ശാന്തമായി ഉറങ്ങുന്നതിനിടയിലുള്ള അപ്രതീക്ഷിത മരണം വര്‍ധിക്കുന്നു. ഈ വര്‍ഷം ഇതുവരെ കേരളത്തില്‍ പലയിടത്തും ഇത്തരത്തിലുള്ള സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. എന്തുകൊണ്ടാണ് ഇത്തരത്തില്‍ ഉറക്കത്തില്‍ മരണപ്പെടുന്നതെന്നറിയാമോ? കൃത്യസമയത്ത് തിരിച്ചറിയപ്പെടാതെപ്പോകുന്ന ആരോഗ്യപ്രശ്‌നങ്ങളാണ് ഉറക്കത്തില്‍ നിന്ന് മരണത്തിലേക്ക് തള്ളിയിടുന്നത് എന്നാണ് വിദഗ്ധര്‍ പറയുന്നത്. ബാഹ്യമായ പല കാരണങ്ങള്‍ കൊണ്ടും ഉറക്കത്തിനിടെ മരണം സംഭവിക്കാം. ഇവയില്‍ ഏറ്റവും പ്രധാനപ്പെട്ടത് ഹൃദയത്തിന്റെ ആരോഗ്യവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളാണ്. ലോകത്ത് ഏറ്റവുമധികം ആളുകള്‍ ഉറക്കത്തിനിടെ മരിക്കുന്നത് ഹൃദ്രോഗം കാരണമാണ്. പണ്ടുകാലത്ത് അമ്പതോ അറുപതോ വയസ് കഴിഞ്ഞവരിലാണ് ഹൃദ്രോഗങ്ങള്‍ കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നത്. എന്നാല്‍, സമീപകാലങ്ങളിലായി ചെറുപ്പക്കാര്‍ക്കിടയിലും ഹൃദ്രോഗം സ്ഥിരമായി കണ്ടുവരുന്ന ഒന്നാണ്. പ്രമേഹം, രക്താതിസമ്മര്‍ദ്ദം, ഉയര്‍ന്ന കൊളസ്ട്രോള്‍, വ്യായാമമില്ലായ്മ, അമിതമായ ശരീരഭാരം, കൂര്‍ക്കംവലി എന്നിവയുള്ളവര്‍ ഇക്കാര്യത്തില്‍ പ്രത്യേകം ശ്രദ്ധ പുലര്‍ത്തേണ്ടതുണ്ട്. പുകവലി, അമിതമദ്യപാനം, തെറ്റായ ഭക്ഷണരീതികള്‍ എന്നിവയും ഹൃദയത്തിന് ഹാനികരമാണ്. പലപ്പോഴും ഹൃദയസംബന്ധമായ പ്രശ്‌നങ്ങള്‍ വളരെ വൈകിയാണ് പുറത്തറിയുന്നത്. അതിനാല്‍ ചികിത്സയും അതിനനുസരിച്ച് വൈകുന്നു. ചിലപ്പോള്‍ ലക്ഷണങ്ങളൊന്നുമില്ലാത്ത സൈലന്റ് അറ്റാക്ക് ആയും ഹൃദയസ്തംഭനമുണ്ടാകാം.