കുട്ടികളിലും ചെറുപ്പക്കാരിലും ഡിജിറ്റല് ഉപകരണങ്ങളുടെ ഉപയോഗം ആസക്തിയും പെരുമാറ്റ വ്യത്യാസങ്ങളും ഉണ്ടാക്കുമെങ്കില് മുതിര്ന്നവരില് ഇത് നേരെ തിരിച്ചാണെന്ന് സമീപകാല പഠനം തെളിയിക്കുന്നു. ഓസ്റ്റിനിലെ ബെയ്ലര് സര്വകലാശാലയും ടെക്സസ് സര്വകലാശാലയും സംയുക്തമായി നടത്തിയ പഠനത്തില് പ്രായമായവരിലെ ഡിജിറ്റല് ഉപകരണങ്ങളുടെ ഉപയോഗം അവരുടെ തലച്ചോറിനെ ഉത്തേജിപ്പിക്കാന് സാധിക്കുമെന്ന് ചൂണ്ടിക്കാണിക്കുന്നു. മാത്രമല്ല, പ്രായമായവരില് ഡിജിറ്റല് ഉപകരണങ്ങളുടെ ഉപയോഗം ഡിജിറ്റല് ഡിമെന്ഷ്യ ഉണ്ടാക്കുന്നതായി തെളിവുകളില്ലെന്ന് നേച്ചര് ഹ്യൂമന് ബിഹേവിയറില് പ്രസിദ്ധീകരിച്ച പഠനത്തില് പറയുന്നു. 4,11,000ത്തിലധികം മുതിര്ന്നവരില് നിന്നുള്ള ഡാറ്റ ഉപയോഗിച്ച് 57 പഠനങ്ങളാണ് നടത്തിയത്. ഡിജിറ്റല് ഉപകരണങ്ങളുടെ ഉപയോഗം പ്രായമായവരില് വൈജ്ഞാനിക തകര്ച്ചയ്ക്കുള്ള സാധ്യത കുറയ്ക്കുന്നതായി പഠനം കണ്ടെത്തി. ഉയര്ന്ന സാങ്കേതികവിദ്യ ഉപയോഗിക്കുന്നത് വൈജ്ഞാനിക തകര്ച്ചയ്ക്കുള്ള സാധ്യത 58 ശതമാനം കുറയ്ക്കുന്നതുമായി കണ്ടെത്തിയതായി ഗവേഷകര് പറയുന്നു. ഡിജിറ്റല് ഉപകരണങ്ങളുമായുള്ള ആളുകളുടെ ഇടപെടല് അതിവേഗം മാറിക്കൊണ്ടിരിക്കുകയാണ്. ഭാവിയില് പ്രായമായവര്ക്കിടയില് എഐയുടെ ഉപയോഗം കൂടുതലായിരിക്കുമെന്നും ഗവേഷകര് പറയുന്നു. സാങ്കേതികവിദ്യയോടുള്ള നമ്മുടെ മുന്കാല പൊരുത്തപ്പെടുത്തലുകള് സൂചിപ്പിക്കുന്നത് ഇതിന് വൈജ്ഞാനിക പ്രവര്ത്തനത്തെ പിന്തുണയ്ക്കാന് കഴിയുമെന്നാണ്, അതിനാല് വരും കാലം പൂര്ണമായും നെഗറ്റീവായിരിക്കില്ലെന്നും ഗവേഷകര് പറയുന്നു.
ഡിജിറ്റല് ഉപയോഗം മുതിര്ന്നവരില് ഡിമെന്ഷ്യ ഉണ്ടാക്കില്ല!
