web 1

ഇന്ത്യയുടെ പതിനഞ്ചാമത് രാഷ്ട്രപതിയായി ദ്രൗപതി മുര്‍മു സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ചീഫ് ജസ്റ്റിസ് എന്‍.വി രമണ സത്യവാചകം ചൊല്ലിക്കൊടുത്തു. സ്വാതന്ത്ര്യം കിട്ടിയതിന്റെ 75-ാം വര്‍ഷത്തില്‍ ഗോത്രവിഭാഗത്തില്‍ നിന്നുള്ള ഒരു വനിത രാജ്യത്തിന്റെ പ്രഥമ പൗരയായി, രാഷ്ട്രപതിയാകുന്ന ഏറ്റവും പ്രായം കുറഞ്ഞ വനിതയായി. രാഷ്ട്രപതി രാം നാഥ് കോവിന്ദിനൊപ്പമാണ് നിയുക്ത രാഷ്ട്രപതി പാര്‍ലമെന്റിലെ സെന്‍ട്രല്‍ ഹാളില്‍ പ്രവേശിച്ചത്. ഗാന്ധിജിയുടെ സ്മൃതികുടീരമായ രാജ്ഘട്ടില്‍ ആദരാഞ്ജലിയര്‍പ്പിച്ചശേഷമാണ് ദ്രൗപതി മുര്‍മു എത്തിയത്.

ദളിതുകള്‍ക്കും സ്വപ്നം കാണാമെന്നതിന്റെ തെളിവാണ് തന്റെ യാത്രയെന്ന് രാഷ്ട്രപതിയായി ചുമതലയേറ്റ ദ്രൗപതി മുര്‍മു. പ്രാഥമിക വിദ്യാഭ്യാസം പോലും സ്വപ്നം കണ്ടിരുന്ന തലമുറയായിരുന്നു തന്റേത്. വനിതാ ശാക്തീകരണവും ദളിത് ഉന്നമനവും സാധ്യമാക്കും. പാര്‍ശ്വവത്ക്കരിക്കപ്പെട്ടവരുടെ ശബ്ദമാകും. രാജ്യമേല്‍പിച്ച വിശ്വാസമാണ് തന്റെ ശക്തിയെന്നും ദ്രൗപതി മുര്‍മു പറഞ്ഞു.

കണ്ണൂര്‍ പിണറായിയില്‍ ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍ പാനുണ്ടയിലെ പുതിയ വീട്ടില്‍ ജിംനേഷ് കുഴഞ്ഞുവീണു മരിച്ചു. സിപിഎം പ്രവര്‍ത്തകരുടെ മര്‍ദനമേറ്റാണു മരിച്ചതെന്ന് ആര്‍.എസ്.എസ് ആരോപിച്ചു. എന്നാല്‍ പിണറായിയിലെ സംഘര്‍ഷത്തില്‍ പരിക്കേറ്റ ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്കൊപ്പം ആശുപത്രിയില്‍ കൂട്ടിരിപ്പുകാരനായിരുന്നയാളാണ് ജിംനേഷ് എന്നും ആശുപത്രിയില്‍ വച്ചാണ് ഇയാള്‍ കുഴഞ്ഞുവീണു മരിച്ചതെന്നും പൊലീസ് പറയുന്നു.

ആലപ്പുഴ ജില്ലാ കളക്ടറായി ശ്രീറാം വെങ്കിട്ടരാമനെ നിയമിച്ചതിനെതിരെ കളക്ടറേറ്റിനു മുന്നില്‍ കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ ധര്‍ണ. പത്രപ്രവര്‍ത്തകന്‍ കെ എം ബഷീറിന്റെ കൊലപാതകത്തില്‍ വിചാരണ നേരിടുന്ന ശ്രീറാമിനെ കളക്ടറായി നിയമിച്ചത് ജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന് കോണ്‍ഗ്രസ് നേതാക്കളായ രമേശ് ചെന്നിത്തലയും കെ സി വേണുഗോപാലും പറഞ്ഞു.

തിരുവനന്തപുരത്ത് അഭിഭാഷകരുടെ കോടതി ബഹിഷ്‌കരണ സമരം. വിദേശ വനിതയുടെ കൊലക്കേസ് വിചാരണക്കിടെ കാണാതായ തൊണ്ടി മുതലായ ഫോട്ടോ കണ്ടുകിട്ടുന്നതുവരെ സെഷന്‍സ് ജഡ്ജി കോടതിമുറിയില്‍ അഭിഭാഷകരെ തടഞ്ഞുവച്ച് അധിക്ഷേപിച്ചു സംസാരിച്ചെന്ന് ആരോപിച്ചാണ് പ്രതിഷേധ സമരം. ബാര്‍ അസോസിയേഷന്റെ നേതൃത്വത്തില്‍ ഈ മാസം 30 വരെ കോടതി ബഹിഷ്‌കരിക്കാനാണു തീരുമാനം.

പോള്‍ മുത്തൂറ്റ് വധക്കേസില്‍ വിശദമായി വാദം കേള്‍ക്കാമെന്നു സുപ്രീംകോടതി. എട്ടു പ്രതികളുടെ ജീവപര്യന്തം തടവുശിക്ഷ റദ്ദാക്കി വെറുതെവിട്ട ഹൈക്കോടതി വിധിക്കെതിരേ മുത്തൂറ്റ് കുടുംബം നല്‍കിയ അപ്പീല്‍ പരിഗണിച്ചാണ് വിശദമായി വാദം കേള്‍ക്കാമെന്ന് കോടതി വ്യക്തമാക്കിയത്.

കള്ളപ്പണം വെളുപ്പിച്ചെന്ന കേസില്‍ സിഎസ്ഐ ദക്ഷിണ കേരള മഹാഇടവക ബിഷപ്പിനെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്യുന്നു. ബിഷപ്സ് ഹൗസിലും സഭാ സെക്രട്ടറിയുടെ വീട്ടിലും കാരക്കോണം മെഡിക്കല്‍ കോളജിലും കോളേജ് ഡയറക്ടറുടെ വീട്ടിലും പരിശോധന നടത്തുന്നുണ്ട്. മെഡിക്കല്‍ കോളേജില്‍ തലവരിപ്പണം വാങ്ങിയെന്നും വിദേശനാണ്യ ചട്ടങ്ങള്‍ ലംഘിച്ചെന്നും അടക്കമുള്ള കേസുകളിലാണ് അന്വേഷണം.

യുഡിഎഫ് വിപുലീകരണം മുന്നണിയില്‍ ചര്‍ച്ച ചെയ്തിട്ടില്ലെന്ന് കേരള കോണ്‍ഗ്രസ് നേതാവ് പി.ജെ. ജോസഫ്. കോണ്‍ഗ്രസ് അവരുടെ അഭിപ്രായമാണ് പറഞ്ഞത്. ഇടതുമുന്നണിയിലെ ഏതെങ്കിലും ഒരു പാര്‍ട്ടി യുഡിഎഫിലേക്കു വരുന്നുണ്ടെങ്കില്‍ സ്വാഗതം ചെയ്യും. യുഡിഎഫ് വിട്ടുപോയവരെയല്ല ഇടതുമുന്നണിയിലെ അസംതൃപ്തരെയാണ് സ്വാഗതം ചെയ്യുന്നത്. പി.ജെ ജോസഫ് പ്രതികരിച്ചു.

യുഡിഎഫില്‍നിന്ന് ആരെയും പറഞ്ഞു വിട്ടിട്ടില്ലെന്നും പോയവരെല്ലാം കൃത്യമായ അജന്‍ഡയുമായാണ് പോയതെന്നും കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗം നേതാവ് മോന്‍സ് ജോസഫ്. എല്‍ഡിഎഫിലെ അസംതൃപ്തരായ കക്ഷികളുടെ പിന്തുണ തേടണമെന്ന കോണ്‍ഗ്രസ് ചിന്തന്‍ ശിബിരത്തിലെ നയത്തോട് പ്രതികരിക്കുകയായിരുന്നു മോന്‍സ് ജോസഫ്.

ആറ്റിങ്ങലില്‍ എട്ടു വയസുകാരിയെയും പിതാവിനെയും പിങ്ക് പോലീസ് അപമാനിച്ച സംഭവത്തില്‍ നഷ്ടപരിഹാരം ആരില്‍നിന്ന് ഈടാക്കണമെന്നതു സംബന്ധിച്ചു സര്‍ക്കാരിന്റെ അപ്പീല്‍ ഇന്നു ഹൈക്കോടതി ഡിവിഷന്‍ ബഞ്ചില്‍. പിങ്ക് പോലീസ് ഉദ്യോഗസ്ഥയില്‍ നിന്ന് നഷ്ടപരിഹാരത്തുക ഈടാക്കി പെണ്‍കുട്ടിക്കു നല്‍കാന്‍ ആഭ്യന്തര വകുപ്പ് രണ്ടാഴ്ച മുന്‍പ് ഉത്തരവിറക്കിയിരുന്നു. ഉദ്യോഗസ്ഥ ചെയ്ത കുറ്റത്തിനു സര്‍ക്കാരല്ല, ഉദ്യോഗസ്ഥയാണ് പിഴയടയ്ക്കേണ്ടതെന്ന വാദവുമായാണ് ഡിവിഷന്‍ ബഞ്ചിനെ സമീപിച്ചിരിക്കുന്നത്.

റാന്നി താലൂക്ക് ആശുപത്രിയിലെ ഡോക്ടര്‍ ആദിവാസി വിഭാഗത്തിലെ രോഗിയുടെ കൈയ്യില്‍നിന്ന് രണ്ടായിരം രൂപ കൈക്കൂലി വാങ്ങിയെന്നു പരാതി. അനസ്തേഷ്യ ഡോക്ടര്‍ ചാര്‍ലിക്കെതിരെയാണ് അടിച്ചിപ്പുഴ സെറ്റില്‍മെന്റ് കോളനിയിലെ അനിത അഭിലാഷ് പരാതി നല്‍കിയത്. ഡോക്ടര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് റാന്നി എംഎല്‍എ പ്രമോദ് നാരയണനും ആരോഗ്യവകുപ്പിനെ സമീപിച്ചിട്ടുണ്ട്.

ഡ്രൈവിംഗ് ടെസ്റ്റിനിടെ പെണ്‍കുട്ടിയെ കയറിപ്പിടിച്ചന്ന പരാതിയില്‍ പത്തനാപുരത്തെ മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍ എ.എസ് വിനോദ്കുമാറിനെ സസ്പെന്‍ഡു ചെയ്തു. പെണ്‍കുട്ടി മുഖ്യമന്ത്രിക്ക് അയച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.

സ്വപ്ന സുരേഷിന്റെ രഹസ്യമൊഴിയുടെ പകര്‍പ്പ് കേസുമായി ഒരു ബന്ധവുമില്ലാത്ത സരിത എസ് നായര്‍ അവകാശപ്പെടുന്നത് എന്തടിസ്ഥാനത്തിലാണെന്നു ഹൈക്കോടതി. കേസുമായി ബന്ധമില്ലാത്തവര്‍ക്കു നല്‍കാനുള്ളതല്ല രഹസ്യമൊഴിപ്പകര്‍പ്പ്. ഹര്‍ജി വിധി പറയാനായി മാറ്റിവച്ചു.

അടിമാലി പഞ്ചായത്തിലെ താത്കാലിക ജീവനക്കാരന്‍ ഒരേ സമയം ആറു തസ്തികകളില്‍ ജോലി ചെയ്ത് പ്രതിഫലം കൈപ്പറ്റിയെന്ന് ആരോപണം. സംഭവത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് അടിമാലി സ്വദേശി അലി വിജിലന്‍സിനെ സമീപിച്ചു. സ്പെഷ്യല്‍ ബ്രാഞ്ച് പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. 2017 മുതല്‍ 2021 വരെ ജീവനക്കാരന്‍ ക്രമവിരുദ്ധമായി ശമ്പളം വാങ്ങിയെന്നാണ് ആരോപണം.

തിരുവനന്തപുരം കോട്ടണ്‍ഹില്‍ സ്‌കൂളില്‍ ജൂണിയര്‍ വിദ്യാര്‍ത്ഥിനികളെ സീനിയര്‍ വിദ്യാര്‍ത്ഥിനികള്‍ മൂത്രപ്പുരയില്‍നിന്ന് ഇറക്കിവിട്ട് റാഗു ചെയ്തെന്ന ആരോപണത്തില്‍ ഇടപെട്ട് വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി. മന്ത്രി സ്‌കൂള്‍ അധികൃതരുടെ യോഗം വിളിച്ചു. സീനിയര്‍ വിദ്യാര്‍ത്ഥിനികള്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് രക്ഷിതാക്കള്‍ രംഗത്തെത്തിയിരുന്നു. സ്‌കൂളിനെ തകര്‍ക്കാനുള്ള ശ്രമമെന്നാണ് അധ്യാപക രക്ഷകര്‍തൃ സമിതിയുടെ ആരോപണം.

പാലക്കാട് മങ്കര ഗവണ്‍മെന്റ് ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ ക്ലാസ് മുറിയില്‍ വിദ്യാര്‍ത്ഥിനിയുടെ കാലില്‍ പാമ്പ് ചുറ്റി. ഉഗ്ര വിഷമുള്ള വെള്ളിക്കെട്ടനാണ് കുട്ടിയുടെ കാലിലൂടെ ഇഴഞ്ഞത്. ഉടന്‍ തന്നെ വിദ്യാര്‍ത്ഥിനിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പാമ്പ്കടി ഏറ്റിട്ടില്ലെന്നാണ് നിഗമനം.

തൃശൂരില്‍ 50 ലക്ഷം രൂപ വിലവരുന്ന 3,600 ലിറ്റര്‍ വിദേശമദ്യം പിടികൂടി. മാഹിയില്‍നിന്ന് പാലുമായി വരുന്ന വാഹനത്തിലാണ് മദ്യക്കടത്ത്. തിരുവനന്തപുരം സ്വദേശി കൃഷ്ണകുമാര്‍, കൊല്ലം സ്വദേശി സജി എന്നിവര്‍ പിടിയിലായി.

സീറോ മലബാര്‍ സഭയില്‍ വിമത പ്രവര്‍ത്തനത്തിനു നേതൃത്വം നല്‍കുന്ന എറണാകുളം അങ്കമാലി അതിരൂപതാ മെത്രാപ്പോലീത്തന്‍ വികാരി മാര്‍ ആന്റണി കരിയിലിനോടു രാജിവയ്ക്കാന്‍ വത്തിക്കാന്‍ ആവശ്യപ്പെട്ടു. അപ്പസ്തോലിക് നൂണ്‍ഷ്യോ ഡല്‍ഹിയിലേക്കു വിളിപ്പിച്ചാണ് രാജിവയ്ക്കാന്‍ നിര്‍ദേശിച്ചത്. രാജിവയ്ക്കരുതെന്ന് കൊച്ചിയിലെ വിമത വൈദികര്‍. വത്തിക്കാന്‍ സ്ഥാനപതി നാളെ കൊച്ചിയിലെത്തും.

കുന്നംകുളത്ത് യുവതിയെ പീഡിപ്പിച്ച സംഭവത്തില്‍ വനിതാ കമ്മിഷന്‍ സ്വമേധയാ കേസെടത്തു. കമ്മീഷനംഗം അഡ്വ. ഷിജി ശിവജി ഇന്ന് അതിജീവിതയെ സന്ദര്‍ശിച്ച് മൊഴിയെടുക്കും. പോലീസിനോട് വനിത കമ്മീഷന്‍ വിവരങ്ങള്‍ തേടി. യുവതിയെ പീഡിപ്പിച്ച സംഭവത്തില്‍ ഭര്‍ത്താവിനെയും ബന്ധുവിനെയും കുന്നംകുളം പൊലീസ് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു.

കോഴിക്കോട് ആവിക്കല്‍ മലിനജല സംസ്‌കരണ പ്ലാന്റിനെതതിരേ പ്രദേശവാസികളായ വനിതകള്‍ നടത്തുന്ന സമരത്തിന് പിന്തുണയറിയിച്ച് കെ.കെ രമ എംഎല്‍എയും യുഡിഎഫും. വി.ടി ബല്‍റാം, പ്രദേശത്തെ കൗണ്‍സിലര്‍, മുന്‍ കൗണ്‍സിലര്‍മാര്‍ എന്നിവരും പിന്തുണയുമായി എത്തി.

കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ ശിവസേനയിലെ ഉദ്ധവ് താക്കറെ പക്ഷം സുപ്രീംകോടതിയെ സമീപിച്ചു. യഥാര്‍ഥ ശിവസേന ഏതെന്നു തീരുമാനിക്കാന്‍ ഭൂരിപക്ഷം തെളിയിക്കുന്ന രേഖകള്‍ ഹാജരാക്കണമെന്ന് ശിവസേനയിലെ ഇരുപക്ഷങ്ങള്‍ക്കും കമ്മീഷന്‍ നോട്ടീസ് അയച്ചിരുന്നു. ഇത് നിയമവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഹര്‍ജി. വിമത എംഎല്‍എമാരുടെ അയോഗ്യതയടക്കമുള്ള വിഷയങ്ങള്‍ സുപ്രീംകോടതിയുടെ ഭരണഘടനാബെഞ്ചിന്റെ പരിഗണനയിലിരിക്കേ തെരഞ്ഞെടുപ്പു കമ്മീഷന്റെ നടപടികള്‍ തടയണമെന്നാണ് ആവശ്യം.

രാഷ്ട്രപതി ദ്രൗപദി മുര്‍മ്മുവിന്റെ സത്യപ്രതിജ്ഞ ചടങ്ങില്‍ നിന്ന് ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ വിട്ടുനിന്നു. ബിജെപിയുമായി നിലനില്‍ക്കുന്ന അഭിപ്രായ ഭിന്നതകള്‍ക്കിടെയാണ് നിതീഷ് കുമാറിന്റെ അസാന്നിധ്യം ചര്‍ച്ചയായത്. ഇക്കഴിഞ്ഞ ദിവസം നിതീഷ്‌കുമാറിന്റെ ആര്‍ജെഡി പാര്‍ട്ടി സംസ്ഥാന പ്രസിഡന്റ് ആര്‍എസ്എസിനെ നിശിതമായി വിമര്‍ശിച്ചിരുന്നു.

ഉത്തര്‍പ്രദേശില്‍ രണ്ട് ഡബിള്‍ഡക്കര്‍ ബസുകള്‍ കൂട്ടിയിടിച്ച് എട്ടു പേര്‍ മരിച്ചു. പൂര്‍വാഞ്ചല്‍ എക്സ്പ്രസ്വേയിലാണ് അപകടം ഉണ്ടായത്.

ടെസ്ല സ്ഥാപകന്‍ ഇലോണ്‍ മസ്‌കുമായുള്ള സൗഹാര്‍ദം അവസാനിപ്പിക്കുകയാണെന്ന് ഗൂഗിള്‍ സഹസ്ഥാപകന്‍ സെര്‍ഗെയ് ബ്രിന്‍. തന്റെ ഭാര്യ നിക്കോള്‍ ഷാനഹാനുമായി മസ്‌കിനു രഹസ്യബന്ധമുണ്ടെന്നു കണ്ടെത്തിയതിനാലാണ് സൗഹാര്‍ദം അവസാനിപ്പിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. മസ്‌കിന്റെ കമ്പനികളിലുള്ള നിക്ഷേപങ്ങളെല്ലാം പിന്‍വലിക്കുമെന്ന് ബ്രിന്‍ പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാല്‍ മസ്‌ക്ക് ആരോപണം നിഷേധിച്ചു.

ഇന്ത്യയിലെ രണ്ടാമത്തെ വലിയ ഐ.ടി കമ്പനിയായ ഇന്‍ഫോസിസ് നടപ്പുവര്‍ഷത്തെ ഏപ്രില്‍-ജൂണ്‍പാദത്തില്‍ 5,360 കോടി രൂപ ലാഭം രേഖപ്പെടുത്തി. മുന്‍വര്‍ഷത്തെ സമാനപാദത്തിലെ 5,195 കോടി രൂപയേക്കാള്‍ 3.2 ശതമാനം അധികമാണിത്. കഴിഞ്ഞവര്‍ഷത്തെ നാലാംപാദമായ ജനുവരി-മാര്‍ച്ചിലെ 5,686 കോടി രൂപയെ അപേക്ഷിച്ച് ലാഭം 5.7 ശതമാനം കുറഞ്ഞു. വരുമാനം വാര്‍ഷികാടിസ്ഥാനത്തില്‍ 27,896 കോടി രൂപയില്‍ നിന്ന് 24 ശതമാനം മെച്ചപ്പെട്ട് 34,470 കോടി രൂപയായി. ബംഗളൂരു ആസ്ഥാനമായുള്ള ഇന്‍ഫോസിസിന്റെ മൊത്തം വരുമാനത്തില്‍ 61.8 ശതമാനവും അമേരിക്കയില്‍ നിന്നാണ്. യൂറോപ്പ് (25 ശതമാനം), ഇന്ത്യ (2.6 ശതമാനം), മറ്റ് രാജ്യങ്ങള്‍ (10.6 ശതമാനം) എന്നിങ്ങനെയുമാണ് വരുമാനവിഹിതം.

കൊവിഡ് പ്രതിസന്ധി ആഞ്ഞടിച്ച 2020-21 സാമ്പത്തികവര്‍ഷം കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങളുടെ ലാഭം കുതിച്ചുയര്‍ന്നത് 70 ശതമാനം. കൊവിഡ് പ്രതിസന്ധി ഇല്ലാതിരുന്ന 2019-20ല്‍ ലാഭം 35 ശതമാനം ഇടിഞ്ഞിരുന്നു. കൊവിഡ് കാലത്ത് പ്രവര്‍ത്തനച്ചെലവ് കുറഞ്ഞതും പലിശനിരക്ക് എക്കാലത്തെയും താഴ്ന്നനിരക്കില്‍ തുടര്‍ന്നതുമാണ് 2020-21ല്‍ ലാഭം കൂടാന്‍ മുഖ്യകാരണം. അസംസ്‌കൃത വസ്തുക്കളുടെ വിലക്കുറവും തുണച്ചു. 2019-20ലെ 0.93 ലക്ഷം കോടി രൂപയില്‍ നിന്ന് 1.58 ലക്ഷം കോടി രൂപയിലേക്കാണ് 2020-21ല്‍ പൊതുമേഖലാ സ്ഥാപനങ്ങളുടെ സംയുക്ത അറ്റാദായം മെച്ചപ്പെട്ടത്. 255 കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങളുടെ കണക്കാണിത്. അതേസമയം, വരുമാനം 1.3 ശതമാനം താഴ്ന്ന് 24.26 ലക്ഷം കോടി രൂപയായി. പെട്രോളിയം (റിഫൈനറി, മാര്‍ക്കറ്റിംഗ്), ഗതാഗതം, ചരക്കുനീക്കം മേഖലകളുടെ തളര്‍ച്ചയാണ് വരുമാനത്തെ ബാധിച്ചത്.

കുഞ്ചാക്കോ ബോബന്റെ ‘ന്നാ താന്‍ കേസ് കൊട്’ എന്ന ചിത്രത്തിലെ പുതിയ ഗാനം റിലീസ് ചെയ്തു. 1985ല്‍ പുറത്തിറങ്ങിയ മമ്മൂട്ടി നായകനായെത്തിയ ‘കാതോട് കാതോരം’ എന്ന ചിത്രത്തിലെ ‘ദേവദൂതര്‍ പാടി’ എന്ന ഹിറ്റ് ഗാനത്തിന്റെ പുനഃസൃഷ്ടിയാണ് പുതിയ ഗാനം. മില്ലേനിയം ഓഡിയോസിന്റെ യൂട്യൂബ് ചാനലിലൂടെയാണ് ഗാനം പ്രീമിയര്‍ ചെയ്തത്. ക്ഷേത്രത്തിലെ ഉത്സവത്തിലെ ഗാനമേളയുടെ പശ്ചാത്തലത്തിലാണ് ‘ദേവദൂതര്‍ പാടി’ എന്ന ഗാനം എത്തുന്നത്. ഓഗസ്റ്റ് 12നാണ് ചിത്രം റിലീസ് ചെയ്യുന്നത്. രതീഷ് ബാലകൃഷ്ണ പൊതുവാള്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഗായത്രി ശങ്കര്‍ ചിത്രത്തില്‍ നായികയാകും.

ഷാജി കൈലാസ് സംവിധാനം ചെയ്ത കടുവ ചിത്രത്തിലെ ഒരു ഗാനം യൂട്യൂബിന്റെ ടോപ്പ് മ്യൂസിക് വീഡിയോ ലിസ്റ്റില്‍ ഇടംപിടിച്ചിരിക്കുകയാണ്. പാലാ പള്ളി തിരുപ്പള്ളി എന്ന ഗാനമാണ് യൂട്യൂബ് ടോപ്പ് മ്യൂസിക് ലിസ്റ്റില്‍ കയറിയത്. ഈ മാസം അഞ്ചാം തീയതി പുറത്തിറങ്ങിയ ഗാനത്തിന് ഏഴ് മില്ല്യണിലേറെ കാഴ്ചക്കാരേയും ലഭിച്ചു. സന്തോഷ് വര്‍മയും ശ്രീഹരി തറയിലുമാണ് ഗാനരചന. അതുല്‍ നറുകര ആലപിച്ച ഗാനത്തിന് തിയേറ്ററുകളിലും വലിയ സ്വീകരണമാണ് ലഭിച്ചത്. ജേക്‌സ് ബിജോയിയാണ് ചിത്രത്തിലെ മറ്റുഗാനങ്ങള്‍ ഒരുക്കിയത്. അര്‍ജുന്‍ അശോകന്‍, അലന്‍സിയര്‍, ബൈജു, രഞ്ജി പണിക്കര്‍ തുടങ്ങിയവരാണ് മറ്റുപ്രധാനവേഷങ്ങളിലെത്തിയത്.

ഇന്ത്യയിലെ ഏറ്റവും വലിയ ടൂവീലര്‍ നിര്‍മ്മാണക്കമ്പനിയായ ഹീറോ മോട്ടോകോര്‍പ്പിന്റെ ശ്രദ്ധേയ മോഡലായ എക്‌സ്പള്‍സ് 200 4വിയുടെ റാലി എഡിഷന്‍ വിപണിയിലെത്തി. മികവുറ്റ സസ്‌പെന്‍ഷന്‍ സംവിധാനവും ഉയര്‍ന്ന ഗ്രൗണ്ട് ക്ളിയറന്‍സും സവിശേഷതകളാക്കിയാണ് റാലി എഡിഷനെത്തുന്നത്. കമ്പനിയുടെ ഓണ്‍ലൈന്‍ ഷോപ്പിംഗ് സൈറ്റില്‍ ആരംഭിച്ച പുത്തന്‍ ബൈക്കിന്റെ ബുക്കിംഗ് 29 വരെ നീളും. എത്ര കഠിനമായ ഓഫ്-റോഡുകള്‍ക്കും ഇണങ്ങുംവിധം ഫാക്ടറി-ഫിറ്റഡ് റാലി കിറ്റുള്‍പ്പെടെയാണ് പുത്തന്‍ എക്‌സ്പള്‍സ് 200 4വി എത്തുന്നത്. മാറ്റ് നെക്‌സസ് ബ്ളൂ, പോളസ്റ്റര്‍ ബ്ളൂ, സ്പോര്‍ട്‌സ് റെഡ് നിറഭേദങ്ങളില്‍ പുതിയ മോഡല്‍ ലഭിക്കും.

നമ്മുടെ കണ്‍വെട്ടത്തുതന്നെയുള്ള കാണാമറയങ്ങളില്‍ ഒളിഞ്ഞിരിക്കുന്ന ഒരു മായാലോകത്തിന്റെ അറിവുകളും അനുഭവങ്ങളും അനുമതികളും നിറഞ്ഞുനില്‍ക്കുന്ന ബാര്‍മാന്‍ മലയാള നോവലിലെ ഒന്നാന്തരമൊരു വായനാനുഭവമാണ്. ബാറിലെ അര്‍ദ്ധാന്ധകാരത്തില്‍ നിഴലുകളെപ്പോലെ നമ്മെ സമീപി ക്കുകയും സേവനം നല്‍കുകയും ചെയ്യുന്ന ബാര്‍മാന്റെയും വെയിറ്ററുടെയും പിന്നില്‍ സജീവവും സങ്കീര്‍ണ്ണവുമായ മനുഷ്യജീവിത യാഥാര്‍ത്ഥ്യങ്ങള്‍ സ്പന്ദിക്കുന്നുണ്ട്. ‘ബാര്‍മാന്‍’. പ്രതാപന്‍. ഡിസി ബുക്സ്. വില 280 രൂപ.

പൊട്ടാസ്യം സമ്പുഷ്ടമായ ഭക്ഷണക്രമം പിന്തുടരുന്നത് സ്ത്രീകളുടെ ഹൃദയാരോഗ്യം മെച്ചപ്പെടുത്തുമെന്ന് യൂറോപ്യന്‍ ഹാര്‍ട്ട് ജേണലില്‍ പ്രസിദ്ധീകരിച്ച പുതിയ പഠനം ചൂണ്ടിക്കാട്ടി. പൊട്ടാസ്യം ഉയര്‍ന്ന തോതില്‍ കഴിക്കുന്ന സ്ത്രീകള്‍ക്ക് കുറഞ്ഞ തോതില്‍ പൊട്ടാസ്യം കഴിക്കുന്നവരെ അപേക്ഷിച്ച് ഹൃദ്രോഗമുണ്ടാകാനുള്ള സാധ്യത 13 ശതമാനം കുറവാണെന്ന് പഠനറിപ്പോര്‍ട്ട് പറയുന്നു. പൊട്ടാസ്യം സമ്പുഷ്ട ഭക്ഷണം 25,000ത്തോളം പേരുടെ രക്തസമ്മര്‍ദത്തില്‍ ഉണ്ടാക്കുന്ന സ്വാധീനമാണ് ഗവേഷകര്‍ വിലയിരുത്തിയത്. ഉയര്‍ന്ന തോതിലുളള ഉപ്പ് കഴിച്ചിരുന്ന സ്ത്രീകളില്‍ പൊട്ടാസ്യം തോത് വര്‍ധിപ്പിച്ചതോടെ രക്തസമ്മര്‍ദം താഴാന്‍ തുടങ്ങിയതായി ഗവേഷകര്‍ നിരീക്ഷിച്ചു. ദീര്‍ഘകാലത്തേക്ക് പൊട്ടാസ്യം ഉപയോഗം വര്‍ധിപ്പിച്ചാല്‍ പുരുഷന്മാരിലും ഏഴ് ശതമാനം കുറവ് ഹൃദ്രോഗസാധ്യതയില്‍ ഉണ്ടാകുമെന്ന് ഗവേഷകര്‍ പറയുന്നു. ഉപ്പിന്റെ ഉപയോഗത്തില്‍ മാറ്റമുണ്ടാക്കാതെ തന്നെ പൊട്ടാസ്യം തോത് കൊണ്ടുമാത്രം ഹൃദ്രോഗസാധ്യതയില്‍ മാറ്റമുണ്ടായതായും ഗവേഷണ റിപ്പോര്‍ട്ട് കൂട്ടിച്ചേര്‍ത്തു. ഉരുളക്കിഴങ്ങ്, ബീന്‍സ്, തക്കാളി, യോഗര്‍ട്ട്, പഴം, ചീര, മറ്റ് പച്ചിലകള്‍ എന്നിവ പൊട്ടാസ്യം സമ്പന്നമായ ഭക്ഷണ വിഭവങ്ങളാണ്. ഭക്ഷണത്തില്‍ നിന്ന് പൊട്ടാസ്യം ശരീരത്തിലെത്തിക്കുന്നതാണ് സപ്ലിമെന്റുകളെ ആശ്രയിക്കുന്നതിലും നല്ലതെന്നും ഡോക്ടര്‍മാര്‍ പറയുന്നു. പൊട്ടാസ്യം സപ്ലിമെന്റുകളുടെ ഉപയോഗം വൃക്കയുടെ പ്രവര്‍ത്തനം കുറഞ്ഞവരില്‍ കാര്‍ഡിയാക് അരിത് മിയ പോലുള്ള പ്രശ്നങ്ങളുണ്ടാക്കാമെന്നതാണ് ഇതിന് കാരണം.

ഇന്നത്തെ വിനിമയ നിരക്ക്

ഡോളര്‍ – 79.84, പൗണ്ട് – 95.82, യൂറോ – 81.45, സ്വിസ് ഫ്രാങ്ക് – 82.73, ഓസ്‌ട്രേലിയന്‍ ഡോളര്‍ – 55.30, ബഹറിന്‍ ദിനാര്‍ – 211.75, കുവൈത്ത് ദിനാര്‍ -259.88, ഒമാനി റിയാല്‍ – 207.35, സൗദി റിയാല്‍ – 21.25, യു.എ.ഇ ദിര്‍ഹം – 21.73, ഖത്തര്‍ റിയാല്‍ – 21.93, കനേഡിയന്‍ ഡോളര്‍ – 61.82.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *