ഉപയോക്താക്കളുടെ എണ്ണത്തില്‍ വീണ്ടും ഇടിവ് നേരിട്ട് പ്രമുഖ ഒടിടിയായ ഡിസ്നി- ഹോട്ട്സ്റ്റാര്‍. നാലാം പാദത്തില്‍ 28 ലക്ഷം ഉപയോക്താക്കളെയാണ് നഷ്ടമായത്. സെപ്റ്റംബര്‍ 30 വരെയുള്ള കണക്കാണിത്. തുടര്‍ച്ചയായ നാലാമത്തെ പാദത്തിലും പ്ലാറ്റ്ഫോമിന് വരിക്കാരെ നഷ്ടമായത് തിരിച്ചടിയായി. മുന്‍ പാദത്തില്‍ 4.04 കോടിയായിരുന്നു ഡിസ്നി- ഹോട്ട്സ്റ്റാറിന്റെ അംഗങ്ങള്‍. ഇതില്‍ ഏഴുശതമാനത്തിന്റെ ഇടിവാണ് നേരിട്ടത്. സെപ്റ്റംബര്‍ 30ന് അവസാനിച്ച പാദത്തില്‍ 3.76 കോടിയായാണ് വരിക്കാരുടെ എണ്ണം താഴ്ന്നത്. 2022 ഒക്ടോബര്‍ അവസാനം 6.13 കോടിയായിരുന്ന സ്ഥാനത്താണ് ഈ ഇടിവ്. സിനിമകള്‍ അടക്കം പുതിയ ഉള്ളടക്കം ഇല്ലാത്തതാണ് ഉപയോക്താക്കള്‍ വിട്ടുപോകാന്‍ കാരണമെന്നാണ് വിലയിരുത്തല്‍. ഐപിഎല്‍ സ്ട്രീമിങ്, എച്ച്ബിഒ എന്നിവയുടെ അവകാശം വയാകോം18ന്റെ ജിയോ സിനിമ അടുത്തിടെ നേടിയിരുന്നു. അതേസമയം വരുമാനത്തില്‍ വര്‍ധനയുണ്ട്. ഓരോ അംഗത്തില്‍ നിന്ന് മൂന്ന് മാസം കൂടുമ്പോള്‍ ലഭിക്കുന്ന വരുമാനം 0.70 ഡോളറായാണ് വര്‍ധിച്ചത്. നിലവില്‍ ഇത് 0.59 ഡോളര്‍ ആയിരുന്നു. കഴിഞ്ഞ ദിവസം ഇന്ത്യ- ദക്ഷിണാഫ്രിക്ക മത്സരം കണ്ടവരുടെ എണ്ണം റെക്കോര്‍ഡിട്ടിരുന്നു. 4.4 കോടി ആളുകളാണ് ഡിസ്നി- ഹോട്ട്സ്റ്റാറില്‍ മത്സരം കണ്ടത്. ഇന്ത്യ- ന്യൂസിലന്‍ഡ് മത്സരത്തിന്റെ റെക്കോര്‍ഡാണ് പഴങ്കഥയായത്. അന്ന് 4.3 കോടി ആളുകളാണ് മത്സരം കണ്ടത്.