അമിതമായി സ്വപ്നം കാണുന്നത് മാനസികാരോഗ്യം തകരാറിലാണെന്നതിന്റെ സൂചനയാകാമെന്നാണ് വിദഗ്ധര്‍ പറയുന്നത്. അമിതമായി സ്വപ്നം കാണുന്നത് ഉറക്കത്തിന്റെ നിലവാരം കുറയ്ക്കുകയും പകലുമുഴുവന്‍ ക്ഷീണം തോന്നുകയും ചെയ്യും. ഉയര്‍ന്ന തോതിലുള്ള മാനസിക സമ്മര്‍ദമാകാം അമിതമായി സ്വപ്നം കാണലിന് പിന്നിലെ പ്രധാന കാരണം. ഉത്കണ്ഠ അലട്ടുന്നവര്‍ അമിതമായി സ്വപ്നം കാണാറുണ്ട്. ശ്വസന വ്യായാമങ്ങളും യോഗയും മെഡിറ്റേഷനുമൊക്കെ ചേയ്ത് സമ്മര്‍ദവും ഉത്കണ്ഠയുമൊക്കെ കുറയ്ക്കുന്നത് സ്വപ്നം കാണലിന്റെ തീവ്രത കുറയ്ക്കും. ജീവിതശൈലിയിലെ മാറ്റങ്ങളും സ്വപ്നം കാണലിന് കാരണമാകാറുണ്ട്. ആഹാരക്രമത്തിലെ പോഷണക്കുറവ്, താളം തെറ്റിയ ഉറക്കശീലങ്ങള്‍, അമിതമായ കഫീന്‍ ഉപയോഗം, ഉറങ്ങുന്നതിന് മുമ്പുള്ള മദ്യപാനം എന്നിവ ഉറക്കം താറുമാറാകാനും അമിതമായി സ്വപ്നം കണ്ട് ഉറക്കം തടസ്സപ്പെടാനുമൊക്കെ കാരണമാകും. സ്ഥിരമായി വ്യായാമം ശീലമാക്കുന്നത് സന്തുലിതമായ ഭക്ഷണക്രമം പിന്തുടരുന്നതും എന്നും കൃത്യസമയത്ത് ഉറങ്ങുന്നതുമൊക്കെ ഒരു പരിധിവരെ സഹായിക്കും. ജീവിതത്തില്‍ അഭിമുഖീകരിക്കേണ്ടി വന്നിട്ടുള്ള മാനസിക ആഘാതങ്ങളും വൈകാരിക പ്രശ്നങ്ങളുമൊക്കെ ഉറങ്ങാന്‍ കിടക്കുമ്പോള്‍ സ്വപ്നത്തില്‍ പ്രതിഫലിച്ചേക്കാം. അതുവരെ അടക്കിവച്ചിരുന്ന വികാരവിക്ഷോഭങ്ങളെയെല്ലാം ഉറങ്ങുമ്പോള്‍ ഉപബോധ മനസ്സ് പുറത്തെടുക്കും. ഇത് നല്ല ഉറക്കം ലഭിക്കാതിരിക്കാന്‍ കാരണണാകും. സ്ലീപ് അപ്നിയ, നാര്‍കോലെപ്സി, റെസ്റ്റലസ് ലെഗ് സിന്‍ഡ്രോം തുടങ്ങിയ ഉറക്കത്തകരാറുകളും അമിതമായി സ്വപ്നം കാണാന്‍ കാരണമായേക്കാം. ചില മരുന്നുകള്‍ കഴിക്കുന്നതും ഉറക്കത്തെ സാരമായി ബാധിക്കാറുണ്ട്. വിഷാദത്തിന് കഴിക്കുന്ന ആന്റി ഡിപ്രസന്റുകള്‍ ഇത്തരത്തില്‍ ഉറക്കത്തെ ബാധിക്കാറുണ്ട്.