കല്‍പ്പാത്തി രഥോത്സവം നടക്കുന്നതിനാൽ പാലക്കാട് തെരഞ്ഞെടുപ്പ് തീയതി മാറ്റി തെരഞ്ഞെടുപ്പ് കമ്മീഷൻ. ഈ മാസം 13ന് നടത്താനിരുന്ന വോട്ടെടുപ്പ് 20ലേക്കാണ് മാറ്റിവെച്ചത്. എന്നാൽ വോട്ടെണ്ണൽ തീയതി നവംബര്‍ 23ന് തന്നെയായിരിക്കും. വിവിധ രാഷ്ട്രീയ പാർടികളുടെ ആവശ്യങ്ങൾ പരിഗണിച്ചാണ് നടപടിയെന്നാണ് തീയതി മാറ്റികൊണ്ടുള്ള ഉത്തരവിൽ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ വ്യക്തമാക്കുന്നത്. പ്രാദേശിക സാംസ്കാരിക പരിപാടികളും മതപരിപാടികളും നടക്കുന്നതിനാൽ ഈ ദിവസങ്ങളിൽ വോട്ടെടുപ്പിനെത്തുന്ന ആളുകളുടെ എണ്ണം കുറയുമെന്ന കാര്യം പരിഗണിച്ചുകൊണ്ടാണ് തീയതി മാറ്റമെന്നാണ് ഉത്തരവിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ വിശദീകരിക്കുന്നത്.പാലക്കാട് ഉപതെരഞ്ഞെടുപ്പ് തീയതിക്ക് പുറമെ പഞ്ചാബിലെ നാലു മണ്ഡലങ്ങളിലെയും ഉത്തര്‍ പ്രദേശിലെ ഒമ്പത് മണ്ഡലങ്ങളിലെയും വോട്ടെടുപ്പും നവംബര്‍ 13ൽ നിന്ന് 20ലേക്ക് മാറ്റി.