◾നിയമസഭാ സ്പീക്കറായി എ.എന്‍ ഷംസീര്‍ തെരഞ്ഞെടുക്കപ്പെട്ടു. എല്‍ഡിഎഫിന്റെ ഷംസീറിന് 96 വോട്ട് ലഭിച്ചു. യുഡിഎഫ് സ്ഥാനാര്‍ത്ഥി അന്‍വര്‍ സാദത്തിന് 40 വോട്ടു കിട്ടി. എം.ബി രാജേഷ് രാജിവച്ച് മന്ത്രിയായ ഒഴിവിലേക്കായിരുന്നു തെരഞ്ഞെടുപ്പ്. ഡെപ്യുട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാറാണ് തെരഞ്ഞെടുപ്പു നിയന്ത്രിച്ചത്. പുതിയ സ്പീക്കറെ മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും ചേര്‍ന്ന് ചെയറിലേക്ക് നയിച്ചു. ഇരുവരും കക്ഷി നേതാക്കളും അനുമോദിച്ചു.
◾പേവിഷ ബാധയും തെരുവുനായ ആക്രമണവും തടയാനുള്ള കര്‍മ്മപദ്ധതിക്കായുള്ള അവലോകന യോഗത്തില്‍ ആരോഗ്യ- മൃഗസംരക്ഷണ വകുപ്പ് മന്ത്രിമാര്‍ പങ്കെടുക്കില്ല. തദ്ദേശവകുപ്പ് മന്ത്രി എം.ബി രാജേഷിന്റെ നേതൃത്വത്തില്‍ വൈകിട്ടാണ് യോഗം. തെരുവുനായകള്‍ക്കു സംരക്ഷണ കേന്ദ്രം, സമ്പൂര്‍ണ വാക്സിനേഷന്‍, വന്ധ്യംകരണം എന്നിവ നടപ്പാക്കാനാണ് ഇന്നത്തെ യോഗം.
◾
◾പശ്ചിമഘട്ട സംരക്ഷണത്തിനുള്ള കരട് വിജ്ഞാപനത്തിനെതിരേ കേരളത്തില്‍നിന്നുള്ള ഹര്‍ജി വൈകിപ്പോയെന്നു ചൂണ്ടിക്കാട്ടി സുപ്രീം കോടതി തള്ളി. അന്തിമ വിജ്ഞാപനം വരുമ്പോള്‍ പരാതിയുണ്ടെങ്കില്‍ പരിഗണിക്കാമെന്ന് ചീഫ് ജസ്ററിസ് യുയു ലളിത് അറിയിച്ചു. കര്‍ഷക ശബ്ദം എന്ന സംഘടനയാണ് സുപ്രീം കോടതിയില്‍ പൊതുതാല്‍പ്പര്യ ഹര്‍ജി നല്‍കിയത്.
*_KSFE_ GOLD LOAN*
*മനുഷ്യപ്പറ്റുള്ള ഗോള്‍ഡ് ലോണ്‍*
നിങ്ങളുടെ അടിയന്തിര സാമ്പത്തിക ആവശ്യങ്ങള്‍ക്ക് *_KSFE_* നല്‍കുന്നു സ്വര്‍ണ പണയ വായ്പ. മിതമായ പലിശ നിരക്കില്‍ ലളിതമായ നടപടിക്രമങ്ങളിലൂടെ 25 ലക്ഷം രൂപ വരെ പ്രതിദിനം നിങ്ങള്‍ക്ക് നേടാം. 12 മാസത്തെ വായ്പാ കാലയളവില്‍ നിശ്ചിത പലിശ അടച്ചതിന് ശേഷം ഒരു വര്‍ഷത്തേക്ക് വായ്പ പുതുക്കാന്‍ കഴിയും, കൂടാതെ പരമാവധി 36 മാസം വരെ ഈ സൗകര്യം ഉപയോഗിക്കാം. *കൂടുതല്‍ വിവരങ്ങള്‍ക്ക് : www.ksfe.com*
◾രാഹുല്‍ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര ഇന്നു തിരുവനന്തപുരം നഗരത്തില്‍. ഉച്ചയ്ക്കുശേഷം പട്ടം മുതല്‍ കഴക്കൂട്ടംവരെയാണു യാത്ര. അടൂര്‍ ഗോപാലകൃഷ്ണന്‍, പെരുമ്പടവം ശ്രീധരന്‍ തുടങ്ങിയ സാംസ്‌കാരിക പൗരപ്രമുഖരുമായി കൂടിക്കാഴ്ച നടത്തും. വിഴിഞ്ഞം സമരസമിതി നേതാക്കളുമായും സംസാരിക്കും.
