ബിഎംഡബ്ല്യു 7 സീരിസിന് പിന്നാലെ ഫെരാരി സൂപ്പര്‍കാര്‍ സ്വന്തമാക്കി ദുല്‍ക്കര്‍ സല്മാന്. ഫെരാരിയുടെ 296 ജിടിബി എന്ന മിഡ് എന്ജിന്, റിയര്‍വീല്‍ ഡ്രൈവ് സൂപ്പര്‍കാറാണ് ദുല്‍ക്കറിന്റെ ഏറ്റവും പുതിയ വാഹനം. ഏകദേശം 5.40 കോടി രൂപ മുതലാണ് കാറിന്റെ എക്സ്ഷോറൂം വില. ഉപഭോക്താവിന്റെ താല്പര്യത്തിന് അനുസരിച്ചുള്ള കസ്റ്റമൈസേഷന് കൂടി ചേരുമ്പോള്‍ വില ഉയരും. പുതിയ വാഹനത്തില്‍ എന്തൊക്കെ കസ്റ്റമൈസേഷനാണ് ദുല്‍ക്കര്‍ വരുത്തിയത് എന്ന് വ്യക്തമല്ല. റുബിനോ മെറ്റാലിസാറ്റോ എന്ന നിറത്തിലുള്ള ഫെരാരിയാണ് ഇതെന്നാണ് സൂചന. ഏറെ നാളുകള്‍ക്ക് ശേഷം ഫെരാരി പുറത്തിറക്കുന്ന വി 6 പ്രൊഡക്ഷന്‍ കാറാണ് 296 ജിടിബി. മുന്‍പ് ഫെരാരി ഡിനോ ബ്രാന്‍ഡുകളില്‍ മാത്രമാണ് വി6 എന്ജിന് ഉപയോഗിച്ചിരുന്നത്. ദ റിയല്‍ ഫെരാരി വിത്ത് ജെസ്റ്റ് 6 സിലിണ്ടേഴ്സ് എന്നാണ് 296 എന്ന സൂപ്പര്‍കാര്‍ പുറത്തിറക്കിക്കൊണ്ട് ഫെരാരി പ്രഖ്യാപിച്ചത്. 2022 ലാണ് ഫെരാരി 296 ജിടിബി വിപണിയില്‍ എത്തിച്ചത്. പ്ലഗ് ഇന്‍ ഹൈബ്രിഡ് സ്പോര്‍ട്സ് കാറായ 296 ജിടിബിയില്‍ 3 ലീറ്റര്‍ പെട്രോള്‍ എന്‍ജിനും 6.0 കിലോവാട്ട് ബാറ്ററിയും ഉപയോഗിക്കുന്നു. രണ്ട് പവര്‍ സോഴ്സുകളും കൂടി ചേര്‍ന്ന് വാഹനത്തിന് 819 ബിഎച്ച്പി കരുത്ത് നല്‍കുന്നുണ്ട്. 6250 ആര്‍പിഎമ്മില്‍ 740 എന്‍എം ആണ് ടോര്‍ക്ക്. വേഗം 100 കിലോമീറ്റര്‍ കടക്കാന്‍ ഈ സൂപ്പര്‍കാറിന് വെറും 2.9 സെക്കന്‍ഡ് മാത്രം മതി. ഉയര്‍ന്ന വേഗം 330 കിലോമീറ്ററാണ്.