ഇന്ത്യന്‍ വൈദ്യുത ബൈക്ക് വിപണിയില്‍ വേഗത്തിലും സാങ്കേതിക മികവിലും മുന്നിട്ടു നില്‍ക്കുന്ന അള്‍ട്രാവയലറ്റ് അവരുടെ എഫ് 77 ഇലക്ട്രിക് മോട്ടോര്‍ സൈക്കിളുകളുടെ വിതരണം ആരംഭിച്ചു. ഇ.വി സ്റ്റാര്‍ട്ട്പ്പായ അള്‍ട്രാവയലറ്റ് തങ്ങളുടെ ഇലക്ട്രിക് മോട്ടോര്‍ സൈക്കിളുകള്‍ ബെംഗളൂരുവിലാണ് നിര്‍മിക്കുന്നത്. എഫ് 77, എഫ് 77 റെക്കോണ്‍ എന്നിങ്ങനെ രണ്ട് വേരിയന്റുകളാണ് കമ്പനി പുറത്തിറക്കിയിരിക്കുന്നത്. അള്‍ട്രാവയലറ്റ് ഇലക്ട്രിക് മോട്ടോര്‍ കമ്പനിയുടെ ആദ്യകാല നിക്ഷേപകരില്‍ ഒരാളാണ് മലയാളികളുടെ പ്രിയതാരം ദുല്‍ഖര്‍ സല്‍മാന്‍. ബെംഗളൂരുവിലെ നിര്‍മാണശാലയില്‍ വച്ചു തന്നെയാണ് ഉടമകള്‍ക്ക് കൈമാറുന്നത്. 3.80 ലക്ഷം രൂപ മുതല്‍ 4.55 ലക്ഷം രൂപ വരെയാണ് എഫ് 77 മോഡലുകള്‍ക്ക് വിലയിട്ടിരിക്കുന്നത്. ഇന്ത്യയില്‍ വൈദ്യുത മോട്ടോര്‍ സൈക്കിളുകള്‍ക്ക് ലഭിക്കുന്ന ഏറ്റവും ഉയര്‍ന്ന റേഞ്ച് 307 കിലോമീറ്ററുള്ള എഫ് 77 റെക്കോണിനാണ്. 95എന്‍എം ടോര്‍ക്കും 39 ബിഎച്പി കരുത്തും ഉത്പാദിപ്പിക്കുന്ന മോട്ടോറാണ് ഈ മോഡലിലുള്ളത്. 10.3കിലോവാട്ട്അവര്‍ ബാറ്ററി പാക്ക് ഇന്ത്യയിലെ വൈദ്യുത ഇരുചക്ര വാഹനങ്ങളിലെ തന്നെ വലുതാണ്. അള്‍ട്രാവയലറ്റ് കൂട്ടത്തില്‍ എഫ് 77 ലിമിറ്റഡ് എഡിഷനും പുറത്തിറക്കിയിട്ടുണ്ട്. ആകെ 77 മോട്ടോര്‍ സൈക്കിളുകള്‍ മാത്രമാണ് സ്പെഷല്‍ എഡിഷനില്‍ ഇറക്കിയിരിക്കുന്നത്.