◾നിയമസഭയില്‍ മന്ത്രിമാര്‍ക്കു കസേരമാറ്റം. മുഖ്യമന്ത്രി പിണറായി വിജയന്റെ സീറ്റിനു തൊട്ടരികിലുള്ള സീറ്റ് ദേവസ്വം മന്ത്രി കെ. രാധാകൃഷ്ണനാണ്. നേരത്തെ എം.വി ഗോവിന്ദനാണ് ഈ സീറ്റിലുണ്ടായിരുന്നത്. മന്ത്രിസ്ഥാനം രാജിവച്ചതോടെ അദ്ദേഹത്തിന്റെ സീറ്റ് രണ്ടാം നിരയിലായി. മന്ത്രിയായ എം.ബി. രാജേഷിന് ഒന്നാം നിരയിലാണ് ഇരിപ്പിടം.
◾പ്രൊഫ. എം.കെ സാനുവിനും പ്രൊഫ. സ്‌കറിയ സക്കറിയക്കും എംജി സര്‍വകലാശാല ഡി-ലിറ്റ് നല്‍കി ആദരിക്കും. മലയാള വിജ്ഞാന സാഹിത്യ ശാഖയ്ക്ക് നല്‍കിയ സംഭാവനകള്‍ കണക്കിലെടുത്താണ് ഇരുവര്‍ക്കും ഡി-ലിറ്റ് നല്‍കുന്നത്.
◾സംസ്ഥാനത്ത് രണ്ടിടത്ത് മിന്നല്‍ ചുഴലി. കാസര്‍കോട് മാന്യയിലും തൃശൂര്‍ ചാലക്കുടിയിലുമാണ് ചുഴലി നാശം വിതച്ചത്. മാന്യയില്‍ അഞ്ച് വീടുകള്‍ തകര്‍ന്നു. പടിഞ്ഞാറെ ചാലക്കുടിയിലും മുരിങ്ങൂരും ചുഴലിക്കാറ്റുമൂലം വന്‍നാശം. മരങ്ങള്‍ കടപുഴകി വീണു. വീടുകളുടെ ഷീറ്റ് മറിഞ്ഞുവീണു. വൈദ്യുതി പോസ്റ്റുകളും വീണിട്ടുണ്ട്.
*ജോയ്ആലുക്കാസ് വിശേഷങ്ങള്‍*
ജോയ്ആലുക്കാസിലെ എല്ലാ സ്വര്‍ണാഭരണങ്ങള്‍ക്കും ഇപ്പോള്‍ പണിക്കൂലിയില്‍ വന്‍ ഇളവ്. സ്വര്‍ണം, ഡയമണ്ട്, മറ്റു ജ്വല്ലറി കളക്ഷനുകളെല്ലാം സ്വര്‍ണ വിപണിയിലെ തന്നെ ഏറ്റവും കുറഞ്ഞ പണിക്കൂലിയിലാണ് ലഭ്യമാക്കുന്നത്. ജോയ്ആലുക്കാസില്‍ നിന്ന് പര്‍ച്ചേയ്സ് ചെയ്യുന്ന ആഭരണങ്ങള്‍ക്ക് ഒരു വര്‍ഷത്തേക്ക് സൗജന്യ ഇന്‍ഷുഷറന്‍സും ലൈഫ്ടൈം ഫ്രീ മെയിന്റനന്‍സും ലഭിക്കുന്നതാണ്. ഒപ്പം എക്സ്ചേഞ്ച് ഓഫറും പ്രയോജനപ്പെടുത്താവുന്നതാണ്.
➖➖➖➖➖➖➖➖
◾ഇടുക്കിയില്‍ നേര്യമംഗലം ചാക്കോച്ചി വളവില്‍ കെഎസ്ആര്‍ടിസി ബസ് താഴ്ച്ചയിലേക്കു മറിഞ്ഞ് ഒരാള്‍ മരിച്ചു. അടിമാലി കുളമാങ്കുഴി സ്വദേശി സജീവ് ആണ് മരിച്ചത്. ഗുരുതരമായി പരിക്കറ്റ പത്താം മൈല്‍ സ്വദേശി അസീസിനെ രാജഗിരി ആശുപത്രിയിലേക്കു മാറ്റി. കോതമംഗലത്ത് രണ്ട് ആശുപത്രികളിലായി 25 പേര്‍ ചികിത്സയിലാണ്. ടയര്‍ പൊട്ടി മറിഞ്ഞ ബസ് മരത്തില്‍ തട്ടി നിന്നു. അറുപതോളം യാത്രക്കാര്‍ ഉണ്ടായിരുന്നു.
