ഈ വര്‍ഷം ലഹരിമരുന്ന് ഉപയോഗവും വില്‍പ്പനയുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് 16,228 കേസുകളാണ് രജിസ്റ്റര്‍ ചെയ്തതെന്ന് പി.സി വിഷ്ണുനാഥ് എംഎല്‍എ നിയമസഭയില്‍. കഴിഞ്ഞ വര്‍ഷം അയ്യായിരം കേസുകളായിരുന്നു. 120 ശതമാനം വര്‍ധനയുണ്ടെന്ന് അടിയന്തിരപ്രമേയം അവതരിപ്പിച്ച് വിഷ്ണുനാഥ് പറഞ്ഞു. മയക്കുമരുന്നു കേസുകളിലെ പ്രതികളെ കൂടുതല്‍ കര്‍ക്കശമായി കൈകാര്യം ചെയ്യുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ മറുപടി നല്‍കി. ഈ വര്‍ഷം എട്ടു മാസത്തിനകം 17,834 പേരെയാണ് അറസ്റ്റ് ചെയ്തത്. 1,340 കിലോഗ്രാം കഞ്ചാവും 6.7 കിലോ എം.ഡി.എം.എയും 23.4 കിലോഗ്രാം ഹാഷിഷ് ഓയിലും ഈ വര്‍ഷം പിടിച്ചെടുത്തു.
കാക്കി യൂണിഫോം പൊലീസിനു മാത്രമാക്കണമെന്ന് ഡിജിപി. ഫയര്‍ഫോഴ്‌സ്, വനം, എക്‌സൈസ്, ജയില്‍, ഹെല്‍ത്ത് ഇന്‍സ്‌പെകടര്‍മാര്‍ തുടങ്ങിയവര്‍ക്കു കാക്കി യൂണിഫോം അനുവദിക്കരുതെന്നു പൊലീസ് മേധാവി ആവശ്യപ്പെട്ടു. കാക്കി പൊലീസിനു മാത്രമാക്കണമെന്ന നിര്‍ദ്ദേശം എഡിജിപിമാരുടെ യോഗത്തിലാണ് ഉന്നയിച്ചത്. സെക്യൂരിറ്റി ജീവനക്കാരുടെ കാക്കി യൂണിഫോം മാറ്റിയിരുന്നു.
പ്രധാനമന്ത്രി നരേന്ദ്രമോദി നാളെ കൊച്ചിയിലെത്തും. ഇന്ത്യ നിര്‍മ്മിച്ച വിമാനവാഹിനി യുദ്ധകപ്പല്‍ ഐഎന്‍എസ് വിക്രാന്ത് വെള്ളിയാഴ്ച രാവിലെ ഒമ്പതരയ്ക്കു സേനയ്ക്കു കൈമാറും. നാളെ വൈകിട്ട് നാലരയോടെ എത്തുന്ന നരേന്ദ്രമോദി നെടുമ്പാശേരിയില്‍ ബിജെപി പൊതുയോഗത്തില്‍ സംസാരിക്കും. തുടര്‍ന്ന് കാലടി ശൃംഗേരി മഠത്തില്‍ എത്തും. ആറിന് സിയാല്‍ കണ്‍വന്‍ഷന്‍ സെന്ററില്‍ സംസ്ഥാനത്തെ വിവിധ വികസന പദ്ധതികളുടെ ഉദ്ഘാടനം നിര്‍വഹിക്കും. കൊച്ചി മെട്രോ പേട്ട എസ്എന്‍ ജംഗ്ഷന്‍ പാത ഉദ്ഘാടനം, ഇന്‍ഫോ പാര്‍ക്ക് രണ്ടാം ഉദ്ഘാടനം, എറണാകുളം നോര്‍ത്ത് സൗത്ത് റെയില്‍വെസ്റ്റേഷന്‍ വികസനം അടക്കമുള്ള പദ്ധതികള്‍ ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് വെല്ലിംഗ്ടണ്‍ ഐലന്‍ഡിലെ താജ് മലബാര്‍ ഹോട്ടലിലെത്തും. ബിജെപി കോര്‍ക്കമ്മിറ്റി നേതാക്കളുമായി കൂടികാഴ്ച നടത്തും.
പതിനാറാം ദിവസവും വിഴിഞ്ഞത്തെ മത്സ്യത്തൊഴിലാളികളുടെ സമരം. ഗര്‍ഭിണികളും കുട്ടികളും അടക്കമുള്ള ആയിരത്തോളം പേരാണ് അതീവ സുരക്ഷാ മേഖലയിലേക്കു കയറിച്ചെന്നു സമരം നടത്തുന്നത്. പോലീസ് സംരക്ഷണം ആവശ്യപ്പെട്ട് അദാനി ഗ്രൂപ്പും കരാര്‍ കമ്പനിയും നല്‍കിയ ഹര്‍ജികള്‍ ഹൈക്കോടതിയുടെ പരിഗണനയിലാണ്. മല്‍സ്യത്തൊഴിലാളികളുടെ ജീവിതം അപകടത്തിലാണെന്ന് സമരക്കാരും കോടതിയെ അറിയിച്ചു.
തിരുവനന്തപുരം മുതല്‍ എറണാകുളം വരെ കൂടുതല്‍ മഴയ്ക്കു സാധ്യത. ഉച്ചയ്ക്ക് ശേഷം മഴ ശക്തമാകും. മലയോരമേഖലകളില്‍ ജാഗ്രത വേണമെന്ന് നിര്‍ദ്ദേശം. മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്നും മുന്നറിയിപ്പുണ്ട്.
ഇന്നും ട്രെയിനുകള്‍ വൈകി. സിഗ്നല്‍ സംവിധാനം ഉച്ചയോടെയാണു പുനസ്ഥാപിച്ചത്. കനത്ത മഴമൂലം എറണാകുളത്തെ റെയില്‍പാതകളും സിഗ്നല്‍ സംവിധാനങ്ങളും വെള്ളത്തിലായതോടെയാണ് സിഗ്നല്‍ സംവിധാനം തകരാറിലായത്.
സംസ്ഥാനത്തെ ക്ഷേത്രങ്ങളും വരുമാനവും സിപിഎം കൈയടക്കുന്നുവെന്ന സുപ്രീംകോടതി ജഡ്ജി ഇന്ദു മല്‍ഹോത്രയുടെ പരാമര്‍ശത്തിനെതിരെ ദേവസ്വം മന്ത്രി കെ രാധാകൃഷ്ണന്‍ നിയമസഭയില്‍. ഇന്ദു മല്‍ഹോത്രയയുടെ പരാമര്‍ശം തെറ്റാണ്, തെറ്റിദ്ധാരണ ജനകവുമാണ്. അനുചിതമായ പരാമര്‍ശമാണ് അവര്‍ നടത്തിയതെന്നും ദേവസ്വം മന്ത്രി പറഞ്ഞു.
രാജ്യത്തെ ടോള്‍ പ്ലാസകളില്‍ ഇന്ന് അര്‍ധ രാത്രി മുതല്‍ ടോള്‍ നിരക്ക് കൂടും. 15 ശതമാനമാണ് വര്‍ധന. ഒരു വശത്തേക്ക് ഉള്ള യാത്രക്ക് വിവിധ വാഹനങ്ങള്‍ക്ക് പത്ത് മുതല്‍ 65 വരെ രൂപയുടെ വര്‍ധനയുണ്ടാകും. ഉപഭോതൃവില സൂചികയ്ക്കനുസൃതമായി കൊല്ലത്തില്‍ രണ്ടു തവണയാണു നിരക്കു വര്‍ധിപ്പിക്കുന്നത്.
ശമ്പളം നല്‍കാന്‍ സര്‍ക്കാര്‍ 103 കോടി രൂപ അടിയന്തരമായി കെഎസ്ആര്‍ടിസിക്ക് നല്‍കണമെന്ന ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ഉത്തരവ് ഡിവിഷന്‍ ബെഞ്ച് സ്റ്റേ ചെയ്തു. സര്‍ക്കാര്‍ നല്‍കിയ അപ്പീലിലാണ് നടപടി. സെപ്റ്റംബര്‍ ഒന്നിന് മുന്‍പ് 103 കോടി രൂപ അനുവദിക്കണമെന്നായിരുന്നു സിംഗിള്‍ ബെഞ്ച് ഉത്തരവ്.