web cover 69

◼️കിഫ്ബിക്കുവേണ്ടി മസാല ബോണ്ടിലൂടെ പണം സമാഹരിച്ചതു സംബന്ധിച്ച എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ അന്വേഷണത്തിന് സ്റ്റേ ഇല്ല. തുടര്‍ നടപടികള്‍ സ്റ്റേ ചെയ്യണമെന്ന കിഫ്ബിയുടെ ആവശ്യം ഹൈക്കോടതി തള്ളി. ഇ ഡി സമന്‍സ് പ്രവര്‍ത്തനം തടസപ്പെടുത്താനാണെന്നായിരുന്നു കിഫ്ബിയുടെ ആരോപണം. വിദേശനാണ്യ വിനിമയ നിയന്ത്രണ നിയമം ലംഘിച്ചിട്ടുണ്ടെന്നു സംശയിക്കുന്നതായി എന്‍ഫോഴ്സ്മെന്റ് കോടതില്‍ പറഞ്ഞു. ഹര്‍ജി സെപ്റ്റംബര്‍ രണ്ടിന് വീണ്ടും പരിഗണിക്കും.

◼️വൈസ്ചാന്‍സലര്‍ നിയമനത്തില്‍ ഗവര്‍ണറുടെ അധികാരം വെട്ടിക്കുറയ്ക്കുന്ന നിയമഭേദഗതിക്ക് മന്ത്രിസഭ അംഗീകാരം. വിസി നിയമന സമിതിയില്‍ സര്‍ക്കാര്‍ നോമിനേറ്റ് ചെയ്യുന്നയാളെ ഗവര്‍ണറുടെ നോമിനിയാക്കണമെന്നാണു പുതിയ നിയമം. സേര്‍ച്ച് കമ്മിറ്റിയുടെ എണ്ണം മൂന്നില്‍നിന്ന് അഞ്ചാക്കാനും തീരുമാനിച്ചു. ബില്‍ 22 ന് ആരംഭിക്കുന്ന നിയമസഭാ സമ്മേളനത്തില്‍ അവതരിപ്പിക്കും. മുഖ്യമന്ത്രിയെ സര്‍വ്വകലാശാലകളുടെ വിസിറ്ററാക്കണമെന്നും ഓരോ സര്‍വ്വകലാശാലകള്‍ക്കും വെവ്വേറെ ചാന്‍സലറെ നിയമിക്കണമെന്നും നിയമ പരിഷ്‌കരണ ശുപാര്‍ശയില്‍ നിര്‍ദേശിച്ചിരുന്നു.

◼️പാലക്കാട് സിപിഎം പ്രവര്‍ത്തകന്‍ ഷാജഹാനെ കൊലപ്പെടുത്തിയ സംഭവത്തില്‍ രണ്ടു പേര്‍ പിടിയില്‍. മൂന്നാം പ്രതി നവീന്‍, അഞ്ചാം പ്രതി സിദ്ധാര്‍ത്ഥന്‍ എന്നിവരാണ് പിടിയിലായത്. ഇതേസമയം, പ്രതികളാരും സിപിഎം അംഗങ്ങളായിരുന്നില്ലെന്ന് സിപിഎം ജില്ലാ സെക്രട്ടറി ഇ എന്‍ സുരേഷ് ബാബു. പ്രതികളുടെ സിപിഎം ബന്ധം ആരോപിക്കുന്ന ഫേസ്ബുക്ക് പോസ്റ്റുകള്‍ വളെ പഴയതാണെന്നും സുരേഷ് ബാബു പറഞ്ഞു.

*_KSFE_ GOLD LOAN*

*മനുഷ്യപ്പറ്റുള്ള ഗോള്‍ഡ് ലോണ്‍*

നിങ്ങളുടെ അടിയന്തിര സാമ്പത്തിക ആവശ്യങ്ങള്‍ക്ക് *_KSFE_* നല്‍കുന്നു സ്വര്‍ണ പണയ വായ്പ. മിതമായ പലിശ നിരക്കില്‍ ലളിതമായ നടപടിക്രമങ്ങളിലൂടെ 25 ലക്ഷം രൂപ വരെ പ്രതിദിനം നിങ്ങള്‍ക്ക് നേടാം. 12 മാസത്തെ വായ്പാ കാലയളവില്‍ നിശ്ചിത പലിശ അടച്ചതിന് ശേഷം ഒരു വര്‍ഷത്തേക്ക് വായ്പ പുതുക്കാന്‍ കഴിയും, കൂടാതെ പരമാവധി 36 മാസം വരെ ഈ സൗകര്യം ഉപയോഗിക്കാം. *കൂടുതല്‍ വിവരങ്ങള്‍ക്ക് : www.ksfe.com*

◼️ലോകായുക്ത നിയമ ഭേദഗതി ബില്ലിനെച്ചൊല്ലി മന്ത്രിസഭാ യോഗത്തില്‍ ഭിന്നത. നിലവിലെ ഭേദഗതികള്‍ അംഗീകരിക്കാനാകില്ലെന്ന് സിപിഐ മന്ത്രിമാര്‍. ഇപ്പോള്‍ മാറ്റം വരുത്തിയാല്‍ നിയമ പ്രശ്നമുണ്ടാകുമെന്നും പിന്നീട് ചര്‍ച്ചയാകാമെന്നും മുഖ്യമന്ത്രി പറഞ്ഞതോടെ ചര്‍ച്ച അവസാനിച്ചു. ബില്‍ സഭയില്‍ വരുമ്പോള്‍ ഭേദഗതി നിര്‍ദ്ദേശിക്കാനാണ് സിപിഐ നീക്കം. സിപിഐയുടെ ഭേദഗതി സിപിഎം അംഗീകരിക്കാനാണു സാധ്യത.

◼️സാധനങ്ങള്‍ വാങ്ങുമ്പോള്‍ ലഭിക്കുന്ന ജിഎസ്ടി അടച്ച ബില്ലുകളില്‍നിന്ന് നറുക്കെടുത്ത് ഭാഗ്യശാലികളെ തെരഞ്ഞെടുത്ത് അഞ്ചു കോടി രൂപയുടെ സമ്മാനങ്ങള്‍ നല്‍കുന്നു. ബില്ലുകള്‍ ‘ലക്കി ബില്‍’ മൊബൈല്‍ ആപ്പിലൂടെ അപ്ലോഡ് ചെയ്യണം. നികുതിവെട്ടിപ്പ് തടയാന്‍ സംസ്ഥാന ചരക്കു സേവന നികുതി വകുപ്പ് പുറത്തിറക്കുന്ന ലക്കി ബില്‍ മൊബൈല്‍ ആപ്പ് ഇന്നു വൈകീട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. ഇന്ത്യയില്‍ തന്നെ ആദ്യമായാണ് ഒരു സംസ്ഥാനം ഇത്തരത്തിലുള്ള ഒരു സമ്മാന പദ്ധതി നടപ്പാക്കുന്നത്.

◼️തിരുവനന്തപുരത്തു വിഴിഞ്ഞം തുറമുഖംമൂലം കഷ്ടപ്പെടുന്ന മത്സ്യത്തൊഴിലാളികളുടെ സമരം ഒത്തുതീര്‍ക്കാന്‍ ചര്‍ച്ചയ്ക്കു തയ്യാറെന്ന് സര്‍ക്കാര്‍. മന്ത്രിസഭാ ഉപസമിതി ചര്‍ച്ചയ്ക്ക് മുന്‍കൈയെടുക്കും. മുട്ടത്തറയില്‍ മൃഗസംരക്ഷണ വകുപ്പിന് കീഴിലെ പതിനേഴര ഏക്കര്‍ ഭൂമി ഭവനപദ്ധതിക്കായി വിട്ടുനല്‍കാമെന്നാണു ധാരണ.

*ജോയ്ആലുക്കാസ് വിശേഷങ്ങള്‍*

ജോയ്ആലുക്കാസിലെ എല്ലാ സ്വര്‍ണാഭരണങ്ങള്‍ക്കും ഇപ്പോള്‍ പണിക്കൂലിയില്‍ വന്‍ ഇളവ്. സ്വര്‍ണം, ഡയമണ്ട്, മറ്റു ജ്വല്ലറി കളക്ഷനുകളെല്ലാം സ്വര്‍ണ വിപണിയിലെ തന്നെ ഏറ്റവും കുറഞ്ഞ പണിക്കൂലിയിലാണ് ലഭ്യമാക്കുന്നത്. ജോയ്ആലുക്കാസില്‍ നിന്ന് പര്‍ച്ചേയ്സ് ചെയ്യുന്ന ആഭരണങ്ങള്‍ക്ക് ഒരു വര്‍ഷത്തേക്ക് സൗജന്യ ഇന്‍ഷുഷറന്‍സും ലൈഫ്ടൈം ഫ്രീ മെയിന്റനന്‍സും ലഭിക്കുന്നതാണ്. ഒപ്പം എക്സ്ചേഞ്ച് ഓഫറും പ്രയോജനപ്പെടുത്താവുന്നതാണ്.

◼️തീരദേശത്തെ പ്രശ്നങ്ങള്‍ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് തിരുവനന്തപുരം ലത്തീന്‍ അതിരൂപതയുടെ നേതൃത്വത്തില്‍ മല്‍സ്യത്തൊഴിലാളികള്‍ കരിദിനം ആചരിക്കുന്നു. വികസനം എന്ന ഓമനപ്പേരില്‍ മല്‍സ്യത്തൊഴിലാളികളെ ദ്രോഹിക്കുകയാണ്. ഇതിനെതിരെ ആണ് സമരം. വിഴിഞ്ഞം തുറമുഖ നിര്‍മാണം നിര്‍ത്തി വയ്ക്കണം എന്നതടക്കമുള്ള ആവശ്യങ്ങളുന്നയിച്ച് തുറമുഖത്തിന് മുന്നില്‍ ഉപരോധ സമരവും തുടങ്ങി

◼️പുരാവസ്തു തട്ടിപ്പു കേസിലെ പ്രതി മോന്‍സണ്‍ മാവുങ്കലിനുവേണ്ടി പോലീസ് ഡിഐജിയുടെ വാഹനം ദുരുപയോഗിച്ചതിന്റെ തെളിവുകള്‍ പുറത്ത്. മോന്‍സന്റെ സഹോദരിയുടെ ചേര്‍ത്തലയിലെ വീട്ടില്‍ നിന്ന് കോവിഡ് കാലത്ത് തേങ്ങ കൊണ്ടുവന്നത് ഡിഐജിയുടെ കാറിലാണെന്ന് മുന്‍ ഡ്രൈവര്‍ ജെയ്സണ്‍ വെളിപ്പെടുത്തി. പാസ് അടക്കമുള്ള തെളിവുകള്‍ ക്രൈം ബ്രാഞ്ചിനു കൈമാറിയെന്നും ജെയ്സണ്‍ പറഞ്ഞു.

◼️തിരുവല്ല താലൂക്ക് ആശുപത്രിയില്‍നിന്ന് ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു കൊണ്ടുപോകുന്നതിനിടെ ആംബുലന്‍സില്‍ ഓക്സിജന്‍ ഇല്ലാതെ രോഗി മരിച്ചെന്ന പരാതി ശരിയല്ലെന്ന് അന്വേഷണ റിപ്പോര്‍ട്ട്. ആംബുലന്‍സില്‍ ഓക്സിജന്‍ ലഭ്യമാക്കിയിരുന്നു. ആശുപത്രിയില്‍ എത്തിച്ചശേഷമാണ് രോഗി മരിച്ചതെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. തുടരന്വേഷണം ഉണ്ടാകുമെന്നും ആരോഗ്യ മന്ത്രി വീണ ജോര്‍ജ് വ്യക്തമാക്കി.

◼️വടകരയില്‍ സജീവന്റെ കസ്റ്റഡി മരണത്തില്‍ പ്രതികളായ പൊലീസുകാര്‍ക്ക് മുന്‍കൂര്‍ ജാമ്യം. പ്രതികളായ എസ്ഐ എം നിജേഷ്, സിപിഒ പ്രജീഷ്, സസ്പെന്‍ഷനിലുള്ള എഎസ്ഐ അരുണ്‍, സിപിഒ ഗിരീഷ് എന്നിവര്‍ക്കാണ് കോഴിക്കോട് ജില്ലാ സെഷന്‍സ് കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചത്. കഴിഞ്ഞ മാസം 21 ന് രാത്രിയിലാണ് വടകര പൊലീസിന്റെ കസ്റ്റഡിയില്‍ സജീവന്‍ മരിച്ചത്.

◼️തിരുവനന്തപുരം കേശവദാസപുരത്ത് കൊലപ്പെട്ട വീട്ടമ്മ മനോരമയുടെ സ്വര്‍ണാഭരണങ്ങള്‍ കണ്ടെത്തി. വീടിന്റെ അടുക്കളയില്‍ രഹസ്യമായി സൂക്ഷിച്ചിരുന്ന നിലയിലായിരുന്നു എട്ടു പവന്‍ സ്വര്‍ണാഭരണങ്ങള്‍. മനോരമയുടെ ബന്ധുകളാണ് ആഭരണങ്ങള്‍ കണ്ടെത്തിയത്.

◼️പാലക്കാട് ഷാജഹാന്‍ വധക്കേസിലെ പ്രതികള്‍ സിപിഎമ്മുകാര്‍ തന്നെയെന്ന് വി.കെ ശ്രീകണ്ഠന്‍ എംപി. പ്രതികളുടെ ഫേസ്ബുക്ക് പ്രൊഫൈല്‍ പരിശോധിച്ചാല്‍ ഇക്കാര്യം വ്യക്തമാകും. കൊലപാതകത്തിന്റെ ഉത്തരവാദിത്വം ആഭ്യന്തര വകുപ്പിനെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

◼️നടന്‍ നെടുമ്പ്രം ഗോപി തിരുവല്ലയില്‍ അന്തരിച്ചു. 85 വയസായിരുന്നു. ബ്ലെസി സംവിധാനം ചെയ്ത ‘കാഴ്ച’യില്‍ മമ്മൂട്ടിയുടെ അച്ഛനായി വേഷമിട്ടാണ് ഗോപി സിനിമയില്‍ ശ്രദ്ധേയനായത്.

◼️കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തില്‍നിന്ന് കൊലക്കേസ് പ്രതി രക്ഷപ്പെട്ട സംഭവത്തില്‍ മനുഷ്യാവകാശ കമ്മീഷന്‍ റിപ്പോര്‍ട്ട് തേടി. മാനസികാരോഗ്യ കേന്ദ്രം സൂപ്രണ്ടിനോടും ചീഫ് സെക്രട്ടറിയോടുമാണ് കമ്മീഷന്‍ റിപ്പോര്‍ട്ട് തേടിയത്.

◼️പ്രതിപക്ഷ നേതാവിനു കൊട്ടാനുള്ള ചെണ്ടയല്ല കേരളത്തിലെ മന്ത്രിമാരെന്ന് മരാമത്ത് മന്ത്രി മുഹമ്മദ് റിയാസ്. രാഷ്ട്രീയ വിമര്‍ശനങ്ങള്‍ക്ക് മറുപടി പറയാന്‍ വി.ഡി സതീശന്റെ അനുമതി വേണ്ട. പ്രതിപക്ഷ നേതാവിന്റെ പരിചയക്കുറവ് മറച്ചു വയ്ക്കാനാണ് മറ്റുള്ളവരുടെ മേല്‍ കുതിര കയറുന്നതെന്നും മുഹമ്മദ് റിയാസ്.

◼️തിരുവനന്തപുരത്തുനിന്ന് സൈക്കിളില്‍ ലണ്ടനിലേക്ക്. കോഴിക്കോട് ജില്ലയിലെ തലക്കുളത്തൂര്‍ സ്വദേശിയായ ഫായിസ് അഷറഫ് അലിയാണ് സൈക്കിളില്‍ ഉലകം ചുറ്റുന്നത്. 30,000 കിലോമീറ്റര്‍ 450 ദിവസംകൊണ്ട് സഞ്ചരിച്ച് ലണ്ടനിലെത്തുകയാണു ലക്ഷ്യം. കുട്ടികളുടെ അവകാശ സംരക്ഷണ സന്ദേശവുമായാണ് യാത്ര.

◼️ഐബിപിഎസ് വിവിധ ബാങ്കുകളിലേക്ക് ആറായിരത്തിലധികം പ്രൊബേഷണറി ഓഫീസര്‍മാരെ നിയമിക്കാന്‍ അപേക്ഷ ക്ഷണിച്ചു അവസാന തീയതി ആഗസ്റ്റ് 22.

◼️ആദ്യ പ്രധാനമന്ത്രിയും സ്വാതന്ത്ര്യ സമര പോരാളിയുമായ ജവഹര്‍ലാല്‍ നെഹ്റുവിനെ സ്വാതന്ത്ര്യദിന പരസ്യത്തില്‍നിന്ന് ഒഴിവാക്കിയത് ഇന്ത്യാ വിഭജനത്തിന് കാരണക്കാരനായതിനാലാണെന്ന് കര്‍ണാടക ബിജെപി. നെഹ്റുവിനെ ഒഴിവാക്കിയത് മനപ്പൂര്‍വമാണെന്നും സംസ്ഥാന ബിജെപി ജനറല്‍ സെക്രട്ടറിയും എംഎല്‍സിയുമായ എന്‍ രവികുമാര്‍ പറഞ്ഞു.

◼️തെലങ്കാന ഖമ്മം ജില്ലയില്‍ 65 കാരനായ ടിആര്‍എസ് നേതാവ് കൃഷ്ണയ്യയെ വെട്ടിക്കൊന്നു. ഈയിടെയാണ് അദ്ദേഹം സിപിഎമ്മില്‍ നിന്ന് ടിആര്‍എസ് പാര്‍ട്ടിയിലേക്കു മാറിയത്. സിപിഎം തെലങ്കാന സംസ്ഥാന സെക്രട്ടറി തമ്മിനേനി വീരഭദ്രത്തിന്റെ ബന്ധുവാണ് കൊല്ലപ്പെട്ട കൃഷ്ണയ്യ. കൊലപാതകത്തെ തുടര്‍ന്ന് കൃഷ്ണയ്യയുടെ അനുയായികള്‍ സിപിഎം സെക്രട്ടറി വീരഭദ്രത്തിന്റെ സഹോദരന്‍ കോട്ടേശ്വര റാവുവിന്റെ വസതിക്കു നേരെ കല്ലെറിഞ്ഞു.

◼️സിനിമാ നിരൂപകനും ട്രാക്കറുമായ കൗശിക് എല്‍ എം അന്തരിച്ചു. 36 വയസായിരുന്നു. ഗലാട്ട ചാനലിലെ അവതാരകനായിരുന്നു കൗശിക്.

◼️കാഷ്മീരില്‍ ഐടിബിപി ജവാന്മാര്‍ സഞ്ചരിച്ച ബസ് നദിയിലേക്ക് മറിഞ്ഞ് ആറു മരണം. അമര്‍നാഥ് ഡ്യൂട്ടി കഴിഞ്ഞ് മടങ്ങിയവരാണ് അപകടത്തില്‍പ്പെട്ടത്. 39 പേരാണ് ബസില്‍ ഉണ്ടായിരുന്നത്.

◼️രാജസ്ഥാനില്‍ അധ്യാപകന്റെ മര്‍ദ്ദനമേറ്റ് ദളിത് വിദ്യാര്‍ത്ഥി മരിച്ച സംഭവത്തില്‍ ജാതി വിവേചനമല്ലെന്ന് പൊലീസ്. എന്നാല്‍, സ്‌കൂളിന്റെ ഉടമ കൂടിയായ പ്രതി സാക്ഷികളെ സ്വാധീനിക്കുകയാണെന്ന് കുട്ടിയുടെ ബന്ധുക്കള്‍ ആരോപിച്ചു.

◼️പ്രധാനമന്ത്രി നരേന്ദ്ര മോദി ആഹ്വാനം ചെയ്ത ‘ഹര്‍ ഘര്‍ തിരംഗ’ ആഹ്വാനമനുസരിച്ച് രാജ്യത്ത് 30 കോടിയിലധികം ദേശീയ പതാകകള്‍ ഇത്തവണ വിറ്റു പോയെന്ന് വ്യാപാരികള്‍. ഏകദേശം 500 കോടി രൂപയുടെ വരുമാനം ഉണ്ടായെന്നാണ് കോണ്‍ഫഡറേഷന്‍ ഓഫ് ഓള്‍ ഇന്ത്യ ട്രേഡേഴ്സ് പറയുന്നത്.

◼️സ്വാതന്ത്ര്യ ദിനത്തില്‍ ദേശീയ പതാക ഉയര്‍ത്തി കെട്ടുന്നതിനിടെ ഷോക്കേറ്റ ഡോക്ടര്‍ മരിച്ചു. ജമ്മു കാഷ്മീരിലെ കത്വാ ജില്ലയിലല്‍ ചദ്വാള്‍ പ്രദേശത്ത് ഡോ. പവന്‍ കുമാറാണ് മരിച്ചത്. പ്രാഥമിക ആരോഗ്യ കേന്ദ്രത്തില്‍ പതാക ഉയര്‍ത്തിക്കെട്ടാനുള്ള ശ്രമത്തിനിടെ 11 കെവി വൈദ്യുതി ലൈനില്‍ തട്ടിയാണ് ഷോക്കേറ്റത്.

◼️ചൈനീസ് ചാരക്കപ്പല്‍ യുവാന്‍ വാങ് 5 ശ്രീലങ്കയിലെ ഹമ്പന്‍തോട്ട തുറമുഖത്തെത്തി. ഇന്ധനം നിറയ്ക്കാനെന്ന പേരില്‍ കഴിഞ്ഞ ബുധനാഴ്ച തുറമുഖത്ത് അടുപ്പിക്കാന്‍ ചൈന ശ്രമിച്ചിരുന്നു. എന്നാല്‍ ചാരക്കപ്പലാണെന്നും അനുമതി നല്‍കരുതെന്നും ഇന്ത്യ ആവശ്യപ്പെട്ടതോടെ പുറംകടലില്‍ തുടരാന്‍ ശ്രീലങ്ക നിര്‍ദേശിക്കുകയായിരുന്നു. ഇതിനിടെ ഇന്നലെ ശ്രീലങ്ക കപ്പലിന് അനുമതി നല്‍കി. ഇതോടെയാണ് കപ്പല്‍ തുറമുഖത്തു നങ്കൂരമിട്ടത്.

◼️അഖിലേന്ത്യാ ഫുട്ബോള്‍ ഫെഡറേഷന് ഫിഫയുടെ സസ്പെന്‍ഷന്‍. ഫെഡറേഷന്റെ ഭരണത്തില്‍ പുറത്തുനിന്നുള്ള ഇടപെടല്‍ ഉണ്ടായെന്ന് ആരോപിച്ചാണ് ഫിഫയുടെ നടപടി. ഇതോടെ അണ്ടര്‍ 17 വനിതാ ഫുട്ബോള്‍ ലോകകപ്പിന്റെ വേദി ഇന്ത്യക്കു നഷ്ടമാകും. ഒക്ടോബര്‍ 11 മുതല്‍ 30 വരെ കൗമാര വനിതാ ലോകകപ്പ് ഇന്ത്യയില്‍ നടത്താനിരുന്നതാണ്.

◼️സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവില കുറഞ്ഞു. രണ്ട് ദിവസം മാറ്റമില്ലാതെ തുടര്‍ന്ന സ്വര്‍ണവിലയാണ് ഇന്ന് കുറഞ്ഞത്. ഒരു പവന്‍ സ്വര്‍ണത്തിന് 120 രൂപയാണ് കുറഞ്ഞത്. കഴിഞ്ഞ ആഴ്ചയിലെ അവസാന ദിനങ്ങളില്‍ സ്വര്‍ണവില ഉയര്‍ന്നിരുന്നു. രണ്ട് ദിവസംകൊണ്ട് സ്വര്‍ണവിലയില്‍ 640 രൂപയുടെ വര്‍ദ്ധനവ് ഉണ്ടായിരുന്നു. ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നത്തെ വിപണി വില 38,400 രൂപയാണ്. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്റെ വില 15 രൂപ കുറഞ്ഞു. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്റെ ഇന്നത്തെ വിപണി വില 4800 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന്റെ വിലയും കുറഞ്ഞു 15 രൂപയാണ് കുറഞ്ഞത്. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന്റെ ഇന്നത്തെ വിപണി വില 3,965 രൂപയാണ്.

◼️സാംസങ്ങിന്റെ പുതിയ പ്രീമിയം ഫോണുകളുടെ ഇന്ത്യയിലെ വിലവിവരങ്ങള്‍ പുറത്ത്. മടക്കാവുന്ന ഗാലക്‌സി ഫ്ലിപ്പ് 4ന് 90,000 രൂപയും ഗാലക്‌സി ഫോള്‍ഡ് 4ന് 1.55 ലക്ഷം രൂപയുമാണ് വില. രൂപ-ഡോളര്‍ കറന്‍സിയിലെ ചാഞ്ചാട്ടവും ആഗോള വിപണി ഘടകങ്ങളും മുന്‍വര്‍ഷത്തെ മോഡലുകളെ അപേക്ഷിച്ച് ഈ വര്‍ഷം വിലവര്‍ധനവിന് കാരണമായതായി റിപ്പോര്‍ട്ടുകളുണ്ട്. ഗാലക്സി ഇസഡ് ഫോള്‍ഡ് 4, ഗാലക്സി ഇസഡ് ഫ്ലിപ് 4 എന്നിവ മുന്‍കൂട്ടി ബുക്ക് ചെയ്യുന്ന ഉപഭോക്താക്കള്‍ക്ക് 40,000 രൂപയുടെ ആനുകൂല്യങ്ങള്‍ ലഭിക്കും. കൂടാതെ, പ്രീ-ബുക്കിങ്ങില്‍ ഉപഭോക്താക്കള്‍ക്ക് 5,199 രൂപയുടെ സമ്മാനവും ലഭിക്കും. പ്രത്യേക ഓഫറുകള്‍ ഓഗസ്റ്റ് 17 വരെ ലഭിക്കും. ഗാലക്സി ഇസഡ് ഫ്ലിപ് 4 ഹാന്‍ഡ്സെറ്റ് ബോറ പര്‍പ്പിള്‍, ഗ്രാഫൈറ്റ്, പിങ്ക് ഗോള്‍ഡ്, ബ്ലൂ കളര്‍ ഓപ്ഷനുകളിലാണ് വരുന്നത്.

◼️ദുല്‍ഖര്‍ സല്‍മാന്റെ പുതിയ ചിത്രത്തിന് ‘വിലാസിനി മെമ്മോറിയല്‍’ എന്ന് പേര് നല്‍കിയതായി റിപ്പോര്‍ട്ടുകള്‍. ‘കുറുപ്പ്’, ‘ലൂക്ക’ എന്നീ ചിത്രങ്ങളില്‍ അസോസിയേറ്റ് ആയിരുന്ന പ്രവീണ്‍ ചന്ദ്രന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ഇത്. ചിത്രത്തിന്റെ ഷൂട്ടിംഗ് ആഗസ്റ്റ് 17ന് (ചിങ്ങം 1)ആരംഭിക്കും. കോമഡി എന്റര്‍ടെയ്‌നര്‍ ആയി എത്തുന്ന ചിത്രം ഗ്രാമിണ പശ്ചാത്തലത്തില്‍ ആകും ഒരുങ്ങുക. ‘കുഞ്ഞിരാമായണ’ത്തിന് തിരക്കഥയൊരുക്കിയ ദീപു പ്രദീപ് ആണ് ദുല്‍ഖര്‍-പ്രവീണ്‍ ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത്. ചെമ്പന്‍ വിനോദ് ജോസ്, സൗബിന്‍ ഷാഹിര്‍ എന്നിവരും ചിത്രത്തില്‍ മുഖ്യ കഥാപാത്രങ്ങള്‍ കൈകാര്യം ചെയ്യുന്നു. ‘പ്രേമം’, ‘ഭീഷ്മപര്‍വ്വം’ എന്നീ ചിത്രങ്ങള്‍ക്ക് ക്യാമറ ചലിപ്പിച്ച ആനന്ദ് സി ചന്ദേന്‍ ആണ് ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നത്.

◼️അജു വര്‍ഗീസ്, ജോണി ആന്റണി, സൈജു കുറുപ്പ് എന്നിവര്‍ കേന്ദ്ര കഥപാത്രങ്ങളായെത്തുന്ന ചിത്രമാണ് ‘സ്താനാര്‍ത്തി ശ്രീക്കുട്ടന്‍’. നവാഗതനായ വിനേഷ് വിശ്വനാഥ് ആണ് സിനിമ സംവിധാനം ചെയ്യുന്നത്. സിനിമയുടെ ടൈറ്റില്‍ ലുക്ക് പോസ്റ്റര്‍ അണിയറ പ്രവര്‍ത്തകര്‍ പുറത്ത് വിട്ടിരിക്കുകയാണ്. ‘അജു വര്‍ഗീസ്, ജോണി ആന്റണി, സൈജു കുറുപ്പ് പിന്നെ ഒരു ലോഡ് മാസ് പിള്ളേരും’ എന്ന ടാഗ് ലൈനില്‍ ആണ് ചിത്രത്തിന്റെ ടൈറ്റില്‍ ലുക്ക് പോസ്റ്റര്‍ എത്തിയത്. ഒരു സ്‌കൂളിന്റെ പശ്ചാത്തലത്തിലാണ് ചിത്രം ഒരുങ്ങുന്നത്. വിനേഷ് വിശ്വനാഥിനൊപ്പം മുരളി കൃഷ്ണന്‍, ആനന്ദ് മന്മദന്‍, അനൂപ് വി ഷൈലജ എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്.

◼️ഒല ഇലക്ട്രിക് എസ് 1 ഇലക്ട്രിക് സ്‌കൂട്ടര്‍ 99,000 രൂപ പ്രാരംഭ വിലയില്‍ അവതരിപ്പിച്ചു. ആദ്യ 1947 യൂണിറ്റുകള്‍ക്കാണ് പ്രാരംഭ വില സാധുതയുള്ളത്. ഓഗസ്റ്റ് 15 മുതല്‍ 31 വരെയുള്ള കാലയളവിനുള്ളില്‍ 499 രൂപയ്ക്ക് ബുക്കിംഗിന് ഇത് ലഭ്യമാണ്. ഡെലിവറി സെപ്റ്റംബര്‍ 7 മുതല്‍ ആരംഭിക്കും. നേരത്തെയുള്ള ആക്സസ് പര്‍ച്ചേസ് വിന്‍ഡോ സെപ്റ്റംബര്‍ ഒന്നിന് തുറക്കും. കഴിഞ്ഞ വര്‍ഷം പുറത്തിറക്കിയ എസ് 1 പ്രോയ്ക്ക് കൂടുതല്‍ താങ്ങാനാവുന്ന ബദലാണ് ഒല ഇലക്ട്രിക് എസ് 1 എന്ന് കമ്പനി പറയുന്നു. എസ്1 പ്രോയുടെ അതേ പ്ലാറ്റ്‌ഫോമിലാണ് ഒല എസ്1 നിര്‍മ്മിച്ചിരിക്കുന്നത്. മൂന്ന് വ്യത്യസ്ത റൈഡിംഗ് മോഡുകളുമായാണ് ഇത് വരുന്നത്.

◼️പെണ്‍മനസ്സിന്റെ വിഹ്വലതകളും ആധികളും ഒറ്റപ്പെടലുകളും നിറഞ്ഞ രചന. ലളിതാഖ്യാനത്താല്‍ സുന്ദരം. നന്മയുള്ള കഥകള്‍. നല്ല മനസ്സുകളാണ് ഈ കഥകളിലെ എല്ലാ കഥാപാത്രങ്ങളും. ഇവരെ സ്വന്തം കുറ്റങ്ങളും കുറവുകളുമായി മുഖാമുഖം ഇരുത്തുമ്പോള്‍ ഇനിയും നന്നാവാനുള്ള ഒരു വെമ്പല്‍ ഈ കഥാപാത്രങ്ങളില്‍ എല്ലാം ദൃശ്യമാണ്. അതുതന്നെയാണ് ഈ സമാഹാരത്തിന്റെ നന്മയും. ‘ഓണനിലാവ്’. രുഗ്മണി കെ.എല്‍. ഗ്രീന്‍ ബുക്സ്. വില 109 രൂപ.

◼️എല്ലുകള്‍, തരുണാസ്ഥി, മാംസപേശിയെ അസ്ഥിയുമായി ബന്ധിപ്പിക്കുന്ന ടെന്‍ഡനുകള്‍, സന്ധികള്‍, ചര്‍മം തുടങ്ങിയ കോശസംയുക്തങ്ങളില്‍ കാണപ്പെടുന്ന ഒരു തരം പ്രോട്ടീനാണ് കൊളാജന്‍. 28 ടൈപ്പ് കൊളാജനുകള്‍ മനുഷ്യനില്‍ കണ്ടെത്തിയിട്ടുണ്ട്. ഇക്കൂട്ടത്തില്‍പ്പെട്ട കൊളാജന്‍ 12, സ്തനാര്‍ബുദ കോശങ്ങള്‍ ശരീരത്തില്‍ പടരുന്നതില്‍ സുപ്രധാന പങ്ക് വഹിക്കുന്നതായി ഗവേഷണത്തില്‍ കണ്ടെത്തി. ഓസ്ട്രേലിയയിലെ ഗാര്‍വന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ റിസര്‍ച്ചിലെ ഗവേകരാണ് ഇതു സംബന്ധിച്ച പഠനം നടത്തിയത്. ഉയര്‍ന്ന തോതിലുള്ള കൊളാജന്‍ 12 അര്‍ബുദ കോശങ്ങളെ അവയുടെ പ്രഭവ സ്ഥാനത്തുനിന്ന് ശരീരത്തിന്റെ മറ്റിടങ്ങളിലേക്ക് പടരാന്‍ സഹായിക്കുമെന്ന് ഗവേഷകര്‍ പറയുന്നു. അര്‍ബുദ കോശങ്ങള്‍ക്ക് ചുറ്റുമുള്ള ‘ട്യൂമര്‍ മൈക്രോ’ പരിസ്ഥിതിയുടെ ഭാഗമാണ് കൊളാജനെന്നും വിത്തുകള്‍ക്കു വളരാന്‍ മണ്ണ് അനുകൂല സാഹചര്യം ഒരുക്കിക്കൊടുക്കുന്നതുപോലെ അര്‍ബുദ കോശങ്ങള്‍ക്കു പെരുകാന്‍ ഈ ആവരണം സഹായകമാകും. കൊളാജന്‍ അടങ്ങിയ ഈ ആവരണത്തെ കുറിച്ച് കൂടുതല്‍ പഠിക്കുന്നതു വഴി, എന്തുകൊണ്ടാണ് ചില അര്‍ബുദ കോശങ്ങള്‍ മറ്റുള്ളവയെക്കാള്‍ മാരകമാകുന്നതെന്ന് അറിയാന്‍ സാധിക്കുമെന്ന് ഗവേഷകര്‍ ചൂണ്ടിക്കാട്ടി. അര്‍ബുദ ചികിത്സയ്ക്ക് നൂതന മാര്‍ഗങ്ങള്‍ വികസിപ്പിക്കാനും ഇത് സഹായകമാകാമെന്ന് നേച്ചര്‍ കമ്യൂണിക്കേഷന്‍സ് ജേണലില്‍ പ്രസിദ്ധീകരിച്ച പഠനം പ്രത്യാശ പ്രകടിപ്പിക്കുന്നു. എലികളില്‍ നടത്തിയ പഠനത്തില്‍, അര്‍ബുദ കോശങ്ങള്‍ വളരുന്നതിനൊപ്പം കൊളാജന്‍ 12 ന്റെ തോതും വര്‍ധിക്കുന്നതായി ഗവേഷകര്‍ നിരീക്ഷിച്ചു. അര്‍ബുദത്തിന്റെ സ്വഭാവത്തെ മാറ്റിമറിച്ച് അവയെ കൂടുതല്‍ ആക്രമണോത്സുകരാക്കുന്നതില്‍ കൊളാജന് പങ്കുണ്ടെന്നും ഗവേഷകര്‍ കരുതുന്നു. അര്‍ബുദ കോശങ്ങളുടെ ബയോപ്സിയില്‍ കൊളാജന്‍ 12 ന്റെ തോത് കൂടി അളക്കുന്നത് അര്‍ബുദം എത്രവേഗം പടരാമെന്നതിനെക്കുറിച്ച് സൂചനകള്‍ നല്‍കുമെന്നും പഠന റിപ്പോര്‍ട്ട് കൂട്ടിച്ചേര്‍ക്കുന്നു.

*ഇന്നത്തെ വിനിമയ നിരക്ക്*

ഡോളര്‍ – 79.35, പൗണ്ട് – 95.63, യൂറോ – 80.58, സ്വിസ് ഫ്രാങ്ക് – 83.70, ഓസ്‌ട്രേലിയന്‍ ഡോളര്‍ – 55.65, ബഹറിന്‍ ദിനാര്‍ – 210.48, കുവൈത്ത് ദിനാര്‍ -258.60, ഒമാനി റിയാല്‍ – 206.34, സൗദി റിയാല്‍ – 21.13, യു.എ.ഇ ദിര്‍ഹം – 21.60, ഖത്തര്‍ റിയാല്‍ – 21.79, കനേഡിയന്‍ ഡോളര്‍ – 61.45.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *