്ദ്ര സാമൂഹ്യ മാധ്യമങ്ങളിലൂടെ പ്രതിജ്ഞയെടുത്തത്. ഇങ്ങനെ പ്രതിജ്ഞയെടുക്കാന്‍ എല്ലാവരോടും ഞാന്‍ അഭ്യര്‍ത്ഥിക്കുകയാണെന്നും അദ്ദേഹം കുറിച്ചു.
◾കാനഡയില്‍ ആക്രമണ പരമ്പരയില്‍ പത്തു പേര്‍ കൊല്ലപ്പെട്ടു. സസ്‌കാച്വാന്‍ പ്രവിശ്യയിലെ 13 ഇടങ്ങളില്‍ രണ്ട് യുവാക്കളാണ് ആക്രമണം നടത്തിയത്. 15 പേര്‍ക്ക് പരിക്ക്. മേഖലയില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട്. പ്രതികള്‍ക്കായി തെരച്ചില്‍ തുടരുന്നുവെന്ന് പൊലീസ്. ആക്രമണത്തെ കാനഡ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ അപലപിച്ചു.
◾അഞ്ചു ലക്ഷം വര്‍ഷം പഴക്കമുള്ള ആനക്കൊമ്പുമായി ഇസ്രയേലിലെ പുരാവസ്തു ഗവേഷകര്‍. വംശനാശം സംഭവിച്ച ആനയുടെ കൊമ്പാണിത്. ഏകദേശം 150 കിലോഗ്രാം ഭാരമുണ്ട്. രണ്ടര മീറ്ററാണ് നീളം. തെക്കന്‍ ഇസ്രയേലിലെ ഗ്രാമമായ റെവാദിമിനു സമീപമുള്ള ഖനന സ്ഥലത്തുനിന്ന് ബയോളജിസ്റ്റ് എയ്റ്റന്‍ മോറാണ് ആനക്കൊമ്പ് കണ്ടെത്തിയത്.
◾സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവില ഉയര്‍ന്നു. ഇന്നലെ മാറ്റമില്ലാതെ തുടര്‍ന്ന സ്വര്‍ണവിലയാണ് ഇന്ന് ഉയര്‍ന്നത്. ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന് 80 രൂപ വര്‍ദ്ധിച്ചു. ശനിയാഴ്ച 200 രൂപ വര്‍ദ്ധിച്ചിരുന്നു. ഒരു പവന്‍ സ്വര്‍ണത്തിന്റെ നിലവിലെ വിപണി വില 37,400 രൂപയാണ്. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്റെ വില 10 രൂപ ഉയര്‍ന്നു. ശനിയാഴ്ച 25 രൂപ ഉയര്‍ന്നിരുന്നു. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്റെ ഇന്നത്തെ വിപണി വില 4675 രൂപയാണ്. 18 കാരറ്റ് സ്വര്‍ണത്തിന്റെ വിലയും ഉയര്‍ന്നു. 10 രൂപയാണ് ഉയര്‍ന്നത്. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന്റെ നിലവിലെ വിപണി വില 3865 രൂപയാണ്.
◾ഇന്ത്യയുടെ വാണിജ്യാധിഷ്ഠിത കയറ്റുമതി കഴിഞ്ഞമാസം 1.15 ശതമാനം കുറഞ്ഞ് 3,300 കോടി ഡോളറും ഇറക്കുമതിച്ചെലവ് 37 ശതമാനം വര്‍ദ്ധിച്ച് 6,168 കോടി ഡോളറുമായതോടെ ഇവ തമ്മിലെ അന്തരമായ വ്യാപാരക്കമ്മി 2,868 കോടി ഡോളറായി കുതിച്ചുയര്‍ന്നു. 2021 ആഗസ്റ്റില്‍ വ്യാപാരക്കമ്മി 1,171 കോടി ഡോളറായിരുന്നു. ജൂലായിലെ 3,627 കോടി ഡോളറിനേക്കാള്‍ 9 ശതമാനവും കുറവാണ് കഴിഞ്ഞമാസത്തെ കയറ്റുമതി. നടപ്പുവര്‍ഷം ഏപ്രില്‍-ആഗസ്റ്റില്‍ കയറ്റുമതി വരുമാനം 17.12 ശതമാനം ഉയര്‍ന്ന് 19,259 കോടി ഡോളറായി. ഏപ്രില്‍-ആഗസ്റ്റില്‍ ഇറക്കുമതിച്ചെലവ് 45.64 ശതമാനം വര്‍ദ്ധിച്ച് 31,781 കോടി ഡോളറുമായി. ഏപ്രില്‍-ആഗസ്റ്റിലെ വ്യാപാരക്കമ്മി 5,378 കോടി ഡോളറില്‍ നിന്നുയര്‍ന്ന് 12,522 കോടി ഡോളറിലെത്തി.
◾ബിജു മേനോനെ കേന്ദ്ര കഥാപാത്രമാക്കി ശ്രീജിത്ത് എന്‍. സംവിധാനം ചെയ്യുന്ന ‘ഒരു തെക്കന്‍ തല്ല് കേസി’ലെ പാട്ടെത്തി. ‘പാതിരയില്‍ തിരുവാതിര പോലെ ‘ എന്ന് തുടങ്ങുന്ന ഗാനത്തിന് സംഗീതം നല്‍കിയിരിക്കുന്നത് ജസ്റ്റിന്‍ വര്‍ഗീസ് ആണ്. അന്‍വര്‍ അലി എഴുതിയ വരികള്‍ക്ക് ശബ്ദം നല്‍കിയിരിക്കുന്നത് ശ്രീദേവി തെക്കേടത്ത് ആണ്. ടൊവിനോ തോമസ് ആണ് തന്റെ സോഷ്യല്‍ മീഡിയ പേജിലൂടെ ഗാനം റിലീസ് ചെയ്തത്. റോഷന്‍ മാത്യുവും നിമിഷ സജയനും പ്രധാനവേഷത്തില്‍ എത്തുന്ന ചിത്രം ഓണം റിലീസായി പ്രേക്ഷകര്‍ക്ക് മുന്നിലെത്തും. രാജേഷ് പിന്നാടന്‍ ആണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ജി ആര്‍ ഇന്ദുഗോപന്റെ അമ്മിണിപ്പിള്ള വെട്ടുകേസ് എന്ന കഥയെ ആസ്പദമാക്കിയാണ് സിനിമ ഒരുങ്ങുന്നത്. പത്മപ്രിയ ആണ് നായിക.
◾പുരി ജഗന്നാഥിന്റെ സംവിധാനത്തില്‍ വിജയ് ദേവരക്കൊണ്ടയുടേതായി ഏറ്റവും ഒടുവില്‍ പ്രദര്‍ശനത്തിന് എത്തിയ ചിത്രമാണ് ‘ലൈഗര്‍’. ബിഗ് ബജറ്റില്‍ നിര്‍മ്മിച്ച ചിത്രം പരാജയമായതിന്റെ പശ്ചാത്തലത്തില്‍ നിര്‍മാതാക്കള്‍ക്ക് ആറ് കോടി രൂപ നഷ്ടപരിഹാരം നല്‍കാന്‍ വിജയ് ദേവരക്കൊണ്ട മുന്നോട്ടുവന്നുവെന്ന വാര്‍ത്തകളാണ് ഇപ്പോള്‍ പുറത്തുവരുന്നത്. തനിക്ക് ലഭിച്ച പ്രതിഫലത്തില്‍ നിന്നുമാണ് 6 കോടി രൂപ നിര്‍മാതാക്കള്‍ക്ക് കൊടുക്കാന്‍ വിജയ് ദേവരക്കൊണ്ട തയ്യാറായിരിക്കുന്നത്. നിര്‍മാതാവ് ചാര്‍മി കൗറിനും മറ്റ് സഹനിര്‍മ്മാതാക്കള്‍ക്കും ആയിട്ടാണ് തുക കൈമാറുക. ബോക്‌സ് ഓഫീസ് പരാജയം മൂലം നഷ്ടം നേരിട്ട വിതരണക്കാര്‍ക്ക് സംവിധായകന്‍ പുരി ജഗന്നാഥ് നഷ്ടപരിഹാരം നല്‍കുമെന്ന് നേരത്തെ അറിയിച്ചിരുന്നു.
◾ഇന്ത്യന്‍ വിപണിയില്‍ കിയയ്ക്ക് വലിയ കരുത്ത് സമ്മാനിച്ച സോണറ്റിന്റെ ടോപ്പ് മോഡലായി ‘എക്‌സ് ലൈന്‍’ പതിപ്പ് വിപണിയിലെത്തി. 1.0 ലിറ്റര്‍ ടര്‍ബോ പെട്രോള്‍, 1.5 ലിറ്റര്‍ ഡീസല്‍ എന്‍ജിനുകളാണുള്ളത്; ഒപ്പം ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനും. മാറ്റ് ഗ്രാഫൈറ്റ് കളര്‍ തീമിലാണ് ഈ സ്മാര്‍ട്ട് അര്‍ബന്‍ കോംപാക്റ്റ് എസ്.യു.വിയുടെ പുറംമോടി. സീറ്റുകള്‍ക്ക് ഗ്രേ-ബീജ് നിറഭേദങ്ങള്‍ നല്‍കിയിരിക്കുന്നു. ഡാഷ്ബോര്‍ഡ് കറുപ്പഴകാല്‍ ആകര്‍ഷകം. ബോസ് 7-സ്പീക്കര്‍ സിസ്റ്റം, 10.25 അത്യാധുനിക ടച്ച്സ്‌ക്രീന്‍, ലെതര്‍ സ്പോര്‍ട്‌സ് സീറ്റില്‍ ഓറഞ്ച് സ്റ്റിച്ചിംഗും എക്‌സ്ലൈന്‍ ലോഗോയും, എല്‍.ഇ.ഡി മൂഡ് ലൈറ്റിംഗ്, 6 എയര്‍ബാഗുകള്‍ ഉള്‍പ്പെടെ മികച്ച സുരക്ഷാ ഫീച്ചറുകള്‍ എന്നിങ്ങനെയും ആകര്‍ഷണങ്ങള്‍ നിരവധി. പെട്രോള്‍ പതിപ്പിന് 13.39 ലക്ഷം രൂപയും ഡീസലിന് 13.99 ലക്ഷം രൂപയുമാണ് എക്‌സ്‌ഷോറൂം വില.
◾തന്റെ ജീവിതകാലത്ത് നടന്ന സംഭവങ്ങളെ പുനരാവിഷ്‌കരിക്കുന്നതിലൂടെ എച്മുക്കുട്ടി സാധാരണപൗരന്റെ ചിന്തകളെ രേഖപ്പെടുത്തുന്നു. തൃശ്ശൂരിന്റെ തെക്കന്‍ഭാഗമായ തൃക്കൂരുള്‍പ്പെടുന്ന പ്രദേശത്തെ സാധാരണക്കാരുടെ ഭാഷയില്‍ എഴുതപ്പെട്ട നോവല്‍. എച്മുക്കുട്ടിയുടെ പുതിയ രചന. ‘ചൊക്ളി’. മാതൃഭൂമി ബുക്സ്. വില 285 രൂപ.
◾ഭക്ഷണത്തിനും സൗന്ദര്യത്തിനും ഔഷധത്തിനും എല്ലാം ഉപയോഗിക്കുന്ന ഒന്നാണ് മഞ്ഞള്‍. മിക്ക ഭക്ഷണത്തിനും നിറവും രുചിയും കിട്ടാന്‍ മഞ്ഞള്‍ ഉപയോഗിക്കാറുണ്ട്. എന്നാല്‍ മഞ്ഞള്‍ അമിതമായി കഴിക്കുന്നത് വൃക്കകള്‍ക്ക് നല്ലതല്ല. മഞ്ഞളിന്റെ പ്രധാന ഗുണങ്ങള്‍ക്ക് എല്ലാം കാരണം അതില്‍ അടങ്ങിരിക്കുന്ന കുര്‍ക്കുമിന്‍ ആണ്. പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുന്നതിനും അണുബാധ അകറ്റി നിര്‍ത്തുന്നതിനും മഞ്ഞളിന് കഴിയു. കുര്‍ക്കുമിന്‍ കൂടാതെ ബീറ്റാ കരോട്ടിന്‍, വൈറ്റമിന്‍ സി, കാല്‍സ്യം, ഫ്‌ളവനോയിഡുകള്‍, ഫൈബര്‍, അയണ്‍, നിയാസിന്‍, പൊട്ടാസ്യം, സിങ്ക് ഇങ്ങനെ ശരീരത്തിന് ആവശ്യമായ നിരവധി പോഷകങ്ങള്‍ മഞ്ഞളില്‍ ഉണ്ട്. എന്നാലും ആന്റിഓക്സിഡന്റ് അടങ്ങിയ മഞ്ഞളിന്റെ അമിത ഉപയോഗം ശരീരത്തിലെ വൃക്കകളുടെയും കരളിന്റെയും ആരോഗ്യത്തെ ബാധിക്കുമെന്ന് വിദഗ്ദര്‍ പറയുന്നു. മഞ്ഞളിലെ കുര്‍ക്കുമിനില്‍ അടങ്ങിരിക്കുന്ന ഉയര്‍ന്ന അളവിലെ ഓക്സലേറ്റുകള്‍ വൃക്കയില്‍ കല്ലുകള്‍ ഉണ്ടാക്കാനുള്ള സാദ്ധ്യത വര്‍ദ്ധിപ്പിക്കുകയും അവയവത്തിലെ പ്രവര്‍ത്തനത്തെ തടസ്സപ്പെടുത്തുകയും ചെയ്യുന്നു. കുര്‍ക്കുമിന്‍ ചൂടുള്ള ഘടകമാണ് . അത് പലപ്പോഴും വയറിളക്കം, ദഹനക്കേട് എന്നിവയിലേക്ക് നയിക്കുന്നു. കൂടാതെ മഞ്ഞള്‍ അമിതമായി കഴിക്കുന്നത് രക്തം കട്ടപിടിക്കുന്നത് കുറയ്ക്കുന്നതിന് ഇടയാക്കുന്നു. മഞ്ഞളിലെ കുര്‍ക്കുമിന്റെ സാന്നിധ്യം കരള്‍ വീക്കം കുറയ്ക്കുന്നതിനും ഫൈബ്രോയിഡുകളുടെ വളര്‍ച്ചയെ മന്ദഗതിയിലാക്കുന്നതിനും സഹായിക്കുന്നു. പക്ഷേ ഈ ഗുണങ്ങളെല്ലാം മിതമായ അളവില്‍ കഴിക്കുമ്പോലാണ് ലഭിക്കുന്നത്. നാഷണല്‍ ലൈബ്രറി ഓഫ് മെഡിസിനില്‍ പ്രസിദ്ധീകരിച്ച കരളിന്റെ പ്രവര്‍ത്തനത്തെക്കുറിച്ചുള്ള പഠനമനുസരിച്ച് മഞ്ഞള്‍ ക്ഷണികമായ സെറം എന്‍സൈം എലവേഷനുകളുടെ കുറഞ്ഞ നിരക്കുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്നാണ്. ആരോഗ്യ വിദഗ്ദര്‍ പറയുന്നത് മഞ്ഞള്‍ ഭക്ഷണത്തില്‍ പ്രതിദിനം 2000 മില്ലിഗ്രാമില്‍ കൂടരുത് എന്നാണ്. 500 എംജിയാണ് ആരോഗ്യകരമായ മഞ്ഞളിന്റെ ഉപഭോഗം. മഞ്ഞളില്‍ അടങ്ങിരിക്കുന്ന കുര്‍ക്കുമിന്‍ ക്യാന്‍സറിനെ പ്രതിരോധിക്കുന്നു.
*ഇന്നത്തെ വിനിമയ നിരക്ക്*
ഡോളര്‍ – 79.88, പൗണ്ട് – 91.76, യൂറോ – 79.25, സ്വിസ് ഫ്രാങ്ക് – 81.27, ഓസ്‌ട്രേലിയന്‍ ഡോളര്‍ – 54.14, ബഹറിന്‍ ദിനാര്‍ – 211.86, കുവൈത്ത് ദിനാര്‍ -258.88, ഒമാനി റിയാല്‍ – 207.46, സൗദി റിയാല്‍ – 21.24, യു.എ.ഇ ദിര്‍ഹം – 21.75, ഖത്തര്‍ റിയാല്‍ – 21.94, കനേഡിയന്‍ ഡോളര്‍ – 60.67.