എന്താണ് വോട്ടെടുപ്പ് എന്ന് എത്രപേർക്ക് കൃത്യമായി അറിയാം. വോട്ടെടുപ്പ് എന്താണെന്ന് വിശദീകരിച്ചു തന്നെ നമ്മൾ ഓരോരുത്തരും അറിയേണ്ടതുണ്ട്. വോട്ടെടുപ്പിനെ കുറിച്ച് നമുക്ക് ഒന്നു നോക്കാം….!!!
പൊതുവായ ഒരു തീരുമാനം ഉണ്ടാക്കുവാനോ, ഒന്നിലധികം ആൾക്കാരിൽ നിന്നും ഒരാളെയൊ ഒന്നിലധികം ആൾക്കാരെയോ തെരഞ്ഞെടുക്കുവാനോ വേണ്ടി വോട്ടെടുപ്പ് നടത്തുന്നു. അല്ലെങ്കിൽ ഒരുകൂട്ടം ആൾക്കാർ പ്രത്യേകപദവിയിലേക്ക് ഭൂരിപക്ഷസമ്മതപ്രകാരം ഒരാളെയൊ അല്ലെങ്കിൽ ആളുകളെയൊ തെരഞ്ഞെടുക്കുന്ന പ്രക്രിയയാണ് വോട്ടെടുപ്പ്. അതു കൂടാതെ ഒരു പ്രത്യേക വിഷയത്തിൽ പല അഭിപ്രായങ്ങൾ ഉയർന്നു വന്നാൽ ജനാധിപത്യ രീതിയിൽ വോട്ടെടുപ്പ് നടത്തി ഏതെങ്കിലും ഒരു അഭിപ്രായം സ്വീകരിക്കുന്നു.
കമ്പനികൾ, നിയമനിർമ്മാണ സഭകൾ, സംഘടനകൾ, ഭരണകൂടങ്ങൾ എന്നിവയിലെല്ലാം പല രീതിയിൽ വോട്ടെടുപ്പ് നടക്കാറുണ്ട്.ജനപ്രതിനിധികളെയും ഭരണകൂടങ്ങളെയും തെരഞ്ഞെടുക്കാൻ ജനാധിപത്യ രാജ്യങ്ങളിൽ സാധാരണ ബാലറ്റ് പേപ്പർ ഉപയോഗിച്ചാണ് വോട്ടെടുപ്പ് നടത്താറുള്ളത്. ഇഷ്ടമുള്ള വ്യക്തിയുടെ പേരു അച്ചടിച്ചതിനു നേരെ അടയാളം പതിച്ചു കൊണ്ടോ, അങ്ങനെ അച്ചടിക്കാത്ത ബാലറ്റ് പേപ്പർ ഉപയോഗിക്കുന്ന സ്ഥലങ്ങളിൽ അവരുടെ പേരു രേഖപ്പെടുത്തിക്കൊണ്ടോ, അല്ലെങ്കിൽ പ്രത്യേകം തയ്യാറാക്കിയ പെട്ടികളിൽ അടയാളം പതിച്ച കടലാസ് നിക്ഷേപിച്ചു കൊണ്ടോ വോട്ടെടുപ്പു നടത്തുന്നു.
മറ്റു ചില രാജ്യങ്ങളിൽ പ്രത്യേക വോട്ടിംഗ് യന്ത്രം ഉപയോഗിച്ചാണ് വോട്ടെടുപ്പ് നടത്തുന്നത്. ഇന്ത്യയിൽ നിയമസഭകളിലേക്കും പാർലമെന്റിലേക്കും യന്ത്രങ്ങൾ ഉപയോഗിച്ചാണ് തെരഞ്ഞെടുപ്പ് നടത്തുന്നത്.ഇംഗ്ലണ്ട്, ഫ്രാൻസ്, ജപ്പാൻ, ജർമ്മനി, നെതർലാൻഡ്സ്, ഇന്തോനേഷ്യ, ഇറ്റലി തുടങ്ങിയ രാജ്യങ്ങളും അമേരിക്കൻ ഐക്യനാടുകൾ പോലുള്ള ടെക്ക് സൗഹൃദ രാജ്യങ്ങളും ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രങ്ങളുടെ ഉപയോഗം നിർത്തിവച്ച് പേപ്പർ ബാലറ്റിലേയ്ക്കു തിരിച്ചുവന്നിരുന്നു.
2006-ൽ ഡച്ച് ടിവി സംപ്രേഷണം ചെയ്ത ഒരു ഡോക്യുമെന്ററിയിൽ അവരുടെ പൊതുതിരഞ്ഞെടുപ്പിൽ ഉപയോഗിക്കാനുള്ള ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രങ്ങളെ എത്ര എളുപ്പത്തിൽ ഹാക്ക് ചെയ്യാമെന്നു കാണിച്ചിരുന്നു. പിന്നീട് വോട്ടിംഗ് യന്ത്രങ്ങൾ പിൻവലിക്കപ്പെടുകയും നെതർലാന്റ്സ് കടലാസ് ബാലറ്റിലേയ്ക്കു തിരിച്ചുപോകുകയും ചെയ്തു.2009 മാർച്ചിൽ ജർമനിയിലെ സുപ്രീം കോടതി ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രങ്ങൾ ഭരണഘടനാ വിരുദ്ധമാണെന്ന് പ്രഖ്യാപിച്ചിരുന്നു. തെരഞ്ഞെടുപ്പുകളിലെ സുതാര്യത ജനങ്ങളുടെ ഭരണഘടനാപരമായ അവകാശമാണെന്നു കോടതി നിരീക്ഷിക്കുകയും എന്നാൽ “കാര്യക്ഷമത” എന്നത് ഭരണഘടനാപരമായ സംരക്ഷണ മൂല്യമല്ലെന്നു കാണുകയും ചെയ്തു.
2009 ൽ വോട്ടിംഗ് യന്ത്രങ്ങൾക്കായി ഏകദേശം 75 ദശലക്ഷം ഡോളർ ചെലവഴിച്ച ശേഷം, റിപ്പബ്ലിക് ഓഫ് അയർലണ്ട് അവ അക്ഷരാർഥത്തിൽ ചവറ്റുകൊട്ടയിൽ നിക്ഷേപിക്കുകയായിരുന്നു. അതേ വർഷം തന്നെ ഇറ്റലിയും ഇതേ വഴിയെ നീങ്ങി. വോട്ടിംഗ് യന്ത്രങ്ങളേപ്പോലെ ബാലറ്റ് പേപ്പറുകൾ ഹാക്ക് ചെയ്യാനാവില്ല.2010 ൽ ഇന്ത്യയിലെ തെരഞ്ഞെടുപ്പ് കമ്മീഷൻ തെരഞ്ഞെടുപ്പുകളിലെ സുതാര്യത വർദ്ധിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ വോട്ടർ വെരിഫയബിൾ പേപ്പർ ഓഡിറ്റ് ട്രെയ്ൽ (VVPAT) അവതരിപ്പിച്ചിരുന്നു. ഇതിൽ ഒരു വോട്ടർ ആർക്കാണോ വോട്ടു ചെയ്യുന്നത്, ആ സ്ഥാനാർത്ഥിയുടെ പേരും ചിഹ്നവും കാണിക്കുന്ന ഒരു പേപ്പർ സ്ലിപ്പ് ലഭ്യമാകുന്നു. അങ്ങനെ വോട്ടർക്ക് തന്റെ വോട്ടു പരിശോധിച്ചു ബോധ്യപ്പെടുവാനുള്ള അവസരമൊരുങ്ങുന്നു.
2013-ൽ നാഗാലാൻഡിലെ ഉപതെരഞ്ഞെടുപ്പിലാണ് വിവിപാറ്റുകൾ ആദ്യമായി ഉപയോഗിക്കപ്പെട്ടത്. 2019 ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ എല്ലാ പോളിംഗ് സ്റ്റേഷനുകളിലും വിവിപാറ്റ് ഉപയോഗിക്കുവാൻ 2014 ജൂണിൽ ഇലക്ഷൻ നിർദ്ദേശം നൽകിയിരുന്നു.ഇന്ത്യയിൽ തിരഞ്ഞെടുപ്പ് ജോലിക്ക് നിയോഗിക്കപ്പെടുന്ന സർക്കാർ ഉദ്യോഗസ്ഥരുടെ ഡ്യൂട്ടി അന്യജില്ലകളിൽ ആയിരിക്കാൻ സാധ്യതയുള്ളതുകൊണ്ടാണ് ഇവർക്കായി തപാൽ വോട്ട് രീതി നടപ്പിലാക്കിയിരിക്കുന്നത്. തപാൽ വകുപ്പ് മുഖേന പോസ്റ്റൽ വോട്ട് അയക്കണം. തപാൽ വകുപ്പിൽ ഇതിനായി ഒരു നോഡൽ ഓഫിസറുണ്ടാകും.
എല്ലാ ദിവസവും വൈകീട്ട് മൂന്നിന് പ്രത്യേക സുരക്ഷയോടെ തപാൽവോട്ടുകൾ വരണാധികാരിക്ക് മുമ്പാകെ എത്തിക്കും. ഈ പ്രക്രിയ വോട്ടെണ്ണലിനു തലേ ദിവസം വരെ തുടരും. വോട്ടെണ്ണൽ നടക്കുന്ന ദിവസം രാവിലെ എട്ടിന് മുമ്പുവരെ ലഭിക്കുന്ന തപാൽ ബാലറ്റ് സ്വീകരിക്കും.വോട്ടെണ്ണൽ ദിവസം രാവിലെ ആദ്യം തപാൽ വോട്ടുകളാണ് എണ്ണുക. വരണാധികാരിയുടെയും സഹവരണാധികാരിയുടെയും ഓഫിസുകൾക്ക് മുന്നിൽ തപാൽവോട്ട് ശേഖരിക്കുന്നതിന് പെട്ടി ഉണ്ടാകില്ല. തപാൽ വോട്ടടങ്ങുന്ന 13 സി നമ്പർ കവർ ഒന്നൊന്നായി തുറന്ന് അതിലുളള ബാലറ്റ് പേപ്പർ അടങ്ങുന്ന 13 ബി നമ്പർ കവറും 13 എ നമ്പർ സത്യവാങ്മൂലവും പരിശോധിക്കും.
സത്യവാങ്മൂലം ഇല്ലെങ്കിലോ അതിൽ സമ്മതിദായകന്റെ ഒപ്പില്ലെങ്കിലോ യോഗ്യതയുള്ള ഉദ്യോഗസ്ഥന്റെ മുദ്രയോടു കൂടിയ സാക്ഷ്യപ്പെടുത്തൽ ഇല്ലെങ്കിലോ ഇന്നർ കവറിലും സത്യവാങ്മൂലത്തിലുമുള്ള ബാലറ്റ് പേപ്പർ സീരിയൽ നമ്പർ വ്യത്യസ്തമാണെങ്കിലോ പോസ്റ്റൽ വോട്ട് അസാധുവാകും. പോസ്റ്റൽ ബാലറ്റ് സാധുവാകുന്നുവെങ്കിൽ അവയുടെ സത്യവാങ്മൂലം പരിശോധിച്ച് സീൽ ചെയ്ത് പ്രത്യേകം സൂക്ഷിക്കും. അവയുടെ ഇന്നർ കവർ തുറന്ന് ബാലറ്റ് പുറത്തെടുത്ത് തരംതിരിച്ച് വിലയിരുത്തും. വ്യക്തമാകുന്ന ഏതെങ്കിലും അടയാളം ഒരു സ്ഥാനാർഥിയുടെ കോളത്തിൽ രേഖപ്പെടുത്തിയാൽ ആ വോട്ട് സാധുവാണ്.
ഒന്നിലധികം കോളത്തിൽ വോട്ട് രേഖപ്പെടുത്തിയാലോ ബാലറ്റ് പേപ്പറിന് സാരമായ രീതിയിൽ കേടുവന്നിട്ടുണ്ടെങ്കിലോ 13 ബി കവറിൽ അല്ലാതെ ബാലറ്റ് അടക്കം ചെയ്താലോ വോട്ടറെ തിരിച്ചറിയുന്ന ഏതെങ്കിലും അടയാളമോ എഴുത്തോ ബാലറ്റ് പേപ്പറിൽ രേഖപ്പെടുത്തിയാലോ വോട്ട് അസാധുവാകും. തപാൽവോട്ട് എണ്ണി പൂർത്തിയാകുന്നതിനുമുമ്പ് വോട്ടിങ് യന്ത്രങ്ങളിലെ വോട്ടെണ്ണൽ പൂർത്തിയാക്കി ഫല പ്രഖ്യാപനം നടത്തില്ല.
തപാൽ ബാലറ്റ് ഉപയോഗിക്കുന്ന ആദ്യ രാഷ്ട്രപതി പ്രണബ് മുഖർജിയായിരുന്നു. 2014 ലെ ലോക്സഭാ തെരഞ്ഞെടുപ്പിലാണ് പ്രണബ് തന്റെ വോട്ട് തപാൽ വഴി രേഖപ്പെടുത്തിയത്. വോട്ടർപട്ടികയിൽ പേരുള്ള പ്രവാസികൾക്ക് തപാൽവോട്ട് ചെയ്യാൻ അവസരം നൽകിക്കൂടേയെന്ന് സുപ്രീംകോടതി ആരാഞ്ഞിരുന്നു. തപാൽ വോട്ടിനെ കുറിച്ചും വോട്ടിനെക്കുറിച്ചും ഏകദേശം ധാരണയായി കാണുമല്ലോ. അറിയാക്കഥകളിലൂടെ ഇനിയും പുതിയ അറിവുകൾ നിങ്ങളിലേക്ക് എത്തും.