ചന്തൂന്റെ ഇടികള്‍ക്ക് കൂട്ടായി ഇനി യൂത്ത് സെന്‍സേഷന്‍ ഡബ്‌സിയുടെ പാട്ടും. ആക്ഷന്‍ വിസ്മയം പീറ്റര്‍ ഹെയ്ന്‍ ഒരുക്കിയ അതിഗംഭീര സംഘട്ടന രംഗങ്ങളുമായെത്തുന്ന വിഷ്ണു ഉണ്ണികൃഷ്ണന്‍ ചിത്രം ‘ഇടിയന്‍ ചന്തു’വിലെ ഡബ്‌സി പാടിയ ആദ്യ ഗാനം പുറത്തിറങ്ങി. ‘കണ്ടാലും കൊണ്ടാലും പഠിക്കാത്ത നാട്ടാരേ..’ എന്ന് തുടങ്ങുന്ന ഗാനം ഇതിനകം സോഷ്യല്‍മീഡിയയില്‍ വൈറലായിരിക്കുകയാണ്. ഏങ്ങണ്ടിയൂര്‍ ചന്ദ്രശേഖരന്റെ വരികള്‍ക്ക് ദീപക് ദേവാണ് ഈണം നല്‍കിയിരിക്കുന്നത്. ഇന്നലെയാണ് ‘ഇടിയന്‍ ചന്തു’ മ്യൂസിക് ലോഞ്ച് നടന്‍ മമ്മൂട്ടി നിര്‍വ്വഹിച്ചത്. ‘ചന്തൂനെ തോല്‍പ്പിക്കാന്‍ ആവൂല്ലെടാ..’ എന്ന വരികളാണ് പാട്ടിലെ ഹുക്ക് ലൈന്‍. ആക്ഷനോടൊപ്പം നര്‍മ്മവും വൈകാരിക ജീവിത മുഹൂര്‍ത്തങ്ങളുമായി എത്തുന്ന ചിത്രം പേര് സൂചിപ്പിക്കും പോലെ ഒരു ആക്ഷന്‍ പാക്ക്ഡ് എന്റര്‍റ്റൈനറായാണ് എത്തുന്നത്. ‘ദി സ്റ്റുഡന്റ്‌സ് വാര്‍’ എന്നാണ് സിനിമയുടെ ടാഗ് ലൈന്‍. ചിത്രത്തില്‍ സലിംകുമാറും മകന്‍ ചന്തു സലിംകുമാറും ഒരുമിച്ചെത്തുന്നുണ്ട്. അതോടൊപ്പം ലാലു അലക്‌സ്, ജോണി ആന്റണി, ലെന, രമേശ് പിഷാരടി, ശ്രീജിത്ത് രവി, ഐ എം വിജയന്‍, ബിജു സോപാനം, സ്മിനു സിജോ, ഗായത്രി അരുണ്‍, ജയശ്രീ,വിദ്യ, ഗോപി കൃഷ്ണന്‍, ദിനേശ് പ്രഭാകര്‍, കിച്ചു ടെല്ലസ്, സോഹന്‍ സീനുലാല്‍, സൂരജ്, കാര്‍ത്തിക്ക്, ഫുക്രു തുടങ്ങിയ വന്‍ താരനിരയും ഒന്നിക്കുന്നു. ശ്രീജിത്ത് വിജയന്‍ എഴുതി സംവിധാനം ചെയ്യുന്ന സിനിമ ഹാപ്പി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സുബൈര്‍, റയിസ്, ഷഫീക്ക്, വിഷ്ണു ഉണ്ണികൃഷ്ണന്‍, ശ്രീജിത്ത് വിജയന്‍ എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മിക്കുന്നത്.