ചെസ്സ് ഒളിമ്പ്യാഡില്‍ രണ്ടു സ്വര്‍ണ മെഡലുകള്‍ സ്വന്തമാക്കിയ ഗുകേഷ് ദൊമ്മരാജുവിന് സമ്മാനമായി ബെന്‍സ്. മെഴ്സിഡീസ് ബെന്‍സിന്റെ ആഡംബര വാഹനമായ ഇ ക്ലാസ് ആണ് ചെസ്സ് ഗ്രാന്‍ഡ് മാസ്റ്റര്‍ക്ക് സമ്മാനമായി ലഭിച്ചത്. ഏകദേശം 90 ലക്ഷം രൂപ വിലമതിക്കുന്ന ഈ വാഹനം ഗുകേഷിനു നല്‍കിയത് താരം പഠിച്ച വേലമ്മാള്‍ വിദ്യാലയമാണ്. ഒരു പെട്രോള്‍ എന്‍ജിന്‍ മോഡലും രണ്ട് ഡീസല്‍ എന്‍ജിന്‍ മോഡലുമുണ്ട് ഇ ക്ലാസിന്. രണ്ടു ലീറ്റര്‍ നാലു സിലിണ്ടര്‍ ഇന്‍ലൈന്‍ പെട്രോള്‍ എന്‍ജിന് 197 ബിഎച്ച്പി കരുത്തും 320 എന്‍എം ടോര്‍ക്കുമുണ്ട്. 100 കിലോമീറ്റര്‍ വേഗം കൈവരിക്കാന്‍ 7.6 സെക്കന്‍ഡ് മാത്രം മതി ഈ കരുത്തന്, ഉയര്‍ന്ന വേഗം 240 കിലോമീറ്റര്‍. രണ്ടു ലീറ്റര്‍ ഡീസല്‍ എന്‍ജിന്‍ മോഡലിന്റെ കരുത്ത് 194 എച്ച്പി, ടോര്‍ക്ക് 400 എന്‍എം എന്നിങ്ങനെയാണ്. 7.6 സെക്കന്‍ഡില്‍ 100 കടക്കുന്ന വാഹനത്തിന്റെ ഉയര്‍ന്ന വേഗം 240 കിലോമീറ്റര്‍. മൂന്നു ലീറ്റര്‍ ഡീസല്‍ എന്‍ജിന് 286 ബിഎച്ച്പി കരുത്തും 600 എന്‍എം ടോര്‍ക്കുമുണ്ട്. 100 കിലോമീറ്റര്‍ കടക്കാന്‍ 6.1 സെക്കന്‍ഡ് മാത്രം വേണ്ടിവരുന്ന വാഹനത്തിന്റെ കൂടിയ വേഗം 250 കിലോമീറ്റര്‍.