തൃശൂര്‍ ആസ്ഥാനമായ സ്വകാര്യബാങ്കായ ധനലക്ഷ്മി ബാങ്കിനും സ്വര്‍ണപ്പണയ വായ്പകളുടെ വിതരണത്തില്‍ മികച്ച മുന്നേറ്റം. ഇക്കഴിഞ്ഞ ഒക്ടോബര്‍-ഡിസംബര്‍ പാദത്തില്‍ സ്വര്‍ണപ്പണയ വായ്പകള്‍ 32.82% വര്‍ധിച്ചെന്ന് സ്റ്റോക്ക് എക്‌സ്‌ചേഞ്ചുകള്‍ക്ക് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ ബാങ്ക് വ്യക്തമാക്കി. മുന്‍വര്‍ഷത്തെ സമാനപാദത്തിലെ 2,675 കോടി രൂപയില്‍ നിന്ന് 3,553 കോടി രൂപയായാണ് വായ്പാമൂല്യം ഉയര്‍ന്നത്. ബാങ്കിന്റെ മൊത്തം വായ്പകള്‍ 10,314 കോടി രൂപയില്‍ നിന്ന് 10.30% വര്‍ധിച്ച് 11,376 കോടി രൂപയായി. 15,067 കോടി രൂപയാണ് മൊത്തം നിക്ഷേപങ്ങള്‍. മുന്‍വര്‍ഷത്തെ ഡിസംബര്‍ പാദത്തിലെ 14,340 കോടി രൂപയേക്കാള്‍ 5.07% അധികം. മൊത്തം ബിസിനസ് 7.26 ശതമാനം ഉയര്‍ന്ന് 26,443 കോടി രൂപയിലുമെത്തി. 24,654 കോടി രൂപയില്‍ നിന്നാണ് വളര്‍ച്ച. കറന്റ് അക്കൗണ്ട് സേവിങ്‌സ് അക്കൗണ്ട് നിക്ഷേപങ്ങളില്‍ 3.18 ശതമാനമാണ് വര്‍ധന. ഇതു 4,460 കോടി രൂപയില്‍ നിന്നുയര്‍ന്ന് 4,602 കോടി രൂപയായി.