15 വര്‍ഷത്തിന് ശേഷം തിയേറ്ററുകളിലെത്തിയ സൂര്യ ചിത്രം ‘വാരണം ആയിരം’ ചിത്രത്തിന് മികച്ച കളക്ഷനാണ് നേടിയിരിക്കുന്നത്. സൂര്യയെ നായകനാക്കി ഗൗതം മേനോന്‍ സംവിധാനം ചെയ്ത് 2008ല്‍ എത്തിയ വാരണം ആയിരത്തിന്റെ തെലുങ്ക് പതിപ്പാണ് തിയേറ്ററുകളില്‍ എത്തിയിരിക്കുന്നത്. ‘സൂര്യ സണ്‍ ഓഫ് കൃഷ്ണന്‍’ എന്ന പേരിലാണ് ചിത്രം എത്തിയത്. സൂര്യ ആരാധകരുടെ കുത്തൊഴുക്കാണ് തിയേറ്ററുകളില്‍. ഗാനരംഗങ്ങളിലെ സൂര്യയുടെ നൃത്തത്തിനൊപ്പം സ്‌ക്രീനില്‍ മുന്നില്‍ ചുവട് വെക്കുന്ന ആരാധകരുടെ വീഡിയോകളും ഇപ്പോള്‍ ട്വിറ്ററില്‍ പ്രചരിക്കുന്നുണ്ട്. മികച്ച പ്രീ റിലീസ് ബുക്കിംഗ് നേടിയിരുന്ന ചിത്രം ഒരു കോടിക്ക് മുകളില്‍ ആദ്യദിനം കളക്റ്റ് ചെയ്തതായാണ് റിപ്പോര്‍ട്ടുകള്‍. ഒന്നര കോടി നേടിയതായും റിപ്പോര്‍ട്ടുകളുണ്ട്. സൂര്യ ഡബിള്‍ റോളിലെത്തിയ ചിത്രമായിരുന്നു വാരണം ആയിരം. സമീറ റെഡ്ഡി, സിമ്രന്‍, ദിവ്യ സ്പന്ദന എന്നിവരാണ് ചിത്രത്തില്‍ കേന്ദ്ര കഥാപാത്രങ്ങളായത്. ചിത്രത്തിലെ ഗാനങ്ങള്‍ തരംഗം സൃഷ്ടിച്ചിരുന്നു. ഹാരിസ് ജയരാജ് ആണ് ചിത്രത്തിന് സംഗീതം ഒരുക്കിയത്.