web cover 77

കോണ്‍ഗ്രസ് ദേശീയ അധ്യക്ഷ സ്ഥാനത്തേക്കു ഗാന്ധി കുടുംബത്തിനു സ്ഥാനാര്‍ത്ഥികളില്ലെന്ന് സോണിയ ഗാന്ധി. അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കുന്ന എല്ലാവരേയും ഒരു പോലെയാണ് കാണുന്നതെന്നു സോണിയ വ്യക്തമാക്കി. എഐസിസി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ സോണിയയെ സന്ദര്‍ശിച്ചു. അടിയന്തരമായി ഡല്‍ഹിക്കു വിളിപ്പിച്ചതനുസരിച്ചായിരുന്നു കൂടിക്കാഴ്ച. രാഹുല്‍ഗാന്ധി വെള്ളിയാഴ്ച സോണിയയെ കാണും. കോണ്‍ഗ്രസ് വോട്ടര്‍ പട്ടിക ഇന്ന് പ്രസിദ്ധീകരിക്കും. തെരഞ്ഞെടുപ്പിനുള്ള വിജ്ഞാപനം വ്യാഴാഴ്ച പുറത്തിറക്കും.

കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്കു ശശി തൂരൂര്‍ മത്സരിക്കുമെന്ന സൂചനകള്‍ വന്നപ്പോഴേ, ഏതിര്‍പ്പുമായി കേരളത്തിലെ നേതാക്കളായ കെ. മുരളീധരനും കൊടിക്കുന്നില്‍ സുരേഷും. ശശി തരൂരിനെ കെപിസിസി പിന്തുണക്കില്ലെന്നാണ് മുരളീധരന്‍ പറഞ്ഞത്. നെഹ്റു കുടുംബം അംഗീകരിക്കുന്നവരെ മാത്രമേ പിന്തുണയ്ക്കൂവെന്നാണ് മുരളിയുടേയും സുരേഷിന്റേയും നിലപാട്.

ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ എല്‍ഡിഎഫ് രാഷ്ടപതിക്കു പരാതി നല്‍കി. ഭരണഘടനാതത്വങ്ങള്‍ പാലിക്കാന്‍ ഗവര്‍ണറെ ഉപദേശിക്കണമെന്ന് ആവശ്യപ്പെട്ട് ബിനോയ് വിശ്വം എംപിയാണു രാഷ്ട്രപതിക്കു കത്തയച്ചത്.

*_KSFE_ GOLD LOAN*

*മനുഷ്യപ്പറ്റുള്ള ഗോള്‍ഡ് ലോണ്‍*

നിങ്ങളുടെ അടിയന്തിര സാമ്പത്തിക ആവശ്യങ്ങള്‍ക്ക് *_KSFE_* നല്‍കുന്നു സ്വര്‍ണ പണയ വായ്പ. മിതമായ പലിശ നിരക്കില്‍ ലളിതമായ നടപടിക്രമങ്ങളിലൂടെ 25 ലക്ഷം രൂപ വരെ പ്രതിദിനം നിങ്ങള്‍ക്ക് നേടാം. 12 മാസത്തെ വായ്പാ കാലയളവില്‍ നിശ്ചിത പലിശ അടച്ചതിന് ശേഷം ഒരു വര്‍ഷത്തേക്ക് വായ്പ പുതുക്കാന്‍ കഴിയും, കൂടാതെ പരമാവധി 36 മാസം വരെ ഈ സൗകര്യം ഉപയോഗിക്കാം. *കൂടുതല്‍ വിവരങ്ങള്‍ക്ക് : www.ksfe.com*

ഗവര്‍ണര്‍ ആര്‍എസ്എസ് സ്വയം സേവകനായി പ്രവര്‍ത്തിക്കരുതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍. കോണ്‍ഗ്രസിന്റേയും ബിജെപിയുടേയും പ്രതിനിധിയായി ഗവര്‍ണര്‍ പ്രവര്‍ത്തിക്കരുത്. ബില്ലില്‍ ഒപ്പുവച്ചില്ലെങ്കിലും ഒന്നും സംഭവിക്കില്ല. ഗവര്‍ണര്‍ ഭരണഘടനാപരമായ ചുമതലകള്‍ നിര്‍വഹിക്കണമെന്നും ഗേവിന്ദന്‍ പറഞ്ഞു.

ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഭരണഘടനാ പ്രതിസന്ധിയുണ്ടാക്കുമെന്ന് മന്ത്രി എം.ബി രാജേഷ്. കാണാത്ത ബില്‍ ഒപ്പിടില്ലെന്നു മുന്‍വിധിയോടെ പറഞ്ഞ ഗവര്‍ണറെക്കൊണ്ട് ആര്‍എസ്എസ് പ്രശ്നമുണ്ടാക്കിക്കുകയാണ്. ചരിത്ര കോണ്‍ഗ്രസില്‍ കുറച്ച് പെണ്‍കുട്ടികളും 90 വയസുള്ള ഇര്‍ഫാന്‍ ഹബീബും ചേര്‍ന്ന് വധിക്കാന്‍ ശ്രമിച്ചെന്ന ഗവര്‍ണറുടെ ആരോപണം കേരളം തമാശയായിട്ടേ കണ്ടിട്ടുള്ളൂവെന്നും രാജേഷ് പറഞ്ഞു.

ഗവര്‍ണര്‍ പദവിയുടെ മാന്യത കൈവിട്ട് ആര്‍എസ്എസ് രാഷ്ട്രീയം പയറ്റുകയാണെന്ന് റവന്യു മന്ത്രി കെ രാജന്‍. പദവിയില്‍ ഇരുന്ന് മാന്യതയ്ക്കു നിരക്കാത്തതു പറയരുതെന്നും രാജന്‍.

*ജോയ്ആലുക്കാസ് വിശേഷങ്ങള്‍*

ജോയ്ആലുക്കാസിലെ എല്ലാ സ്വര്‍ണാഭരണങ്ങള്‍ക്കും ഇപ്പോള്‍ പണിക്കൂലിയില്‍ വന്‍ ഇളവ്. സ്വര്‍ണം, ഡയമണ്ട്, മറ്റു ജ്വല്ലറി കളക്ഷനുകളെല്ലാം സ്വര്‍ണ വിപണിയിലെ തന്നെ ഏറ്റവും കുറഞ്ഞ പണിക്കൂലിയിലാണ് ലഭ്യമാക്കുന്നത്. ജോയ്ആലുക്കാസില്‍ നിന്ന് പര്‍ച്ചേയ്സ് ചെയ്യുന്ന ആഭരണങ്ങള്‍ക്ക് ഒരു വര്‍ഷത്തേക്ക് സൗജന്യ ഇന്‍ഷുഷറന്‍സും ലൈഫ്ടൈം ഫ്രീ മെയിന്റനന്‍സും ലഭിക്കുന്നതാണ്. ഒപ്പം എക്സ്ചേഞ്ച് ഓഫറും പ്രയോജനപ്പെടുത്താവുന്നതാണ്.

സംസ്ഥാനത്തെ റോഡുകളുടെ ഗുണനിലവാരം പൊതുമരാമത്ത് വകുപ്പ് പരിശോധിക്കുന്നു. റണ്ണിംഗ് കോണ്‍ട്രാക്ട് പ്രകാരമുള്ള റോഡുകളില്‍ തിരുവനന്തപുരം, എറണാകുളം, ഇടുക്കി ജില്ലകളിലാണ് ഇന്ന് പരിശോധന നടത്തിയത്. ഈ മാസം 30 ന് പരിശോധനകള്‍ പൂര്‍ത്തിയാക്കും. നാല് ഐഎഎസ് ഓഫീസര്‍മാരും എട്ടു ചീഫ് എന്‍ജിനിയര്‍മാരും അടങ്ങുന്ന സംഘമാണ് പരിശോധനയ്ക്കു മേല്‍നോട്ടം വഹിക്കുന്നത്.

സംരംഭങ്ങള്‍ തുടങ്ങാന്‍ കേരളം അനുയോജ്യമായ പ്രദേശമല്ലെന്നു ചിലര്‍ തെറ്റായ പ്രചാരണം നടത്തുന്നുണ്ടെന്ന് മുഖ്യമന്ത്രി. ഒറ്റപ്പെട്ട സംഭവങ്ങള്‍ ചിലയിടത്ത് ഉണ്ടായിട്ടുണ്ടാകാം. അതിന്റെ പേരില്‍ നാടിനെയാകെ ഇകഴ്ത്തുന്ന പ്രചാരണം നടത്തുന്നതു ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു. കണ്ണൂരില്‍ തൊഴില്‍ സഭയുടെ സംസ്ഥാന തല ഉദ്ഘാടനം ചെയ്തു സംസാരിക്കയായിരുന്നു അദ്ദേഹം.

സര്‍ക്കാര്‍ സ്ഥാപനമായ കണ്‍സ്യൂമര്‍ ഫെഡില്‍ മാനേജരായ സിപിഎം നേതാവിന് ലൈഫ് പദ്ധതി പ്രകാരം വീടു നല്‍കി മണ്ണാര്‍ക്കാട് നഗരസഭ. സിപിഎം ലോക്കല്‍ സെക്രട്ടറി ജയരാജിന് വീട് അനുവദിച്ചത് ചട്ടങ്ങള്‍ ലംഘിച്ചാണെന്നാണ് ആരോപണം. അഞ്ഞൂറിലേറെ നിര്‍ധന കുടുംബങ്ങള്‍ വീടിനായി കാത്തിരിക്കുമ്പോഴാണ് സര്‍ക്കാര്‍ ഉദ്യോഗസ്ഥന് നഗരസഭ വീട് അനുവദിച്ചത്.

നിയമസഭാ സ്പീക്കറായി തെരഞ്ഞെടുക്കപ്പെട്ടശേഷം തലശേരിയിലെത്തിയ എ.എന്‍ ഷംസീറിനെ സ്വീകരിച്ച് മാളിയേക്കല്‍ കുടുംബം. ചുവപ്പ് പരവതാനി വിരിച്ച് പാട്ടുപാടിയും കൈകൊട്ടിയും പൂക്കള്‍ നല്‍കിയും സ്വീകരിച്ചതിന്റെ വീഡിയോ ഷംസീര്‍ ഫേസ്ബുക്ക് പേജിലൂടെ പങ്കുവച്ചു. രണ്ടു പതിറ്റാണ്ടിലേറെയായി ഈ കുടുംബവുമായി തനിക്ക് അടുത്ത ആത്മബന്ധമുണ്ടെന്നും ഷംസീര്‍ ഫേസ്ബുക്കില്‍ കുറിച്ചു.

കരിപ്പൂര്‍ വിമാനത്താവളത്തില്‍ മൂന്നു യാത്രക്കാരില്‍നിന്നു കസ്റ്റംസ് മൂന്നു കിലോയിലേറെ സ്വര്‍ണം പിടികൂടി. ഒരു കോടി മുപ്പത്താറു ലക്ഷം രൂപ വിലമതിക്കുന്ന 1054 ഗ്രാം സ്വര്‍ണം ശരീരത്തില്‍ ഒളിപ്പിച്ചു കടത്തിയ മലപ്പുറം സ്വദേശി ജംഷീദ് എറ്റെപ്പാടന്‍, 1077 ഗ്രാം അടിവസ്ത്രത്തില്‍ ഒളിപ്പിച്ച വയനാട് സ്വദേശി ബുഷറ, 679 ഗ്രാം കൊണ്ടുവന്ന കോഴിക്കോട് കക്കട്ടില്‍ അബ്ദുല്‍ ഷാമില്‍ എന്നിവര്‍ പിടിയിലായി. ജിദ്ദയില്‍നിന്നും വന്ന വിമാനത്തില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ ഒരു കിലോയിലേറെ തൂക്കമുള്ള എട്ടു സ്വര്‍ണ്ണക്കട്ടികളും കണ്ടെടുത്തു.

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ എംഎല്‍എയുമായ കെ. മുഹമ്മദാലി (74) അന്തരിച്ചു. എറണാകുളത്തെ ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു. 1980 മുതല്‍ ആലുവായില്‍നിന്ന് ആറു തവണ നിയമസഭയിലേക്കു തെരഞ്ഞെടുക്കപ്പെട്ടിരുന്നു.

മുഖ്യമന്ത്രിക്കെതിരെ ഉന്നയിച്ച ആരോപണങ്ങളില്‍ എന്‍ഫോഴ്സ്മെന്റ് അന്വേഷണം തൃപ്തികരമായി നടക്കുന്നുണ്ടെന്ന് സ്വപ്ന സുരേഷ്. മുഖ്യമന്ത്രിക്കെതിരേ തുടര്‍ച്ചയായി ആരോപണങ്ങള്‍ ഉന്നയിച്ച ശേഷം നിശബ്ദയായെന്ന വിമര്‍ശനം സ്വപ്ന തള്ളി. പോരാട്ടം തുടരും. സ്വപ്ന പറഞ്ഞു.

വടക്കന്‍ ജില്ലകളിലേക്ക് കര്‍ണാടകയില്‍നിന്നു മയക്കുമരുന്ന് എത്തിക്കുന്ന മൂന്നംഗ സംഘത്തെ ബ്രൗണ്‍ ഷുഗറും എംഡിഎംഎയുമായി പിടികൂടി. ചമ്രവട്ടം സ്വദേശികളായ നക്കിയത്ത് ബഷീര്‍ (37), തെക്കഞ്ചേരി സുധീഷ്(32), മുളക്കല്‍ ഷൈലേഷ്(27) എന്നിവരാണ് പിടിയിലായത്.

പൊലീസിനെതിരെ വിചാരണക്കോടതിയില്‍ പരാതിയുമായി മധുകൊലക്കേസ് പ്രതികള്‍. പൊലീസ് ഭക്ഷണവും മരുന്നും നല്‍കിയില്ലെന്നാണ് പ്രതികളുടെ പരാതി. ജാമ്യം റദ്ദാക്കിയതിനാല്‍ കീഴടങ്ങിയതിന് പിന്നാലെ രാത്രി ഭക്ഷണത്തിന്റെ പണം തങ്ങള്‍തന്നെയാണ് കൊടുത്തതെന്നും പ്രതികള്‍ കോടതിയെ അറിയിച്ചു.

തൃശൂരില്‍ ഓട്ടോറിക്ഷയില്‍ യാത്ര ചെയ്യുകയായിരുന്ന യുവതിക്കെതിരേ അതിക്രമം നടത്തിയ രണ്ടു സദാചാര ഗൂണ്ടകള്‍ പിടിയില്‍. ബൈക്കിലെത്തി ശല്യം ചെയ്ത കുന്നംകുളം സ്വദേശികളായ റൗഷാദ്, നിഖില്‍ എന്നിവരാണ് പിടിയിലായത്.

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ കടത്തി കൊണ്ടുപോയി കൂട്ട ബലാത്സംഗം ചെയ്ത നാലു പേരെ പോലീസ് അറസ്റ്റു ചെയ്തു. പൂക്കോട്ടൂര്‍ പള്ളിപ്പടി സ്വദേശി കോതടി മജീദ്(52), പൂക്കോട്ടൂര്‍ സ്വദേശി തൊട്ടിപ്പാറമ്മല്‍ കൃഷ്ണന്‍(54), കെ പി അഷറഫ്(42) തമിഴ്നാട് സ്വദേശി കതിരവന്‍ എന്ന മാധവന്‍(35) എന്നിവരെയാണ് അറസ്റ്റു ചെയ്തത്.

തേക്കുമരത്തിന്റെ കൊമ്പ് പുരയിടത്തിലേക്കു വീണതിനു യുവാവിനെ തലയക്കടിച്ചു കൊന്ന കേസിലെ പ്രതി പിടിയില്‍. കൊല്ലം കുന്നിക്കോട് കടുവാംകോട് വീട്ടില്‍ അനില്‍കുമാര്‍ കൊല്ലപ്പെട്ട കേസില്‍ അയല്‍വാസി പച്ചില അല്‍ഭിഭവനില്‍ സലാഹുദീനാണ് പിടിയിലായത്. കൂട്ടുപ്രതിയും മകനുമായ ദമീജ് അഹമ്മദ് ഒളിവിലാണ്.

ഇടുക്കി വണ്ടിപ്പെരിയാറിനു സമീപം വാളാഡി പുതുവല്‍ പ്രദേശത്തു ഭീഷണിയായിരുന്ന പുലി കൂട്ടിലായി. വനംവകുപ്പ് സ്ഥാപിച്ച കൂട്ടിലാണ് പുലി വീണത്.

പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരേ തന്റെ വ്യാജ ഫേസ്ബുക്ക് അക്കൗണ്ടിലൂടെ കമന്റിട്ടെന്ന നടന്‍ നസ്ലെന്റെ പരാതിയില്‍ പോലീസ് വ്യാജ അക്കൗണ്ട് പൂട്ടിച്ചു. യുഎഇയിലുള്ള ഒരാളാണ് വ്യാജ ഫേസ്ബുക്ക് അക്കൗണ്ടുണ്ടാക്കിയത്. പോലീസ് ഫേസ് ബുക്ക് അധികൃതരെ ബന്ധപ്പെട്ടാണ് വ്യാജ അക്കൗണ്ട് അവസാനിപ്പിച്ചത്.

ജോയ്മാല ഒരാനയാണ്. ഈ ആനയെച്ചൊല്ലി തമിഴ്നാടും ആസാമും തമ്മില്‍ നിയമപോരാട്ടം. ആസാം വിരുദ നഗര്‍ ജില്ലയിലെ ശ്രീവല്ലിപുത്തൂര്‍ ആണ്ടാള്‍ ക്ഷേത്രത്തിനു പാട്ടത്തിനു നല്‍കിയ ആനയെ മര്‍ദ്ദിക്കുന്ന ദൃശ്യങ്ങള്‍ പ്രചരിച്ചതാണ് തര്‍ക്കത്തിന് കാരണം. ആനയെ തിരികെ വേണമെന്ന് ആസാമും നല്‍കില്ലെന്ന് തമിഴ്നാടും നിലപാടെടുത്തു. ഗോഹട്ടി ഹൈക്കോടതിയുടെ നിര്‍ദ്ദേശപ്രകാരം ഇന്നലെ ആസാമില്‍ നിന്നുള്ള നാലംഗ സംഘം ആനയെ പരിശോധിച്ചു.

മഹാരാഷ്ട്രയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ജന്മദിനാശംസ നേര്‍ന്നുകൊണ്ട് കര്‍ഷകന്‍ ആത്മഹത്യ ചെയ്തു. മഹാരാഷ്ട്രയിലെ പൂനെ ജില്ലയില്‍ നിന്നുള്ള 42 കാരനായ ദശരത് കേദാരി എന്ന കര്‍ഷകനാണ് ഉള്ളിക്കു താങ്ങുവില ലഭിക്കാത്തതിനു മോദിക്ക് കത്തെഴുതിവച്ച് ആത്മഹത്യ ചെയ്തത്. ഉള്ളിവില 30 രൂപയില്‍നിന്ന് 50 പൈസയായി കുറഞ്ഞതോടെ കര്‍ഷകര്‍ കടുത്ത പ്രതിസന്ധിയിലാണ്.

തമിഴുനടി ദീപ എന്ന പോളിന്‍ ജസീക്ക ചെന്നൈയിലെ ഫ്ളാറ്റില്‍ തൂങ്ങിമരിച്ചത് പ്രണയനൈരാശ്യം മൂലം. പ്രണയനൈരാശ്യം വെളിപ്പെടുത്തുന്ന ആത്മഹത്യാ കുറിപ്പ് കണ്ടെടുത്തിട്ടുണ്ട്. 29 കാരിയായ ദീപയെ വീട്ടുകാര്‍ മറ്റൊരു വിവാഹത്തിനു നിര്‍ബന്ധിച്ചിരുന്നു.

പ്രതിശ്രുത വധുവിന്റെ നഗ്നചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ച ഡോക്ടറെ യുവതിയും കൂട്ടുകാരും ചേര്‍ന്ന് കൊലപ്പെടുത്തി. ചെന്നൈ ബിടിഎം ലേഔട്ടില്‍ ഡോ. വികാഷ് രാജനെ (27) കൊലപ്പെടുത്തിയ സംഘത്തിലെ മൂന്നു പേര്‍ പിടിയിലായി. യുവതിയും സുഹൃത്തുക്കളായ സുശീല്‍, ഗൗതം, സൂര്യ എന്നിവരും ചേര്‍ന്നാണ് യുവ ഡോക്ടറെ കൊലപ്പെടുത്തിയത്.

കാനഡയില്‍ ഓട്ടോമൊബൈല്‍ വര്‍ക്ക്ഷോപ്പിലുണ്ടായ വെടിവയ്പില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന ഇന്ത്യന്‍ വിദ്യാര്‍ത്ഥി മരിച്ചു. പഞ്ചാബ് സ്വദേശി സത്വീന്ദര്‍ സിങ് (28) ആണ് മരിച്ചത്. ഇതോടെ വെടിവെപ്പില്‍ മരിച്ചവരുടെ എണ്ണം മൂന്നായി. 40 വയസുകാരനായ സീന്‍ പെട്രി എന്നയാളാണ് വെടിവച്ചത്.

ബ്രിട്ടീഷ് രാജാവിന്റെ ചെങ്കോലിലെ വിലപ്പെട്ട വജ്രം തിരികെ വേണമെന്നു ദക്ഷിണാഫ്രിക്ക. ‘ഗ്രേറ്റ് സ്റ്റാര്‍ ഓഫ് ആഫ്രിക്ക’യാണ് തിരികെ വേണമെന്ന് ദക്ഷിണാഫ്രിക്ക ആവശ്യപ്പെട്ടത്. ലോകത്തിലെ ഏറ്റവും വലിയ ക്ലിയര്‍ കട്ട് ഡയമണ്ടായ ‘കള്ളിനനി’ല്‍നിന്നു മുറിച്ചെടുത്ത വജ്രമാണിത്.

കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ ഈമാസം 28 ന് നടക്കുന്ന ഇന്ത്യ- ദക്ഷിണാഫ്രിക്ക ട്വന്റി 20 യുടെ ടിക്കറ്റ് വില്‍പന ആരംഭിച്ചു. 1500 രൂപാ മുതലാണ് ടിക്കറ്റ് നിരക്ക്. ഇരു ടീമുകളും തിങ്കളാഴ്ച തിരുവനന്തപുരത്തെത്തും.

ലോക ഗുസ്തി ചാംപ്യന്‍ഷിപ്പില്‍ 4 മെഡല്‍ നേടുന്ന ആദ്യ ഇന്ത്യന്‍ താരമായി ബജ്രംഗ് പുനിയ. 65 കിലോഗ്രാം വിഭാഗത്തില്‍ വെങ്കലം നേടിയാണ് ബജ്രംഗ് ഈ നേട്ടത്തിന് അര്‍ഹനായത്.

ഓസ്ട്രേലിയക്കെതിരായ ടി 20 പരമ്പരയിലെ ആദ്യമത്സരം ഇന്ന് മൊഹാലിയില്‍. വൈകീട്ട് 7.30 മുതലാണ് മത്സരം ആരംഭിക്കുക.

ട്വന്റി 20 ലോകകപ്പിനുള്ള ന്യൂസീലന്‍ഡ് ടീമിനെ പ്രഖ്യാപിച്ചു. 15 അംഗ ടീമിനെ കെയ്ന്‍ വില്യംസണ്‍ നയിക്കും.

ക്രിക്കറ്റില്‍ പുതിയ പരിഷ്‌കാരങ്ങളുമായി ഐ.സി.സി. ബൗളര്‍മാര്‍ക്ക് പന്തില്‍ തുപ്പല്‍ പുരട്ടാനാകില്ല, പുതുതായി വരുന്ന ബാറ്റര്‍ സ്‌ട്രൈക്ക് ചെയ്യണം, ടെസ്റ്റിലും ഏകദിനത്തിലും പുതുതായി ക്രീസിലെത്തുന്ന ബാറ്റര്‍ രണ്ട് മിനിറ്റിനകം പന്ത് അഭിമുഖീകരിക്കണം, പന്തെറിയും മുന്‍പ് സ്‌ട്രൈക്കിലുള്ള ബാറ്ററെ റണ്‍ ഔട്ടാക്കാനാവില്ല, മങ്കാദിങ് ഇനിമുതല്‍ സാധാരണ റണ്‍ ഔട്ട് തുടങ്ങി നിരവധി തീരുമാനങ്ങളാണ് 2023 ഏകദിന ക്രിക്കറ്റ് ലോകകപ്പോടെ പ്രാബല്യത്തില്‍ വരിക.

സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവില ഉയര്‍ന്നു. ഇന്നലെ ഇടിഞ്ഞ സ്വര്‍ണവിലയാണ് ഇന്ന് ഉയര്‍ന്നത്. ഒരു പവന്‍ സ്വര്‍ണത്തിന് ഇന്ന് 80 രൂപ വര്‍ദ്ധിച്ചു. ഇന്നലെ 80 രൂപയായിരുന്നു കുറഞ്ഞത്. ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നത്തെ വിപണി വില 36760 രൂപയാണ്. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്റെ വില 10 രൂപ ഉയര്‍ന്നു. ഇന്നലെ 10 രൂപ കുറഞ്ഞിരുന്നു. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്റെ ഇന്നത്തെ വിപണി വില 4595 രൂപയാണ്. 18 കാരറ്റ് സ്വര്‍ണത്തിന്റെ വിലയും ഉയര്‍ന്നു. 10 രൂപയാണ് ഉയര്‍ന്നത്. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന്റെ ഇന്നത്തെ വിപണി വില 3790 രൂപയാണ്.

സ്വകാര്യമേഖലയിലെ വായ്പാദാതാവായ ആക്‌സിസ് ബാങ്ക് അതിന്റെ സ്ഥിരനിക്ഷേപ നിരക്കുകള്‍ പരിഷ്‌കരിച്ചു. പുതുക്കിയ നിരക്കുകള്‍ ഇന്ന് മുതല്‍ നിലവില്‍ വരും. 2 കോടിയില്‍ താഴെയുള്ള സ്ഥിര നിക്ഷേപങ്ങളുടെ നിരക്കുകള്‍ ആണ് വര്‍ദ്ധിപ്പിച്ചത്. 2.75 ശതമാനം മുതല്‍ 5.75 ശതമാനം വരെ പലിശയാണ് ആക്സിസ് ബാങ്ക് വാഗ്ദാനം ചെയ്യുന്നത്. 7 ദിവസം മുതല്‍ പരമാവധി 10 വര്‍ഷം വരെയുള്ള കാലയളവില്‍ ആക്സിസ് ബാങ്കില്‍ ഒരു നിക്ഷേപകന് എഫ് ഡി തെരഞ്ഞെടുക്കാം. 2 കോടി മുതല്‍ 100 കോടി രൂപ വരെയുള്ള ബള്‍ക്ക് എഫ്ഡികള്‍ക്കും നിരക്കുകള്‍ പരിഷ്‌ക്കരിച്ചിട്ടുണ്ട്. 2 കോടിയില്‍ താഴെയുള്ള നിക്ഷേപങ്ങള്‍ക്ക്, 7 ദിവസം മുതല്‍ 10 വര്‍ഷം വരെ കാലാവധിയുള്ള സ്ഥിര നിക്ഷേപങ്ങള്‍ക്ക്, മുതിര്‍ന്ന പൗരന്മാര്‍ക്ക് ഇപ്പോള്‍ 2.75% മുതല്‍ 6.50% വരെ പലിശ നിരക്ക് ലഭിക്കും. 5 വര്‍ഷം മുതല്‍ 10 വര്‍ഷം വരെ കാലാവധിയുള്ള സ്ഥിര നിക്ഷേപങ്ങള്‍ക്ക് മുതിര്‍ന്ന പൗരന്മാര്‍ക്ക് പരമാവധി 6.50% പലിശ നിരക്ക് ലഭിക്കും.

ജയസൂര്യ ചിത്രം ‘ഈശോ’യുടെ ട്രെയിലര്‍ പുറത്തുവിട്ടു. സസ്പെന്‍സും നിഗൂഢതയും നിറച്ചാണ് ട്രെയിലര്‍ ഒരുക്കിയിരിക്കുന്നത്. ജയസൂര്യയെ ഇതുവരെ കാണാത്ത ഗെറ്റപ്പില്‍ ചിത്രത്തില്‍ കാണാനാകും എന്നാണ് ട്രെയിലര്‍ നല്‍കുന്ന സൂചന. നാദിര്‍ഷ സംവിധാനം ചെയ്യുന്ന ചിത്രം ഒക്ടോബര്‍ 5ന് സോണി ലിവിലൂടെ റിലീസ് ചെയ്യും. അഞ്ച് ഭാഷകളിലായാണ് ചിത്രം റിലീസ് ചെയ്യുന്നത്. പേരിലെ കൗതുകം കൊണ്ട് ശ്രദ്ധനേടിയ ഈശോയുടെ റിലീസ് ഒടിടിയില്‍ ആയിരിക്കുമെന്ന വിവരം നേരത്തെ പുറത്തുവന്നിരുന്നു. ‘ക്ലീന്‍’ യു സര്‍ട്ടിഫിക്ക് ലഭിച്ചിരിക്കുന്ന ചിത്രത്തില്‍ ജാഫര്‍ ഇടുക്കി, നമിത പ്രമോദ്, ജോണി ആന്റണി, സുരേഷ് കൃഷ്ണ തുടങ്ങിവരും പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

ധനുഷ് നായകനാകുന്ന പുതിയ ചിത്രമാണ് ‘വാത്തി’. വെങ്കി അറ്റ്ലൂരി ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. മലയാളി താരം സംയുക്ത മേനോനാണ് നായിക. ‘വാത്തി’യുടെ റിലീസ് പ്രഖ്യാപിച്ചിരിക്കുകയാണ്. ഡിസംബര്‍ രണ്ടിന് ആണ് ചിത്രം റിലീസ് ചെയ്യുക. തമിഴിലും തെലുങ്കിലുമായിട്ടാണ് ചിത്രം ഒരുങ്ങുന്നത്. ജി വി പ്രകാശ് കുമാറാണ് ചിത്രത്തിന്റെ സംഗീത സംവിധായകന്‍. ‘വാത്തി’യില്‍ ധനുഷിന്റെ ഒരു ഹെവി ഡാന്‍സുണ്ടായിരിക്കുമെന്നാണ് ജി വി പ്രകാശ്കുമാര്‍ ട്വിറ്ററിലൂടെ അറിയിച്ചിരുന്നു. ചിത്രത്തിന്റെ തിരക്കഥ എഴുതുന്നത് വെങ്കി അറ്റ്ലൂരി തന്നെയാണ്.

ഐക്കണിക്ക് വാഹന ബ്രാന്‍ഡായ ലാന്‍ഡ് റോവറിന്റെ കിടിലന്‍ എസ്യുവി ലാന്‍ഡ് റോവര്‍ ഡിഫന്‍ഡര്‍ സ്വന്തമാക്കി മലയാളത്തിന്റെ പ്രിയ താരം ആസിഫ് അലി. ഡിഫന്‍ഡറിന്റെ ഉയര്‍ന്ന വകഭേദമായ ഡിഫന്‍ഡര്‍ എച്ച്എസ്ഇ ആണ് ആസിഫ് അലി സ്വന്തമാക്കിയത് എന്നും കൊച്ചിയിലെ ജഗ്വാര്‍ ലാന്‍ഡ് റോവര്‍ ഷോറൂമില്‍ നിന്നാണ് വാഹനം വാങ്ങിയത്. ഏകദേശം 1.35 കോടി രൂപയാണ് വാഹനത്തിന്റെ എക്സ്ഷോറൂം വില. മൂന്നു ലീറ്റര്‍ ഡീസല്‍ എന്‍ജിനാണ് ഡിഫന്‍ഡര്‍ എച്ച്എസ്ഇ മോഡലിന് കരുത്ത് പകരുന്നത്. 221 കിലോവാട്ട് കരുത്തുള്ള എസ്യുവി പൂജ്യത്തില്‍ നിന്ന് 100 കിലോമീറ്റര്‍ വേഗം 7 സെക്കന്‍ഡിലെത്തും. 191 കിലോമീറ്ററാണ് വാഹനത്തിന്റെ ഉയര്‍ന്ന വേഗം.

വ്യത്യസ്തമായ, വന്യമായ വഴികളിലൂടെയാണ് കഥാകാരന്‍ കഥയ്ക്കുള്ളിലൂടെ കടന്നുകയറുന്നത്. മനസ്സിന്റെ ഇരുട്ടറകള്‍ തേടിയുള്ള യാത്രകളാണ് ഇക്കഥകളിലധികവും. ചില്ലറ നാണയത്തുട്ടുകള്‍, ആള്‍ക്കൂട്ടം, ജീവിതത്തിന്റെ ഇടവഴി, കുറ്റസമ്മതം, പാട്ടിയുടെ കണ്ണ് തുടങ്ങിയ കഥകളിലൂടെ, അവരുടെ കണ്ണുനീര്‍ വീണ പാതകളില്‍ ഏകനായി നിന്നുകൊണ്ട് വെളിച്ചം എവിടെയാണ് എന്ന ചോദ്യം ചോദിച്ചുകൊണ്ടേയിരിക്കുകയാണ് വര്‍ത്തമാനകാലത്തിന്റെ എല്ലാ അസ്വസ്ഥതകളേയും ഏറ്റെടുക്കുന്ന ഈ ചെറുകഥാകൃത്ത്. ‘മനസ്സില്‍ അണയാതെ കത്തുന്ന ഒരു തീയുണ്ട്’. കെ.വി സിറാജ്. ഗ്രീന്‍ ബുക്സ്. വില 114 രൂപ.

വൈറ്റമിന്‍ ബിയുടെ അഭാവം രക്തധമനികളില്‍ കൊഴുപ്പ് കെട്ടിക്കിടക്കാനും അവയുടെ ഭിത്തികള്‍ക്ക് ക്ഷതമേല്‍പ്പിക്കാനും കാരണമാകുമെന്ന് പഠനം. വൈറ്റമിന്‍ ബി12, ബി6, ബി9 എന്നിവയുടെ തോത് ശരീരത്തില്‍ കുറയുന്നത് അതെറോസ്‌ക്ലീറോസിസിലേക്ക് നയിക്കുമെന്ന് ബയോമെഡിസിന്‍ ഫാര്‍മക്കോതെറാപ്പി ജേണലില്‍ പ്രസിദ്ധീകരിച്ച പഠന റിപ്പോര്‍ട്ട് പറയുന്നു. രക്തധമനികളുടെ ഭിത്തിയില്‍ കൊഴുപ്പും കൊളസ്ട്രോളും കെട്ടിക്കിടന്ന് രക്തപ്രവാഹം തടസ്സപ്പെടുന്ന രോഗാവസ്ഥയാണ് അതെറോസ്‌ക്ലീറോസിസ്, ഹൃദ്രോഗപ്രശ്നങ്ങളെ തുടര്‍ന്ന് പ്രതിവര്‍ഷം 18 ദശലക്ഷം പേരെങ്കിലും മരണപ്പെടുന്നതായാണ് ലോകാരോഗ്യ സംഘടനയുടെ കണക്ക്. ഇതില്‍ ഭൂരിപക്ഷവും അതെറോസ്‌ക്ലീറോസിസ് മൂലമാണ് സംഭവിക്കുന്നത്. ഇതിന്റെ ആരംഭം എങ്ങനെയാണ് എന്നതിനെക്കുറിച്ച് വ്യക്തമല്ലെങ്കിലും, ഉയര്‍ന്ന കൊളസ്ട്രോള്‍ തോത്, ഉയര്‍ന്ന രക്തസമ്മര്‍ദം, പുകവലി, ടൈപ്പ് 1 പ്രമേഹം, അമിതവണ്ണം, ശാരീരികമായ നിശ്ചലാവസ്ഥ, അണ്‍സാച്ചുറേറ്റഡ് കൊഴുപ്പ് അടങ്ങിയ ഭക്ഷണക്രമം എന്നിവയെല്ലാം അതെറോസ്‌ക്ലീറോസിസിലേക്ക് നയിക്കാവുന്ന ഘടകങ്ങളാണ്. ഹോമോസിസ്റ്റീന്‍ എന്ന അമിനോ ആസിഡിനെ വിഘടിപ്പിക്കുന്നതില്‍ വൈറ്റമിന്‍ ബി12, ബി6, ഫോളിക് ആസിഡ് തുടങ്ങിയ പോഷണങ്ങള്‍ മുഖ്യ പങ്ക് വഹിക്കുന്നതായി ഗവേഷകര്‍ പറയുന്നു. ഈ അമിനോ ആസിഡിന്റെ തോതുയരുന്നത് രക്തധമനികളുടെ ഭിത്തികളെ നശിപ്പിക്കുകയും അതെറോസ്‌ക്ലീറോസിസിലേക്ക് നയിക്കുകയും ചെയ്യും. ഇത് മൂലമാണ് വൈറ്റമിന്‍ ബി12 അഭാവം ഹൃദയാഘാതത്തിന്റെയും പക്ഷാഘാതത്തിന്റെയും രക്തത്തിലെ ക്ലോട്ടുകളുടെയും സാധ്യത വര്‍ധിപ്പിക്കുന്നത്. ചര്‍മത്തിലെ ഇളംമഞ്ഞനിറം, നാവില്‍ ചുവന്ന നിറവും മുറിവും, വായില്‍ അള്‍സറുകള്‍, ദേഹത്ത് സൂചി കുത്തുന്ന തോന്നല്‍, മങ്ങിയ കാഴ്ച, മൂഡ് മാറ്റങ്ങള്‍, ഉത്കണ്ഠ, വിഷാദം, ഗ്യാസ്ട്രോഇന്റസ്റ്റൈനല്‍ പ്രശ്നങ്ങള്‍, തലവേദന, ഒന്നിലും ശ്രദ്ധ കേന്ദ്രീകരിക്കാന്‍ പറ്റാത്ത അവസ്ഥ എന്നിവയെല്ലാം വൈറ്റമിന്‍ ബി 12 അഭാവത്തിന്റെ ലക്ഷണങ്ങളാണ്.

*ഇന്നത്തെ വിനിമയ നിരക്ക്*

ഡോളര്‍ – 79.71, പൗണ്ട് – 91.16, യൂറോ – 79.75, സ്വിസ് ഫ്രാങ്ക് – 82.55, ഓസ്‌ട്രേലിയന്‍ ഡോളര്‍ – 53.41, ബഹറിന്‍ ദിനാര്‍ – 211.51, കുവൈത്ത് ദിനാര്‍ -258.04, ഒമാനി റിയാല്‍ – 207.08, സൗദി റിയാല്‍ – 21.20, യു.എ.ഇ ദിര്‍ഹം – 21.70, ഖത്തര്‍ റിയാല്‍ – 21.89, കനേഡിയന്‍ ഡോളര്‍ – 60.01.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *