ബലാത്സംഗ കേസിലെ പരാതിക്കാരിയുടെ രഹസ്യമൊഴി എൽദോസ് കുന്നപ്പിള്ളിക്ക് പരിശോധിക്കാം പരാതിക്കാരിയുടെ രഹസ്യമൊഴിയുടെ പകര്‍പ്പ് വേണമെന്ന് എല്‍ദോസിന്റെ ആവശ്യത്തെ സർക്കാരും പരാതിക്കാരിയും എതിർത്തിരുന്നെങ്കിലും, കോടതി രഹസ്യമൊഴി പരിശോധിക്കാൻ അനുമതി നൽകുകയായിരുന്നു. കോടതി ഓഫീസറുടെ സാന്നിധ്യത്തിലാണ് പരിശോധിക്കേണ്ടത് .അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ എല്ലാ ദിവസവും എൽദോസ് ഹാജരാകണമെന്ന ഇടക്കാല ഉത്തരവ് കോടതി തിങ്കളാഴ്ച വരെ നീട്ടി.
അതേസമയം, ബലാത്സംഗ കേസിലെ പ്രതിയായ പെരുമ്പാവൂർ എംഎൽഎ എൽദോസ് കുന്നപ്പിള്ളിയുടെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് പരാതിക്കാരിയായ അധ്യാപിക ഹൈക്കോടതിയിൽ ഹർജി നൽകി. പ്രതിക്ക് ജാമ്യം നൽകിയത് നിയമപരമല്ലെന്നും കോടതിയിൽ നൽകിയ മൊഴിയിൽ ബലാത്സംഗം സംബന്ധിച്ച വിശദമായ വിവരം നൽകിയിട്ടുണ്ടെന്നും ഇത് പരിഗണിച്ച് ജാമ്യം റദ്ദാക്കണമെന്നുമാണ് ആവശ്യം.