രാജ്യത്ത് സിഎന്‍ജി കാറുകളുടെ ഡിമാന്‍ഡ് വര്‍ദ്ധിക്കുന്നതായി റിപ്പോര്‍ട്ട്. ഏറ്റവും പുതിയ കണക്കുകള്‍ അനുസരിച്ച്, നടപ്പു സാമ്പത്തിക വര്‍ഷം ആദ്യ പകുതിയില്‍ സിഎന്‍ജി കാറുകളുടെ വില്‍പ്പന 36 ശതമാനം ഉയര്‍ന്ന് 2.91 ലക്ഷം യൂണിറ്റായിട്ടുണ്ട്. രണ്ടാം പകുതിയിലും ശക്തമായ വില്‍പ്പന തുടരുകയാണെങ്കില്‍, മൊത്ത വില്‍പ്പന 5 ലക്ഷം കവിയുമെന്നാണ് വിലയിരുത്തല്‍. പെട്രോളിന്റെ വില കുതിച്ചുയര്‍ന്ന സാഹചര്യത്തില്‍ മിക്ക ആളുകളും ബദല്‍ മാര്‍ഗ്ഗം എന്ന നിലയില്‍ സിഎന്‍ജി കാറുകള്‍ വാങ്ങാന്‍ ആരംഭിച്ചതോടെയാണ് ഡിമാന്‍ഡ് ഉയര്‍ന്നത്. പെട്രോളുമായി താരതമ്യം ചെയ്യുമ്പോള്‍ സിഎന്‍ജിക്ക് താരതമ്യേന വില കുറവാണ്. നടപ്പു സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പകുതിയില്‍ 2,18,942 യൂണിറ്റ് സിഎന്‍ജി കാറുകളാണ് മാരുതി സുസുക്കി വിറ്റഴിച്ചത്. മുന്‍ സാമ്പത്തിക വര്‍ഷം ഇതേ കാലയളവില്‍ 1,53,034 യൂണിറ്റ് കാറുകള്‍ വിറ്റഴിക്കാന്‍ മാരുതിക്ക് സാധിച്ചിരുന്നു. ഈ വര്‍ഷം സിഎന്‍ജി കാര്‍ വില്‍പ്പനയില്‍ 43 ശതമാനത്തിന്റെ വര്‍ദ്ധനവാണ് രേഖപ്പെടുത്തിയത്. അതേസമയം, 2022-23 സാമ്പത്തിക വര്‍ഷത്തില്‍ മൊത്തം 4.04 ലക്ഷം സിഎന്‍ജി കാറുകളാണ് വിറ്റഴിച്ചത്. മറ്റ് മോഡലുകളുമായി താരതമ്യം ചെയ്യുമ്പോള്‍, സിഎന്‍ജി വാഹനങ്ങള്‍ക്ക് പ്രവര്‍ത്തന ചെലവ് താരതമ്യേന കുറവാണ്.