◾കുട്ടികളേയുംകൂട്ടി എംഡിഎംഎ കടത്താന്‍ ശ്രമിച്ച ദമ്പതികള്‍ മലപ്പുറം വഴിക്കടവ് ചെക്ക് പോസ്റ്റില്‍ പിടിയിലായി. മഞ്ചേരി കാരക്കുന്ന് സ്വദേശികളായ സി.പി അസ്ലമുദ്ധീന്‍, ഭാര്യ ഷിഫ്‌ന, കാവനൂര്‍ സ്വദേശി മുഹമ്മദ് സാദത്ത്, വഴിക്കടവ് സ്വദേശി എന്‍ കെ കമറുദ്ധീന്‍ എന്നിവരാണ് പിടിയിലായത്. 75.458 ഗ്രാം എംഡിഎംഎ ഇവരില്‍നിന്ന് പിടിച്ചെടുത്തു. ബാംഗളൂരിവില്‍നിന്ന് എംഡിഎംഎ വാങ്ങി മൂന്നു വാഹനങ്ങളിലായി വരുമ്പോഴാണ് പിടിയിലായത്.
◾മല്‍സ്യത്തൊഴിലാളിക്കു വെടിയേറ്റ സംഭവത്തില്‍ തോക്കുകള്‍ ഹാജരാക്കണമെന്ന പോലീസിന്റെ ആവശ്യത്തോടു പ്രതികരിക്കാതെ നാവികസേന. കേന്ദ്ര ഏജന്‍സി അന്വേഷിക്കണമെന്ന് കൊച്ചിയിലെ മല്‍സ്യത്തൊഴിലാളികള്‍ ആവശ്യപ്പെട്ടു.
◾ജലനിരപ്പ് ഉയര്‍ന്നതിനെത്തുടര്‍ന്ന് വയനാട് ബാണാസുര സാഗര്‍ അണക്കെട്ടില്‍ റെഡ് അലര്‍ട്ട്. ഏതു നിമിഷവും വെള്ളം തുറന്നുവിടുമെന്നു മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്.
◾റഷ്യന്‍ കമ്പനിയുടെ കീഴിലുള്ള ഇന്ത്യയിലെ സ്വകാര്യ എണ്ണക്കമ്പനിയായ നയാര എനര്‍ജിയുടെ മേധാവിയായി മലയാളിയായ പ്രസാദ് പണിക്കര്‍ നിയമിതനായി. കൊച്ചി റിഫൈനറിയുടെ എക്സിക്യൂട്ടീവ് ഡയറക്ടറും മേധാവിയുമായിരുന്നു പ്രസാദ് പണിക്കര്‍. ഒക്ടോബര്‍ മൂന്നിന് ചുമതലയേറ്റെടുക്കും.
◾ഓണാഘോഷത്തിനിടെ രണ്ടു ഗുണ്ടാസംഘങ്ങള്‍ തമ്മിലുണ്ടായ ഏറ്റുമുട്ടല്‍ നിയന്ത്രിക്കാനെത്തിയ പോലീസിനുനേരേയും ആക്രമണം. തിരുവനന്തപുരം കാരക്കോണത്ത് ആക്രമണത്തില്‍ വെള്ളറട സ്റ്റേഷനിലെ ഗ്രേഡ് എസ്ഐ സുരേഷ്, ഡ്രൈവര്‍ സിപിഒ അരുണ്‍ എന്നിവര്‍ക്കു പരിക്കേറ്റു. 11 പേര്‍ക്കെതിരെ കേസെടുത്തു. രണ്ടു പേരെ കസ്റ്റഡിയിലെടുത്തു പോലീസ് വാഹനത്തില്‍ കയറ്റുന്നതിനിടെ ഗുണ്ടാസംഘം ആക്രമിക്കുകയായിരുന്നു.
◾കൊല്ലൂരിലെ സൗപര്‍ണിക നദിയിയില്‍ ഒഴുക്കില്‍പ്പെട്ട തിരുവനന്തപുരം വിളപ്പില്‍ശാല സ്വദേശി സന്ധ്യ (42)യുടെ മൃതദേഹം കണ്ടെത്തി. മൂകാംബിക ക്ഷേത്ര ദര്‍ശനം കഴിഞ്ഞ് മടങ്ങുന്നതിനിടെ നദിയില്‍ വീണ മകനെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് സന്ധ്യ അപകടത്തില്‍പ്പെട്ടത്.
◾ഭാരത് ജോഡോ യാത്രയ്ക്കിടയിലെ തിരക്ക് മുതലെടുത്ത് പോക്കറ്റടി. പോക്കറ്റടിക്കുന്ന നാലംഗ സംഘത്തിന്റെ ദൃശ്യങ്ങള്‍ പൊലീസിനു ലഭിച്ചു. ഇവരെ തിരിച്ചറിഞ്ഞെന്നു പോലീസ് പറയുന്നു. പലരുടെയും പേഴ്സും പണവും മൊബൈല്‍ ഫോണും ഇവര്‍ മോഷ്ടിച്ചിട്ടുണ്ട്.
◾കോട്ടയം നഗരത്തില്‍ ഭിക്ഷാടനം നടത്തുകയായിരുന്ന നാലു കുട്ടികളെ രക്ഷപ്പെടുത്തി. തെലുങ്കും, ഹിന്ദിയും ഭാഷകളാണ് കുട്ടികള്‍ സംസാരിക്കുന്നത്.
◾തെരുവുനായ ശല്യം രൂക്ഷമായിരിക്കേ, കോട്ടയത്ത് പന്ത്രണ്ട് തെരുവ് നായകളെ ചത്തനിലയില്‍ കണ്ടെത്തി.. കോട്ടയം മുളക്കുളം കാരിക്കോട് മേഖലയിലാണ് തെരുവ് നായകള്‍ ചത്തത്.
◾പ്ലസ് ടു വിദ്യാര്‍ഥിനി വീട്ടില്‍ തൂങ്ങിമരിച്ചു. കോഴിക്കോട് അത്തോളിയില്‍ ഖദീജ റെഹ്ഷയെയാണ് (17) മരിച്ചത്. അത്തോളി ഗവ. ഹയര്‍സെക്കന്‍ഡറി സ്‌ക്കൂള്‍ വിദ്യാര്‍ഥിയാണ് ഖദീജ.
◾രാജ്യത്തെ വമ്പന്‍ ഗുണ്ടാസംഘങ്ങള്‍ക്കിടയില്‍ എന്‍ഐഎ പരിശോധന. അമ്പതോളം കേന്ദ്രങ്ങളിലാണു റെയ്ഡ്. ഗുണ്ടാസംഘങ്ങള്‍ക്കു ഭീകര സംഘങ്ങളുമായി ബന്ധമുണ്ടോയെന്ന സംശയത്തിന്റെ അടിസ്ഥാനത്തിലാണു പരിശോധന.
◾കോണ്‍ഗ്രസിന്റെ ട്വിറ്റര്‍ പേജില്‍ ആര്‍എസ്എസിന്റെ കാക്കി നിക്കര്‍ കത്തിക്കുന്ന ചിത്രം പോസ്റ്റു ചെയ്തതു വിവാദമായി. വിദ്വേഷത്തിന്റെ ചങ്ങലകളില്‍നിന്ന് രാജ്യത്തെ മോചിപ്പിക്കുമെന്നു ട്വീറ്റില്‍ പറയുന്നു. ആര്‍എസ്എസ് പ്രവര്‍ത്തകരെ കത്തിക്കണമെന്നാണോ കോണ്‍ഗ്രസിന്റെ സന്ദേശമെന്ന ചോദ്യവുമായി ബിജെപി രംഗത്ത്. പരസ്യമായ അക്രമത്തിനുള്ള വെല്ലുവിളിയാണിത്. കോണ്‍ഗ്രസ് ഉടന്‍ ചിത്രം പിന്‍വലിക്കണമെന്ന് ബിജെപി വക്താവ് സമ്പിത് പാത്ര ആവശ്യപ്പെട്ടു.
◾നവിമുംബൈയിലെ കമോഥെയിലുള്ള ഡെന്റല്‍ കോളജിലെ ജൂനിയര്‍ വിദ്യാര്‍ത്ഥിയെ റാഗ് ചെയ്തതിന് നാല് വിദ്യാര്‍ത്ഥികള്‍ക്കെതിരെ കേസ്. മദ്യം കഴിപ്പിച്ചെന്നും പാന്റില്‍ മൂത്രമൊഴിപ്പിച്ചെന്നുമാണു പരാതി. നാല് സീനിയര്‍ വിദ്യാര്‍ത്ഥികളെ കോളേജ് സസ്‌പെന്‍ഡ് ചെയ്തെങ്കിലും അറസ്റ്റു ചെയ്തിട്ടില്ല.
◾ഗോവയില്‍ ദുരൂഹമായി മരിച്ച നടിയും ബിജെപി നേതാവുമായ സോനാലി ഫൊഗട്ടിന്റെ മരണം സംബന്ധിച്ച് സിബിഐ അന്വേഷണത്തിനു ഗോവ സര്‍ക്കാര്‍ ഉത്തരവിട്ടു.
◾ഊട്ടിക്ക് അടുത്ത് കോത്തഗിരിയില്‍ കാട്ടുപോത്തിന്റെ ആക്രമണം. പെട്രോള്‍ പമ്പിനു സമീപം നിര്‍ത്തിയിട്ടിരുന്ന കാറും ഇരുചക്ര വാഹനങ്ങളും തകര്‍ത്തു.
◾ഉത്തര്‍ പ്രദേശിലെ ഷംലിയില്‍ ദുരഭിമാനക്കൊല. താഴ്ന്ന ജാതിക്കാരനായ യുവാവിനെ പ്രണയിച്ചതിന് പതിനെട്ടുകാരിയായ മകളെ കൊലപ്പെടുത്തിയ അമ്പത്തിയാറുവയസുകാരനായ പിതാവ് പ്രമോദ് കുമാറിനെ അറസ്റ്റ് ചെയ്തു.
◾അര്‍ധരാത്രി പന്ത്രണ്ടരയ്ക്ക് കൊല്‍ക്കത്ത ഇഡി ഓഫീസിന് മുന്നില്‍ ഹാജരാകണമെന്ന നോട്ടീസുമായി മനേക ഗംഭീര്‍ എന്‍ഫോഴ്സമെന്റ് ഓഫീസിനു മുന്നില്‍. തൃണമൂല്‍ കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറിയും പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ മരുമകനുമായ അഭിഷേക് ബാനര്‍ജിയുടെ സഹോദരന്റെ ഭാര്യയാണ് മനേക ഗംഭീര്‍. കല്‍ക്കരി അഴിമതി കേസില്‍ ചോദ്യം ചെയ്യാന്‍ നല്‍കിയ നോട്ടീസില്‍ 12.30 പിഎം എന്നതിനു പകരം എ.എം എന്നാണു രേഖപ്പെടുത്തിയിരുന്നത്. പിഴവു പറ്റിയതാണെന്ന് എന്‍ഫോഴ്സ്മെന്റ്. മനേക എന്‍ഫോഴ്സ്മെന്റ് ഓഫീസിനു മുന്നില്‍ നില്‍ക്കുന്ന ചിത്രം ട്വിറ്ററില്‍ വൈറലായി.
◾താലിബാന്‍ പിടിച്ചെടുത്ത അമേരിക്കന്‍ ബ്ലാക്ക് ഹോക്ക് ഹെലികോപ്റ്റര്‍ പറത്താന്‍ പരിശീലിക്കുന്നതിനിടെ തകര്‍ന്നുവീണ് മൂന്നു പേര്‍ മരിച്ചു. കഴിഞ്ഞ വര്‍ഷം അമേരിക്കന്‍ സേന പിന്മാറിയതിനിടയില്‍ താലിബാന്‍ പിടിച്ചെടുത്ത ഹെലികോപ്റ്ററാണ് താലിബാനികള്‍ പറത്തിയത്.
◾വടക്കു കിഴക്കന്‍ യുക്രെയിനില്‍ റഷ്യന്‍ സേനയെ യുക്രെയിന്‍ പട്ടാളം തുരത്തുന്നു. ഖെര്‍സണ്‍ അടക്കം പല പ്രദേശങ്ങളിലും റഷ്യന്‍ സൈന്യത്തിന് കനത്ത ആള്‍നാശമുണ്ടാക്കിയെന്ന് യുക്രെയിന്‍ അവകാശപ്പെട്ടു. റഷ്യന്‍ പട്ടാളം പിന്തിരിഞ്ഞോടിയതോടെ ഈ പ്രദേശങ്ങളില്‍ ജനം ആഹ്ളാദ പ്രകടനം നടത്തുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തു വന്നിട്ടുണ്ട്.
◾യു.എസ് ഓപ്പണ്‍ പുരുഷ സിംഗിള്‍സ് കിരീടം സ്പെയിനിന്റെ കാര്‍ലോസ് അല്‍കാരസ് ഗാര്‍ഫിയക്ക്. ഫൈനലില്‍ നോര്‍വേയുടെ കാസ്പര്‍ റൂഡിനെ പരാജയപ്പെടുത്തിയായിരുന്നു പത്തൊമ്പതുകാരനായ അല്‍കാരസിന്റെ കിരീട നേട്ടം. ഇതോടെ പുരുഷ ടെന്നിസില്‍ ലോക ഒന്നാം റാങ്കിലെത്തുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന നേട്ടം അല്‍കരാസിന് സ്വന്തം.
◾ഇന്ത്യയുടെ ഔദ്യോഗിക ട്വന്റി20 ക്രിക്കറ്റ് ടൂര്‍ണമെന്റായ ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് മീഡിയ സംപ്രേഷണാവകാശ മൂല്യത്തില്‍ ഇംഗ്ളീഷ് പ്രീമിയര്‍ ലീഗ് ഫുട്ബാള്‍ ടൂര്‍ണമെന്റിനെയും കടത്തിവെട്ടി മുന്നേറുന്നു. ഐ.പി.എല്‍ നിലവില്‍ വന്നിട്ട് 15 വര്‍ഷമായി. ഇതിനിടെ മീഡിയ റൈറ്റ്‌സ് വരുമാനത്തിലുണ്ടായ വാര്‍ഷിക വളര്‍ച്ചാനിരക്ക് 18 ശതമാനമാണ്. 1993ല്‍ നിലവില്‍ വന്ന ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് 2023 വരെയുള്ള 30 വര്‍ഷക്കാലത്തിനിടെ രേഖപ്പെടുത്തിയ വളര്‍ച്ചാനിരക്ക് 15 ശതമാനം മാത്രം. അമേരിക്കയിലെ പ്രസിദ്ധമായ നാഷണല്‍ ഫുട്ബാള്‍ ലീഗ് 1990 മുതല്‍ 2023 വരെയുള്ള വര്‍ഷങ്ങളിലായി രേഖപ്പെടുത്തിയ സി.എ.ജി.ആര്‍ 10 ശതമാനമാണ്. 2023 മുതല്‍ 2027 വരെയുള്ള സംപ്രേഷണാവകാശം ഐ.പി.എല്‍ വിറ്റത് 620 കോടി ഡോളറിനാണ്. ലോകത്ത് മൊത്തം ക്രിക്കറ്റ് മത്സരങ്ങളിലെ പരസ്യവരുമാനം വിലയിരുത്തിയാല്‍ 60 ശതമാനവും ഐ.പി.എല്ലിലാണ്. എന്നാല്‍, മൊത്തം കായികയിനങ്ങള്‍ കണക്കിലെടുത്താല്‍ പരസ്യങ്ങളില്‍ ക്രിക്കറ്റിന്റെ വിഹിതം മൂന്നുശതമാനം മാത്രമാണ്. ഇത് അമേരിക്കയിലെ കോളേജ് കായിക മത്സരങ്ങളുടേതിനേക്കാള്‍ കുറവാണ്.
◾പൊതുമേഖലാ ബാങ്കായ ഇന്ത്യന്‍ ഓവര്‍സീസ് ബാങ്ക് (ഐഒബി) 2 കോടിയില്‍ താഴെയുള്ള സ്ഥിരനിക്ഷേപങ്ങളുടെ പലിശനിരക്ക് ഉയര്‍ത്തി. പുതിയ നിരക്കുകള്‍ 2022 സെപ്തംബര്‍ 13 മുതല്‍ പ്രാബല്യത്തില്‍ വരും. എല്ലാ കാലയളവിലേയും പലിശ നിരക്ക് ഉയര്‍ത്തിയിട്ടുണ്ട്. 7 ദിവസം മുതല്‍ 3 വര്‍ഷം വരെയോ അതില്‍ കൂടുതലോ കാലാവധിയുള്ള സ്ഥിരനിക്ഷേപങ്ങള്‍ക്ക് 3.25% മുതല്‍ 5.85% വരെ പലിശ നല്‍കുന്നു. അതേസമയം 30 മുതല്‍ 45 ദിവസത്തിനുള്ളില്‍ കാലാവധി പൂര്‍ത്തിയാകുന്ന സ്ഥിര നിക്ഷേപങ്ങളുടെ പലിശ നിരക്ക് 3.00 ല്‍ നിന്ന് 35 ബിപിഎസ് വര്‍ദ്ധിപ്പിച്ചു. 1 വര്‍ഷം മുതല്‍ 2 വര്‍ഷം വരെ കാലാവധിയുള്ള സ്ഥിര നിക്ഷേപങ്ങളുടെ പലിശ നിരക്ക് 5.45% ല്‍ നിന്ന് 5.60% ആയി ബാങ്ക് ഉയര്‍ത്തി. 2 വര്‍ഷം മുതല്‍ 3 വര്‍ഷത്തില്‍ താഴെ (1000 ദിവസം ഒഴികെ) കാലാവധിയുള്ള സ്ഥിര നിക്ഷേപങ്ങള്‍ക്ക് ഇപ്പോള്‍ 5.60% പലിശ ലഭിക്കും, മൂന്ന് വര്‍ഷവും അതിന് മുകളിലും കാലാവധിയുള്ള സ്ഥിര നിക്ഷേപങ്ങള്‍ക്ക് ഇപ്പോള്‍ 5.85% പലിശ ലഭിക്കും, മുമ്പ് 5.70% ആയിരുന്നു.
◾മലയാളി സംഗീതാസ്വാദകര്‍ക്ക് മറക്കാനാവാത്ത നിരവധി ഗാനങ്ങള്‍ ഒരുക്കിയ സംഗീത സംവിധായകനാണ് വിദ്യാധരന്‍ മാസ്റ്റര്‍. ഇപ്പോഴിതാ അദ്ദേഹത്തിന്റെ ഈണത്തിലെത്തിയ പുതിയ മെലഡിയും സംഗീത പ്രേമികളുടെ ശ്രദ്ധ നേടുകയാണ്. സ്റ്റേറ്റ് ബസ് എന്ന ചിത്രത്തിനുവേണ്ടി വിദ്യാധരന്‍ മാസ്റ്റര്‍ ഈണം പകര്‍ന്ന ഗാനം ആലപിച്ചിരിക്കുന്നത് വിജയ് യേശുദാസ് ആണ്. പ്രശാന്ത് പ്രസന്നന്‍ ആണ് വരികള്‍ എഴുതിയിരിക്കുന്നത്. ചന്ദ്രന്‍ നരീക്കോട് ആണ് ചിത്രത്തിന്റെ സംവിധാനം. സന്തോഷ് കീഴാറ്റൂര്‍, വിജിലേഷ് എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്ന് ഒരു പ്രതിയുമായി രണ്ട് പൊലീസുകാര്‍ സ്റ്റേറ്റ് ബസില്‍ യാത്ര ചെയ്യുമ്പോള്‍ അരങ്ങേറുന്ന സംഭവ വികാസങ്ങളിലൂടെയാണ് ചിത്രത്തിന്റെ കഥ വികസിക്കുന്നത്.
◾പ്രഖ്യാപന സമയം മുതല്‍ ബോളിവുഡ് വലിയ പ്രതീക്ഷ അര്‍പ്പിച്ചിരുന്ന ചിത്രമാണ് ബ്രഹ്‌മാസ്ത്ര. ബോളിവുഡിന്റെ കടുത്ത ആശങ്കകള്‍ക്ക് ചെറിയൊരളവ് ആശ്വാസം പകരുകയാണ് പുതിയ ചിത്രം ബ്രഹ്‌മാസ്ത്രയുടെ ബോക്സ് ഓഫീസ് പ്രതികരണം. ആഗോള ബോക്സ് ഓഫീസില്‍ നിന്ന് ആദ്യദിനം 75 കോടി നേടിയ ചിത്രം രണ്ടാം ദിനം 85 കോടിയും നേടി. ഈ വര്‍ഷം ഏറ്റവും മികച്ച ആഗോള ഓപണിംഗ് നേടിയ ഇന്ത്യന്‍ ചിത്രങ്ങളുടെ പട്ടികയിലും ഇടംനേടിയിട്ടുണ്ട് ബ്രഹ്‌മാസ്ത്ര. ഈ ലിസ്റ്റില്‍ നാലാം സ്ഥാനത്താണ് ബ്രഹ്‌മാസ്ത്ര. എസ് എസ് രാജമൌലി ചിത്രം ആര്‍ആര്‍ആറും പാന്‍ ഇന്ത്യന്‍ കന്നഡ ചിത്രം കെജിഎഫ് ചാപ്റ്റര്‍ രണ്ടും വിജയ് ചിത്രം ബീസ്റ്റുമാണ് ആദ്യ മൂന്ന് സ്ഥാനങ്ങളില്‍.
◾ബിഎംഡബ്ല്യു എക്സ4 ’50 ജഹ്രെ എം എഡിഷന്‍’ പുറത്തിറക്കി. 30ശ പെട്രോളിന് 72.90 ലക്ഷം രൂപയും 30റ ഡീസല്‍ 74.90 ലക്ഷം രൂപയുമാണ് വാഹനത്തിന്റെ വില. ബിഎംഡബ്ലു എം ഏായഒന്റെ 50 വര്‍ഷം ആഘോഷിക്കുന്നതിന്റെ ഭാഗമായി പുറത്തിറക്കുന്ന എക്സ്4ന്റെ ഈ എക്‌സ്‌ക്ലൂസീവ് പതിപ്പ് ചെന്നൈയിലെ ബിഎംഡബ്ലു ഗ്രൂപ്പ് പ്ലാന്റില്‍ പ്രാദേശികമായി നിര്‍മ്മിക്കും. ഇത് പരിമിതമായ സംഖ്യകളില്‍ ലഭ്യമാകും കൂടാതെ ഓണ്‍ലൈനായി മാത്രം ബുക്ക് ചെയ്യാവുന്നതാണ്. മെഷ് കിഡ്‌നി ഗ്രില്ലിന് ഓള്‍-ബ്ലാക്ക് മെഷ്-ഇന്‍സേര്‍ട്ടുകളും ഫ്രെയിമും ‘എം ഹൈ ഗ്ലോസ് ഷാഡോ ലൈനില്‍’ ഫിനിഷ് ചെയ്തിട്ടുണ്ട്. ഇതിന് ചുറ്റും പുതിയ എം ബാഡ്ജിംഗും ’50 വര്‍ഷത്തെ എം ഡോര്‍ പ്രൊജക്ടറും’ ലഭിക്കുന്നു.
◾ഡി.കെ. മെഡിക്കല്‍ കോളേജിലെ ഡിസക്ഷന്‍ ലാബിന് മുന്നിലെ വലിയ ഫലകത്തിലെ ഈ വാക്കുകള്‍ പുതിയതായി ജോലിക്കു വന്ന ഡോക്ടര്‍ അഹല്യയ്ക്ക് കൗതുകകരമായി തോന്നി. എന്നാല്‍ അവിടെ കീറിമുറിച്ച് പഠിപ്പിക്കാന്‍ നല്‍കിയ അഞ്ചു മൃതദേഹങ്ങളില്‍ ഒന്ന് കണ്ടതോടെ കൗതുകം ഭീതിക്ക് വഴിമാറി. പിന്നീട് നടന്ന അസാധാരണ സംഭവങ്ങളുടെ അര്‍ത്ഥം ചികഞ്ഞ അവള്‍ക്ക് ഒരു കാര്യം മനസ്സിലായി. നിഗൂഢമായ ആ ലാബിലെ രഹസ്യങ്ങള്‍ ലോലഹൃദയര്‍ക്ക് ചേര്‍ന്നതല്ല. പക്ഷേ, അപ്പോഴേക്ക് സമയം വല്ലാതെ വൈകിയിരുന്നു. ‘ബോഡി ലാബ്’. രജത് ആര്‍. ഡിസി ബുക്സ്. വില 266 രൂപ.
◾രാവിലെ എഴുന്നേറ്റ് ഒരുവിധം ജോലിയെല്ലാം ഒതുക്കി ഓഫീസിലേക്ക് പായുന്നതിനിടയില്‍ കുളിയൊക്കെ കിട്ടുന്ന സമയത്തങ്ങ് നടത്തിയെടുക്കും. പലപ്പോഴും ഭക്ഷണമുണ്ടാക്കിയ ശേഷം ഓടിക്കയറി കുളിച്ച് ഉണ്ടാക്കിവച്ചതെല്ലാം വയറ്റിലാക്കി ഒറ്റ ഓട്ടമായിരിക്കും. എന്നാല്‍ കുളികഴിഞ്ഞ് ഉടനെയുള്ള ഭക്ഷണം കഴിപ്പ് അത്ര നല്ലതല്ലെന്നാണ് ആരോഗ്യവിദഗ്ധര്‍ പറയുന്നത്. കുളിച്ച് കഴിഞ്ഞ് ഉടനെ ഭക്ഷണം കഴിക്കുമ്പോള്‍ അസിഡിറ്റി, നെഞ്ചെരിച്ചില്‍ തുടങ്ങിയ പല പ്രശ്‌നങ്ങളും ഉണ്ടാകുമെന്നാണ് വിദഗ്ധര്‍ പറയുന്നത്. കുളി കഴിയുമ്പോള്‍ ആമാശയത്തിന് ചുറ്റുമുള്ള രക്തം ശരീരത്തിന്റെ മറ്റു ഭാഗങ്ങളിലേക്ക് ഒഴുകാന്‍ തുടങ്ങുന്നതിനാല്‍ ഈ സമയം ഭക്ഷണം കഴിക്കുമ്പോള്‍ ദഹനം ശരിയായി നടക്കില്ല. കുളി കഴിയുമ്പോള്‍ ശരീരോഷ്മാവ് കുറവായിരിക്കും എന്നതുകൊണ്ട് ശരിയായ ദഹനം നടക്കില്ലെന്നാണ് ആയുര്‍വേദത്തിലും പറയുന്നത്. അതുകൊണ്ട് കുളി കഴിഞ്ഞും കുളിക്കുന്നതിന് മുമ്പും ഭക്ഷണം കഴിക്കുന്നതിനിടയില്‍ 2-3 മണിക്കൂര്‍ ഇടവേള വേണമെന്നാണ് വിദഗ്ധര്‍ പറയുന്നത്. ഈ പതിവ് തുടരുമ്പോള്‍ ശരീരത്തിന് പല ബൂദ്ധിമുട്ടുകളും അനുഭവപ്പെടാന്‍ തുടങ്ങും. ഇതോടൊപ്പം ശരീരഭാരം വര്‍ദ്ധിക്കാനും അമിതവണ്ണത്തിനും ഇത് കാരണമാകുമെന്നാണ് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്. ഇത് പിന്നീട് പല ഗുരുതര ആരോഗ്യപ്രശ്‌നങ്ങള്‍ക്കും കാരണമാകും. പതിവ് തിരക്കുകള്‍ക്കിടയില്‍ കുളിയും ഭക്ഷണവും തമ്മില്‍ രണ്ട് മൂന്ന് മണിക്കൂര്‍ ഇടവേളയൊന്നും പറ്റില്ലെന്നാണെങ്കില്‍ തണുത്തവെള്ളം ഒഴുവാക്കി ചൂടുവെള്ളത്തില്‍ കുളിക്കാന്‍ ശ്രദ്ധിക്കണമെന്നും വിദഗ്ധര്‍ പറഞ്ഞു.
*ഇന്നത്തെ വിനിമയ നിരക്ക്*
ഡോളര്‍ – 79.57, പൗണ്ട് – 92.92, യൂറോ – 80.95, സ്വിസ് ഫ്രാങ്ക് – 83.24, ഓസ്‌ട്രേലിയന്‍ ഡോളര്‍ – 54.73, ബഹറിന്‍ ദിനാര്‍ – 211.03, കുവൈത്ത് ദിനാര്‍ -258.00, ഒമാനി റിയാല്‍ – 206.89, സൗദി റിയാല്‍ – 21.17, യു.എ.ഇ ദിര്‍ഹം – 21.66, ഖത്തര്‍ റിയാല്‍ – 21.85, കനേഡിയന്‍ ഡോളര്‍ – 61.23.