സിപിഎം സംസ്ഥാന സമിതിയുടെ അടിയന്തരയോഗം നാളേയും തിങ്കളാഴ്ചയും. നാളെ രാവിലെ സംസ്ഥാന സെക്രട്ടേറിയറ്റും തുടര്‍ന്ന് സംസ്ഥാനസമിതിയും ചേരും. ജനറല്‍ സെക്രട്ടറി സീതാറാം യച്ചൂരി, പ്രകാശ് കാരാട്ട് എന്നിവരും പങ്കെടുക്കും. വിഴിഞ്ഞം സമരം, ഗവര്‍ണര്‍ സര്‍ക്കാര്‍ തര്‍ക്കം എന്നീ വിഷയങ്ങള്‍ക്കു പുറമേ, ആരോഗ്യപ്രശ്നങ്ങളുള്ള സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനു പകരക്കാരനെ കണ്ടെത്താനുള്ള ആലോചനയും ഉണ്ടാകും.
സംസ്ഥാനത്തെ എല്ലാ പൊലീസ് ഓഫീസുകളും പരിശോധിക്കാന്‍ ആഭ്യന്തര വകുപ്പ് അണ്ടര്‍ സെക്രട്ടറിയുടെ നേതൃത്വത്തില്‍ ആറംഗ സമിതിയെ നിയോഗിച്ചു. ഓഫീസുകള്‍ പരിശോധിച്ച് അപര്യാപത്തകളും ഭരണപരമായ കാര്യങ്ങളും റിപ്പോര്‍ട്ടു ചെയ്യും. ആദ്യഘട്ടത്തില്‍ ബറ്റാലിയനുകളാണ് പരിശോധിക്കുക.
ദേശീയ അധ്യാപക അവാര്‍ഡ് 46 അധ്യാപകര്‍ക്ക്. കേന്ദ്ര സര്‍ക്കാരിനു കീഴിലുള്ള തൃശൂര്‍ കേന്ദ്രീയ വിദ്യാലയത്തിലെ ജയ്നസ് ജേക്കബാണു കേരളത്തില്‍നിന്നു ദേശീയ അധ്യാപക അവാര്‍ഡു നേടിയത്. ദേശീയ അധ്യാപക അവാര്‍ഡില്‍ കേരളത്തെ ഇത്തവണ കേന്ദ്രം തഴഞ്ഞെന്ന് ആരോപണം ഉയര്‍ന്നിട്ടുണ്ട്. സംസ്ഥാന സിലബസ് പഠിപ്പിക്കുന്ന ആറ് അധ്യാപകരുടെ വിവരങ്ങള്‍ അവാര്‍ഡ് നിര്‍ണയ സമിതിക്കു മുന്നില്‍ ഉണ്ടായിരുന്നു.
നിയമവിരുദ്ധമായി പ്രവര്‍ത്തിക്കുന്ന ആരാധനാലയങ്ങളും പ്രാര്‍ത്ഥന ഹാളുകളും അടച്ചുപൂട്ടണമെന്ന് ഹൈക്കോടതി. ഉചിതമായ അപേക്ഷകളില്‍ മാത്രമേ പുതിയ ആരാധനാലയങ്ങള്‍ക്കും പ്രാര്‍ഥനാ ഹാളുകള്‍ക്കും അനുമതി നല്‍കാവൂ. സമാന ആരാധനാലയങ്ങള്‍ തമ്മിലുള്ള അകലം മാനദണ്ഡമാക്കണം. നിലവിലുള്ള കെട്ടിടങ്ങള്‍ ആരാധനാലയങ്ങളാക്കി മാറ്റാന്‍ അനുവദിക്കരുതെന്നും ഉത്തരവിട്ടു.
സംസ്ഥാനത്തെ 208 അങ്കണവാടികളെ സ്മാര്‍ട്ടാക്കുമെന്ന് ആരോഗ്യ വനിതാ ശിശു വികസന വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. പാതിരപ്പള്ളി കുന്നുംപുറത്ത് പുതുതായി നിര്‍മിച്ച പവിഴമല്ലി അംഗന്‍വാടിയും സാംസ്‌കാരിക കേന്ദ്രവും ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. രണ്ടെണ്ണം സ്മാര്‍ട്ടാക്കിയെന്നും മന്ത്രി പറഞ്ഞു.
രാജ്യത്തെ വ്യാജ സര്‍വകലാശാലകളുടെ പട്ടികയില്‍ പത്തനംതിട്ടയിലെ സ്ഥാപനവും. കിശനറ്റം സെന്റ് ജോണ്‍സ് സര്‍വകലാശാലയാണ് കേരളത്തില്‍നിന്നുള്ള വ്യാജന്‍. രാജ്യത്ത് 21 വ്യാജ സര്‍വകലാശാലകളുടെ പേരുകളാണു യുജിസി പുറത്തുവിട്ടത്.
മുഖ്യമന്ത്രി പിണറായി വിജയന്‍ ശ്രീലങ്കന്‍ ആരോഗ്യമന്ത്രി ഡോ. കെഹേലിയ റംബൂക് വെല്ലയുമായി കൂടിക്കാഴ്ച നടത്തി. മുഖ്യമന്ത്രിയുടെ ചേംബറിലായിരുന്നു കൂടിക്കാഴ്ച. ചീഫ് സെക്രട്ടറി വി.പി. ജോയി ഉള്‍പെടെയുള്ള ഉയര്‍ന്ന ഉദ്യോഗസ്ഥരും പങ്കെടുത്തു.
കോട്ടയത്തെ ആകാശപാത പൊളിച്ചുനീക്കണമെന്ന ഹര്‍ജി അനുവദിക്കരുതെന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ഹൈക്കോടതിയില്‍. അപകടഭീഷണിയെന്ന് ആരോപിച്ചുള്ള ഹര്‍ജിയില്‍ തന്റെ ഭാഗം കൂടി കേള്‍ക്കണമെന്നും ആവശ്യപ്പെട്ടാണ് തിരുവഞ്ചൂര്‍ ഹര്‍ജി നല്‍കിയത്. കാല്‍നട യാത്രക്കാരുടെ സുരക്ഷയ്ക്കും സൗകര്യത്തിനുമാണ് ഫ്ളൈഓവര്‍ നിര്‍മിക്കുന്നതെന്നും പദ്ധതി നിശ്ചിത സമയത്തിനുള്ളില്‍ പൂര്‍ത്തിയാക്കേണ്ടതുണ്ടെന്നും തിരുവഞ്ചൂര്‍ കോടതിയെ അറിയിച്ചു.