ദുല്‍ഖര്‍ സല്‍മാന്റെ പുതിയ ചിത്രത്തിന് ‘വിലാസിനി മെമ്മോറിയല്‍’ എന്ന് പേര് നല്‍കിയതായി റിപ്പോര്‍ട്ടുകള്‍. ‘കുറുപ്പ്’, ‘ലൂക്ക’ എന്നീ ചിത്രങ്ങളില്‍ അസോസിയേറ്റ് ആയിരുന്ന പ്രവീണ്‍ ചന്ദ്രന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ഇത്. ചിത്രത്തിന്റെ ഷൂട്ടിംഗ് ആഗസ്റ്റ് 17ന് (ചിങ്ങം 1)ആരംഭിക്കും. കോമഡി എന്റര്‍ടെയ്നര്‍ ആയി എത്തുന്ന ചിത്രം ഗ്രാമിണ പശ്ചാത്തലത്തില്‍ ആകും ഒരുങ്ങുക. ‘കുഞ്ഞിരാമായണ’ത്തിന് തിരക്കഥയൊരുക്കിയ ദീപു പ്രദീപ് ആണ് ദുല്‍ഖര്‍-പ്രവീണ്‍ ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത്. ചെമ്പന്‍ വിനോദ് ജോസ്, സൗബിന്‍ ഷാഹിര്‍ എന്നിവരും ചിത്രത്തില്‍ മുഖ്യ കഥാപാത്രങ്ങള്‍ കൈകാര്യം ചെയ്യുന്നു. ‘പ്രേമം’, ‘ഭീഷ്മപര്‍വ്വം’ എന്നീ ചിത്രങ്ങള്‍ക്ക് ക്യാമറ ചലിപ്പിച്ച ആനന്ദ് സി ചന്ദേന്‍ ആണ് ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നത്.
അജു വര്‍ഗീസ്, ജോണി ആന്റണി, സൈജു കുറുപ്പ് എന്നിവര്‍ കേന്ദ്ര കഥപാത്രങ്ങളായെത്തുന്ന ചിത്രമാണ് ‘സ്താനാര്‍ത്തി ശ്രീക്കുട്ടന്‍’. നവാഗതനായ വിനേഷ് വിശ്വനാഥ് ആണ് സിനിമ സംവിധാനം ചെയ്യുന്നത്. സിനിമയുടെ ടൈറ്റില്‍ ലുക്ക് പോസ്റ്റര്‍ അണിയറ പ്രവര്‍ത്തകര്‍ പുറത്ത് വിട്ടിരിക്കുകയാണ്. ‘അജു വര്‍ഗീസ്, ജോണി ആന്റണി, സൈജു കുറുപ്പ് പിന്നെ ഒരു ലോഡ് മാസ് പിള്ളേരും’ എന്ന ടാഗ് ലൈനില്‍ ആണ് ചിത്രത്തിന്റെ ടൈറ്റില്‍ ലുക്ക് പോസ്റ്റര്‍ എത്തിയത്. ഒരു സ്‌കൂളിന്റെ പശ്ചാത്തലത്തിലാണ് ചിത്രം ഒരുങ്ങുന്നത്. വിനേഷ് വിശ്വനാഥിനൊപ്പം മുരളി കൃഷ്ണന്‍, ആനന്ദ് മന്മദന്‍, അനൂപ് വി ഷൈലജ എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്.
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവില കുറഞ്ഞു. രണ്ട് ദിവസം മാറ്റമില്ലാതെ തുടര്‍ന്ന സ്വര്‍ണവിലയാണ് ഇന്ന് കുറഞ്ഞത്. ഒരു പവന്‍ സ്വര്‍ണത്തിന് 120 രൂപയാണ് കുറഞ്ഞത്. കഴിഞ്ഞ ആഴ്ചയിലെ അവസാന ദിനങ്ങളില്‍ സ്വര്‍ണവില ഉയര്‍ന്നിരുന്നു. രണ്ട് ദിവസംകൊണ്ട് സ്വര്‍ണവിലയില്‍ 640 രൂപയുടെ വര്‍ദ്ധനവ് ഉണ്ടായിരുന്നു. ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നത്തെ വിപണി വില 38,400 രൂപയാണ്. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്റെ വില 15 രൂപ കുറഞ്ഞു. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്റെ ഇന്നത്തെ വിപണി വില 4800 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന്റെ വിലയും കുറഞ്ഞു 15 രൂപയാണ് കുറഞ്ഞത്. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന്റെ ഇന്നത്തെ വിപണി വില 3,965 രൂപയാണ്.
സാംസങ്ങിന്റെ പുതിയ പ്രീമിയം ഫോണുകളുടെ ഇന്ത്യയിലെ വിലവിവരങ്ങള്‍ പുറത്ത്. മടക്കാവുന്ന ഗാലക്സി ഫ്‌ലിപ്പ് 4ന് 90,000 രൂപയും ഗാലക്സി ഫോള്‍ഡ് 4ന് 1.55 ലക്ഷം രൂപയുമാണ് വില. രൂപ-ഡോളര്‍ കറന്‍സിയിലെ ചാഞ്ചാട്ടവും ആഗോള വിപണി ഘടകങ്ങളും മുന്‍വര്‍ഷത്തെ മോഡലുകളെ അപേക്ഷിച്ച് ഈ വര്‍ഷം വിലവര്‍ധനവിന് കാരണമായതായി റിപ്പോര്‍ട്ടുകളുണ്ട്. ഗാലക്‌സി ഇസഡ് ഫോള്‍ഡ് 4, ഗാലക്‌സി ഇസഡ് ഫ്‌ലിപ് 4 എന്നിവ മുന്‍കൂട്ടി ബുക്ക് ചെയ്യുന്ന ഉപഭോക്താക്കള്‍ക്ക് 40,000 രൂപയുടെ ആനുകൂല്യങ്ങള്‍ ലഭിക്കും. കൂടാതെ, പ്രീ-ബുക്കിങ്ങില്‍ ഉപഭോക്താക്കള്‍ക്ക് 5,199 രൂപയുടെ സമ്മാനവും ലഭിക്കും. പ്രത്യേക ഓഫറുകള്‍ ഓഗസ്റ്റ് 17 വരെ ലഭിക്കും. ഗാലക്‌സി ഇസഡ് ഫ്‌ലിപ് 4 ഹാന്‍ഡ്‌സെറ്റ് ബോറ പര്‍പ്പിള്‍, ഗ്രാഫൈറ്റ്, പിങ്ക് ഗോള്‍ഡ്, ബ്ലൂ കളര്‍ ഓപ്ഷനുകളിലാണ് വരുന്നത്.
ഒല ഇലക്ട്രിക് എസ് 1 ഇലക്ട്രിക് സ്‌കൂട്ടര്‍ 99,000 രൂപ പ്രാരംഭ വിലയില്‍ അവതരിപ്പിച്ചു. ആദ്യ 1947 യൂണിറ്റുകള്‍ക്കാണ് പ്രാരംഭ വില സാധുതയുള്ളത്. ഓഗസ്റ്റ് 15 മുതല്‍ 31 വരെയുള്ള കാലയളവിനുള്ളില്‍ 499 രൂപയ്ക്ക് ബുക്കിംഗിന് ഇത് ലഭ്യമാണ്. ഡെലിവറി സെപ്റ്റംബര്‍ 7 മുതല്‍ ആരംഭിക്കും. നേരത്തെയുള്ള ആക്‌സസ് പര്‍ച്ചേസ് വിന്‍ഡോ സെപ്റ്റംബര്‍ ഒന്നിന് തുറക്കും. കഴിഞ്ഞ വര്‍ഷം പുറത്തിറക്കിയ എസ് 1 പ്രോയ്ക്ക് കൂടുതല്‍ താങ്ങാനാവുന്ന ബദലാണ് ഒല ഇലക്ട്രിക് എസ് 1 എന്ന് കമ്പനി പറയുന്നു. എസ്1 പ്രോയുടെ അതേ പ്ലാറ്റ്ഫോമിലാണ് ഒല എസ്1 നിര്‍മ്മിച്ചിരിക്കുന്നത്. മൂന്ന് വ്യത്യസ്ത റൈഡിംഗ് മോഡുകളുമായാണ് ഇത് വരുന്നത്.
പെണ്‍മനസ്സിന്റെ വിഹ്വലതകളും ആധികളും ഒറ്റപ്പെടലുകളും നിറഞ്ഞ രചന. ലളിതാഖ്യാനത്താല്‍ സുന്ദരം. നന്മയുള്ള കഥകള്‍. നല്ല മനസ്സുകളാണ് ഈ കഥകളിലെ എല്ലാ കഥാപാത്രങ്ങളും. ഇവരെ സ്വന്തം കുറ്റങ്ങളും കുറവുകളുമായി മുഖാമുഖം ഇരുത്തുമ്പോള്‍ ഇനിയും നന്നാവാനുള്ള ഒരു വെമ്പല്‍ ഈ കഥാപാത്രങ്ങളില്‍ എല്ലാം ദൃശ്യമാണ്. അതുതന്നെയാണ് ഈ സമാഹാരത്തിന്റെ നന്മയും. ‘ഓണനിലാവ്’. രുഗ്മണി കെ.എല്‍. ഗ്രീന്‍ ബുക്‌സ്. വില 109 രൂപ.
എല്ലുകള്‍, തരുണാസ്ഥി, മാംസപേശിയെ അസ്ഥിയുമായി ബന്ധിപ്പിക്കുന്ന ടെന്‍ഡനുകള്‍, സന്ധികള്‍, ചര്‍മം തുടങ്ങിയ കോശസംയുക്തങ്ങളില്‍ കാണപ്പെടുന്ന ഒരു തരം പ്രോട്ടീനാണ് കൊളാജന്‍. 28 ടൈപ്പ് കൊളാജനുകള്‍ മനുഷ്യനില്‍ കണ്ടെത്തിയിട്ടുണ്ട്. ഇക്കൂട്ടത്തില്‍പ്പെട്ട കൊളാജന്‍ 12, സ്തനാര്‍ബുദ കോശങ്ങള്‍ ശരീരത്തില്‍ പടരുന്നതില്‍ സുപ്രധാന പങ്ക് വഹിക്കുന്നതായി ഗവേഷണത്തില്‍ കണ്ടെത്തി. ഓസ്‌ട്രേലിയയിലെ ഗാര്‍വന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ റിസര്‍ച്ചിലെ ഗവേകരാണ് ഇതു സംബന്ധിച്ച പഠനം നടത്തിയത്. ഉയര്‍ന്ന തോതിലുള്ള കൊളാജന്‍ 12 അര്‍ബുദ കോശങ്ങളെ അവയുടെ പ്രഭവ സ്ഥാനത്തുനിന്ന് ശരീരത്തിന്റെ മറ്റിടങ്ങളിലേക്ക് പടരാന്‍ സഹായിക്കുമെന്ന് ഗവേഷകര്‍ പറയുന്നു. അര്‍ബുദ കോശങ്ങള്‍ക്ക് ചുറ്റുമുള്ള ‘ട്യൂമര്‍ മൈക്രോ’ പരിസ്ഥിതിയുടെ ഭാഗമാണ് കൊളാജനെന്നും വിത്തുകള്‍ക്കു വളരാന്‍ മണ്ണ് അനുകൂല സാഹചര്യം ഒരുക്കിക്കൊടുക്കുന്നതുപോലെ അര്‍ബുദ കോശങ്ങള്‍ക്കു പെരുകാന്‍ ഈ ആവരണം സഹായകമാകും. കൊളാജന്‍ അടങ്ങിയ ഈ ആവരണത്തെ കുറിച്ച് കൂടുതല്‍ പഠിക്കുന്നതു വഴി, എന്തുകൊണ്ടാണ് ചില അര്‍ബുദ കോശങ്ങള്‍ മറ്റുള്ളവയെക്കാള്‍ മാരകമാകുന്നതെന്ന് അറിയാന്‍ സാധിക്കുമെന്ന് ഗവേഷകര്‍ ചൂണ്ടിക്കാട്ടി. അര്‍ബുദ ചികിത്സയ്ക്ക് നൂതന മാര്‍ഗങ്ങള്‍ വികസിപ്പിക്കാനും ഇത് സഹായകമാകാമെന്ന് നേച്ചര്‍ കമ്യൂണിക്കേഷന്‍സ് ജേണലില്‍ പ്രസിദ്ധീകരിച്ച പഠനം പ്രത്യാശ പ്രകടിപ്പിക്കുന്നു. എലികളില്‍ നടത്തിയ പഠനത്തില്‍, അര്‍ബുദ കോശങ്ങള്‍ വളരുന്നതിനൊപ്പം കൊളാജന്‍ 12 ന്റെ തോതും വര്‍ധിക്കുന്നതായി ഗവേഷകര്‍ നിരീക്ഷിച്ചു. അര്‍ബുദത്തിന്റെ സ്വഭാവത്തെ മാറ്റിമറിച്ച് അവയെ കൂടുതല്‍ ആക്രമണോത്സുകരാക്കുന്നതില്‍ കൊളാജന് പങ്കുണ്ടെന്നും ഗവേഷകര്‍ കരുതുന്നു. അര്‍ബുദ കോശങ്ങളുടെ ബയോപ്‌സിയില്‍ കൊളാജന്‍ 12 ന്റെ തോത് കൂടി അളക്കുന്നത് അര്‍ബുദം എത്രവേഗം പടരാമെന്നതിനെക്കുറിച്ച് സൂചനകള്‍ നല്‍കുമെന്നും പഠന റിപ്പോര്‍ട്ട് കൂട്ടിച്ചേര്‍ക്കുന്നു.
ഇന്നത്തെ വിനിമയ നിരക്ക്
ഡോളര്‍ – 79.35, പൗണ്ട് – 95.63, യൂറോ – 80.58, സ്വിസ് ഫ്രാങ്ക് – 83.70, ഓസ്ട്രേലിയന്‍ ഡോളര്‍ – 55.65, ബഹറിന്‍ ദിനാര്‍ – 210.48, കുവൈത്ത് ദിനാര്‍ -258.60, ഒമാനി റിയാല്‍ – 206.34, സൗദി റിയാല്‍ – 21.13, യു.എ.ഇ ദിര്‍ഹം – 21.60, ഖത്തര്‍ റിയാല്‍ – 21.79, കനേഡിയന്‍ ഡോളര്‍ – 61.45.