ഭക്ഷണം അല്‍പം എണ്ണയില്‍ വറുക്കുകയും പൊരിക്കുകയുമൊക്കെ ചെയ്യുന്നത് വീടിനുള്ളില്‍ മലിനീകരണം വര്‍ധിപ്പിക്കുമെന്ന് ബര്‍മിങ്ഹാം സര്‍വകലാശാല ഗവേഷകര്‍ നടത്തിയ പഠനത്തില്‍ വിശദീകരിക്കുന്നു. ഭക്ഷണം പചകം ചെയ്യുന്നതിലൂടെ രണ്ട് തരത്തിലുള്ള വസ്തുക്കളാണ് വായുവില്‍ കലരുന്നതും മലിനീകരണം ഉണ്ടാക്കുന്നതും. ഒന്ന്- സൂഷ്മ കണികകള്‍, രണ്ട്- പാചക സമയത്ത് പുറപ്പെടുന്ന വാതകങ്ങള്‍. ഇവ രണ്ടും നമ്മുടെ ആരോഗ്യത്തിന് ഹാനികരമാണ്. ഹൃദ്രോഗങ്ങള്‍, ശ്വാസകോശ രോഗങ്ങള്‍, കരള്‍ രോഗങ്ങള്‍, ആസ്മ, കാന്‍സര്‍ തുടങ്ങിയവയ്ക്കുള്ള സാധ്യത ഇത് വര്‍ധിപ്പിക്കുമെന്നും പഠനത്തില്‍ പറയുന്നു. പാന്‍-ഫ്രൈയിങ് ആണ് ഇന്‍ഡോര്‍ മലിനീകരണത്തിന് ഏറ്റവും പ്രധാന കാരണമെന്ന് പഠനം ചൂണ്ടിക്കാണിക്കുന്നു. ഈ രീതിയില്‍ പചകം ചെയ്യുന്നതിലൂടെ ഒരു ക്യൂബിക് മീറ്ററില്‍ ഏകദേശം 93 മൈക്രോഗ്രാം കണികകള്‍ പുറത്തുവിടുന്നുവെന്നാണ് പഠനത്തില്‍ പറയുന്നത്. സ്റ്റീര്‍-ഫ്രൈയിങ് ആണ് ഇന്‍ഡോര്‍ മലിനീകരണം ഉണ്ടാക്കുന്ന രണ്ടാമത്തെ പ്രധാന കാരണം. അതേസമയം ഡീപ്പ് ഫ്രൈ ചെയ്യുന്നത് മലിനീകരണം കുറയ്ക്കുമെന്നാണ് പഠനം പറയുന്നത്. വെള്ളത്തില്‍ വേവിക്കുന്നതും തിളപ്പിക്കുന്നതും എയര്‍ ഫ്രൈ ചെയ്യുന്നതുമാണ് ഇന്‍ഡോര്‍ മലിനീകരണം ഒഴിവാക്കിയുള്ള മികച്ച പാചക രീതികളായി പഠനം സൂചിപ്പിക്കുന്നത്. എണ്ണയുടെ ഉപഭോഗം കൂടുന്നത് എപ്പോഴും ആരോഗ്യ അപകടസാധ്യത വര്‍ധിപ്പിക്കുന്നതാണ്. എന്നാല്‍ പഠനത്തില്‍ എണ്ണ കുറച്ച് ഉപയോഗിക്കുന്നതിനെക്കാള്‍ കൂടുതല്‍ എണ്ണ ഉപയോഗിക്കുന്നതാണ് മലിനീകരണം തടയുന്നതെന്ന് വ്യക്തമാക്കുന്നു. എണ്ണ കൂടുതല്‍ ഉപയോഗിക്കുന്നത് ഭക്ഷണത്തിന്റെ എല്ലായിടത്തും ഒരുപോലെ ചൂട് എത്താന്‍ സഹായിക്കുന്നു. ഇത് ഭക്ഷണം അമിതമായി ചൂടാകുന്നതും തടയുന്നു.