ലോകത്തിലെ ഏറ്റവും വായു ഗുണനിലവാരമില്ലാത്ത നഗരങ്ങളുടെ പട്ടികയില്‍ ഡല്‍ഹി ഉള്‍പ്പെടെ ഇന്ത്യയിലെ മൂന്ന് നഗരങ്ങള്‍ ഇടംപിടിച്ചു കഴിഞ്ഞു. ഉയര്‍ന്ന വായുമലിനീകരണമുള്ള സാഹചര്യത്തില്‍ കഴിയുന്ന ആര്‍ക്കും ശ്വാസകോശ അര്‍ബുദം വരാനുള്ള സാധ്യത കൂടുതലാണ്. രോഗപ്രതിരോധത്തിന് ശരീരം കാണിക്കുന്ന ലക്ഷണങ്ങള്‍ തിരിച്ചറിയുക വളരെ പ്രധാനമാണ്. ഈ ലക്ഷണങ്ങള്‍ അവഗണിക്കരുത്. ഒരാഴ്ചയില്‍ കൂടുതല്‍ ചുമ തുടര്‍ന്നാല്‍ തീര്‍ച്ചയായും വൈദ്യ സഹായം തേടണം. കഫം ഉണ്ടെങ്കിലും ഇല്ലെങ്കിലും ഇത്തരം ചുമകള്‍ ശ്വാസകോശ അര്‍ബുദത്തിന്റെ കൂടി ലക്ഷണമാകാം. ചുമയ്ക്കുമ്പോള്‍ രക്തം വരുന്നതും അര്‍ബുദം ശ്വാസനാളിയിലേക്കു പടരുന്നതിന്റെ ലക്ഷണമാണ്. ശ്വാസമെടുക്കുന്നതില്‍ ബുദ്ധിമുട്ട് അനുഭവപ്പെടുക, ക്ഷീണം, എന്നിവയെല്ലാം ശ്വാസകോശ രോഗങ്ങളുടെ ലക്ഷണമാണ്. കാന്‍സര്‍ മുഴകള്‍ വായു കടന്നു പോകുന്ന നാളികളെ തടസ്സപ്പെടുത്തുന്നത് ശ്വാസം മുട്ടല്‍ ഉണ്ടാക്കാം. പ്രത്യേകിച്ചു കാരണമൊന്നുമില്ലാതെ ഭാരം കുറയുന്നതും ക്ഷീണവും ദുര്‍ബലതയും വിശപ്പില്ലായ്മയുമെല്ലാം ശ്വാസകോശ അര്‍ബുദത്തിന്റെ ലക്ഷണങ്ങളാണ്. തോളിലേക്കും പുറത്തേക്കും പടരുന്ന തരത്തില്‍ നെഞ്ച് വേദന ശ്വാസകോശ അര്‍ബുദത്തിന്റെ മറ്റൊരു ലക്ഷണമാണ്. ലിംഫ് നോഡുകളുടെ വീക്കമോ അര്‍ബുദ വ്യാപനമോ ഈ വേദനയ്ക്ക് കാരണമാകാം. വിട്ടുമാറാത്ത തലവേദന, എല്ലുകള്‍ക്കുള്ള വേദന, രാത്രിയില്‍ തീവ്രമാകുന്ന വേദന എന്നിവയെല്ലാം ശ്വാസകോശ അര്‍ബുദം തലച്ചോറിലേക്കും എല്ലുകളിലേക്കും പടരുന്നതിന്റെ ലക്ഷണമാണ്. ശരീരത്തില്‍ രക്തം കട്ടപിടിക്കുന്നതിനു ശ്വാസകോശ അര്‍ബുദം കാരണമാകാം. ഇത് കാലുകളിലെ ഡീപ് വെയ്ന്‍ ത്രോംബ്രോസിസിലേക്കോ ശ്വാസകോശത്തിലെ പള്‍മനറി എംബോളിസത്തിലേക്കോ നയിക്കാം. പെട്ടെന്നുണ്ടാകുന്ന ശ്വാസതടസ്സം ക്ലോട്ട് ശ്വാസകോശത്തിലേക്കു നീങ്ങിയതിന്റെ ലക്ഷണമാണ്.