പ്രണയ ദിനത്തോട് അനുബന്ധിച്ച് ഷാരൂഖ് ഖാനും കാജോളും തകര്‍ത്തഭിനയിച്ച ചിത്രം ‘ദില്‍വാലെ ദുല്‍ഹനിയ ലേ ജായേംഗെ’ റി- റിലീസ് ചെയ്തു. റിലീസുമായി ബന്ധപ്പെട്ട് ‘ദില്‍വാലെ ദുല്‍ഹനിയ ലേ ജായേംഗെ’യുടെ പ്രീ ബുക്കിംഗ് ഫെബ്രുവരി ആദ്യം തന്നെ ആരംഭിച്ചിരുന്നു. വാലന്റൈന്‍ ആഴ്ച മുഴുവനും ചിത്രം തിയറ്ററില്‍ ഉണ്ടായിരിക്കും. ഫെബ്രുവരി 10നാണ് ചിത്രം റിലീസ് ചെയ്തത്. ആദിത്യ ചോപ്ര രചനയും സംവിധാനവും നിര്‍വ്വഹിച്ച ചിത്രം ഇറങ്ങിയ കാലത്ത് ബോക്‌സ് ഓഫീസിലെ സകല റെക്കോഡും തകര്‍ത്തതാണ്. പിങ്ക് വില്ല റിപ്പോര്‍ട്ട് അനുസരിച്ച് ഫെബ്രുവരി 10ന് പിവിആര്‍, ഇനോക്‌സ്, സിനിപോളിസ് എന്നീ മള്‍ട്ടിപ്ലെക്‌സ് ചെയിനുകളില്‍ ദില്‍വാലെ ദുല്‍ഹനിയ ലേ ജായേംഗേ റിലീസ് ചെയ്ത ദിവസം നേടിയ കളക്ഷന്‍ 2.50 ലക്ഷം രൂപയാണ്. എന്നാല്‍ ഫെബ്രുവരി 11-ന് 10 ലക്ഷം രൂപ കളക്ഷന്‍ നേടി. അതായത് കളക്ഷനില്‍ ഏതാണ്ട് 300% വര്‍ദ്ധനവാണ് ഉണ്ടായത്. ഫെബ്രുവരി 11 ന് ചിത്രത്തിന് 10 ലക്ഷം രൂപയ്ക്ക് അടുത്ത് കളക്ഷനാണ് ലഭിച്ചത് എന്നാണ് വിവരം. മൊത്തത്തില്‍ 22.50 ലക്ഷം രൂപയാണ് ആദ്യ മൂന്ന് ദിവസങ്ങളില്‍ നേടിയത്. വാലന്റൈന്‍സ് ഡേ പ്രമാണിച്ച് ഇംഗ്ലീഷില്‍ നിന്നും ടൈറ്റാനിക്കും ഹിന്ദിയില്‍ ദില്‍വാലെ ദുല്‍ഹനിയ ലേ ജായേംഗെയെ കൂടാതെ തമാഷയും, തമിഴില്‍ നിന്നും വിണ്ണൈത്താണ്ടി വരുവായ, മിന്നലെ എന്നീ ചിത്രങ്ങളും റി- റിലീസ് ചെയ്യുന്നുണ്ട്. മലയാളത്തില്‍ നിന്നും പ്രണവ് മോഹന്‍ലാലിന്റെ ഹൃദയവും റി-റിലീസിന് എത്തിയിട്ടുണ്ട്.