ജോലി ഭാരവും ആത്മാര്‍ഥതയും നിങ്ങളുടെ ഹൃദയാരോഗ്യത്തെ സാരമായി ബാധിക്കുകയും സ്‌ട്രോക്കിനുള്ള സാധ്യത വര്‍ധിപ്പിക്കുകയും ചെയ്യുന്നുവെന്ന് ആരോഗ്യ വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു. ആഴ്ചയില്‍ 35 മുതല്‍ 40 മണിക്കൂറില്‍ കൂടുതല്‍ ജോലി സമയം നീട്ടുന്നത് ആരോഗ്യത്തിന് അപകടമാണ്. നീണ്ട ജോലി സമയം പ്രധാനമായും രണ്ട് രീതിയില്‍ ഇത് നമ്മുടെ ആരോഗ്യത്തെ ബാധിക്കാം. പുകവലി, മദ്യപാനം, അനാരോഗ്യകരമായ ഭക്ഷണരീതി, ശാരീരിക നിഷ്‌ക്രിയത്വം, ഉറക്കമില്ലായ്മ തുടങ്ങിയ അനാരോഗ്യകരമായ പെരുമാറ്റ രീതികളിലേക്ക് ഇത് നയിക്കുന്നു. നീണ്ട സമയം ജോലി ചെയ്യുന്നത് മാനസിക സമ്മര്‍ദം വര്‍ധിപ്പിക്കുന്നു. ഇത് സ്ട്രെസ് ഹോര്‍മോണുകളുടെ ഉല്‍പാദനം കൂട്ടുന്നു. തുടര്‍ന്ന് രക്തസമ്മര്‍ദം വര്‍ധിക്കാനും രക്തക്കുഴലുകളില്‍ തടസമുണ്ടാക്കുകയും ചെയ്യുന്നു. സ്ട്രോക്ക് സാധ്യത കുറയ്ക്കാനായി പഴങ്ങളും പച്ചക്കറികളും ധാരാളം അടങ്ങിയ ഡയറ്റ് തെരഞ്ഞെടുക്കുക. കൊഴുപ്പ് അടങ്ങിയ ഭക്ഷണങ്ങള്‍ പരമാവധി ഒഴിവാക്കാം. ഉപ്പിന്റെ അമിത ഉപഭോഗം കുറയ്ക്കുന്നത് ആരോഗ്യകരമായ രക്തസമ്മദം നിലനിര്‍ത്താന്‍ സഹായിക്കും. ആരോഗ്യകരമായ ശരീരഭാരം നിലനിര്‍ത്തേണ്ടത് എപ്പോഴും പ്രധാനമാണ്. അമിതവണ്ണം, പൊണ്ണത്തടി തുടങ്ങിയവ സ്ട്രോക്കിന്റെ സാധ്യത വര്‍ധിപ്പിക്കും. ദിവസവും 45 മിനിറ്റ് മിതമായ വ്യായാമം ചെയ്യുന്നത് ശീലമാക്കുക. പതിവ് വ്യായാമം ഹൃദയത്തിന്റെയും മൊത്തത്തിലുള്ള ആരോഗ്യവും മെച്ചപ്പെടുത്തും. പുകവലിയും മദ്യപാനവും ഉപേക്ഷിക്കുന്നത് സ്ട്രോക്കിന്റെ സാധ്യത വളരെ അധികം കുറയ്ക്കും. ഇത് ഹൃദയാരോഗ്യം മെച്ചപ്പെടുത്താന്‍ സഹായിക്കും. പ്രമേഹം, ഉയര്‍ന്ന രക്തസമ്മര്‍ദം, ഉയര്‍ന്ന കൊളസ്ട്രോള്‍, ഹൃദ്രോഗങ്ങള്‍ തുടങ്ങിയ അവസ്ഥകള്‍ എപ്പോഴും നിയന്ത്രിച്ചു നിര്‍ത്താന്‍ ശ്രമിക്കണം. കൃത്യമായ ഇടവേളയിലുള്ള മെഡിക്കല്‍ പരിശോധനകള്‍ ശീലമാക്കുക.