ചില ഭക്ഷണങ്ങള്‍ ഒരുമിച്ച് കഴിക്കുന്നത് വൈറ്റമിന്‍ ഡി, കാല്‍സ്യം, അയണ്‍, വൈറ്റമിന്‍ സി തുടങ്ങിയ പോഷണങ്ങള്‍ കാര്യക്ഷമമായി വലിച്ചെടുക്കാന്‍ ശരീരത്തെ സഹായിക്കും. എന്നാല്‍ മറ്റ് ചില ഭക്ഷണങ്ങളുടെ കൂട്ട് അസ്വസ്ഥതയും ആരോഗ്യ പ്രശ്നങ്ങളും ഉണ്ടാക്കാം. പാലും തൈരും പോലെ ഒരുമിച്ച് കഴിക്കുന്നത് ഒഴിവാക്കേണ്ട വിഭവങ്ങള്‍ നിറയെ ഉണ്ട്. ഭക്ഷണത്തിന് മധുരം ലഭിക്കാന്‍ ചിലപ്പോള്‍ പഴങ്ങള്‍ നാം പ്രധാന ഭക്ഷണത്തിന്റെ കൂടെ കഴിക്കാറുണ്ട്. എന്നാല്‍ ഇത് ഒരുമിച്ച് കഴിച്ചാല്‍ ദഹനപ്രശ്നങ്ങള്‍ ഉണ്ടാകാം. പഴങ്ങള്‍ പ്രധാനഭക്ഷണത്തിനൊപ്പം കഴിക്കാതെ സ്നാക്സായി വേണം എപ്പോഴും ഉപയോഗിക്കാന്‍. പ്രധാനഭക്ഷണത്തിനും ഈ സ്നാക്സിനും ഇടയില്‍ ആവശ്യമായ ഇടവേള ഉണ്ടെന്നും ഉറപ്പാക്കേണ്ടതാണ്. ചീസിനൊപ്പം കൊഴുപ്പുള്ള സംസ്കരിച്ച മാംസവും കൂടി കഴിക്കുന്നത് സാച്ചുറേറ്റഡ് കൊഴുപ്പിന്റെയും സോഡിയത്തിന്റെയും അളവ് ശരീരത്തില്‍ വര്‍ധിപ്പിക്കും. ഇത് ഹൃദ്രോഗം ഉള്‍പ്പെടെയുള്ള പ്രശ്നങ്ങളുടെ സാധ്യത ഉയര്‍ത്തും. ഇതിനാല്‍ ഈ കോംബോ കഴിവതും ഒഴിവാക്കേണ്ടതാണ്. ഓറഞ്ച് പോലുള്ള സിട്രസ് പഴങ്ങളില്‍ സിട്രിക് ആസിഡ് അടങ്ങിയിരിക്കുന്നു. ഇത് പാലിനൊപ്പം കഴിക്കുന്നത് അതിനെ പുളിപ്പിക്കാനും ദഹനപ്രശ്നങ്ങള്‍ ഉണ്ടാക്കാനും കാരണമാകുന്നു. ഇതിനാല്‍ ഈ ഭക്ഷണങ്ങള്‍ക്ക് ഇടയില്‍ ആവശ്യത്തിന് ഇടവേളയിടേണ്ടതാണ്. അയണും കാല്‍സ്യവും ശരീരത്തിന് ആവശ്യമുള്ള രണ്ട് പോഷണങ്ങളാണ് പക്ഷേ, ഇവ ഒരുമിച്ച് കഴിച്ചാല്‍ ശരീരത്തിന് അവയെ ശരിക്കും ആഗീരണം ചെയ്യാന്‍ സാധിക്കാതെ വരും. ഇതിനാല്‍ അയണ്‍ വൈറ്റമിന്‍ സിക്കൊപ്പവും കാല്‍സ്യം വൈറ്റമിന്‍ ഡിക്ക് ഒപ്പവും വേണം കഴിക്കാന്‍.