ജനറേറ്റീവ് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് മോഡലുകള്‍ പരിശീലിപ്പിക്കുന്നതിനായി തങ്ങളുടെ കോപ്പീറൈറ്റുള്ള ഉള്ളടക്കം വന്‍തോതില്‍ പകര്‍ത്തിയെന്ന ഗുരുതരമായ ആരോപണവുമായി ഡിസ്‌നി ഗൂഗിളിനെതിരെ രംഗത്ത്. വന്‍ പകര്‍പ്പവകാശ ലംഘനമാണ് ആരോപിച്ച് ഗൂഗിളിന്റെ ജനറല്‍ കൗണ്‍സിലിന് ഡിസ്‌നിയുടെ അഭിഭാഷകര്‍ കത്ത് അയച്ചു. ഇത് ഉടന്‍ നിര്‍ത്തലാക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു. ‘ഫ്രോസണ്‍’, ‘ദ ലയണ്‍ കിംഗ്’, ‘മോവാന’, ‘ഗാര്‍ഡിയന്‍സ് ഓഫ് ദ ഗാലക്സി’, ‘സ്റ്റാര്‍ വാര്‍സ്’ തുടങ്ങിയ പ്രമുഖ ഡിസ്നി ഫ്രാഞ്ചൈസികളിലെ കഥാപാത്രങ്ങളെ അനുകരിക്കുന്ന ഉള്ളടക്കം ഗൂഗിളിന്റെ എ.ഐ സംവിധാനങ്ങള്‍ ഉപയോഗിച്ച് അനുമതിയില്ലാതെ നിര്‍മ്മിക്കുന്നതായാണ് ആരോപണം. ഡിസ്‌നിയുടെ പ്രശസ്തമായ കഥാപാത്രങ്ങളെ വന്‍തോതില്‍ പുനഃസൃഷ്ടിച്ച് വിതരണം ചെയ്യുന്ന ഒരു ‘വെര്‍ച്വല്‍ വെന്‍ഡിംഗ് മെഷീന്‍’ ആയാണ് ഗൂഗിള്‍ ജെമിനി പ്രവര്‍ത്തിക്കുന്നത്. അതേസമയം തങ്ങളുടെ എ.ഐ മോഡലുകളെ പൊതുവായി ലഭ്യമായ വിവരങ്ങളില്‍ നിന്നാണ് പരിശീലിപ്പിക്കുന്നതെന്നും ഡിസ്‌നിയുമായി നല്ല ബന്ധം തുടരാനാണ് ആഗ്രഹിക്കുന്നതെന്നും ഗൂഗിള്‍ പ്രതികരിച്ചു.
ഗൂഗിളിനെതിരെ പകര്‍പ്പാവകാശ ലംഘനത്തിന് ഡിസ്നി
