ദിലീപ് ചിത്രം ‘പ്രിന്‍സ് ആന്‍ഡ് ഫാമിലി’യുടെ ഒഫീഷ്യല്‍ തീം പുറത്തിറങ്ങി. ഹൃദയം നിറയ്ക്കും സംഗീതശകലങ്ങളും ചില സംഭാഷണങ്ങളുമാണ് ഇതില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. മനോഹര കാഴ്ചാനുഭവം പകരുന്ന തീം ചുരുങ്ങിയ സമയത്തിനകം ആരാധകര്‍ ചര്‍ച്ചയാക്കിക്കഴിഞ്ഞു. ദിലീപിന്റെ 150ാം ചിത്രമാണിത്. മാജിക് ഫ്രെയിംസിന്റെ ബാനറില്‍ നവാഗതനായ ബിന്റോ സ്റ്റീഫന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘പ്രിന്‍സ് ആന്‍ഡ് ഫാമിലി’. ഷാരിസ് മുഹമ്മദിന്റേതാണു തിരക്കഥ. ധ്യാന്‍ ശ്രീനിവാസന്‍, സിദ്ദീഖ്, ബിന്ദു പണിക്കര്‍ എന്നിവരും ദിലീപിനൊപ്പം കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ദിലീപും ധ്യാനും ഒന്നിക്കുന്ന ചിത്രമായതിനാല്‍ സിനിമ ഒരു കോമഡി പാക്കേജ് ആകുമെന്നാണ് പ്രേക്ഷകരുടെ പ്രതീക്ഷ. ഉപചാരപൂര്‍വം ഗുണ്ട ജയന്‍, നെയ്മര്‍, ജനഗണമന, മലയാളി ഫ്രം ഇന്ത്യ എന്നീ ചിത്രങ്ങള്‍ക്കു ചീഫ് അസോഷ്യേറ്റ് ഡയറക്ടറായി പ്രവര്‍ത്തിച്ച ബിന്റോ സ്റ്റീഫന്റെ ആദ്യ സംവിധാന സംരംഭമാണ് ‘പ്രിന്‍സ് ആന്‍ഡ് ഫാമിലി’.